വിളക്കുമരങ്ങള്‍ (കവിത)

Web Desk
Posted on August 18, 2019, 6:00 am

വിളക്കുമരങ്ങള്‍
ഡോ.എം ആര്‍ മിനി

സുഹൃത്തേ,
നമുക്കും ഉണ്ടായിരുന്നില്ലേ
ഓര്‍മ്മയില്‍ സൂക്ഷിക്കാന്‍ ഒരു കാമ്പസ് ?
നമ്മെ സ്വപ്‌നങ്ങള്‍
കാണാന്‍ പഠിപ്പിച്ച അക്ഷരമുറ്റം
ചോര തുടിക്കുന്ന വിരലുകള്‍ കൊണ്ട്
നീയും അതിന്റെ
ചുവരുകളില്‍ ചിത്രം കോറിയിരുന്നു
വാകപ്പൂ കൊഴിഞ്ഞ വഴികളില്‍
വസന്തത്തിന്റെ ഇടിമുഴക്കങ്ങള്‍
പ്രതിധ്വനിച്ചിരുന്നു.
കാതോര്‍ത്തിരുന്ന്
കാറ്റാടി മരങ്ങള്‍ കഥ പറയുന്നത്
കേള്‍ക്കുമായിരുന്നു
വിജനമായ വരാന്തകളില്‍
വിരസമായ പകലറുതികളില്‍
പ്രണയം പാട്ട് മൂളിയിരുന്നു
ഉയരുന്ന മുഷ്ടിക്കരുത്തില്‍
മാറ്റത്തിന്‍ മുദ്രാവാക്യങ്ങളില്‍
നമ്മള്‍ നമ്മളെത്തന്നെ
പരുവപ്പെടുത്തിയിരുന്നു
അക്ഷരങ്ങളില്‍ അക്കങ്ങളില്‍
വായനാ മുറികളില്‍
ഗുരുക്കന്മാരെ പ്രതിഷ്ഠിച്ചിരുന്നു
കാക്കയും കിളികളും
കൂട് കൂട്ടിയിരുന്ന തണല്‍ച്ചില്ലകള്‍
വിശപ്പും വിരഹവും
മറന്ന നാളുകള്‍.
സുഹൃത്തേ,
കാലത്തിന്‍ ഇടനാഴികളില്‍ വെച്ച്
സ്മരണകള്‍ നഷ്ടപ്പെട്ടിട്ടില്ലെങ്കില്‍
നമുക്കാ കനല്‍വഴികളിലുടെ
മടക്കയാത്ര ചെയ്യാം
വിള്ളല്‍ വീണ വഴിത്താരകളില്‍
സ്റ്റേഹ നക്ഷത്രങ്ങളെ പതിപ്പിക്കാം
പടവുകളില്‍ കൈകോര്‍ത്തിരുന്ന്
പാടിപ്പതിഞ്ഞ
നല്ല നാളെയുടെ ഗീതികള്‍ പാടാം
ഒരിക്കല്‍ക്കൂടി നമുക്ക്
ഇന്നലെയുടെ വിളക്കുമരങ്ങളാകാം