വിന്‍സെന്റ് വാന്‍ഗോഗ് (1853–1890); ഉന്മാദത്തിന്റെ സൂര്യകാന്തികള്‍ 2

Web Desk
Posted on July 14, 2019, 7:53 am

സൂര്‍ദാസ് രാമകൃഷ്ണന്‍

ബല്‍ജിയന്‍ അതിര്‍ത്തിയിലുള്ള ഒരു ചെറിയ ഡച്ചുഗ്രാമത്തിലാണ് 1853ല്‍ വിന്‍സെന്റ് വാന്‍ഗോഗ് ജനിച്ചത്. പിതാവ്, പ്രാദേശിക പള്ളിയിലെ പുരോഹിതനായിരുന്ന തിയോഡോര്‍ വാന്‍ഗോഗ്. മാതാവ്, സൗമ്യപ്രകൃതിയും കലാബോധവുമുള്ള കോര്‍ണീലിയ. ഇവരുടെ മക്കളില്‍ രണ്ടാമനായിരുന്നു വിന്‍സെന്റ് വാന്‍ഗോഗ്. ആദ്യ സന്തതി ചാപിള്ളയായിരുന്നു. കൃത്യമായും വിന്‍സെന്റ് ജനിക്കുന്നതിന് ഒരു വര്‍ഷം മുമ്പ് 1852 മാര്‍ച്ച് 30നാണ് ആ ചാപിള്ള പിറന്നത്. വിന്‍സെന്റ് ജനിച്ചതാകട്ടെ 1853 മാര്‍ച്ച് 30നും! ചാപിള്ളയെ സെമിത്തേരിയില്‍ അടക്കിയപ്പോള്‍ വിന്‍സെന്റ് വാന്‍ഗോഗ് എന്നാണ് പേര് രേഖപ്പെടുത്തിയിരുന്നത്. പിറ്റേ വര്‍ഷം രണ്ടാമന്‍ ജീവനോടെ പിറന്നപ്പോള്‍ അവര്‍ അവനും ആ പേരു തന്നെ നല്‍കി. അങ്ങനെ ലോകം കാണാതെ ഗര്‍ഭത്തിലേ അവസാനിച്ച സഹോദരന്റെ പേരുമായിട്ടാണ് നമ്മുടെ പ്രിയ വാന്‍ഗോഗ് പിച്ചവച്ചു തുടങ്ങിയത്. ബാല്യം മുതല്‍ക്കു തന്നെ വിന്‍സെന്റ് വാന്‍ഗോഗ് വിചിത്ര സ്വഭാവിയായിരുന്നു. എപ്പോഴും ഒരു വിഷാദിയുടെ ഭാവം. അന്തര്‍മുഖത്വത്തിന്റെ നിഴല്‍വീണ കണ്ണുകള്‍. തനിക്കിളയവരായ മൂന്നു സഹോദരിമാരോടും തിയൊ എന്ന സഹോദരനോടും വളരെ വിരളമായി മാത്രം കളിക്കാന്‍ കൂടി. കൂടുതല്‍ സമയവും വിന്‍സെന്റ് ഗ്രാമത്തിലെ വിശാലമായി പരന്നു കിടക്കുന്ന പാടങ്ങളിലൂടെ ഏകാകിയായി നടക്കാനാണിഷ്ടപ്പെട്ടിരുന്നത്. ഏകാന്ത യാത്രകളില്‍ മനസ്സില്‍ പതിഞ്ഞതൊക്കെ വരയ്ക്കാനുള്ള പ്രവണത ബാല്യത്തിലേ തന്നെ വിന്‍സെന്റില്‍ പ്രകടമായിരുന്നു. മാതാവ് അതിന് എല്ലാ പ്രോത്സാഹനവും നല്‍കി. വിന്‍സെന്റിന്റെ സ്‌കൂള്‍ ജീവിതത്തെപ്പറ്റി വ്യക്തമായ രേഖകളൊന്നുമില്ല. സ്‌കൂള്‍ പഠനം പൂര്‍ത്തിയാക്കിയ ശേഷം, പതിനാറാം വയസ്സില്‍ അമ്മാവന്റെ നിര്‍ദ്ദേശപ്രകാരം ഗൗവില്‍ കമ്പനിയുടെ ഹേഗിലുള്ള ഓഫീസില്‍ ജോലിക്കാരനായി. നാലുവര്‍ഷം അവിടെ തുടര്‍ന്നു. പിന്നെ അവിടെ നിന്നും ബ്രസ്സല്‍സിലേക്കും, താമസിയാതെ ലണ്ടനിലെ ഓഫീസിലേക്കും വിന്‍സെന്റിനെ സ്ഥലം മാറ്റി. 1874ലാണ് അദ്ദേഹം ലണ്ടനിലെത്തുന്നത്. അവിടെ, തന്റെ വീട്ടുടമസ്ഥയുടെ മകളോട് തീവ്രമായ പ്രണയം തോന്നി വിന്‍സെന്റിന്. ആദ്യം നിശ്ശബ്ദ പ്രണയമായിരുന്നു. മനസ്സ് ചൂടുപിടിച്ചു തുടങ്ങിയപ്പോള്‍ പെണ്‍കുട്ടിയോട് തുറന്നു പറഞ്ഞു.

