Monday
18 Feb 2019

വിലക്കപ്പെടുന്ന വാക്കും വരയും

By: Web Desk | Monday 11 February 2019 10:52 PM IST

വാക്കുകളെയും വരകളെയും എന്നും ഫാസിസ്റ്റുകള്‍ ഭയപ്പെട്ടിരുന്നു. ഫാസിസ്റ്റുകള്‍ മാത്രമല്ല, എല്ലാ തീവ്രവാദികളും ചരിത്രത്തിന്റെ തിരുശേഷിപ്പുകള്‍ തച്ചുതകര്‍ക്കാന്‍ കിട്ടുന്ന ഒരുവസരവും പാഴാക്കുന്നില്ല. യൂറോപ്പിലാകമാനം ഫാസിസ്റ്റുകള്‍ നശിപ്പിച്ച ചരിത്ര സ്മാരകങ്ങള്‍, ബാമിയാനിലെ ബുദ്ധപ്രതിമകള്‍, സിറിയയിലെ അലിപ്പോ എന്ന ലോകചരിത്രത്തിലെ ആദ്യ നഗരങ്ങളിലൊന്ന്, ഇന്ത്യയിലെ ബാബറി മസ്ജിദ്, നൂറ്റാണ്ടുകള്‍ പിന്നിടുമ്പോഴും ഈ അക്രമങ്ങള്‍ കുറയുന്നില്ല. എന്നാല്‍ സ്വാതന്ത്ര്യാനന്തര ഇന്ത്യയില്‍ ഗാന്ധിജിയുടെ വധത്തിനുശേഷം ഈ പ്രവണത തലപൊക്കുന്നത് ബാബറി മസ്ജിദ് തകര്‍ത്തുകൊണ്ടാണ്. പ്രമുഖ പണ്ഡിതരും സാമൂഹ്യ പരിഷ്‌കര്‍ത്താക്കളുമായ നരേന്ദ്ര ധബോല്‍ക്കര്‍, കല്‍ബുര്‍ഗി, ഗോവിന്ദ് പന്‍സാരെ, പത്രപ്രവര്‍ത്തകയായ ഗൗരി ലങ്കേഷ് ഇവരെല്ലാം സമീപകാലത്ത് തീവ്ര മതമൗലികവാദികളുടെ അസഹിഷ്ണുതയുടെ രാഷ്ട്രീയത്തിന് ഇരയായവരാണ്. കേരളത്തില്‍ ചേകന്നൂര്‍ മൗലവി എന്ന മതപണ്ഡതിന്റെ തിരോധാനത്തിന്റെ രഹസ്യം ഇതുവരെ തെളിയിക്കപ്പെട്ടിട്ടുമില്ല.

ആവിഷ്‌കാര സ്വാതന്ത്ര്യത്തിനുമേല്‍ കയ്യൂക്കുകൊണ്ട് നിയന്ത്രണമേര്‍പ്പെടുത്താനുള്ള ആപല്‍ക്കരമായ പ്രവണത നാള്‍ക്കുനാള്‍ വര്‍ധിക്കുന്നു. ചലച്ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കാനനുവദിക്കാതിരിക്കുക, നാടകങ്ങള്‍ തടയുക. പിക്കാസോയുടെ ഗൂര്‍ണിക എന്ന പ്രശസ്ത രചന കണ്ട് ‘ഇതു വരച്ചത് നിങ്ങളാണോ’ എന്നു ചോദിച്ച നാസി പട്ടാളക്കാരനോട് ‘അല്ല നിങ്ങളാണ്’ എന്ന് പിക്കാസോ നല്‍കിയ മറുപടിക്ക് പ്രസക്തി ഏറിവരുന്ന കാലഘട്ടത്തിലാണ് നാം ഇന്ന് ജീവിക്കുന്നത്. ഇന്ത്യയില്‍ പൂനാ ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടിന്റെ തലപ്പത്ത് സീരിയല്‍ നടനെ പ്രതിഷ്ഠിച്ച ഇപ്പോഴത്തെ കേന്ദ്രസര്‍ക്കാര്‍ എല്ലാ സാംസ്‌കാരിക വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സ്വന്തം പാര്‍ശ്വവര്‍ത്തികളെ തിരുകിക്കയറ്റി. ആന്ധ്ര യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ പ്രൊഫ. നാഗേശ്വര്‍ റാവു എന്ന ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഇന്‍ ഓര്‍ഗാനിക് ആന്‍ഡ് അനലറ്റിക്കല്‍ കെമിസ്ട്രിയിലെ അധ്യാപകന്‍ ഇന്ത്യന്‍ സയന്‍സ് കോണ്‍ഗ്രസില്‍ ഈയിടെ പ്രസംഗിച്ചത് രാവണന് 24 തരം വിമാനങ്ങള്‍ ഉണ്ടായിരുന്നുവെന്നും കൗരവന്മാര്‍ ടെസ്റ്റ് ട്യൂബ് ശിശുക്കളായിരുന്നുവെന്നുമാണ്. ഇത്തരത്തിലുള്ള കോമാളികളെ അന്താരാഷ്ട്ര പ്രശസ്തിയുള്ള സര്‍വകലാശാലകളുടെയും ഗവേഷണ സ്ഥാപനങ്ങളുടെയും തലപ്പത്ത് പ്രതിഷ്ഠിച്ച് ആ സ്ഥാപനങ്ങളെ കുട്ടിച്ചോറാക്കുന്നതില്‍ ഒരു പ്രത്യേക ആനന്ദം കണ്ടെത്തുകയാണ് മോഡി സര്‍ക്കാര്‍. രാജ്യത്തിനകത്തും പുറത്തുമുള്ള പ്രമുഖ പണ്ഡിതരും സാംസ്‌കാരിക പ്രവര്‍ത്തകരും കലാകാരന്മാരും ഒന്നടങ്കം ഇന്ന് ഇത്തരം തലതിരിഞ്ഞ പ്രവൃത്തികള്‍ക്കെതിരെ ശബ്ദമുയര്‍ത്തുകയാണ്. ഈയടുത്ത ദിവസമാണ് നസറുദ്ദീന്‍ ഷാ എന്ന വലിയ കലാകാരന്‍ ഇന്ത്യയിലെ ജീവിതത്തെക്കുറിച്ച് ആകുലത പ്രകടിപ്പിച്ചത്. ഉടനെ തന്നെ അദ്ദേഹത്തിനുനേരെ ആക്രോശങ്ങളുമായി വരുന്ന പ്രാകൃതന്മാരെയാണ് നമ്മള്‍ കാണുന്നത്. ഇപ്പോഴിതാ ഹിന്ദി, മറാത്തി സിനിമ, നാടകരംഗങ്ങളിലെ ആദരിക്കപ്പെടുന്ന നടനും സംവിധായകനുമായ അമോല്‍ പലേക്കറിന്റെ എന്‍ജിഎംഎയിലെ പ്രസംഗം വേദിയിലിരുന്നവരും സദസിലിരുന്നവരും ഒരുമിച്ച് തടസപ്പെടുത്തിയിരിക്കുന്നു.

എന്താണ് അമോല്‍ പലേക്കര്‍ ചെയ്ത അബദ്ധം? രാവണന്റെ കൈവശം 24 വിമാനങ്ങള്‍ ഉണ്ടായിരുന്നു, 128 വിമാനത്തിന്റെ വിലയ്ക്ക് 38 വിമാനം വാങ്ങുന്നതാണ് ലാഭം എന്നൊക്കെയുള്ള അഗാധമായ പാണ്ഡിത്യം തുളുമ്പുന്ന വചനങ്ങള്‍ അദ്ദേഹത്തില്‍ നിന്നുണ്ടായില്ല എന്നതാണോ ഈ തടസപ്പെടുത്തലിന് കാരണം? അല്ലേയല്ല, ഇത്തരം പണ്ഡിതോചിതമായ വിജ്ഞാനശകലങ്ങള്‍ വിളമ്പിയിരുന്നെങ്കില്‍ അമോല്‍ പലേക്കര്‍ക്ക് ഉടനെ അവര്‍ ഒരു