October 2, 2022 Sunday

Related news

February 21, 2022
December 1, 2021
September 10, 2021
August 8, 2021
August 4, 2021
August 4, 2021
November 13, 2020
November 4, 2020
October 13, 2020
September 5, 2020

കരുത്ത് തെളിയിച്ച് വിക്രാന്ത് ; പരീക്ഷണ യാത്ര വിജയം

നിഖിൽ എസ് ബാലകൃഷ്ണൻ
കൊച്ചി
August 8, 2021 10:01 pm

ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത വിമാനവാഹിനി യുദ്ധക്കപ്പൽ വിക്രാന്തിന്റെ സമുദ്ര പരീക്ഷണ യാത്ര വിജയം. നാവിഗേഷന്റെയും വാർത്താ വിതരണ സംവിധാനങ്ങളുടെയെല്ലാം പരിശോധനകൾ പൂർണമായും വിജയിച്ചതായി നാവിക സേന അറിയിച്ചു. ഉൾക്കടലിലെ പരീക്ഷണ യാത്ര വിജയകരമായി പൂർത്തിയാക്കിയ വിക്രാന്ത് ഞായറാഴ്ച വൈകുന്നേരത്തോടെ കൊച്ചി തീരത്തെത്തി. കഴിഞ്ഞ ബുധനാഴ്ചയാണ് അവസാനവട്ട സമുദ്ര പരീക്ഷണത്തിനായി ഐഎൻഎസ് വിക്രാന്ത് അറബിക്കടലിലേക്ക് യാത്ര തിരിച്ചത്.

കപ്പലിന്റെ മറ്റ് സാങ്കേതിക സംവിധാനങ്ങളെല്ലാം തന്നെ പ്രവർത്തിപ്പിച്ച് നോക്കുകയും കൃത്യമാണെന്ന് ഉറപ്പുവരുത്തുകയും ചെയ്തു. ആറ് നോട്ടിക്കൽ മൈൽ ഉള്ളിലേയ്ക്ക് കടന്ന് ചെന്നായിരുന്നു സമുദ്ര പരീക്ഷണം നടത്തിയത്. കൊച്ചി ഷിപ്പ്‌യാർഡിന്റെയും നാവിക സേനയുടെയും മേൽനോട്ടത്തിലായിരുന്നു പരിശോധനകൾ. സമുദ്ര പരീക്ഷണം പൂർത്തിയാക്കിയതോടെ വൈകാതെ കൊച്ചിൻ ഷിപ്പ്‌യാർഡിൽ നിന്നും പൂർണമായും നാവിക സേന കപ്പൽ ഏറ്റെടുക്കും. പിന്നീട് പ്രതിരോധ പ്രവർത്തനങ്ങളുടെ പരിശോധനകളിലേക്ക് വിക്രാന്ത് ചുവട് വയ്ക്കും. ആയുധങ്ങൾ ഘടിപ്പിച്ചും ഹെലികോപ്റ്ററുകൾ ഇറക്കിയും സൈനിക നീക്കവുമെല്ലാം നടത്തി വിക്രാന്തിന്റെ കാര്യശേഷി പരിശോധിക്കും. നാവിക സേനയിൽ നിന്ന് 500 പേരും ഷിപ്പ്‌യാർഡിൽ നിന്നുള്ള 700 ഉം ഉൾപ്പെടെ 1200 അംഗ ക്രൂവും നിലവിൽ കപ്പലിലുണ്ട്.

രാജ്യമുറ്റുനോക്കിയ വിക്രാന്തിന്റെ യാത്രയ്ക്ക് ആശംസകൾ അർപ്പിച്ച് പ്രധാനമന്ത്രി അടക്കം ട്വീറ്റ് ചെയ്തിരുന്നു. സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികത്തിൽ കമ്മിഷൻ ചെയ്യുന്നതോടെ വിക്രാന്ത് ഔദ്യോഗികമായി ഇന്ത്യൻ നാവിക സേനയുടെ ഭാഗമാകും. 262 മീറ്റർ നീളവും 62 മീറ്റർ വീതിയും സൂപ്പർ സ്ട്രെക്ചർ ഉൾപ്പെടെ 59 മീറ്റർ ഉയരവും കപ്പലിനുണ്ട്. 14 ഡക്കുകളുള്ള കപ്പലിന് 40,000 ടൺ ഭാരം വഹിക്കാൻ സാധിക്കും. 14 ഡക്കുകളിലായി 2,300 കംപാർട്ട്മെന്റുകളാണുള്ളത്. 1700 പേർ അടങ്ങിയ ക്രൂവിനായി രൂപപ്പെടുത്തിയ കപ്പലിൽ വനിതാ ഓഫീസർമാർക്കായി പ്രത്യേക ക്യാബിനുകളും ഒരുക്കിയിട്ടുണ്ട്. ഒരേ സമയം 10 ഹെലികോപ്റ്ററുകളും 20 യുദ്ധ വിമാനങ്ങളും വഹിക്കുവാൻ കഴിയുന്ന വിക്രാന്തിന്റെ പരമാവധി വേഗം മണിക്കൂറിൽ 28 നോട്ടിക്കൽ മൈൽ ദൂരമാണ്. ഇന്ത്യ നിർമ്മിച്ചിട്ടുള്ളതിൽ വച്ചേറ്റവും വലിയ പടക്കപ്പൽ എന്ന ഖ്യാതിയാണ് വിക്രാന്ത് അലങ്കരിക്കുന്നത്. 23,000 കോടി രൂപയാണ് ആകെ നിർമ്മാണ ചെലവ്.

Eng­lish Sum­ma­ry: Vikrant proves his strength; Tri­al run success

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.