vincent vangogh

അവള്‍ വിന്‍സെന്റിന്റെ സ്വപ്നങ്ങളെ തകര്‍ത്തുകളഞ്ഞു. പിന്നെ ലണ്ടനില്‍ നിന്നില്ല. തിരികെ പോന്നു. 1876ല്‍ ഇംഗ്ലണ്ടിലെ ഒരു സ്വകാര്യ സ്‌കൂളില്‍ സ്ഥിര ശമ്പളമില്ലാത്ത അസിസ്റ്റന്റായി ചേര്‍ന്നു. കുറച്ചു മാസങ്ങള്‍ക്കുശേഷം സ്‌കൂള്‍ ലണ്ടനിലേക്ക് മാറ്റിയപ്പോള്‍, പിരിഞ്ഞു കിട്ടാത്ത സ്‌കൂള്‍ ഫീസുകള്‍ പിരിച്ചെടുക്കുന്ന ജോലിയിലേക്ക് മാറി വിന്‍സെന്റ്. ജോലിയുടെ ഭാഗമായി നഗരാതിര്‍ത്തിയിലുള്ള പ്രദേശങ്ങളിലേക്ക് ചെന്നപ്പോഴാണ് ദരിദ്രവും മാലിന്യം നിറഞ്ഞതുമായ ചേരികളുടെ ഇരുണ്ട ലോകം അദ്ദേഹം കണ്ടത്. ജീവിതത്തില്‍ അതുവരെ കണ്ടിട്ടില്ലാത്തവിധം ദാരുണമായൊരു ലോകം. ഫീസ് പിരിക്കുന്ന കാര്യമൊക്കെ വിന്‍സെന്റ് മറന്നു. കണ്ടതൊക്കെ ദു:സ്വപ്നം പോലെ മനസ്സിനെ വേട്ടയാടി. പണം പിരിക്കാഞ്ഞതിനാല്‍ ജോലി നഷ്ടപ്പെട്ടു. പക്ഷേ, വിന്‍സെന്റ് നിരാശനായില്ല. പണം പിരിക്കലല്ല, ദരിദ്രരും അശരണരുമായ ഈ മനുഷ്യരെ സേവിക്കലാണ് തന്റെ കര്‍മ്മമേഖലയെന്ന് മനസ്സിലുറപ്പിച്ചു. ക്രിസ്തുവിന്റെ ജീവിതവും വചനങ്ങളും വിന്‍സെന്റ് മനസ്സിലോര്‍ത്തു. അങ്ങനെ, സ്വന്തം പിതാവിന്റെ പാത പിന്‍തുടര്‍ന്ന് മതാത്മകമായൊരു പരിശുദ്ധജീവിതം നയിക്കാന്‍ തീരുമാനിച്ചു. ലണ്ടനിലെ ഒരു പ്രൊട്ടസ്റ്റെന്റ് പുരോഹിതന്റെ കൂടെ സഹപ്രേക്ഷിതനായി കുറച്ചു മാസങ്ങള്‍ പ്രവര്‍ത്തിച്ചു. വിന്‍സെന്റിന് ശാന്തിയും സമാധാനവും അനുഭവപ്പെട്ടു. പൗരോഹിത്യം പഠിക്കാന്‍ ഹോളണ്ടിലേക്കു പോകുകയും ചെയ്തു. മകന്റെ പ്രവൃത്തിയില്‍ സംതൃപ്തി തോന്നിയെങ്കിലും മതപഠനത്തില്‍ പാലിക്കേണ്ട കഠിനമായ വ്രതചര്യകളൊക്കെ അനുസരിക്കാന്‍ അവന് കഴിയില്ലെന്ന് മാതാപിതാക്കള്‍ സംശയിച്ചു. അത് ശരിയായിരുന്നു. ഒരു വര്‍ഷം കൊണ്ട് വിന്‍സെന്റ് മതപഠനം വലിച്ചെറിഞ്ഞു. പക്ഷേ, അശരണരുടെ സഹയാത്രികനായിരിക്കാനുള്ള ആഗ്രഹം കൊണ്ട് ഒരു സുവിശേഷ പ്രാസംഗികനായി ബെല്‍ജിയത്തിലേക്ക് പോയി. അപ്പോള്‍ ഇരുപത്തിയഞ്ചു വയസായിരുന്നു വിന്‍സെന്റിന്. ബെല്‍ജിയത്തിലെ ഏറ്റവും ദാരുണമായ ജീവിതാവസ്ഥകള്‍ നിലനിന്നിരുന്ന, കല്‍ക്കരി ഖനികളുള്ള ബോറിനേജിലേക്കായിരുന്നു യുവ സുവിശേഷകന്‍ ചെന്നെത്തിയത്. ലണ്ടനില്‍ കണ്ടതിനേക്കാള്‍ ഭീകരവും അമ്പരപ്പിക്കുന്നതുമായിരുന്നു ബോറിനേജിലെ ദാരിദ്ര്യം. അദ്ദേഹം എല്ലാം മറന്ന് ദരിദ്രരുടെ ഇടയില്‍, തനിക്കുള്ളതെല്ലാം അവര്‍ക്ക് പങ്കിട്ടുകൊണ്ട് എളിയ ജീവിതം നയിച്ചു. ക്രിസ്തുവിന്റെ വചനങ്ങളെ വാഴ്ത്തി. പക്ഷേ, അതൊക്കെയും ഒരു സാധാരണ മതഭക്തന്റെ ഉള്ളില്‍ നിന്നു വരുന്നതുപോലയായിരുന്നില്ല. വിന്‍സെന്റിന്റെ സുവിശേഷക