ഇടവകയിലെ സ്വര്‍ണവും ആറ് കോടി രൂപയുമായി വികാരി മുങ്ങി

Web Desk
Posted on March 20, 2018, 8:58 am

തൃശൂര്‍: ഇടവകയിലെ മൂന്ന് കിലോ സ്വര്‍ണവും ആറ് കോടി രൂപയുമായി വികാരി മുങ്ങിയതായി റിപ്പോര്‍ട്ട്. തൃശൂരിലെ ഒരു പ്രമുഖ പള്ളിയിലാണ് സംഭവം. പള്ളിമുറി പൂട്ടിയിട്ട ശേഷം വൈദികന്‍ ഒളിവില്‍ പോയെന്നാണ് ആരോപണം. പള്ളിയിലെ ലോക്കറിലിരുന്ന സ്വര്‍ണ്ണം വില്‍പ്പന നടത്തിയതിലും, ഇടവകയില്‍ നടന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങളിലും വ്യാപകമായ ക്രമക്കേട്  സമീപ കാലത്തായി ആരോപിക്കപ്പെട്ടിരുന്നു. ഇതേ തുടര്‍ന്ന് രണ്ടു തവണ വൈദികനെ ഇടവകക്കാര്‍ ചേര്‍ന്ന് മുറിയില്‍ തടഞ്ഞുവച്ചിരുന്നു സംഭവത്തെ തുടർന്ന്  പോലീസ് സ്ഥലത്തെത്തുകയും പോലീസിന്റെ സാന്നിധ്യത്തില്‍ ഇതേ വൈദികന്‍ അധ്യക്ഷനായി 20 അംഗ കമ്മീഷനെ ഈ ക്രമക്കേടുകള്‍ അന്വേഷിക്കാന്‍ ചുമതലപ്പെടുത്തുകയും ചെയ്തു. തുടർന്നുള്ള അന്വേഷണത്തിൽ 6 കോടി രൂപയുടെ അഴിമതി ഇടവകയില്‍ നടന്നതായി കണ്ടെത്തിയിരുന്നു ഈ ഒരു സാഹചര്യത്തിൽ ആണ് ഇടവകയിൽ നിന്നും വൈദികനെ കാണാതായിരിക്കുന്നത്.

പള്ളിയിലെ ലോക്കറിൽ ഇരുന്ന 6 കിലോ സ്വര്‍ണ്ണം വില്‍ക്കാന്‍ തീരുമാനിച്ചിരിന്നു. ഇതിലും ക്രമക്കേട് കണ്ടെത്തി. ഭക്തര്‍ നല്കിയ സ്വര്‍ണ്ണ മാലയും വളയും ആണ് കാണാതായത്. സ്വര്‍ണ്ണത്തിനു പകരം മുക്കുപണ്ടമാണ്  പകരം വച്ചിരിക്കുന്നത്.  നഷ്ടമായ പണത്തെ സംബന്ധിച്ഛ്  മറുപടി ലഭിക്കാതെ വന്നതോടെ നാട്ടുകാര്‍ പോലീസിനെ സമീപിക്കാന്‍ ഒരുങ്ങുമ്പോഴാണ്  വൈദികനെ കാണാനില്ലെന്ന ആക്ഷേപം ഉയര്‍ന്നിരിക്കുന്നത്.വികാരിയെ ഞായറാഴ്ച രാത്രി മുതല്‍ കാണാനില്ലെന്ന് പള്ളിയില്‍ ഇടവകക്കാര്‍ പോസ്റ്ററുകള്‍ പതിച്ചു. മുറി പൂട്ടി സ്വന്തം കാറില്‍ പുറത്തേക്ക് പോയ വെദികനെപ്പറ്റി സഹവികാരിമാര്‍ക്കോ കമ്മിറ്റിക്കാര്‍ക്കോ വിവരമില്ല.