8 October 2024, Tuesday
KSFE Galaxy Chits Banner 2

Related news

September 19, 2024
July 26, 2024
April 21, 2024
April 6, 2024
February 14, 2024
February 6, 2024
December 7, 2023
November 20, 2023
October 5, 2023
September 15, 2023

ന്യൂനപക്ഷങ്ങള്‍ക്കെതിരെ അക്രമങ്ങള്‍ കൂടി: ആശങ്ക അറിയിച്ച് യുഎന്‍

Janayugom Webdesk
ന്യൂഡല്‍ഹി
July 26, 2024 9:56 pm

രാജ്യത്ത് ന്യൂനപക്ഷങ്ങള്‍ക്കെതിരെ നടക്കുന്ന അക്രമങ്ങളിലും വിവേചനങ്ങളിലും ആശങ്ക അറിയിച്ച് ഐക്യരാഷ്ട്രസഭ മനുഷ്യാവകാശ സംഘടന(യുഎന്‍എച്ച്ആര്‍സി). ക്രിസ്ത്യന്‍, മുസ്ലിം, സിഖ് വിഭാഗങ്ങള്‍ നേരിടുന്ന വിവേചനങ്ങളെ തടയാന്‍ സമഗ്രമായ നിയമനിര്‍മാണം നടത്തണമെന്നും യുഎന്‍എച്ച്ആര്‍സിയുടെ വിദഗ്ധ സമിതി ആവശ്യപ്പെട്ടു. 

മുസ്ലിം, ക്രിസ്ത്യന്‍, സിഖ് ന്യൂനപക്ഷങ്ങള്‍ക്കും പട്ടികജാതി-പട്ടികവര്‍ഗങ്ങള്‍ക്കും ലൈംഗികന്യൂനപക്ഷങ്ങള്‍ക്കും ഇന്ത്യയില്‍ അതിക്രമങ്ങളും വിവേചനങ്ങളും നേരിടേണ്ടിവരുന്നതായി യുഎന്‍എച്ച്ആര്‍സി പറയുന്നു. പൗര‑രാഷ്ട്രീയ അവകാശങ്ങളെയും മറ്റ് കാര്യങ്ങളെയും കുറിച്ചുള്ള അന്താരാഷ്ട്ര ഉടമ്പടി രാജ്യത്ത് നടപ്പാക്കുന്നതിലുള്ള ആശങ്കകളും ശുപാര്‍ശകളും വിദഗ്ധസമിതിയുടെ റിപ്പോര്‍ട്ടിലുണ്ട്. വ്യക്തികളുടെ പൗര‑രാഷ്ട്രീയ അവകാശങ്ങളെ രാജ്യങ്ങള്‍ മാനിക്കണമെന്ന് പറയുന്ന ബഹുമുഖ ഉടമ്പടിയാണിത്.
വിവേചനം തടയുന്നതിന് സമഗ്രമായ നിയമനിര്‍മാണം നടത്തുന്നതിനൊപ്പം പൊതുജനങ്ങള്‍ക്കിടയില്‍ അവബോധം വളര്‍ത്തണം. ഇന്ത്യയുടെ വൈവിധ്യങ്ങളോടുള്ള ആദരവ് പ്രോത്സാഹിപ്പിക്കുന്നതിന് ഉദ്യോഗസ്ഥര്‍, നിയമപാലകര്‍, ജുഡീഷ്യല്‍ ഉദ്യോഗസ്ഥര്‍, പൊതുപ്രവര്‍ത്തകര്‍ എന്നിവര്‍ക്ക് പരിശീലനം നല്‍കണമെന്നും വിദഗ്ധ സമതി ഇന്ത്യയോട് ആവശ്യപ്പെട്ടു. രാജ്യത്തെ സായുധ സേനയ്ക്ക് പ്രത്യേക അധികാരം നല്‍കുന്ന നിയമത്തിലെ ചില വ്യവസ്ഥകളും തീവ്രവാദ വിരുദ്ധ നിയമനിര്‍മാണങ്ങളും ഉടമ്പടിക്ക് അനുസൃതമല്ലെന്നും അവര്‍ ആശങ്ക രേഖപ്പെടുത്തി. 