ജീവിതത്തിന് ഉന്മാദിയുടേതായ ഒരുതരം അപ്‌നോര്‍മാലിറ്റി ഉണ്ടായിരുന്നു. എല്ലാ പ്രവൃത്തികളിലും അനിയന്ത്രിതമായ ആവേശം പ്രകടിപ്പിട്ടു. നല്ല വസ്ത്രങ്ങളെല്ലാം ചുറ്റുമുള്ളവര്‍ക്ക് നല്‍കിയിട്ട് മുഷിഞ്ഞു നാറിയവ ധരിച്ചു നടന്നു. ആഹാരം ദരിദ്രര്‍ക്ക് പങ്കിട്ടു കൊടുത്തിട്ട് ദിവസങ്ങളോളം പട്ടിണി കിടന്നു. പുരോഹിതര്‍ വിന്‍സെന്റിന്റെ അമിതാവവേശത്തില്‍ അസംതൃപ്തരായി തീര്‍ന്നു. കൂടുതല്‍ കുഴപ്പങ്ങളിലേക്ക് പോകും മുമ്പേ അവര്‍ ഉന്മാദിയായ സുവിശേഷകനെ പുറത്താക്കി. രണ്ടു വര്‍ഷമാണ് അദ്ദേഹം ബോറിനേജില്‍ സുവിശേഷകനായി കഴിഞ്ഞത്. പട്ടിണിയിലും ദാരിദ്ര്യത്തിലും സ്വയം ഉപേക്ഷിച്ചുകൊണ്ടുള്ള ആ ജീവിതം എത്ര കഠിനമായിരുന്നു എന്ന് വിന്‍സെന്റിനു മാത്രമേ അറിയൂ. സുവിശേഷപ്രവര്‍ത്തനത്തില്‍ നിന്നും പുറത്താക്കപ്പെട്ടതോടെ ജീവിതം പെട്ടെന്ന് അര്‍ഥശൂന്യമായൊരു കോമാളിത്തമായി മാറിയപോലെ തോന്നി. പക്ഷേ, ജീവിതത്തിന്റെ അനിശ്ചിതത്വത്തിനു മുന്നില്‍ കൂടുതല്‍ സമയം പകച്ചു ന്നിന്നില്ല അദ്ദേഹം. ബോറിനേജ് വിടും മുമ്പുതന്നെ ഒരു ഉറച്ച തീരുമാനത്തിലെത്തി; ഒരു ചിത്രകാരനായി ജീവിക്കാന്‍. അപ്പോള്‍ വര്‍ഷം 1880. വിന്‍സെന്റിന് വയസ് ഇരുപത്തിയേഴും.
വീട്ടില്‍ തിരിച്ചെത്തിയ വിന്‍സെന്റ് ആവേശത്തോടെ ചിത്ര രചനയില്‍ മുഴുകി. സ്വതവേയുള്ള വിഷാദഭാവത്തില്‍ നിന്നും മനസിന്റെ അസ്ഥിരതയില്‍ നിന്നും ഏറെക്കുറെ മോചിതനായിരുന്നു അദ്ദേഹം. ചിത്രരചന അദ്ദേഹത്തിന്റെ ദിനങ്ങളെ ആഹ്ലാദകരമാക്കി. പക്ഷേ ഏതാനും മാസങ്ങളേ അത് നീണ്ടു നിന്നുള്ളൂ. അദ്ദേഹത്തിന്റെ വിധവയായ മച്ചുനത്തി, കീവോസ് വിന്‍സെന്റിന്റെ വീട്ടില്‍ താമസത്തിനെത്തിയത് ഇതിനിടയിലാണ്. വിന്‍സെന്റിന്റെ മനസ് കീവോസിനോടുള്ള പ്രണയംകൊണ്ട് ഇളകി മറിഞ്ഞു. അപ്രതിരോധ്യമാംവിധം ഭ്രാന്തമായിത്തീര്‍ന്ന വിന്‍സെന്റിന്റെ പ്രണയാവേശം കീവോസിനെ വല്ലാതെ ഭയപ്പെടുത്തി. തന്റെ മച്ചുനന് ശരിക്കും ഭ്രാന്താണെന്നു മനസിലായപ്പോള്‍ അവള്‍ ആംസ്റ്റര്‍ഡാമിലേക്ക് പോയി. പ്രണയഭംഗം മനസിലുണ്ടാക്കിയ രണ്ടാമത്തെ മുറിവ് ആഴമുള്ളതായിരുന്നു. അദ്ദേഹത്തിന്റെ മനോനിലയാകെ താറുമാറായി. പിതാവുമായി മതത്തിന്റെ പേരില്‍ വെറുതെ തര്‍ക്കിച്ച് വലിയ കലഹം വീട്ടിലുണ്ടാക്കി. ഉച്ചത്തില്‍ സംസാരിക്കുകയും പിതാവിനു നേരെ ഒരിക്കലുമില്ലാത്തവിധം ബഹളം വയ്ക്കുകയും ചെയ്തു. കീവോസിന്റെ പ്രണയനിരാസം മനസിലുണ്ടാക്കിയ വിഭ്രാന്തിയുടെ ബഹിര്‍സ്ഫുരണമായിരുന്നു ഈ കലിയൊക്കെ. ഒടുവില്‍ പിതാവിനോട് പിണങ്ങി വിഷാദസങ്കുലമായ മനസ്സോടെ വിന്‍സെന്റ് ഒരു ക്രിസ്തുമസ് ദിവസം വീട്ടില്‍ നിന്നും ഇറങ്ങിപ്പോയി, ഹേഗിലേക്ക്.