ഉന്നത പദവി നല്‍കിയേനെ. അമോല്‍ പലേക്കര്‍ അന്തരിച്ച പ്രമുഖ ചിത്രകാരന്‍ പ്രഭാകര്‍ ഭാര്‍വെയുടെ അനുസ്മരണ പ്രഭാഷണം നടത്തിക്കൊണ്ട് ബോംബെ നാഷണല്‍ ഗാലറി ഓഫ് മോഡേണ്‍ ആര്‍ട്ടില്‍ നടത്തിയ പ്രസംഗത്തിലെ പരാമര്‍ശങ്ങള്‍ ഇങ്ങനെയാണ്: ”രണ്ടു കാരണങ്ങള്‍ കൊണ്ടാണ് ഈ ദിവസം വലിയ ആഘോഷത്തിന്റെ ദിവസമാവുന്നത്. ഭാര്‍വെ മരിച്ച് ഏതാണ്ട് 24 വര്‍ഷങ്ങള്‍ക്കിപ്പുറം നടക്കുന്ന അദ്ദേഹത്തിന്റെ ഐതിഹാസികമായ മെറ്റ ഫിക്ഷണല്‍ രചനകളുടെ പ്രദര്‍ശനം തന്നെയാണ് ഒന്നാമത്തെ കാരണം. രണ്ടാമതായി എന്‍ജിഎംഎ മൂന്നു നിലകളിലായുള്ള സ്ഥലം മുഴുവനായും പ്രദര്‍ശനത്തിന് അനുവദിച്ചതും. അതിന് ഞാന്‍ എന്‍ജിഎംഎയോട് നന്ദി പറയുന്നു. നിങ്ങള്‍ അത്ഭുതപ്പെടുന്നുണ്ടാവും എന്തിനാണ് ഒരു വലിയ ചിത്രകാരന്റെ ചിത്ര പ്രദര്‍ശനത്തിന് നാഷണല്‍ ഗാലറിയുടെ സ്ഥലം തന്നതിന് നന്ദി പറയുന്നത് എന്ന്. ഞാന്‍ മാഗ്‌രറ്റിയുടെ രണ്ട് വാചകങ്ങള്‍ കടമെടുത്താണ് അതിന് മറുപടി നല്‍കുന്നത്. ഒന്ന്, ”നമ്മള്‍ കാണുന്ന വസ്തുക്കള്‍ എപ്പോഴും മറ്റു വസ്തുക്കളെ നമ്മുടെ കാഴ്ചയില്‍ നിന്നും മറക്കുന്നുണ്ട്. നമ്മള്‍ എപ്പോഴും കാഴ്ചയിലുള്ള വസ്തുക്കള്‍ എന്തിനെയാണ് നമ്മുടെ കാഴ്ചയില്‍ നിന്ന് മറക്കുന്നത് എന്ന് കാണാന്‍ ആഗ്രഹിക്കുന്നു.” മറ്റൊരു വാചകം ”കഷ്ടതരമായ ഒരു ലോകം കാണിച്ചുതരുന്നു എന്നതുകൊണ്ട് നമ്മള്‍ സൂര്യപ്രകാശത്തെ ഭയപ്പെടരുത്” എന്നതാണ്. ഇങ്ങനെ തുടര്‍ന്ന അമോന്‍ പലേക്കറുടെ പ്രസംഗത്തിന് 2018 നവംബര്‍ 13ന് എന്‍ജിഎംഎയുടെ മുംബൈ, ബംഗളൂരു പ്രാദേശിക കേന്ദ്രങ്ങളിലെ കലാകാരന്മാരുടെ ഉപദേശക സമിതി പിരിച്ചുവിട്ടതിനെ നിശിതമായി വിമര്‍ശിക്കുന്നു. ഡല്‍ഹിയിലെ ഏതെങ്കിലും ബ്യൂറോക്രാറ്റ് ആയിരിക്കും ഇനി പ്രദര്‍ശനങ്ങള്‍ തീരുമാനിക്കുകയെന്നും പലേക്കര്‍ പറഞ്ഞു. കൂടാതെ പ്രഭാകര്‍ ദാര്‍പെയുടെ അനുസ്മരണാര്‍ഥമുള്ള ഈ ചിത്രപ്രദര്‍ശനം ഇത്തരത്തിലുള്ള അവസാനത്തെ പ്രദര്‍ശനമായിരിക്കുമെന്നും അമോന്‍ പലേക്കര്‍ പറഞ്ഞതെല്ലാം സത്യം മാത്രമായിരുന്നു.
