28 March 2024, Thursday

Related news

March 28, 2024
March 26, 2024
March 21, 2024
March 20, 2024
March 20, 2024
March 19, 2024
March 14, 2024
March 14, 2024
March 14, 2024
March 11, 2024

ഇന്ത്യയില്‍ മനുഷ്യാവകാശ ലംഘനം രൂക്ഷം; തുറന്നടിച്ച് യുഎന്‍

Janayugom Webdesk
മുംബെെ
October 19, 2022 10:43 pm

ഇന്ത്യയിലെ മനുഷ്യാവകാശ ലംഘനങ്ങളില്‍ രൂക്ഷ വിമര്‍ശനമുന്നയിച്ച് ഐക്യരാഷ്ട്ര സഭാ മേധാവി അന്റോണിയോ ഗുട്ടറസ്. 2014ൽ നരേന്ദ്ര മോഡി അധികാരത്തിൽ വന്നതിനുശേഷം മതന്യൂനപക്ഷങ്ങൾക്കെതിരെയുള്ള പീഡനങ്ങളും വിദ്വേഷ പ്രസംഗങ്ങളും വർധിച്ചു. വിമർശകരെയും മാധ്യമപ്രവർത്തകരെയും സമ്മർദ്ദത്തിലാക്കുകയാണ്, പ്രത്യേകിച്ച് വനിതാ റിപ്പോർട്ടർമാർ. ബലാത്സംഗ ഭീഷണി ഉൾപ്പെടെയുള്ള ഓൺലൈൻ ആക്രമണങ്ങള്‍ നിരന്തരം അനുഭവിച്ചിട്ടുണ്ടെന്നുമുള്ള റിപ്പോര്‍ട്ടുകള്‍ ഗുരുതരമാണെന്നും അദ്ദേഹം പറഞ്ഞു. ബോംബെ ഐഐടി വിദ്യാര്‍ത്ഥികളോട് സംവദിക്കവെയായിരുന്നു ഗുട്ടറസിന്റെ പരാമര്‍ശം. ന്യൂനപക്ഷ വിഭാഗങ്ങളോടുള്ള സമീപനത്തെയും വിദ്വേഷ പ്രസംഗങ്ങളെയും ശക്തമായ ഭാഷയില്‍ അപലപിച്ചു. ബ്രിട്ടീഷ് ഭരണത്തില്‍ നിന്ന് മോചിതമായി 75 വർഷം കൊണ്ടുള്ള ഇന്ത്യയുടെ നേട്ടങ്ങളെ പ്രശംസിച്ച ഗുട്ടറസ് വൈവിധ്യമാണ് രാജ്യത്തിന്റെ സമ്പത്ത് എന്ന് ഓര്‍മ്മിപ്പിച്ചു. അത് അനുദിനം പരിപോഷിപ്പിക്കുകയും ശക്തിപ്പെടുത്തുകയും പുതുക്കുകയും വേണമെന്ന് ഗാന്ധിജിയെയും ജവഹർലാൽ നെഹ്രുവിനെയും ഉദ്ധരിച്ചുകൊണ്ട് ഗുട്ടറസ് പറഞ്ഞു,
മാധ്യമ പ്രവർത്തകരുടെയും മനുഷ്യാവകാശ പ്രവർത്തകരുടെയും വിദ്യാർത്ഥികളുടെയും അക്കാദമിക് വിദഗ്ധരുടെയും അവകാശങ്ങളും സ്വാതന്ത്ര്യങ്ങളും സംരക്ഷിക്കണം. 

ജുഡീഷ്യറിയുടെ സ്വാതന്ത്ര്യം ഉറപ്പാക്കിക്കൊണ്ട് ഇന്ത്യ ഇത് ചെയ്യണം, അദ്ദേഹം പറഞ്ഞു. ബഹുസ്വരതയുടെ ഇന്ത്യൻ മാതൃക ലളിതവും എന്നാൽ അഗാധവുമായ ഒരു ധാരണയെ അടിസ്ഥാനമാക്കിയുള്ളതാണ്. ആ ധാരണ ഓരോ ഇന്ത്യക്കാരന്റെയും ജന്മാവകാശമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മനുഷ്യാവകാശ കൗൺസിലിലെ തിരഞ്ഞെടുക്കപ്പെട്ട അംഗമെന്ന നിലയിൽ, ആഗോള മനുഷ്യാവകാശങ്ങൾ രൂപപ്പെടുത്തുന്നതിനും ന്യൂനപക്ഷ സമുദായങ്ങൾ ഉൾപ്പെടെ എല്ലാ വ്യക്തികളുടെയും അവകാശങ്ങൾ സംരക്ഷിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും ഇന്ത്യക്ക് ഉത്തരവാദിത്തമുണ്ട്. ആഗോള വേദിയിൽ ഇന്ത്യയുടെ ശബ്ദത്തിന് വിശ്വാസ്യത നേടാനാകുന്നത് സ്വദേശത്ത് മനുഷ്യാവകാശങ്ങളോടുള്ള ബഹുമാനത്തിന്റെയും പ്രതിബദ്ധതയുടെയും അടിസ്ഥാനത്തിലാണ്. 

ലിംഗസമത്വവും സ്ത്രീകളുടെ അവകാശങ്ങളും മുന്നോട്ട് കൊണ്ടുപോകാൻ ഇനിയും വളരെയധികം കാര്യങ്ങൾ ചെയ്യേണ്ടതുണ്ടെന്നും ഗുട്ടറസ് കൂട്ടിച്ചേര്‍ത്തു. മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായാണ് അദ്ദേഹം ഇന്ത്യയിലെത്തിയത്. മുംബൈ താജ് ഹോട്ടൽ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവർക്ക് ആദരാഞ്ജലി അർപ്പിച്ചു. മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെയും ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസും യു എൻ സെക്രട്ടറി ജനറലിനെ അനുഗമിച്ചു.
ഇന്ന് ഗുജറാത്തിലെ കെവാഡിയയിൽ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കൊപ്പം മിഷൻ ലൈഫ് പദ്ധതിയുമായി ബന്ധപ്പെട്ട പരിപാടിയിൽ ഗുട്ടറസ് പങ്കെടുക്കും. രാജ്യത്തിലെ ആദ്യത്തെ സൗരോർജ ഗ്രാമമായ മൊദേരയും അദ്ദേഹം സന്ദർശിക്കും. ജനുവരിയിൽ രണ്ടാമതും യുഎൻ സെക്രട്ടറി ജനറലായി തെരഞ്ഞെടുത്ത ശേഷം ഇതാദ്യമായാണ് ഗുട്ടറസ് ഇന്ത്യ സന്ദർശിക്കുന്നത്. 

Eng­lish Summary:Violation of human rights is ram­pant in India; UN
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.