ഹേഗിലെത്തിയപ്പോഴാകട്ടെ കൈയില്‍ ഒരു ചില്ലിക്കാശുണ്ടായിരുന്നില്ല. സഹോദരനായ തിയോ വാന്‍ഗോഗിന് കത്തെഴുതി. തിയോ പണമയച്ചുകൊടുത്തു. അവിടം മുതല്‍ വിന്‍സെന്റിന്റെ ജീവിതാവസാനം വരെ തിയോ ആയിരുന്നു ജ്യേഷ്ഠന് വേണ്ടുന്ന പണം നല്‍കിയിരുന്നത്. തനിക്കുള്ള വരുമാനത്തിന്റെ ഒരു ചെറിയ പങ്ക് ജ്യേഷ്ഠനായി മാറ്റിവച്ചുകൊണ്ട് തിയോ വിന്‍സെന്റിന്റെ കലാജീവിതത്തെ സ്‌നേഹപൂര്‍വം സംരക്ഷിച്ചു. ഹേഗിലെ താമസത്തിനിടയില്‍ മറ്റൊരു പ്രണയബന്ധത്തില്‍പ്പെട്ടു വിന്‍സെന്റ്; മൂന്നു മക്കളുടെ അമ്മയും ഗര്‍ഭിണിയുമായ സെയ്ന്‍ എന്ന വേശ്യയുമായി. അവരെ വിവാഹം കഴിച്ച് ഒന്നിച്ചു ജീവിക്കാനാണ് അദ്ദേഹം തീരുമാനിച്ചത്. സ്വന്തം മുറിയില്‍ അവരെ താമസിപ്പിച്ചു. മകന്റെ പ്രവൃത്തിയില്‍ അസ്വസ്ഥനായ പിതാവ് അപമാനകരമായ ആ ബന്ധത്തില്‍ നിന്നും പിന്‍മാറണമെന്ന് ആവശ്യപ്പെട്ടു. തിയോയും വിന്‍സെന്റിനെ വിലക്കി. ആദ്യം അവരോട് വഴക്കിട്ടെങ്കിലും ഒരു വര്‍ഷത്തിനുശേഷം വിന്‍സെന്റ് പൊതുവേ അസുന്തുഷ്ടമായിരുന്ന ആ ബന്ധം അവസാനിപ്പിച്ചു.
മൂന്നു വര്‍ഷത്തിനുശേഷം വീണ്ടും മാതാപിതാക്കളുടെ അടുത്തേക്ക് വിന്‍സെന്റ് തിരികെ പോയി. മുടിയനും പാപിയുമായ ഒരുവനെപോലെയാണ് അവര്‍ മകനെ സ്വീകരിച്ചത്. പക്ഷേ, വിന്‍സെന്റ് വരയുടെ ലോകത്ത് സ്വാസ്ഥ്യം കണ്ടെത്താന്‍ ശ്രമിച്ചു. കര്‍ഷകരുടെ ഛായാചിത്രങ്ങള്‍ ധാരാളമായി വരച്ചുകൊണ്ടിരുന്നു. ഈ ഘട്ടത്തിലാണ് അദ്ദേഹം ‘പൊട്ടറ്റോ ഈറ്റേഴ്‌സ്’ എന്ന ചിത്രം വരച്ചത്. കര്‍ഷക ജീവിതത്തിന്റെ പരുക്കന്‍ ഭാവം നിറഞ്ഞു നില്‍ക്കുന്ന ഈ പെയിന്റിംഗിലെ നിറങ്ങളും അവയുടെ വിന്യാസത്തിലൂടെ സൃഷ്ടിച്ചിരിക്കുന്ന അന്തരീക്ഷവും തികച്ചും മ്ലാനകരമായിരുന്നു. അത് വാസ്തവത്തില്‍ പ്രണയഭംഗത്താലും ജീവിതത്തെക്കുറിച്ചുള്ള സന്ദേഹചിന്തകളാലും തീവ്രവിഷാദത്തിലേക്കും ചിത്തരോഗ സങ്കീര്‍ണതകളിലേക്കും നീങ്ങിക്കൊണ്ടിരിക്കുന്ന വിന്‍സെന്റിന്റെ നിഗൂഢമനോനിലയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.