നാഷണല്‍ ഗ്യാലറി ഓഫ് മോഡേണ്‍ ആര്‍ട്ട് എന്ന കേന്ദ്ര സാംസ്‌കാരിക വകുപ്പിന്‍ കീഴിലുള്ള സ്ഥാപനം 1954 മാര്‍ച്ച് 24നാണ് ഉദ്ഘാടനം ചെയ്തത്. അന്നത്തെ ഉപരാഷ്ട്രപതി ഡോ. എസ് രാധാകൃഷ്ണന്‍, പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ സാന്നിധ്യത്തില്‍ ചിത്രശലഭത്തിന്റെ ആകൃതിയിലുള്ള സര്‍ ആര്‍നര്‍ ബ്ലോം ഫീല്‍ഡ് രൂപകല്‍പ്പന ചെയ്ത മുന്‍ ജയ്പ്പൂര്‍ മഹാരാജാവിന്റെ ഡല്‍ഹിയിലെ പദ്ധതിയാണ് എന്‍ജിഎംഎയുടെ ആര്‍ട്ട് ഗ്യാലറിയായി മാറിയത്. പ്രസിദ്ധ ജര്‍മ്മന്‍ കലാ ചരിത്രകാരന്‍ ഹെര്‍മന്‍ ഗോത്‌സിനെയാണ് ഗ്യാലറിയുടെ ക്യൂറേറ്ററായി നെഹ്‌റു കണ്ടെത്തിയത്. രാജാ രവിവര്‍മ്മ, അബനീന്ദ്രനാഥ് ടാഗോര്‍, തോമസ് ഡാനിയേല്‍, നന്ദന്‍ലാല്‍ ബോസ്, ജാമിനിറോയ്, അമൃത ഷേര്‍ഗള്‍ തുടങ്ങിയ ലോക പ്രശസ്ത ചിത്രകാരന്മാരുടെ രചനകളും അപൂര്‍വ ശില്‍പങ്ങളും അടക്കം 14,100 ലധികം ചിത്രങ്ങളും ശില്‍പങ്ങളും 12,000 സ്‌ക്വയര്‍ മീറ്റര്‍ സ്ഥലത്ത് പ്രദര്‍ശിപ്പിച്ചിരിക്കുന്നു. ലോകത്തിലെ തന്നെ ഏറ്റവും വലിയ മോഡേണ്‍ ആര്‍ട്ട് മ്യൂസിയങ്ങളിലൊന്നാണ് ഡെല്‍ഹിയിലെ നാഷണല്‍ ഗ്യാലറി ഓഫ് മോഡേണ്‍ ആര്‍ട്ട് നെഹ്‌റൂവിയന്‍ കാലഘട്ടത്തിന്റെ ഇന്ത്യന്‍ സാംസ്‌കാരിക പാരമ്പര്യത്തിനായുള്ള വലിയ സംഭാവന. 2009ല്‍ 72,000 സ്‌ക്വയര്‍ മീറ്റര്‍ വിസ്തൃതിയില്‍ ഒരു പുതിയ മന്ദിരം കൂടി നിര്‍മ്മിക്കപ്പെട്ടു. ഓഡിറ്റോറിയം, പ്രിവ്യൂ തിയേറ്റര്‍, കണ്‍സര്‍വേഷന്‍ ലബോറട്ടറി, ലൈബ്രറി, അക്കാദമിക് ക്ലാസ് മുറികള്‍, കഫ്റ്റീരിയ എന്നിവ ഉള്‍പ്പെടെ ഈ ഗ്യാലറിയുടെ ശാഖകളാണ്. ബോംബൈയിലും ബംഗളൂരുവിലുമുള്ളത് രാജ്യത്തിന്റെ സാംസ്‌കാരിക കലാപൈതൃകം കാത്തുസൂക്ഷിക്കാനുള്ള വലിയ പരിശ്രമത്തിന്റെ ഫലമായാണ് ഇത്തരം ഇടങ്ങള്‍ സൃഷ്ടിക്കപ്പെടുന്നത്. ഈ കേന്ദ്രങ്ങളിലെല്ലാം തന്നെ പ്രാദേശികമായി കലാകാരന്മാരുടെ ഉപദേശകസമിതിയും രൂപീകരിക്കപ്പെട്ടു. പ്രസ്തുത കേന്ദ്രങ്ങളിലെ കലാ-ചിത്ര പ്രദര്‍ശനങ്ങള്‍, സാംസ്‌കാരിക പരിപാടികള്‍ ഇവയ്‌ക്കെല്ലാം ഊര്‍ജം പകരുക എന്നതായിരുന്നു ലക്ഷ്യം. ഈ ഉപദേശക സമിതികളാണ് 2018 നവംബര്‍ 13ന് പിരിച്ചുവിടപ്പെട്ടത്. ഈ നടപടിയെയാണ് അമോന്‍ പലേക്കര്‍ വിമര്‍ശിച്ചത്.

