June 10, 2023 Saturday

പ്രമുഖ നാടക നടൻ സംവിധായകൻ വിക്രമൻ നായർ അന്തരിച്ചു

web desk
തിരുവനന്തപുരം
March 27, 2023 11:28 pm

പ്രമുഖ നാടക നടൻ സംവിധായകൻ വിക്രമൻ നായർ(78) അന്തരിച്ചു. നാടക രംഗത്ത് പ്രൊഫഷണലിസം കൊണ്ടുവന്നവരില്‍ പ്രമുഖനായിരുന്നു വിക്രമന്‍ നായര്‍. കോഴിക്കോട് ആസ്ഥാനമായി സ്റ്റേജ് ഇന്ത്യ എന്ന നാടക കമ്പനി സ്ഥാപിച്ച് രംഗം അടക്കി വാണു. അഭിനേതാവായും സംവിധായകനായും തിളങ്ങിയ വിക്രമന്‍ നായര്‍, നാടക സംഘാകനെന്ന നിലയിലാണ് ഏറെയും ശ്രദ്ധിക്കപ്പെട്ടത്.

പാലക്കാട് മണ്ണാര്‍ക്കാട്ടെ പൊറ്റശ്ശേരി ഗ്രാമത്തിലായിരുന്നു ജനനം. അച്ഛന്‍ തച്ചങ്ങോട്ട് വേലായുധന്‍ നായര്‍. അമ്മ വെള്ളയ്ക്കാംപടി തറവാട്ടില്‍ ജാനകിയമ്മ. ആറാം ക്ലാസുവരെ മണ്ണാര്‍ക്കാട് കെടിഎം ഹൈസ്കൂളിലായിരുന്നു പഠനം. പില്‍ക്കാലത്ത് മന്ത്രിയായ ടി ശിവദാസമേനോനായിരുന്നു അന്ന് പ്രധാനധ്യാപകന്‍. അച്ഛന് ജോലി മാറ്റം കിട്ടിയപ്പോള്‍ കോഴിക്കോട്ടേക്ക് താമസം മാറി. പിന്നീട് പഠനനം കോഴിക്കോട് സെന്റ് ജോസഫ്സ് ഹൈസ്കൂളിലായി. കലാകാരന്മാരെ വളര്‍ത്തിയെടുക്കുന്നതില്‍ എന്നും മാതൃകയായിരുന്ന ഈ വിദ്യാലയമാണ് വിക്രമന്‍ നായരിലെ നടനെയും പുറത്തുകൊണ്ടുവന്നത്.

സി എല്‍ ജോസിന്റെ ‘ജീവിതം ഒരു കൊടുങ്കാറ്റാണ്’ എന്ന സ്കൂള്‍ നാടകത്തില്‍ ക്ഷയരോഗിയുടെ വേഷമാണ് ആദ്യമായി അഭിനയിച്ചത്. നാടകത്തില്‍ മുമ്പ് അഭിനയിച്ചിട്ടുണ്ടോ എന്ന് ചോദിച്ച് ഇല്ലെന്ന് കേട്ടപ്പോള്‍ മാറിനില്‍ക്കാനായിരുന്നു ആദ്യം പ്രധാനധ്യാപകനായിരുന്ന ഫാ.മഞ്ചലിന്റെ നിര്‍ദ്ദേശം. പിന്നീടാണ് രോഗിയുടെ ചില ഭാഗങ്ങള്‍ അഭിനയിച്ചുകാണിക്കാന്‍ ഫാ.മഞ്ചില്‍ ആവശ്യപ്പെട്ടത്. അഭിനയം കഴിഞ്ഞപാടെ ഫാദര്‍ സ്കൂളിലെ കലാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ പി ആര്‍ ആന്റണി മാസ്റ്ററോട് പറഞ്ഞു, ‘ഇവനെ ശ്രദ്ധിച്ചോണം’ എന്ന്. അവരുെട ആ ശ്രദ്ധയാണ് വിക്രമന്‍ നായരെന്ന നാടകകുലപതിയുടെ അറുപത് വര്‍ഷത്തിലേറെ നീണ്ട കലാജീവിതം. ഭാര്യ: ലക്ഷ്മിദേവി. മക്കൾ: ദുർഗാ സുജിത്ത് (ഷാർജ), ഡോ. സരസ്വതി ശ്രീനാഥ്. മരുമക്കൾ: കെ.പി. സുജിത്ത് (അബുദാബി), കെ.എസ്. ശ്രീനാഥ് (ഖത്തർ). സഹോദരിമാർ: പരേതയായ സാവിത്രി, സുകുമാരി, വിനോദിനി. സംസ്കാരം നാളെ രാവിലെ ഒമ്പതിന്.

Eng­lish Sam­mury: Promi­nent the­ater actor direc­tor Vikra­man Nair passed away

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.