vincent vangogh painting
വിന്‍സെന്റ് വീട്ടില്‍ തിരിച്ചെത്തിയതിന്റെ തൊട്ടടുത്ത വര്‍ഷം(1885) പിതാവ് മരിച്ചു. അതോടെ എന്നെന്നേക്കുമായി സ്വന്തം നാടുപേക്ഷിച്ച് ബെല്‍ജിയത്തിലേക്ക് പോയി. അവിടെ ആന്റെപ്പിലെ അക്കാദമിയില്‍ ചിത്രകല പഠിക്കാന്‍ ചേര്‍ന്നു. എന്നാല്‍ ഒന്നാം ഘട്ടത്തില്‍ തന്നെ വിന്‍സെന്റ് പരാജയപ്പെട്ടു. പക്ഷേ, ഫലം പുറത്തുവരുന്നതിനു മുമ്പേ തന്നെ പാരീസില്‍ തിയോയുടെ അടുത്തെത്തിയിരുന്നു വിന്‍സെന്റ്. കലാകാരന്‍മാരുടെ കേന്ദ്രമായിരുന്ന മോണ്‍ഡ് മാര്‍ട്രയില്‍ തിയോയുടെ ഒപ്പം താമസിച്ചുകൊണ്ട് അക്കാദമിക് ചിത്രകാരനായിരുന്ന ഫെര്‍ണാന്‍ഡ് കോര്‍മോണിന്റെ സ്റ്റുഡിയോയില്‍ ചിത്രകല പഠിക്കാന്‍ പോയി. ഫെര്‍ണാന്‍ഡ് ആകട്ടെ ചിത്രകാരന്‍മാരിലെ പുതുതലമുറയോടും ഇംപ്രഷണിസ്റ്റു ശൈലിയോടും ബദ്ധശത്രുതയുള്ള പാരമ്പര്യവാദിയായിരുന്നു. ഏതാനും മാസങ്ങള്‍ മാത്രമേ നീണ്ടു നിന്നുള്ളൂ പഠനം. ഫെര്‍ണാന്‍ഡുമായി ചിത്രകലാശൈലിയെ ചൊല്ലി കലഹിച്ചിറങ്ങിപ്പോയി വിന്‍സെന്റ്. ഇംപ്രഷണിസ്റ്റുകളുടെ വരപ്പുശൈലിയോടായിരുന്നു അദ്ദേഹത്തിന് ഇഷ്ടം. അവരുടെ അനായാസമായതും അയഞ്ഞതുമായ ബ്രഷ് ചനങ്ങളും, സ്റ്റുഡിയോയ്ക്ക് പുറത്തിരുന്നു ചിത്രം വരയ്ക്കുന്ന രീതിയും വിന്‍സെന്റിന് അനുകരണീയമായി തോന്നി. പ്രത്യേകിച്ചും മാനേ, റെനോയ്ര്‍, ഡീഗാസ് തുടങ്ങിയരുടെ ശൈലികള്‍. മാത്രമല്ല, തിയോ വഴി കാമിന്‍ പിറോയെയും കലാപകാരിയായ പോള്‍ ഗോഗിനെയും പരിചയപ്പെട്ടതും വിന്‍സെന്റിനെ ആവേശഭരിതനാക്കി.
ഇംപ്രഷിസ്റ്റുകളെ പിന്തുടര്‍ന്നുകൊണ്ടുതന്നെ തന്റേതു മാത്രമായൊരു ശൈലിയില്‍ വിന്‍സെന്റ് വരയുടെ ലോകത്ത് സജീവമായി. വിസ്മയകരമായ വേഗതയോടെ അദ്ദേഹം വരച്ചു. കുറഞ്ഞത്, ഒരു ദിവസം ഒരു ചിത്രം എന്ന രീതിയിലുള്ള വര. പക്ഷേ, അതോടൊപ്പം മദ്യപാനവും അനിയന്ത്രിതമായി. അത് വിന്‍സെന്റിന്റെ മനസിന്റെ ഇളക്കങ്ങളെ കൂടുതല്‍ സങ്കീര്‍ണമാക്കി. ചെറിയ കാര്യങ്ങളില്‍പോലും മറ്റുള്ളവരോട് തര്‍ക്കിച്ചു. വികാരവിക്ഷുബ്ധനായി ഉച്ചത്തില്‍ സംസാരിക്കുകയും ബഹളം വയ്ക്കുകയും ചെയ്തു. വികാരങ്ങളെ നിയന്ത്രിക്കാനോ സൗമ്യതയോട് ഇടപെടാനോ വിന്‍സെന്റിന് കഴിഞ്ഞിരുന്നില്ല. പാരീസിന്റെ കലാസംസ്‌കാരത്തിനിണങ്ങാത്ത ഒരു അപരിഷ്‌കൃതനായിട്ടാണ് മറ്റു ചിത്രകാരന്‍മാര്‍ വിന്‍സെന്റിനെ കണ്ടത്. വിന്‍സെന്റുമായി സംസാരിക്കാന്‍പോലും അവര്‍ ഇഷ്ടപ്പെട്ടില്ല. എല്ലാവരും തന്നെ ഒരറ്റപ്പെടുത്തുകയാണെന്നു തിരിച്ചറിഞ്ഞപ്പോള്‍ രണ്ടു