വിന്‍സെന്റ് വാന്‍ഗോഗ് (1853–1890)- ഉന്മാദത്തിന്റെ സൂര്യകാന്തികള്‍

Web Desk
Posted on July 07, 2019, 8:14 am

സൂര്‍ദാസ് രാമകൃഷ്ണന്‍

പ്രണയഭംഗങ്ങളുടെയും ദാരിദ്ര്യത്തിന്റെയും വിശപ്പിന്റെയും അനിയന്ത്രിതമായ മദ്യപാനത്തിന്റെയും ചിത്തരോഗത്തിന്റെയും ഇരുള്‍ വഴികളിലൂടെ ഒരു ദുരന്തകഥാപാത്രത്തെപോലെ അലയുകയും ജീവിതം സ്വയം അവസാനിപ്പിക്കുകയും ചെയ്ത ഒരേയൊരു ചിത്രകാരനേയുള്ളു-വിന്‍സെന്റ് വാന്‍ഗോഗ്. ജീവിച്ചിരുന്നപ്പോള്‍, വികാരവിക്ഷോഭങ്ങള്‍ക്ക് അടിപെട്ടിരുന്ന വെറുമൊരു ഭ്രാന്തന്‍ ചിത്രകാരനായിരുന്നു ജനങ്ങള്‍ക്ക് വാന്‍ഗോഗ്. ഉന്മാദത്തിന്റെ ആഴങ്ങളില്‍ വേരുകളാഴ്ത്തിയ അദ്ദേഹത്തിന്റെ സര്‍ഗാത്മകതയുടെ സൂര്യകാന്തികളെ ആരും വിലമതിച്ചില്ല. ഉന്മാദിയുടെ നെഞ്ചിലെ പൊള്ളുന്ന പ്രണയനിലാവില്‍ അലിയാന്‍ ഒരു സ്ത്രീക്കും കഴിഞ്ഞില്ല. ജീവിച്ചിരിക്കെ സ്വന്തം ചിത്രങ്ങളില്‍ ഒന്നുപോലും വിറ്റുപോകുന്നത് കാണാനുള്ള ഭാഗ്യം ഉണ്ടായില്ല. പക്ഷേ, ഇപ്പോള്‍ ലോകം മുഴുവന്‍ വിന്‍സെന്റ് വാന്‍ഗോഗിനെ പ്രണയിക്കുകയാണ്. ഇന്ന് ലോകത്ത് ഏറ്റവും വിലമതിപ്പുള്ള ചിത്രങ്ങള്‍ വിന്‍സെന്റിന്റേതാണ്. ബ്രഷുകൊണ്ട് അദ്ദേഹം തീര്‍ത്ത മഞ്ഞയുടെയും നീലയുടെയും കടുംവര്‍ണകൂട്ടുകളുടെ തടവുകാരായി മാറിയിരിക്കുന്നു നമ്മള്‍. കല്‍ക്കരി ഖനിത്തൊഴിലാളികളുടെ ജീവിതം ചിത്രീകരിച്ച, ആരാലും ശ്രദ്ധിക്കപ്പെടാതിരുന്ന ഒരു വാന്‍ഗോഗ് ചിത്രം 1965‑ല്‍ വിറ്റു പോയത് രണ്ടു ലക്ഷത്തിനാല്‍പതിനായിരം ഡോളറിനാണ് ! അങ്ങനെ ജീവിച്ചിരുന്നപ്പോള്‍ തിരസ്‌കരിക്കുകയും അപമാനിക്കുകയും ചെയ്ത ലോകം, ഇപ്പോള്‍ വിന്‍സെന്റ് വാന്‍ഗോഗിനെ പ്രണയതീവ്രമായ ആരാധനയോടെ നെഞ്ചോടു ചേര്‍ത്തിരിക്കുന്നു. മറ്റെല്ലാ ചിത്രകാരന്മാരെയും അസൂയാലുക്കളാക്കുംവിധം സമ്പന്നനാക്കിയിരിക്കുന്നു. ഒരിക്കല്‍ തന്റെ പ്രിയസഹോദരനായ തിയോവാന്‍ഗോഗിന് എഴുതിയ ഒരു കത്തില്‍ വിന്‍സെന്റ് കുറിച്ചിട്ട പ്രവചനാത്മകമായ വാക്കുകള്‍ എത്ര ശരി! അദ്ദേഹം എഴുതി ‘എന്റെ ചിത്രങ്ങള്‍ വിറ്റുപോകാത്തതില്‍ എനിക്കൊന്നും ചെയ്യാന്‍ കഴിയില്ല. ഞാനുപയോഗിച്ച ചായങ്ങളുടെ വിലയേക്കാള്‍ വിലപിടിച്ചവയാണ് എന്റെ ചിത്രങ്ങളെന്ന് ജനങ്ങള്‍ തിരിച്ചറിയുന്ന ഒരു കാലം വരും.’
