27 March 2024, Wednesday

യശസിന് കളങ്കമാകുന്ന അവകാശ ധ്വംസനങ്ങള്‍

Janayugom Webdesk
April 15, 2022 5:00 am

ഇന്ത്യയിൽ നരേന്ദ്രമോഡി സർക്കാരിന്റെ ഭരണത്തിൽ തുടർന്നുവരുന്ന മനുഷ്യാവകാശ ലംഘനങ്ങൾ, മതന്യൂനപക്ഷങ്ങൾക്കും പൗരാവകാശങ്ങൾക്കും അഭിപ്രായസ്വാതന്ത്ര്യത്തിനും എതിരേ ഔദ്യോഗിക ഒത്താശയോടെ നടക്കുന്ന അവകാശലംഘനങ്ങളും അതിക്രമങ്ങളും അക്കമിട്ടുനിരത്തുന്ന യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ടുമെന്റിന്റെ 2021 ലെ റിപ്പോർട്ട് ഏപ്രിൽ 12ന് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ പുറത്തിറക്കിയത് യാദൃച്ഛികമായിരിക്കാം. തൊട്ടടുത്തദിവസം ഇന്ത്യയുടെ പ്രതിരോധമന്ത്രിയുടെയും വിദേശകാര്യമന്ത്രിയുടെയും സാന്നിധ്യത്തിൽ അവയെപ്പറ്റി മാധ്യമങ്ങളോട് വിമർശനാത്മകമായി പരാമർശിച്ചത് യാദൃച്ഛികമോ നിരുപദ്രവമോ ആണെന്ന് കരുതാൻ വയ്യ. മോഡിമന്ത്രിസഭയിലെ രണ്ടു മുതിർന്ന പ്രമുഖരും അപ്പോൾത്തന്നെ, അവിടെവച്ച് പ്രതികരിക്കാൻ മുതിർന്നില്ല എന്നത് ശ്രദ്ധേയമാണ്. അതിനുശേഷം ഇന്ത്യൻ മാധ്യമങ്ങൾക്കു മാത്രമായി വിദേശകാര്യമന്ത്രി നടത്തിയ പത്രസമ്മേളനത്തിൽ ഉയർത്തിയ പ്രതിരോധമാവട്ടെ തികച്ചും ദുർബലവും വിമുഖവും ആയിരുന്നു. ഇന്ത്യയുടെ മനുഷ്യാവകാശ ചരിത്രത്തെപ്പറ്റിയുള്ള യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റിന്റെ വിമർശനാത്മക വിലയിരുത്തൽ ഇത് ആദ്യമല്ല. കഴിഞ്ഞ വർഷങ്ങളിലും സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് സമാനമായ വിലയിരുത്തലുകളാണ് നടത്തിയിട്ടുള്ളത്. യുഎസിന് ഇന്ത്യയെപ്പറ്റിയും ഇന്ത്യക്ക് യുഎസിനെപ്പറ്റിയും അത്തരത്തിൽ വിലയിരുത്തലുകൾ നടത്താനുള്ള സ്വാതന്ത്ര്യം ഉണ്ടെന്നും യുഎസിലും മനുഷ്യാവകാശ ലംഘനങ്ങൾ നടക്കുന്നുണ്ടെന്നുമുള്ള ഇന്ത്യൻ വിദേശകാര്യമന്ത്രിയുടെ പ്രതികരണമാവട്ടെ വിഷയത്തെ നിസാരവല്കരിക്കാനും സാമാന്യവല്ക്കരിക്കാനുമുള്ള ശ്രമമായേ വിലയിരുത്താനാവു. സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റിന്റെ റിപ്പോർട്ടിന് പിന്നാലെ യുഎസിലെ അന്താരാഷ്ട്ര മതസ്വാതന്ത്ര്യ കമ്മിഷൻ (യുഎസ്‌സിഐആർഎഫ്) ഇന്ത്യയിൽ മതസ്വാതന്ത്ര്യം നേരിടുന്ന വെല്ലുവിളികളെപ്പറ്റിയുള്ള അതിന്റെ റിപ്പോർട്ട് ഏപ്രിൽ 25ന് സമർപ്പിക്കാനുള്ള തയാറെടുപ്പിലാണ്.