വര്‍ഷത്തെ പാരീസ് ജീവിതം അവസാനിപ്പിച്ച് അദ്ദേഹം ഫ്രാന്‍സിന്റെ തെക്കന്‍ പ്രവിശ്യയിലുള്ള ആള്‍സ് പട്ടണത്തിലേക്ക് പോയി. മഞ്ഞുകാലം കഴിഞ്ഞപ്പോള്‍, അവിടെ ലാമര്‍ടയ്‌നില്‍ ഒരു വീട് വാടകയ്‌ക്കെടുത്തു. പുറം ചുവരുകളില്‍ മഞ്ഞച്ചായം തേച്ച വീട്. വിന്‍സെന്റിന് ഏറ്റവും പ്രിയങ്കരമായ നിറം! പാരീസിലെ താമസത്തിനിടയില്‍ ജപ്പാന്‍ ചിത്രകലയുമായി അദ്ദേഹം ഏറെ പരിചയിച്ചിരുന്നു. മഞ്ഞ നിറത്തിന് ജപ്പാന്‍ ചിത്രകലയില്‍ വലിയ പ്രാധാന്യമുണ്ട്. സൗഹൃദത്തിന്റെ നിറമാണ് ജപ്പാന്‍കാര്‍ക്ക് മഞ്ഞ. അത് വിന്‍സെന്റിനെ ആഴത്തില്‍ സ്വാധീനിച്ചിരുന്നു. മഞ്ഞ നിറമുള്ള വീടു കിട്ടിയപ്പോള്‍ അദ്ദേഹം ആനന്ദിച്ചു. ആ വീടിനുള്ളില്‍ താന്‍ കൂടുതല്‍ ഊര്‍ജ്ജസ്വലനാകുന്നതായി വിന്‍സെന്റിന് അനുഭവപ്പെട്ടു. ”ഇപ്പോള്‍ ആശയങ്ങല്‍ എന്റെ മനസിലേക്ക് അനായാസം പ്രവഹിക്കുകയാണ്.” എന്ന് പുതിയ വീട്ടിലിരുന്നുകൊണ്ട് അദ്ദേഹം തിയോയ്ക്ക് എഴുതി.
പക്ഷേ, നഗരവാസികള്‍ക്ക് മദ്യപിച്ച് പ്രാകൃതനായി നടക്കുന്ന ചിത്രകാരനെ അത്രയ്ക്കങ്ങ് ഇഷ്ടപ്പെട്ടിരുന്നില്ല. എല്ലാവരും അകന്നു നിന്നു, രണ്ടുപേരൊഴികെ. അവിടുത്തെ പോസ്റ്റുമാന്‍ റൗളിങും ചെറിയ കഫേ നടത്തിയിരുന്ന, ആര്‍മിയില്‍ നിന്നും വിരമിച്ച ഒരു ലെഫ്റ്റനന്റും. രണ്ടുപേരും വിന്‍സെന്റിലെ ചിത്രകാരനെയും ചിത്തഭ്രമക്കാരനെയും സഹാനുഭൂതിയോടെ സ്‌നേഹിച്ചു. വിന്‍സെന്റ് അവരുടെ ഛായാചിത്രങ്ങള്‍ വരച്ചിരുന്നു. അമിതമായ മദ്യപാനവും ഉറക്കമൊഴിഞ്ഞുള്ള വരയും മൂലം അദ്ദേഹത്തിന്റെ ആരോഗ്യം താറുമാറായിരുന്നു. ശരീരം വല്ലാതെ ശോഷിച്ചു. മനസ്സാകട്ടെ ഒറ്റപ്പെടലിന്റെ വ്യാകുലതകളില്‍ ഇടയ്ക്കിടെ ആഴ്ന്നുപോയി. എങ്കിലും തന്റെ കര്‍മ്മ മേഖലയില്‍ അദ്ദേഹം അതിരറ്റ ആനന്ദം കണ്ടെത്തി. ഒരിക്കല്‍ തിയോയ്ക്ക് തന്റെ മനസിലുള്ള ഒരാശയത്തെക്കുറിച്ച് വിന്‍സെന്റ് എഴുതി; ”ഞാനാഗ്രഹിക്കുന്നത് ചിത്രകാരന്‍മാരുടെ ഒരു കോളനി സ്ഥാപിക്കണമെന്നാണ്. അതിന്റെ തുടക്കം കുറിക്കേണ്ടത് പോള്‍ ഗോഗിനാണ്.” അതുകൊണ്ട് ഗോഗിനെ ആള്‍സിലേക്ക് കൊണ്ടുവരാന്‍ തിയോ മുന്‍കൈ എടുക്കണമെന്നായി വിന്‍സെന്റ്. ഗോഗിന്‍ അപ്പോള്‍ ബ്രിട്ടനില്‍ ആയിരുന്നു. ആദ്യം അദ്ദേഹം തിയോയുടെ ക്ഷണം നിരസിച്ചു. വിന്‍സെന്റിന്റെ വിചിത്ര സ്വഭാവം അറിയാവുന്നതുകൊണ്ടായിരുന്നു അത്. എന്നാല്‍ ചെലവുകളൊക്കെ വഹിക്കാമെന്ന് തിയോപറഞ്ഞപ്പോള്‍ ഗോഗിന്‍ സമ്മതിച്ചു.അങ്ങനെ 1888 ഒക്‌ടോബറില്‍ അദ്ദേഹം വിന്‍സെന്റിന്റെ വീട്ടിലെത്തി.

