വിനയന്‍: ചങ്കൂറ്റമുള്ള സംവിധായകന്‍

Web Desk
Posted on October 05, 2018, 12:25 pm

പല്ലിശ്ശേരി 

തന്നെ സഹായിച്ചവരേയും സ്‌നേഹിച്ചവരേയും മറക്കാത്ത സംവിധായകനാണ് വിനയന്‍. സിനിമാരംഗത്ത് വിധേയത്വത്തിനു മാത്രമാണ് അധികം സ്ഥാനം. മറ്റുള്ളവരെ കഴിയുന്നത്ര സ്തുതിപാടി രസിപ്പിക്കുന്നതില്‍ താല്‍പര്യം കാണിക്കാനും അതിലൂടെ അല്ലറ ചില്ലറ നേട്ടങ്ങള്‍ ഉണ്ടാക്കാനുമാണ് പലരും ശ്രമിച്ചത്. താല്‍പര്യമില്ലെങ്കില്‍ പോലും ആ രീതിയില്‍ വിധേയത്വം ഉണ്ടാക്കാനാണ് താല്‍ക്കാലികമായി സിനിമ ഭരിക്കുന്നവര്‍ ശ്രദ്ധിച്ചിട്ടുള്ളത്.  എന്നാല്‍ വിനയന്‍ ചങ്കൂറ്റമുള്ള പച്ചമനുഷ്യനാണെന്ന് ലെനിന്‍ രാജേന്ദ്രന്‍ സംവിധാനം ചെയ്ത ‘മീനമാസത്തിലെ സൂര്യനി‘ല്‍ അഭിനയിക്കാന്‍ കയ്യൂരില്‍ വന്ന നാള്‍ മുതല്‍ മനസിലായി. അന്നുമുതല്‍ വിനയനെ കൂടുതല്‍ ശ്രദ്ധിച്ചു.

ഇലക്ട്രിസിറ്റി ബോര്‍ഡില്‍ മാന്യമായ ജോലി ഉണ്ടായിരുന്നിട്ടുകൂടി അതുപേക്ഷിച്ച് നാടകസംഘം തുടങ്ങി. കാശുണ്ടാക്കാനുള്ള നാടകമായിരുന്നില്ല. ആശയപ്രചരണവും അതിലുണ്ടായിരുന്നു.
പിന്നീട് ‘ആലിലക്കുരുവികള്‍’ എന്ന സിനിമയുടെ നിർമ്മാതാവായി  രംഗത്ത്. തുടര്‍ന്ന് സംവിധാനരംഗത്ത്. സിനിമാസംഘടനകള്‍ ഒന്‍പത് വര്‍ഷമാണ് വിനയന്റെ പടത്തില്‍ നിന്നും നടീനടന്മാര്‍ക്കും മറ്റും വിലക്കുകള്‍ കല്‍പിച്ചത്. വിലക്കുണ്ടായ അവസരത്തിലും വിനയന്‍ സിനിമകള്‍ ചെയ്തു ഹിറ്റാക്കി.
ഇപ്പോള്‍ ‘ചാലക്കുടിക്കാരന്‍ ചങ്ങാതി’ ഹിറ്റാക്കിക്കൊണ്ട് വിനയന്‍ തിരിച്ചുവരവ് ആഘോഷമാക്കി മാറ്റി. വിനയനു പ്രേക്ഷകന്റെ പള്‍സ് അറിയാം. അത്തരം അറിവിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് ‘ചാലക്കുടിക്കാരന്‍ ചങ്ങാതി’.
ആരാണ് ചാലക്കുടിക്കാരന്‍ ചങ്ങാതി?
അകാലത്തില്‍ വിട്ടുപിരിഞ്ഞ ജനപ്രിയകലാകാരന്‍ കലാഭവന്‍ മണിയാണെന്ന് എല്ലാവര്‍ക്കുമറിയാം. കലാഭവന്‍ മണിക്കുവണ്ടി കൂട്ടക്കരച്ചില്‍ നടത്തിയവരും ആദര്‍ശപരിവേഷം നല്‍കിയവരും മണിക്കുവേണ്ടി ഒന്നും ചെയ്തില്ല.
വിനയന്റെ ‘കല്യാണസൗഗന്ധികം’ മുതല്‍ അഭിനയിക്കാന്‍ വന്ന കലാഭവന്‍ മണി 13 സിനിമകളില്‍ അഭിനയിച്ചു. ഈ 13 സിനിമകളില്‍ ‘വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും’, ‘കരുമാടിക്കുട്ടന്‍’ എന്നീ സിനിമകളിലെ മണിയുടെ നായകവേഷം ഇന്ത്യയിലെ ഏതൊരു നടനോടും ഒപ്പം നില്‍ക്കുന്നതായിരുന്നു. ഏറ്റവും നല്ല നടനുള്ള ദേശീയ അവാര്‍ഡ് മനഃപൂര്‍വം ചിലര്‍ ചോര്‍ത്തിക്കളഞ്ഞപ്പോഴും കറുത്തവന്‍ എന്ന മുദ്രകുത്തി മറ്റുള്ളവര്‍ അപമാനിച്ചപ്പോഴും കറുത്തവന്റെ കൂടെ അഭിനയിക്കില്ലെന്നു നായിക നടി പറഞ്ഞപ്പോഴും കലാഭവന്‍ മണിക്കൊപ്പം താങ്ങും തണലുമായി വിനയന്‍ ഉണ്ടായിരുന്നു.
‘വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും’ രണ്ടാം ഭാഗം എടുക്കാനുള്ള ശ്രമത്തിനിടയിലാണ് മണി മരണത്തെ പുല്‍കിയത്. മണിയുടെ പേരില്‍ പലതും നടന്നു. മരണം ആത്മഹത്യയോ കൊലപാതകമോ സ്വാഭാവിക മരണമോ എന്നറിയാനുള്ള അന്വേഷണം നടന്നുകൊണ്ടിരിക്കുന്നു. അപ്പോഴാണ് മണിയുടെ കഥ സിനിമയാക്കാന്‍ വിനയന്‍ ആലോചിച്ചത്. മണി ആരൊക്കെയായിരുന്നോ അതെല്ലാം ചാലക്കുടിക്കാരന്‍ ചങ്ങാതിയില്‍ ഉണ്ട്.
താഴ്ന്ന ജാതിയില്‍നിന്നുവന്ന നടനെ പലരും മറന്നു. ചരമദിനത്തില്‍ ചിലയിടങ്ങളില്‍ ഓര്‍മച്ചടങ്ങുകള്‍. വിനയന്‍ ഒരു സിനിമകൊണ്ട് എല്ലാവരേയും തോല്‍പിച്ചുകളഞ്ഞു.
‘ചാലക്കുടിക്കാരന്‍ ചങ്ങാതി’ ഹിറ്റില്‍ നിന്നും ഹിറ്റിലേക്ക് — നീങ്ങിക്കഴിഞ്ഞു.
വിനയന്‍ തന്റെ യാത്ര ആരംഭിച്ചുകഴിഞ്ഞു. ഇനി ഈ ചങ്കൂറ്റമുള്ള സംവിധായകനെ തടയാനോ ഇല്ലാതാക്കാനോ അകറ്റിനിര്‍ത്താനോ ഒരു ശക്തിക്കും കഴിയില്ല.