നാഷണല്‍ ഗ്യാലറി ഓഫ് മോഡേണ്‍ ആര്‍ട്ട് എന്ന സ്ഥാപനം, സാംസ്‌കാരിക വകുപ്പിനു കീഴില്‍ രൂപീകരിക്കാനും ലോകത്തിലെതന്നെ ഏറ്റവും മികച്ച മോഡേണ്‍ ആര്‍ട്ട് ഗ്യാലറികളിലൊന്നായി അതിനെ വളര്‍ത്തിയെടുക്കാനും ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റു മുതല്‍ ആദ്യ ക്യൂറേറ്ററായിരുന്ന ഹെര്‍മന്‍ ഗോത്‌സ് എന്ന ലോക പ്രശസ്ത ജര്‍മ്മന്‍ കലാ ചരിത്രകാരന്‍ മുതല്‍ 2009 ല്‍ 72,000 സ്‌ക്വയര്‍ മീറ്റര്‍ വരുന്ന ഒരു പുതിയ കെട്ടിടം കൂടി ഡല്‍ഹി ഗ്യാലറിയോട് കൂട്ടിച്ചേര്‍ത്ത മന്‍മോഹന്‍ സിങിന്റെ സര്‍ക്കാര്‍ വരെ അറിയപ്പെടുന്നവരും അല്ലാത്തവരുമായ അനേകം കലാസ്‌നേഹികളുടെ പരിശ്രമ ഫലമായാണ് ഇന്ത്യയിലെ ആധുനിക കലാചരിത്രത്തിന്റെ ഒരു മഹത്തായ കേന്ദ്രം ഉയര്‍ന്നുവന്നത്. 2018 നവംബറിലെ ഉത്തരവിനോടൊപ്പം തന്നെ ‘ഭാവിയില്‍ എന്‍ജിഎംഎയുടെ ശേഖരത്തില്‍ നിന്നല്ലാത്ത കലാസൃഷ്ടികളുടെ പ്രദര്‍ശനത്തിനായി മുംബൈ കേന്ദ്രത്തില്‍ ലഭ്യമായ സ്ഥലത്തിന്റെ ആറില്‍ ഒരു ശതമാനം മാത്രമേ അനുവദിക്കുകയുള്ളൂ’ എന്നുകൂടി വ്യക്തമാക്കിയിട്ടുണ്ട്. അതിനാല്‍ പുതിയ പോളിസി അനുസരിച്ച് 2019 മാര്‍ച്ച് – ഏപ്രില്‍, ഡിസംബര്‍ മാസങ്ങളില്‍ നടത്താനിരുന്ന മെഹില്‍ ഗോഡയുടെയും സുധീര്‍ പട്‌വര്‍ധനന്റെയും റിട്രോസ്‌പെക്ടീവുകള്‍ ഉപേക്ഷിക്കുകയും ചെയ്തു. അമോല്‍ പലേക്കറിന്റെ പ്രസംഗത്തില്‍ നിന്നുതന്നെയുള്ള ഉദ്ധരണിയോടെ ഈ കുറിപ്പ് അവസാനിപ്പിക്കുന്നു. ‘എവിടെയാണ് ഇതെല്ലാം ചെന്ന് അവസാനിക്കാന്‍ പോകുന്നത്? സ്വാതന്ത്ര്യത്തിന്റെ സമുദ്രം ദിനംതോറും അനുക്രമം നിരന്തരം പിന്‍വാങ്ങിക്കൊണ്ടിരിക്കുകയാണ്. നമ്മളെന്തിനാണ് ഇക്കാര്യത്തില്‍ നിശബ്ദരാവുന്നത്?’