ജീവിതാന്ത്യം വരെ വിന്‍സെന്റ് നിലനിര്‍ത്തിയിരുന്ന അതിതീവ്രമായ ഒരേയൊരു ആത്മബന്ധം സ്വന്തം സഹോദരനായ തിയോവാന്‍ഗോഗുമായിട്ടുള്ളതായിരുന്നു. തിയോ സ്വാസ്ഥ്യത്തിന്റെയും സ്‌നേഹത്തിന്റെയും വറ്റാത്ത തെളിനീരുറവയായിരുന്നു വിന്‍സെന്റിന്. ജ്യേഷ്ഠന്റെ ചിത്തവിഭ്രാന്തിയുടെ ഇളക്കങ്ങളും തകിടം മറിച്ചിലുകളും ജീവിത പരാജയങ്ങളും ചിത്രരചനയിലെ അനന്യമായ സിദ്ധികളും തിയോയെപോലെ മനസിലാക്കിയ മറ്റൊരാള്‍ ഉണ്ടായിരുന്നില്ല. പാരീസില്‍, ഒരു സ്ഥാപനത്തില്‍ ചിത്രവില്‍പനക്കരാറുകാരനായി ജോലി നോക്കുകയായിരുന്നു തിയോ. സ്വന്തം വരുമാനത്തിന്റെ ഒരു ഭാഗം തിയോ ജ്യേഷ്ഠനായി മാറ്റിവച്ചിരുന്നു. വാസ്തവത്തില്‍ വിന്‍സെന്റ് വാന്‍ഗോഗ് എന്ന ചിത്രകാരന്റെ രൂപപ്പെടലിനു പിന്നിലുള്ള ശക്തികേന്ദ്രം തിയോ ആയിരുന്നു. തിയോയും വിന്‍സെന്റും തമ്മിലുള്ള കത്തിടപ്പാടുകളില്‍ നമുക്കത് കാണാം. തിയോയ്‌ക്കെഴുതുന്ന ഓരോ കത്തും വിന്‍സെന്റ് തുടങ്ങുന്നത് പെയിന്റുകള്‍ ആവശ്യപ്പെട്ടുകൊണ്ടാണ്. പ്രത്യേകിച്ചും വിന്‍സെന്റിന് ഏറ്റവും പ്രിയങ്കരമായ മഞ്ഞ,നീല, വെള്ള എന്നീ നിറങ്ങളുടെ വലിയ ട്യൂബുകള്‍ ആവശ്യപ്പെട്ടുകൊണ്ട്. തിയോ അതെല്ലാം വാങ്ങിഅയച്ചുകൊടുത്തുകൊണ്ടിരുന്നു. ചിത്രകലയെക്കുറിച്ചുള്ള വിന്‍സെന്റിന്റെ ചിന്തകളും, ജ്യേഷ്ഠന്റെ വരയെക്കുറിച്ചുള്ള തിയോയുടെ പ്രശംസകളും വിമര്‍ശനങ്ങളും ഒക്കെ അവരുടെ കത്തുകളെ ദൃഢമായ സഹോദരബന്ധത്തിന്റെയും സ്‌നേഹത്തിന്റെയും ഊഷ്മളമായ കലാചിന്തയുടെയും വിലപ്പെട്ട രേഖകളാക്കിമാറ്റി. തിയോ തന്റെ ചെറിയ വരുമാനത്തില്‍ നിന്നും അയച്ചു കൊടുത്തിരുന്ന പണവും വരപ്പുസാമഗ്രികളും ആയിരുന്നു വിന്‍സെന്റിന്റെ ഊര്‍ജ്ജം.