vincent vangogh painting
രണ്ടാഴ്ചയോളം അവര്‍ നിറഞ്ഞ സൗഹൃദത്തിലായിരുന്നു. പുതിയ കലാസ്വപ്നങ്ങള്‍ നെയ്തു. പക്ഷേ, ഗോഗിന്റെ അധീശത്വം കലര്‍ന്ന പെരുമാറ്റവും സംസാരവും വിന്‍സെന്റിന്റെ ചിത്തഭ്രമത്തെ ഇളക്കിവിട്ടു. അവര്‍ കലഹിച്ചു. ഒരിക്കല്‍ ഗോഗിന്റെ നേരേ മദ്യം കഴിച്ചുകൊണ്ടിരുന്ന ഗ്ലാസ് വലിച്ചെറിഞ്ഞു വിന്‍സെന്റ്. പെട്ടെന്നുതന്നെ മാപ്പു പറയുകയും ചെയ്തു. പക്ഷേ, രാത്രിയില്‍ ഗോഗിന്‍ തെരുവിലൂടെ നടക്കവേ നിവര്‍ത്തിപ്പിടിച്ച കത്തിയുമായി പിറകേ ചെന്നു. ഗോഗിന്‍ ഒരു കഫേയില്‍ കയറി ഒളിച്ചാണ് ആക്രമണത്തില്‍ നിന്ന് രക്ഷപ്പെട്ടത്. അന്നു രാത്രിയില്‍, ചിത്തഭ്രാന്തിലായിരുന്ന വിന്‍സെന്റ് തന്റെ വലത്തേ ചെവിയുടെ ഒരു ഭാഗം മുറിച്ചെടുത്ത് ഒരു കവറിലിട്ടുകൊണ്ട് ഒരു വേശ്യാലയത്തിലെത്തി. അതിന്റെ കാവല്‍ക്കാരന്റെ പക്കല്‍ കവര്‍ ഏല്‍പ്പിച്ചു. തനിക്ക് പ്രിയപ്പെട്ട വേശ്യക്ക് കൊടുക്കാനുള്ള സമ്മാനമായിട്ട്!
ചോരവാര്‍ന്ന് അവശനും ഉന്‍മാദിയുമായിരുന്ന വിന്‍സെന്റിനെ തിയോ എത്തിയാണ് ആള്‍സിലുള്ള ആശുപത്രിയിലെത്തിച്ചത്. ഗോഗിന്‍ അസ്വസ്ഥനായി സ്ഥലം വിട്ടിരുന്നു. രണ്ടാഴ്ചത്തെ ചികിത്സയ്ക്കു ശേഷം വിന്‍സെന്റ് ആശുപത്രി വിട്ടു. പക്ഷേ, അമിതാധ്വാനംകൊണ്ടും ചിത്തഭ്രമത്തിന്റെ ചുഴിയില്‍ വീണ്ടും അകപ്പെട്ടതുകൊണ്ടും കൂടുതല്‍ അവശനായി അദ്ദേഹം. വീണ്ടും ആശുപത്രിയില്‍ എത്തിച്ചു. കുറേ ദിവസങ്ങള്‍ക്കു ശേഷം, മനസ്സൊന്നു ശാന്തമായപ്പോള്‍ അദ്ദേഹം തന്റെ പ്രിയപ്പെട്ട മഞ്ഞവീട്ടിലേക്ക് പോയി. അവിടെ അദ്ദേഹത്തെ എതിരേറ്റത് എതിര്‍പ്പുകളും അവഹേളനങ്ങളുമായിരുന്നു. നഗരവാസികള്‍ വിന്‍സെന്റിനെതിരെ ഭരണാധികാരിക്ക് പരാതി നല്‍കിയിരുന്നു. ഭ്രാന്തനെ നഗരത്തില്‍ നിന്നും ഒഴിവാക്കണമെന്നായിരുന്നു ആവശ്യം. തെരുവുപിള്ളേരാകട്ടെ, ”മറ്റേ ചെവി ഞങ്ങള്‍ക്ക് മുറിച്ചു താ” എന്നു കൂക്കി വിളിച്ചുകൊണ്ട് വിന്‍സെന്റിന്റെ പിറകെ കൂടി. ഒടുവില്‍, അദ്ദേഹം സ്വയം തീരുമാനിച്ചു താനൊരു ഭ്രാന്തനാണെന്ന്. ആരുടെയും നിര്‍ബന്ധമോ ബലപ്രയോഗമോ ഇല്ലാതെ 1889ല്‍ അദ്ദേഹം സെയിന്റ് റിമേയിലുള്ള ചിത്തരോഗാശുപത്രിയില്‍ പ്രവേശിച്ചു. ഏക്രമേണ തന്റെ രോഗവുമായി, ഭ്രമക്കാഴ്ചകളുമായി ശാന്തതയോടെ സമരസപ്പെട്ടു. ഒരുതരത്തിലുള്ള ഔഷധചികിത്സയും അദ്ദേഹം സ്വീകരിച്ചില്ല. ആഴ്ചയില്‍ രണ്ടുപ്രാവശ്യം തണുത്ത വെള്ളത്തിലുള്ള കുളി മാത്രമായിരുന്നു ഉണ്ടായിരുന്നത്. ആശുപത്രിയിലെ ശാന്തവും ഏകാന്തവും ഏറെക്കുറെ സ്വതന്ത്രവുമായ അന്തരീക്ഷത്തില്‍ വിന്‍സെന്റ് ഇരുനൂറോളം ചിത്രങ്ങള്‍ വരച്ചു.
