കാര്‍ട്ടൂണിലൂടെയുള്ള വിമര്‍ശനങ്ങളെ സഹിഷ്ണുതയോടെ കാണണം: വിനയന്‍

Web Desk
Posted on June 29, 2019, 1:52 pm

ആലപ്പുഴ: കാര്‍ട്ടൂണിലൂടെയുള്ള വിമര്‍ശനങ്ങളെ സഹിഷ്ണുതയോടെ കാണണമെന്ന് ചലചിത്ര സംവിധായകനും ഹോര്‍ട്ടികോര്‍പ്പ് ചെയര്‍മാനുമായ വിനയന്‍ പറഞ്ഞു. കലാകാരന് ആവിഷ്‌ക്കാര സ്വാതന്ത്യമാണ് പ്രധാനം. എന്നാല്‍ വിവാദമായ കാര്‍ട്ടൂണ്‍ മരവിപ്പിക്കുന്നുവെന്നാണ് ഇപ്പോള്‍ അറിയുന്നത്. ഒരു ഭാഗത്ത് നവോത്ഥാനം പറയുകയും മറുഭാഗത്ത് അവസരവാദപരമായ സമീപനം സ്വീകരിക്കുകയും ചെയ്യുന്നത് തെറ്റാണെന്നും അദ്ദേഹം പറഞ്ഞു. ആലപ്പുഴ പ്രസ്‌ക്ലബ് സംഘടിപ്പിച്ച ആര്‍ മാനസന്‍ അനുസ്മരണ സമ്മേളനവും അവാര്‍ഡ് വിതരണവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആര്‍ മാനസന്റെ സ്മരണയ്ക്കായി ഏര്‍പ്പെടുത്തിയ അവാര്‍ഡ് മീഡിയാവണ്‍ റിപ്പോര്‍ട്ടര്‍ സാജിദ് അജ്മലിനു വിനയന്‍ സമ്മാനിച്ചു. പ്രസ്‌ക്ലബ് പ്രസിഡന്റ് വി എസ് ഉമേഷ് അധ്യക്ഷത വഹിച്ചു. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ചന്ദ്രഹാസന്‍ വടുതല അനുസ്മരണ പ്രഭാഷണം നടത്തി. മാനസന്‍ സുഹൃദ് വേദി ഭാരവാഹി പി ഡി ലക്കി, പ്രസ്‌ക്ലബ് സെക്രട്ടറി ജി ഹരികൃഷ്ണന്‍, ജോയിന്റ് സെക്രട്ടറി ടി കെ അനില്‍കുമാര്‍ എന്നിവര്‍ സംസാരിച്ചു.