ബാല്യകാലം മുതല്‍ക്കേ ചിത്രങ്ങള്‍ വരച്ചു തുടങ്ങിയ വിന്‍സെന്റ് രേഖാചിത്രങ്ങള്‍ വരയ്ക്കുന്നതിലാണ് ആദ്യം പരിശീലിച്ചത്. അതും സ്വയം പരിശീലനം. ആര്‍ക്കെങ്കിലും ശിഷ്യപ്പെടാന്‍ തക്ക മെരുങ്ങുന്ന ഒരു മനോനില വിന്‍സെന്റിനുണ്ടായിരുന്നില്ല. ഇരുപത്തിയേഴാം വയസില്‍ ചിത്രകാരനാകാന്‍ സ്വയം തീരുമാനിച്ചപ്പോഴും വിന്‍സെന്റ് ചിത്രരചനയുടെ സാങ്കേതിക വശങ്ങള്‍ പഠിക്കാന്‍ മറ്റാരെയും ആശ്രയിച്ചില്ല. അദ്ദേഹത്തിന്റെ ബന്ധുവായിരുന്ന ആന്റണ്‍മാവു എന്ന ചിത്രകാരന്‍ ഒന്നു ശ്രമിച്ചു നോക്കിയതാണ്. പക്ഷേ, പെട്ടെന്ന് അസ്വസ്ഥമാകുകയും ക്ഷോഭിച്ചിളകുകയും തര്‍ക്കിക്കുകയും ചെയ്യുന്ന ശിഷ്യനില്‍ നിന്നും ആന്റണ്‍ മാവുവിന് ഓടിയകലേണ്ടിവന്നു. ഡച്ചുഗ്രാമങ്ങളിലെ പരന്നു കിടക്കുന്ന പാടങ്ങളും അവിടെ പണിയെടുക്കുന്ന കര്‍ഷകരും ആയിരുന്നു വിന്‍സെന്റിന്റെ ആദ്യകാല ചിത്രങ്ങളിലെ പ്രിയവിഷയങ്ങള്‍. കര്‍ഷക ജീവിതത്തിന്റെ അസന്തുഷ്ടമായ പാരുഷ്യങ്ങളെ കറുപ്പിന്റെയും തവിട്ടിന്റെയും ഇരുണ്ട വര്‍ണഭേദങ്ങളില്‍ അദ്ദേഹം പകര്‍ത്തി. വിന്‍സെന്റിന്റെ ആദ്യകാല ചിത്രങ്ങളില്‍, ‘ഇരുണ്ട മാസ്റ്റര്‍ പീസ്’ എന്ന വിശേഷിപ്പിക്കപ്പെട്ട ‘ഉരുളക്കിഴങ്ങ് ഭക്ഷിക്കുന്നവര്‍’ (ഠവല ജീമേീേ ഋമലേൃ െ) എന്ന ചിത്രവും ‘കര്‍ഷക സ്ത്രീ’ ( ജലമമെി േണീാമി) എന്ന രേഖാചിത്രവും ഇതിനു മികച്ച ഉദാഹരണങ്ങളാണ്.
