വികാസ് ദുബെയുടെ കൂട്ടാളി പിടിയിൽ

Web Desk

കാൺപൂർ:

Posted on July 05, 2020, 9:15 pm

ഉത്തർപ്രദേശിലെ കൊടും കുറ്റവാളി വികാസ് ദുബെയുടെ സംഘത്തില്‍പ്പെട്ട ദയാശങ്കര്‍ അഗ്‌നിഹോത്രിയെ ഏറ്റുമുട്ടലിനൊടുവില്‍ പൊലീസ് പിടികൂടി. ഞായറാഴ്ച പുലര്‍ച്ചെ 4.30 ഓടെ നടന്ന ഏറ്റുമുട്ടലിനൊടുവിലാണ് ദയാശങ്കറിനെ പൊലീസ് അറസ്റ്റ് ചെയ്തത്.

ഇയാള്‍ കല്യാണ്‍പുര്‍ മേഖലയിലുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസ് അവിടെ എത്തിയിരുന്നു. എന്നാല്‍ പൊലീസിന് നേരേ വെടിയുതിര്‍ത്ത് ദയാശങ്കര്‍ ബൈക്കില്‍ രക്ഷപ്പെടാന്‍ ശ്രമിച്ചു. തുടര്‍ന്ന് കാലിന് വെടിവെച്ച് പൊലീസ് സംഘം ഇയാളെ കീഴ്‌പ്പെടുത്തുകയായിരുന്നു. ഇയാളില്‍നിന്ന് നാടന്‍ തോക്കും വെടിയുണ്ടകളും പിടിച്ചെടുത്തു.
വ്യാഴാഴ്ച രാത്രി എട്ട് പൊലീസുകാരെ കൊലപ്പെടുത്തിയ സംഭവത്തില്‍ ദയാശങ്കര്‍ അഗ്‌നിഹോത്രിയും പ്രതിയാണ്. കാണ്‍പൂരിലെ ബിക്രു ഗ്രാമത്തിലായിരുന്നു കഴിഞ്ഞദിവസം ഏറ്റുമുട്ടലുണ്ടായത്. അതേസമയം വികാസ് ദുബെയെ പൊലീസിന് ഇതുവരെ കണ്ടെത്താനായിട്ടില്ല. 25 അംഗ പൊലീസ് സംഘം അയല്‍ സംസ്ഥാനങ്ങളിലും നേപ്പാള്‍ അതിര്‍ത്തിയിലും തെരച്ചില്‍ ശക്തമാക്കി.

വികാസ് ദുബെയെ കുറിച്ച്‌ വിവരം നല്‍കുന്നവര്‍ക്ക് പൊലീസ് പ്രഖ്യാപിച്ച പാരിതോഷികം 25,000 നിന്ന് ഒരു ലക്ഷം രൂപയാക്കി ഉയര്‍ത്തി. വികാസ് ദുബൈയുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന ഉദ്യോഗസ്ഥര്‍ സേനയില്‍ ഉണ്ടെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. പൊലീസ് ടീമില്‍ നിന്ന് തന്നെയാണ് വിവരങ്ങള്‍ ലഭിച്ചതെന്നാണ് സൂചന. ഈ വിവരം ലഭിച്ച ഉടനെ പൊലീസിനെ നേരിടാനായി 30ലധികം ആളുകളാണ് ദുബെയുടെ താവളത്തിലെത്തിയത്. ഇവര്‍ എളുപ്പത്തില്‍ തന്നെ പൊലീസിനെ കീഴടക്കുകയും ചെയ്തു.

അതിനിടെ യുപിയിൽ കുറ്റവാളികൾക്കെതിരായ നടപടികൾ ശക്തമാക്കിയിട്ടുണ്ട്. കൊടും കുറ്റവാളികളായ സുന്ദർ ഭാട്ടിയുടെയും അനിൽ ദുജാനയുടെയും അനധികൃത സ്വത്തുക്കൾ ഗൗതം ബുദ്ധനഗർ പൊലീസ് കണ്ടുകെട്ടി. ഭൂസ്വത്തുക്കളും കോടികൾ വിലവരുന്ന ആഡംബര കാറുകളും അടക്കമുള്ളവയാണ് കണ്ടുകെട്ടിയത്. മാഫിയ സംഘങ്ങളുടെ അടിച്ചമർത്തലിന്റെ ഭാഗമായാണ് നടപടിയെന്ന് പൊലീസ് പറഞ്ഞു.
യുപിയിലെ കരിനിയമമായ ഗ്യാങ്സ്റ്റേഴ്സ് അക്ട് സെഷൻ 14 (1) പ്രകാരമാണ് നടപടികൾ. ഭാട്ടിയുടെയും ദുജാനയുടെയും ഏഴ് കോടിയോളം വരുന്ന സ്വത്തുക്കളാണ് കണ്ടുകെട്ടിയത്. ഇവർ അനധികൃതമായി കൈവശപ്പെടുത്തിയ നദീതീരങ്ങളിലെ ഭൂമിയും കണ്ടുകെട്ടി. ക്രിമിനലുകൾക്കെതിരെയുള്ള നടപടികൾ തുടരുമെന്നും അധികൃതർ അറിയിച്ചു.

ENGLISH SUMMARY: Vikas dubai death’s update

YOU MAY ALSO LIKE THIS VIDEO