വിലക്ക്

Web Desk
Posted on June 24, 2018, 8:15 am

അക്ബര്‍

നീ നയതന്ത്ര ബന്ധം
വിച്ഛേദിച്ച രാജ്യമാണ് ഞാന്‍
എന്റെ ആകാശങ്ങളില്‍
നിന്റെ വിമാനങ്ങള്‍ ഇരമ്പുന്നില്ല

എന്റെ തുറമുഖത്ത്
നിന്റെ കപ്പല്‍ പായകള്‍ ഇളകുന്നില്ല

വിവരങ്ങളോ വിനിമയമോ ഇല്ലാതെ
ഒറ്റപ്പെട്ട മരുഭൂമി

അനിഷ്ടത്തിന്റെ, നിര്‍വ്വികാരതയുടെ
പതാകകള്‍ മാത്രം

പ്രണയ ഉച്ചകോടിയില്‍
എനിക്കായി ആരും വാദിച്ചില്ല

സങ്കടങ്ങള്‍ ഉരുണ്ടുകൂടുമ്പോള്‍
പകയുടെ ടാങ്കറുകള്‍
തുരുതുരെ എന്നിലേക്ക്..

നിശ്ശബ്ദത ദേശീയതയാക്കി
ചുരുണ്ടുകൂടുന്ന ഒരു രാഷ്ട്രം

ഇനിയുള്ളത് മിസൈലുകളുടെയും
ബോംബുകളുടെയും ചുംബനം

മരുഭൂമിയായി മലരുമ്പോള്‍
പതിക്കട്ടെ നിന്റെ ഉപരോധ പ്രേമം..

അക്ബര്‍
ആളത്തില്‍
നേര്യമംഗലം-തപാല്‍
നേര്യമംഗലം
എറണാകുളം-ജില്ല
പിന്‍-686 693
ഫോണ്‍: 8547625570, 7907472542
[email protected]