റാന്തല്‍ വിളക്കിന്റെ മങ്ങിയ വെട്ടത്തില്‍ മേശയ്ക്കുചുറ്റുമിരുന്ന് വേവിച്ച ഉരുളക്കിഴങ്ങു ഭക്ഷിക്കുന്ന കര്‍ഷക കുടുംബമാണ് ചിത്രത്തിലുള്ളത്. ആരുടെയും മുഖം സുന്ദരമോ പ്രസന്നമോ അല്ല. അവരുടെ ജീവിതത്തിന്റെ കാഠിന്യവും ദരിദ്രാവസ്ഥയും ഇരുണ്ട അന്തരീക്ഷത്തില്‍ വിന്‍സെന്റ് പ്രതിഫലിപ്പിക്കുന്നത് മുഖഭാവങ്ങളിലൂടെയും, മുഖത്തെയും കൈകളിലെയും ത്വക്കിന്റെ വരണ്ടു പരുഷമായ അവസ്ഥയിലൂടെയുമാണ്. ചെളിപുരണ്ട ഉരുളക്കിഴങ്ങു പോലെ ഇരുണ്ട നിറങ്ങളില്‍ തീര്‍ത്ത ഈ ചിത്രം കാഴ്ചക്കാരനെ അസ്വസ്ഥനാക്കുന്നില്ല. മറിച്ച്, മണ്ണിനോടു പൊരുതുന്ന കര്‍ഷക ജീവിതത്തെ ആദരവോടെ കാണാനാണ് പ്രേരിപ്പിക്കുന്നത്. ചിത്രകാരന്റെ ലക്ഷ്യവും മറ്റൊന്നായിരുന്നില്ല. 1885‑ലാണ് ഈ ചിത്രം വിന്‍സെന്റ് എണ്ണച്ചായത്തില്‍ തീര്‍ത്തത്.
1886- ല്‍ തിയോയ്‌ക്കൊപ്പം പാരീസിലേയ്ക്ക് ചെന്നതോടെ വിന്‍സെന്റിന്റെ ചിത്രരചനാ ശൈലിയാകെ മാറിമറിഞ്ഞു. ഇംപ്രഷണിസ്റ്റുകളുടെ സുവര്‍ണ്ണകാലമായിരുന്നു പാരീസിലപ്പോള്‍. അവരുടെ ചിത്രരചനാ ശൈലി വിന്‍സെന്റിനെ പെട്ടെന്ന് ആകര്‍ഷിച്ചു. ശരിക്കും പറഞ്ഞാല്‍ സ്വന്തം സങ്കല്‍പത്തിനിണങ്ങുന്ന ശൈലിയാണ് എന്ന് കണ്ടെത്തുകയായിരുന്നു അദ്ദേഹം. ‘പരിപൂര്‍ണത’ എന്ന റിയലിസ്റ്റ് സങ്കല്‍പത്തെ നിഷേധിച്ചു കൊണ്ട് പരുക്കന്‍ ബ്രഷ്ചലനങ്ങളിലൂടെയും ചുവപ്പ്, നീല, പച്ച, മഞ്ഞ തുടങ്ങിയ വര്‍ണങ്ങളെ അവയുടെ തീക്ഷ്ണ ഭാവത്തില്‍ തന്നെ പ്രയോഗിച്ചുകൊണ്ടും വരയ്ക്കുന്നതായിരുന്നു ഇംപ്രഷണിസ്റ്റുകളുടെ രീതി. ജീവിതം പോലെ തന്നെ കലാസൃഷ്ടിയിലും ഒരു തരം അപൂര്‍ണ്ണതയുടെ ചൊടിപ്പിക്കുന്ന സൗന്ദര്യം നിലനിര്‍ത്തി, അവര്‍. മാത്രമല്ല, സ്റ്റുഡിയോയ്ക്കുള്ളിലിരുന്നു മാത്രം വരയ്ക്കുന്ന രീതിയും അവര്‍ ഉപേക്ഷിച്ചിരുന്നു. പുറം ലോകത്തേക്കിറങ്ങിച്ചെന്ന് കാഴ്ചകളെ നേരിട്ട് ക്യാന്‍വാസിലേയ്ക്ക് പകര്‍ത്തുന്നവരായിരുന്നു ഇംപ്രഷണിസ്റ്റുകള്‍. ഇതൊക്കെ വാന്‍ഗോഗിന്റെ അമേച്വര്‍ ശൈലിക്ക് ഏറെ ഇണങ്ങുന്നതായിരുന്നു. അങ്ങനെ പാരിസിലെ ജീവിതം വാന്‍ഗോഗിന് ഇംപ്രഷണിസ്റ്റു ശൈലിയിലൂടെ സ്വതന്ത്രവും മൗലികവുമായ വരജീവിതത്തിലെത്തിച്ചേരാനുള്ള അവസരമായി പരിണമിച്ചു.


