പതിനാല് ദിവസത്തിനകം വിക്രം ലാന്‍ഡറുമായുള്ള ബന്ധം പുനഃസ്ഥാപിക്കാനായേക്കുമെന്ന് ഐഎസ് ആര്‍ഒ

Web Desk
Posted on September 08, 2019, 11:44 am

ബംഗളൂരൂ: പതിനാല് ദിവസത്തിനകം വിക്രം ലാന്‍ഡറുമായുള്ള ബന്ധം പുനഃസ്ഥാപിക്കാനായേക്കുമെന്ന് ഐഎസ്ആര്‍ഒ. ലാന്‍ഡറിനെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമം തുടരുകയാണെന്നും ഐഎസ്ആര്‍ഒ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

ചാന്ദ്രദൗത്യം 95ശതമാനവും വിജയകരമാണെന്ന് പ്രധാനമന്ത്രിയുടെ മുഖ്യ ശാസ്‌ത്രോപദേഷ്ടാവ് ഡോ വിജയരാഘവന്‍ ട്വീറ്റ് ചെയ്തു. ആശയവിനിമയ സംവിധാനം പാളിയെങ്കിലും ചാന്ദ്രശാസ്ത്രത്തിന് കൂടുതല്‍ സംഭാവനകള്‍ നല്‍കാന്‍ ഈ ദൗത്യത്തിനാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഓര്‍ബിറ്ററിനെ ഭ്രമണപഥത്തിലേക്ക് ചെറുതായി എത്തിച്ചെന്നും ഐഎസ്ആര്‍ഒ പിന്നീട് വ്യക്തമാക്കി. നേരത്തെ ഈ ദൗത്യത്തിന് ഒരുവര്‍ഷത്തെ കാലാവധിയാണ് പ്രവചിച്ചിരുന്നത്. എന്നാല്‍ ഇന്ധന ക്ഷമത നിലനിര്‍ത്തുന്നതിനാല്‍ ഏഴ് കൊല്ലം വരെ ദൗത്യം സജീവമായിരിക്കുമെന്നാണ് ഐഎസ്ആര്‍ഓ ഇപ്പോള്‍ വിശദീകരിക്കുന്നത്.
പദ്ധതിയിലെ അംഗങ്ങള്‍ തിരികെ തങ്ങളുടെ ജോലികളില്‍ പ്രവേശിച്ചതായും ദൗത്യം പരാജയപ്പെടാനുണ്ടായ കാരണങ്ങള്‍ ഐഎസ്ആര്‍ഒ മേധാവി കെ ശിവന്റെ അധ്യക്ഷതയില്‍ വിലയിരുത്തിയതായും ഡോ വിജയരാഘവന്‍ വ്യക്തമാക്കി. പരാജയത്തില്‍ നിന്ന് പാഠങ്ങള്‍ ഉള്‍ക്കൊള്ളുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തിരശ്ചീന പ്രവേഗം വര്‍ധിപ്പിച്ചതാകാം നിര്‍ദ്ദിഷ്ട ദിശയില്‍ നിന്ന് ലാന്‍ഡര്‍ മാറിപ്പോകാന്‍ കാരണമെന്നാണ് ചന്ദ്രയാനിലും മംഗള്‍യാനിലും ഭാഗഭാക്കായ ഒരു മുതിര്‍ന്ന ശാസ്ത്രജ്ഞന്‍ പ്രതികരിച്ചത്. നിരന്തരം ഭ്രമണപഥം നിരീക്ഷിക്കുന്നതിലൂടെ ലാന്‍ഡര്‍ എവിടെയാണെന്ന് കണ്ടെത്താനാകുമെന്നും അദ്ദേഹം പറഞ്ഞു.

താഴേക്ക് വരും തോറും പ്രവേഗം കുറയേണ്ടതിന് പകരം കൂടിയതോടെ ഇത് വേറെ എവിടേക്കെങ്കിലും മാറിയതാകാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കുന്നോ മണല്‍ക്കൂനയോ കാരണം ബന്ധം നഷ്ടപ്പെടാനുള്ള സാധ്യതയുമുണ്ട്.