ആശുപത്രി വിട്ടപ്പോള്‍, സുഹൃത്തായ കാമില്‍ പിസാറോയുടെ നിര്‍ദ്ദേശപ്രകാരം വിന്‍സെന്റ് ഓവേഴ്‌സ് എന്ന ഗ്രാമത്തിലേക്ക് പോയി. പാരീസിനു വടക്കുപടിഞ്ഞാറുള്ള പൊതുവെ ശാന്തമായതും ചിത്രകാരന്‍മാര്‍ ഇഷ്ടപ്പെടുന്നതുമായ സ്ഥലമായിരുന്നു അത്. അവിടെ ഒരു കഫേയുടെ മുകള്‍ നിലയിലെ ഒറ്റമുറിയില്‍ വിന്‍സെന്റ് താമസിച്ചു. അവിടെ ഡോ. ഗ്ലറ്റ്ച്ചിന്റെ ശ്രദ്ധയും അദ്ദേഹത്തിനു ലഭിച്ചിരുന്നു. ചിത്രകലയോട് തനി ഭ്രാന്തുള്ള ഒരു ഹോമിയോ ഡോക്ടറായിരുന്നു ഗ്ലറ്റ്ച്ച്. ജീവിതം ശാന്തമായിരുന്നെങ്കിലും ക്രമേണ സാമ്പത്തികമായ ഞെരുക്കം വിന്‍സെന്റിന്റെ ജീവിതം കലുഷിതമാക്കിത്തുടങ്ങി. തിയോയ്ക്ക് സ്വന്തം വീട്ടു ചെലവുകള്‍ തന്നെ വലിയ ഭാരമായി മാറിയിരുന്നു. അതുകൊണ്ട് ജ്യേഷ്ഠനു പണം അയയ്ക്കുന്നതില്‍ പല ഘട്ടങ്ങളിലും വീഴ്ചകള്‍ പറ്റി. വിന്‍സെന്റാകട്ടെ കടുത്ത ഏകാന്തതയും മാനസിക സമ്മര്‍ദ്ദവുംകൊണ്ട് വീണ്ടും ചിത്തഭ്രമത്തിന്റെ ചുഴിയിലേക്ക് വഴുതിത്തുടങ്ങിയിരുന്നു.
1890 ജൂലായ് 27 ഞായറാഴ്ച വിന്‍സെന്റ് തന്റെ മുറിയില്‍ നിന്നും ഇറങ്ങി ഗ്രാമാതിര്‍ത്തിയിലേക്ക് നടന്നു. വളരെ വൈകിയാണ്, അവസാനമായി അദ്ദേഹം മുറിയില്‍ തിരിച്ചത്തിയത്. തളര്‍ന്നു കിടക്കയിലേക്ക് വീണു അദ്ദേഹം. നെഞ്ചില്‍, സ്വയം വെടിവച്ച മുറിവില്‍ നിന്നും രക്തം ഒഴുകിയിരുന്നു. ഇടയ്‌ക്കെഴുന്നേറ്റു പുകയില നിറച്ച് പൈപ്പ് വലിച്ചു. അടുത്ത ദിവസം തിയോ എത്തി. പ്രിയപ്പെട്ട അനുജന്റെ മടിയില്‍ കിടന്ന്, സുഹൃത്തുക്കള്‍ പലരും നോക്കി നില്‍ക്കെ, അടുത്ത ദിവസം വെളുപ്പിന് ഒരു മണിക്ക് വിന്‍സെന്റ് വാന്‍ഗോഗ് തന്നെ സ്‌നേഹിക്കാതിരുന്ന ക്രൂരമായ ലോകത്തെ കൈവെടിഞ്ഞു. വിടരാന്‍ കൊതിച്ചിരുന്ന ഒരുപാട് സ്വപ്നസൂര്യകാന്തികള്‍ അപ്പോഴും ആ ഉന്മാദിയായിരുന്ന ചിത്രകാരന്റെ നെഞ്ചിനുള്ളിലുണ്ടായിരുന്നു.

vincent vangogh painting