രണ്ടുവര്‍ഷത്തിനു ശേഷം 1888 ല്‍ വാന്‍ഗോഗ് തെക്കന്‍ ഫ്രാന്‍സിലെ ആള്‍സിലേയ്ക്ക് പോയി. പിന്നീട് രണ്ടുവര്‍ഷത്തെ ജീവിതമേ വാന്‍ഗോഗിന് അവശേഷിച്ചിരുന്നുള്ളു. അത് തിരിച്ചറിഞ്ഞിട്ടെന്ന പോലെയായിരുന്നു പിന്നീട് അദ്ദേഹത്തിന്റെ വരജീവിതം. ദിവസം പതിനാറു മണിക്കൂറെങ്കിലും തുടച്ചയായി വരച്ചുകൊണ്ടിരുന്നു. ചിത്തഭ്രമത്തിന്റെ അസ്വസ്ഥതകളും പട്ടിണിയും വരുത്തിയ ശാരീരികാവശതകളെ വരയുടെ ഉന്മാദത്തില്‍ വാന്‍ഗോഗ് മറന്നു. നിയന്ത്രണമില്ലാതെ മദ്യപിച്ചു. വേനല്‍കാലത്തെ തീവെയിലിനെ വകവയ്ക്കാതെ സ്റ്റുഡിയോയ്ക്കു പുറത്തിരുന്നു വരച്ചു. ശരത് കാലത്തെ തെക്കന്‍കാറ്റിന്റെ കലിപിടിച്ച വീശലിനെതിരെ വലിയ പാറക്കഷണങ്ങളുടെ ഭാരം കൊണ്ട് ക്യാന്‍വാസിന് പ്രതിരോധം തീര്‍ത്ത് പുറത്തിരുന്നു തന്നെ വരച്ചുകൊണ്ടിരുന്നു. രാത്രിയില്‍ വരയ്ക്കണമെന്നു തോന്നിയാല്‍ പകലത്തെ ക്ഷീണം മറന്ന് ഉറക്കമിളച്ചിരുന്നു വരച്ചു. വെളിച്ചത്തിനായി സ്വന്തം തൊപ്പിയുടെ പരന്ന അരികിലും വരയ്ക്കാനിരിക്കുന്ന പീഠത്തിലും മെഴുകുതിരികള്‍ കത്തിച്ചുവച്ചു. മെഴുകുതിരികള്‍ കത്തി നില്‍ക്കുന്ന തൊപ്പി ധരിച്ചുകൊണ്ട് ‘ദി കഫെ ടെറസ് അറ്റ് നൈറ്റ്’ എന്ന ചിത്രം ഒരു വട്ടനെപോലെ വാന്‍ഗോഗ് വരയ്ക്കുന്നത് ആള്‍സിലെ ജനങ്ങള്‍ തമാശയോടെയാണ് കണ്ടത്. ആ ചിത്രത്തില്‍ നിശാകാശത്തിന്റെ നക്ഷത്രഖചിതമായ നീല നിറത്തിനെതിരേ വളരെ കനത്തില്‍ മഞ്ഞനിറം ഉപയോഗിച്ച് കഫേയിലെ വെളിച്ചത്തിന്റെ ശബളിമ വാന്‍ഗോഗ് അനായാസം സൃഷ്ടിക്കുന്നു. ‘സ്റ്റാറീ നൈറ്റ്’ എന്ന ചിത്രത്തിലും നീലയും മഞ്ഞയും ചേര്‍ന്നു സൃഷ്ടിക്കുന്ന അഭൗമമായ സൗന്ദര്യത്തിന്റെ ലയം കാണാം. നിറങ്ങളില്‍ മഞ്ഞയോടായിരുന്നു വാന്‍ഗോഗിന് പ്രിയം. സൂര്യകാന്തി പൂക്കളെ വിഷയമാക്കിയ അനേകം ചിത്രങ്ങളിലും ‘ആള്‍സിലെ കിടപ്പുമുറി’, കൊയ്ത്തുകാലം,’ ‘ചോളപ്പാടവും സൈപ്രസ് മരങ്ങളും’ ‘ആള്‍സിലെ ഉയര്‍ത്തുപാലം’ തുടങ്ങിയ ചിത്രങ്ങളിലുമൊക്കെ മഞ്ഞനിറത്തിന്റെ വിസ്മയകരമായ അധീശത്വം ദൃശ്യമാണ്. ചിത്രം വരയ്ക്കുമ്പോള്‍ പലപ്പോഴും വാന്‍ഗോഗ് ചായം പാലെറ്റില്‍ ചാലിക്കാറില്ല. ചായട്യൂബ് നേരിട്ട് ക്യാന്‍വാസിലേയ്ക്ക് പീച്ചിയിട്ട് ബ്രഷ്‌കൊണ്ട് ചായം പടര്‍ത്തുകയാണ് ചെയ്യുക. വളരെ വേഗത്തില്‍ അനായാസമാണ് വാന്‍ഗോഗ് വരച്ചിരുന്നത്. ഒരിക്കല്‍, ധൃതിപിടിച്ചുള്ള ഈ വരപ്പുശൈലി ചിത്രത്തിന്റെ നിലവാരത്തെ പ്രതികൂലമായി ബാധിക്കുമെന്ന് തീയോ ജ്യേഷ്ഠനെഴുതി. വേഗത്തില്‍ വരയ്ക്കുന്നതുകൊണ്ട് അത് ശ്രദ്ധാപൂര്‍വ്വമുള്ള പ്രവ്യത്തിയല്ലെന്നു അര്‍ഥമാക്കേണ്ടതില്ല. ഒരാളിന്റെ ആത്മവിശ്വസവും വൈദ്ഗദ്ധ്യവുമാണ് അതില്‍ പ്രകടമാകുന്നത്’ എന്നായിരുന്നു വാന്‍ഗോഗിന്റെ മറുപടി.
ഇരുപത്തിയേഴാം വയസില്‍ ചിത്രകാരനാകാന്‍ തീരുമാനിച്ച വര്‍ഷം മുതല്‍ സ്വയം ജീവിതം അവസാനിപ്പിച്ച 1890-വരെയുള്ള ഒരു ദശാബ്ദകാലത്തിനിടയില്‍ രണ്ടായിരത്തില്‍ പരം ചിത്രങ്ങള്‍ വാന്‍ഗോഗ് വരച്ചു. എണ്ണൂറില്‍പരം എണ്ണച്ചായാചിത്രങ്ങളും ആള്‍സിലെ പതിനഞ്ചുമാസത്തെ ജീവിതത്തിനിടയില്‍ ഇരുനൂറ് ചിത്രങ്ങള്‍ അദ്ദേഹം വരച്ചു. സെയിന്റ് റെമിയിലെ ചിത്തരോഗാശുപത്രിയില്‍ കഴിഞ്ഞിരുന്നപ്പോള്‍ നൂറ്റിയന്‍പതോളം ചിത്രങ്ങളും. ചികിത്സസക്കിടയില്‍ വാന്‍ഗോഗ് വരച്ച ചിത്രങ്ങളിലെ ബ്രഷ്ചലനങ്ങള്‍ അതിനുമുമ്പുള്ള കാലത്തെ ചിത്രങ്ങളില്‍ നിന്നും വ്യത്യസ്തമാണ്. മുന്‍കാല