കേസും പുലിവാലും ഒപ്പം അറസ്ററ് സാധ്യതയും: പിന്നാലെ നടൻ വിനായകന് മറ്റൊരു തിരിച്ചടി

Web Desk
Posted on June 19, 2019, 5:00 pm

വിനായകന്‍ കേന്ദ്രകഥാപാത്രമായെത്തിയ തൊട്ടപ്പന് ചില തീയേറ്ററുകളില്‍ ബഹിഷ്‌കരണം നേരിടുന്നുണ്ടെന്ന് ആരോപണം. ഇത് ശരിവെച്ച് ചിത്രത്തിന്റെ തിരക്കഥാകൃത്ത് പി എസ് റഫീഖ് രംഗത്ത്. കൊടുങ്ങല്ലൂരിലെ ഒരു തീയേറ്ററില്‍ തൊട്ടപ്പന് ബഹിഷ്‌കരണം നേരിടേണ്ടി വന്നെന്ന് പി എസ് റഫീഖ് പറയുന്നു.

ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം ഇക്കാര്യം പങ്കുവെച്ചത്. കൊടുങ്ങല്ലൂരിലെ തീയേറ്ററില്‍ ആവശ്യത്തിന് പ്രേക്ഷകരില്ലെന്ന് ആദ്യം പറഞ്ഞവര്‍ ആളെത്തിയപ്പോള്‍ പ്രൊജക്ടര്‍ പണിമുടക്കിയെന്ന് പറഞ്ഞ് മടക്കി അയയ്ക്കുകയായിരുന്നുവെന്നും റഫീഖ് പറയുന്നു. ഒരാളുടെ രാഷ്ട്രീയ നിലപാടിന്റെയോ നിറത്തിന്റെയോ പേരില്‍ അയാളുടെ സിനിമ ബഹിഷ്‌കരിക്കുന്ന പ്രവണത ചെറുത്തു തോല്‍പ്പിക്കേണ്ടതാണെന്നും കുറിയ്ക്കുന്നു റഫീഖ്. പത്തനംതിട്ട ഉള്‍പ്പെടെയുള്ള ചില കേന്ദ്രങ്ങളില്‍ ‘തൊട്ടപ്പന്‍’ കാണാനെത്തുന്നവരെ തീയേറ്ററുകാര്‍ ഇടപെട്ട് മറ്റ് സിനിമയ്ക്ക് കയറ്റുന്നുവെന്ന ആരോപണം നേരത്തേ ഉയര്‍ന്നിരുന്നു.

പി എസ് റഫീഖ് പറയുന്നു
പ്രിയ സുഹൃത്തുക്കളേ, ഇതൊരഭ്യര്‍ത്ഥനയാണ്. തൊട്ടപ്പന്‍ കളിക്കുന്ന പല തീയേറ്ററുകളിലും സിനിമ കാണാനെത്തുന്നവരെ ആളില്ലെന്ന കാരണം പറഞ്ഞ് മടക്കി അയക്കുന്നുവെന്ന പരാതി വരുന്നുണ്ട്. കൊടുങ്ങല്ലൂരിലെ ഒരു തീയേറ്ററില്‍ ആളില്ലെന്ന കാരണം പറയുകയും ആവശ്യത്തിനുള്ള ആളായപ്പോള്‍ പ്രൊജക്റ്റര്‍ കംപ്ലയിന്റാണെന്ന് പറഞ്ഞ് മടക്കി അയക്കുകയും ചെയതിരിക്കുന്നു. പല സ്ഥലങ്ങളില്‍ നിന്നും ഇങ്ങനെയുള്ള കംപ്ലയിന്റ്‌സ് കേള്‍ക്കുന്നു. നിങ്ങളുടെയെല്ലാം സഹായം ചോദിക്കുകയാണ്.

ഒരുപാട് പണവും അധ്വാനവുമുള്ള ഒന്നാണല്ലോ സിനിമ. തൊട്ടപ്പന് ടിക്കറ്റെടുക്കാന്‍ വരുന്നവരോട് സിനിമ മോശമാണെന്നു വരെ തീയേറ്ററുകാര്‍ പറഞ്ഞു തുടങ്ങിയിരിക്കുന്നു. ഒരാളുടെ രാഷ്ട്രീയ നിലപാടിന്റെ പേരില്‍, നിറത്തിന്റെ പേരില്‍, അയാളുടെ സിനിമ ബഹിഷ്‌ക്കരിക്കുന്ന പ്രവണത ചെറുത്തു തോല്പിക്കേണ്ടതാണ്.ഈ പോസ്റ്റ് പരമാവധി ഷെയര്‍ ചെയ്ത് എല്ലാവരിലേക്കും എത്തിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. നമുക്ക് പണവും സ്വാധീനവും കുറവാണ്. നിങ്ങള്‍ മാത്രമാണ് ഞങ്ങളുടെ ശക്തി. സഹായിക്കൂ..