Web Desk

December 15, 2019, 9:41 pm

മലിനീകരണ മാനദണ്ഡങ്ങൾ ലംഘിച്ചു: സർക്കാരിന് പിഴ ഇനത്തിൽ ലഭിച്ചത് 382 കോടി

Janayugom Online

നോയ്ഡ: പാരിസ്ഥിതി മാനദണ്ഡങ്ങൾ ലംഘിച്ചതിനെ തുടർന്ന് 2017 മുതൽ പിഴയിനത്തിൽ സർക്കാരിന് 382 കോടി രൂപ ലഭിച്ചെന്ന് റിപ്പോർട്ട്. കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിൽ (സിപിസിബി) നിന്ന് വിവരാവകാശ നിയമ പ്രകാരം ലഭിച്ച മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. 2017–18 കാലയളവിൽ 31.86 കോടിയും 2018–19 കാലയളവിൽ 227.94 കോടിയുമാണ് സർക്കാരിന് പിഴ ഇനത്തിൽ ലഭിച്ചത്.

2019–20 ഒക്ടോബർ 31 വരെയുള്ള കാലയളവിൽ നഷ്ടപരിഹാര ഇനത്തിൽ 122.27 കോടിയാണ് സർക്കാരിന് ലഭിച്ചത്. നോയ്ഡ സ്വദേശിയായ രഞ്ജൻ തോമർ ആണ് ഇതുസംബന്ധിച്ച് വിവരാവകാശ അപേക്ഷ നൽകിയത്. ജലം, വായു മലിനീകരണങ്ങൾ തടയുന്നതിനു വേണ്ടിയുള്ള പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കാൻ കേന്ദ്രത്തിന് നിർദ്ദേശം നൽകേണ്ട ചുമതല പരിസ്ഥിതി, വനം, കാലാവസ്ഥ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന സിപിസിബിയുടേതാണ്.

അതേസമയം സംസ്ഥാന തലങ്ങളിലും ഇത്തരം പ്രവർത്തനങ്ങൾ ഏകോപിപ്പിക്കേണ്ടതും സിപിബിസിയുടെ ചുമതലയാണ്. അതേസമയം പാരിസ്ഥിതിക മാനദണ്ഡങ്ങൾ ലംഘിച്ച് എത്ര കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നുള്ള ചോദ്യങ്ങൾക്ക് സിപിസിബി മറുപടി നൽകിയില്ലെന്നും തോമർ ആരോപിച്ചു.