ചിത്രങ്ങളില്‍ മുറിഞ്ഞു മുറിഞ്ഞു പോകുന്ന ഹ്രസ്വമായ വരകളെ സൃഷ്ടിക്കും വിധമാണ് അദ്ദേഹം ബ്രഷ് ഉപയോഗിച്ചിരുന്നത്. എന്നാല്‍ ആശുപത്രിയിലെ ചിത്രം വരയില്‍ രേഖകളെല്ലാം ചുഴിയുടെ രൂപം പ്രാപിക്കുന്നു. രേഖകള്‍ ഭ്രാന്തമായി ഭ്രമണം ചെയ്യുന്നതുപോലെ. നിലതെറ്റിയമനസിന്റെ വിഭ്രാന്തിമുഴുവന്‍ ബ്രഷ് ചലനങ്ങളില്‍ കാണാം. ഈ ഘട്ടത്തില്‍ വരച്ചതും, അവസാനത്തേതും അദ്ദേഹത്തിന്റെ മാസ്റ്റര്‍ പീസ് സെല്‍ഫ് പോര്‍ട്രേയിറ്റ് എന്നു വിശേഷിപ്പിക്കപ്പെട്ടതുമായ ഛായചിത്രത്തില്‍ നമ്മുടെ കാഴ്ചയെ വിഭ്രമിപ്പിക്കും വിധം ഈ വിചിത്രശൈലി നിറഞ്ഞു നില്‍ക്കുന്നു. ചിത്രത്തില്‍ വാന്‍ഗോഗിന്റെ താടിമീശകളിലെ ചെമ്പന്‍ നിറത്തിനു മാത്രമാണ് അല്‍പം തീക്ഷ്ണതയുള്ളത്. പശ്ചാത്തലവും വസ്ത്രങ്ങളുമെല്ലാം വിളറിയ നിറത്തിലാണ്. ചുഴലിയുടെ രൂപത്തിലുള്ള പശ്ചാത്തലത്തിലെ ബ്രഷ്ചലനങ്ങളും നിറങ്ങളുടെ വിളര്‍ച്ചയും ചേര്‍ന്ന് സൃഷ്ടിക്കുന്നതാകട്ടെ അദ്ദേഹത്തിന്റെ അപ്പോഴത്തെ മനോനിലയുടെ അസ്വസ്ഥവും ചഞ്ചലവുമായ അവസ്ഥയെയാണ്.
തനിക്കു പരിചിതമല്ലാത്തതായ ഒന്നും വാന്‍ഗോഗ് വരച്ചിരുന്നില്ല. ബാല്യം മുതല്‍ക്കേ കണ്ടതും അടുത്തറിഞ്ഞതുമായവയോടായിരുന്നു അദ്ദേഹത്തിനു താല്‍പര്യം. പരന്നു വ്യാപിച്ചു കിടക്കുന്ന കൃഷിയിടങ്ങള്‍, സദാ കര്‍മ്മനിരതരായ കര്‍ഷകര്‍, നഗരത്തിലെ കഫേകള്‍, തെരുവുകള്‍, പാലങ്ങള്‍, ആള്‍സില്‍ താന്‍ താമസിച്ചിരുന്നു വീട്, സൂര്യകാന്തികളും ഓര്‍ക്കിഡുകളും അങ്ങനെയങ്ങനെ താനറിഞ്ഞതിനെയെല്ലാം ആവേശത്തോടെ വാന്‍ഗോഗ്, ചിത്രങ്ങളാക്കി. പകലിന്റെയും രാത്രിയുടെയും ഭാവവൈവിദ്ധ്യങ്ങളിലൂടെ, പരുഷമായ ബ്രഷ് ചലനങ്ങളിലൂടെ.

(തുടരും)