ഇതുകൂടി വായിക്കാം; മനുഷ്യാവകാശങ്ങളെ വെല്ലുവിളിക്കുന്ന നിയമനിര്‍മ്മാണം


യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റും മതസ്വാതന്ത്ര്യ കമ്മിഷനും നടത്തുന്ന വിമർശനങ്ങൾ ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധങ്ങളിലോ അവ ഉൾപ്പെട്ട ബഹുരാഷ്ട്ര ബന്ധങ്ങളിലോ സമീപഭാവിയിൽ വലിയ മാറ്റങ്ങൾക്കു കാരണമായേക്കില്ല. ഇന്നത്തെ ലോക സാഹചര്യങ്ങളിൽ ഇരുരാഷ്ട്രങ്ങളും തമ്മിലുള്ള പരസ്പരാശ്രയത്വം അതിന് അനുവദിക്കുന്നില്ല. എന്നാൽ, ലോകത്തിന്റെ വിവിധഭാഗങ്ങളിൽനിന്നും രാജ്യത്ത് നിന്നുതന്നെയും ഉയർന്നുവരുന്ന വിമർശനങ്ങളുടെ പശ്ചാത്തലത്തിൽ മനുഷ്യാവകാശ ലംഘനങ്ങളുടെ കാര്യത്തിൽ ആവശ്യമായ തിരുത്തലുകൾ വരുത്താൻ തയാറാവാതെ നിഷേധാത്മക നിലപാടാണ് മോഡി ഭരണകൂടം പിന്തുടരുന്നത്. മതസ്വാതന്ത്ര്യ കമ്മിഷൻ കഴിഞ്ഞ രണ്ടുവർഷങ്ങളായി ഇന്ത്യയെ ‘പ്രത്യേക ഉത്കണ്ഠ’ പട്ടികയിൽ ഉൾപ്പെടുത്തണമെന്ന് ശുപാർശ ചെയ്തിരുന്നു. ചൈന, പാകിസ്ഥാൻ, സൗദിഅറേബ്യ എന്നീ രാജ്യങ്ങൾ ഉൾപ്പെട്ട പട്ടികയാണ് അത്. എന്നാൽ ട്രംപ്, ബൈഡൻ ഭരണകൂടങ്ങൾ പ്രകടമായ നയതന്ത്ര കാരണങ്ങളാൽ അതിന് വിസമ്മതിക്കുകയായിരുന്നു. മൂന്നാം തവണ തുടർച്ചയായി ചുവപ്പു പട്ടികയിൽ വരാതിരിക്കാൻ ഇന്ത്യ യുഎസ് മതസ്വാതന്ത്ര്യ കമ്മിഷൻ ഇടനാഴികളിൽ ശക്തമായ ലോബിയിങ്ങാണ് നടത്തിവരുന്നത്. റിപ്പോർട്ടിൽ പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ പേര് കടന്നുകൂടാതിരിക്കാനും വലിയ സമ്മർദ്ദം ഉള്ളതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. അതിൽ മോഡി ഭരണകൂടം തൽക്കാലത്തേക്ക് വിജയിച്ചേക്കാമെങ്കിലും ലോകത്തെ ഏറ്റവും വലിയ മതനിരപേക്ഷ ജനാധിപത്യം എന്ന നിലയിൽ ഇന്ത്യയുടെ യശസ്സിനേറ്റ കളങ്കം മായ്ക്കുക ഏറെ ദുഷ്കരമായിരിക്കും. ലോകത്തെ പ്രമുഖ മനുഷ്യാവകാശ സംഘടനകൾ പലതും തുടർച്ചയായി ഉന്നയിച്ചുപോരുന്ന വിമർശനങ്ങൾ തന്നെയാണ് യുഎസിൽ നിന്നും ഉയരുന്നത്. എന്നാൽ പതിവ് നിഷേധംകൊണ്ടോ പരിഹാസംകൊണ്ടോ യുഎസിൽ നിന്നുള്ള വിമർശനങ്ങളെ അവഗണിക്കാവുന്നതല്ല.


ഇതുകൂടി വായിക്കാം; ചങ്ങലയ്ക്കിട്ട് പൂട്ടുന്ന മനുഷ്യാവകാശങ്ങൾ


യുഎസ് മനുഷ്യാവകാശസംരക്ഷണം, മതസ്വാതന്ത്ര്യം, മതനിരപേക്ഷത എന്നിവയുടെ പുണ്യസ്ഥാനമോ, അവയ്ക്ക് ലോകത്ത് എല്ലായിടത്തും സമ്മതപത്രം നല്കാൻ യോഗ്യതയുള്ള രാഷ്ട്രമായോ ആരും കണക്കാക്കേണ്ടതില്ല. എന്നാൽ, രാജ്യത്ത് അനുദിനം പെരുകിവരുന്ന മനുഷ്യാവകാശ ലംഘനങ്ങളും ന്യൂനപക്ഷ അവകാശ നിഷേധങ്ങളും വർഗീയ കലാപങ്ങളും അഭിപ്രായ സ്വാതന്ത്ര്യത്തിനും ആത്മാവിഷ്കാര സ്വാതന്ത്ര്യത്തിനും നേരെനടക്കുന്ന കടന്നാക്രമണങ്ങളും ഭരണകൂട പിന്തുണയോടെ നടക്കുന്ന ആൾക്കൂട്ട അതിക്രമങ്ങളും വിദ്വേഷപ്രചാരണങ്ങളും മറച്ചുവയ്ക്കാനാവാത്തവിധം ലോകശ്രദ്ധ പിടിച്ചുപറ്റിയിരിക്കുന്നു. അത് കേവലം രാജ്യത്തിന്റെ സൽപ്പേരിന്റെ മാത്രം പ്രശ്നമല്ല. അത് ഭാവിയിൽ രാജ്യത്തിന് ലോകരംഗത്തുള്ള ആധികാരികതയെയും രാഷ്ട്രീയവും സാമ്പത്തികവുമായ നിലനില്പിനുതന്നെയും വെല്ലുവിളിയായി മാറിയേക്കാം.

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.