ആംഡ് ഫോഴ്സസ് സ്പെഷല്‍ പവര്‍ ആക്ട് (അഫ‍്സപ) സൈനികര്‍ക്ക് വിപുലമായ അധികാരം നല്‍കുന്നു. ഇതനുസരിച്ച് പ്രശ്നബാധിത മേഖലകളില്‍ പരിശോധന നടത്തുക, അറസ്റ്റ് ചെയ്യുക, ക്രമസമാധാന പരിപാലനത്തിനായി വെടിവയ്ക്കുക എന്നീ അധികാരങ്ങളാണ് ലഭിക്കുന്നത്. നാഗാലാന്‍ഡ്, മണിപ്പൂര്‍, അസം, അരുണാചല്‍ പ്രദേശ് സംസ്ഥാനങ്ങളുടെ ചില ഭാഗങ്ങളിലും ജമ്മുകശ്മീരിലും അഫ‍്സ നിലവിലുണ്ട്. മണിപ്പൂര്‍, കമ്മുകാശ്മീര്‍, അസം സംസ്ഥാനങ്ങളിലെ പ്രശ്നബാധിത ജില്ലകളില്‍ നടപ്പിലാക്കിയ തീവ്രവാദവിരുദ്ധ നിയമം, പതിറ്റാണ്ടുകളായി വലിയ തോതിലുള്ള മനുഷ്യാവകാശ ലംഘനങ്ങള്‍, നിയമവിരുദ്ധമായ കൊലപാതകള്‍, അറസ്റ്റ് ചെയ്ത് നീണ്ടകാലം തടവിലിടുക, ലൈംഗിത അതിക്രമം, നിര്‍ബന്ധിത കുടിയൊഴിപ്പിക്കല്‍, പീഡനം എന്നിവയ്ക്ക് കാരണമാകുന്നെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
ഉടമ്പടിയിലെ വ്യവസ്ഥകള്‍ നടപ്പാക്കാനും പ്രശ്നബാധിത മേഖലകളിലെ തീവ്രവാദ വിരുദ്ധനടപടികളും സുരക്ഷാ കാര്യങ്ങളും താല്‍ക്കാലികം, ആനുപാതികം, കര്‍ശനം എന്നീ വ്യവസ്ഥകള്‍ക്ക് അനുസരിച്ചായിരിക്കണമെന്നും ഇക്കാര്യങ്ങള്‍ നിര്‍ബന്ധമായും ജുഡീഷ്യല്‍ അവലോകനത്തിന് വിധേയമാക്കണമെന്നും സമിതി ഇന്ത്യയോട് ആവശ്യപ്പെട്ടു. പ്രശ്നബാധിത മേഖലകളിലെ മനുഷ്യാവകാശ ലംഘനങ്ങളുടെ സത്യാവസ്ഥ കണ്ടെത്തുന്നതിനും ഉത്തരവാദിത്തം ഏറ്റെടുക്കുന്നതിനും പ്രത്യേക സംവിധാനം ഉണ്ടാക്കണമെന്നും സമിതി നിര്‍ദ്ദേശിച്ചു.
അന്താരാഷ്ട്ര മത സ്വാതന്ത്ര്യ റിപ്പോര്‍ട്ട് 2023 പുറത്തുവന്നതിന് പിന്നാലെയാണ് യുഎന്‍ മനുഷ്യാവകാശ റിപ്പോര്‍ട്ടും പുറത്തുവന്നത്. രണ്ടിലും ഇന്ത്യയ്ക്കെതിരെ വളരെ ശക്തമായ വിമര്‍ശനങ്ങള്‍ ഉയര്‍ത്തിയിട്ടുണ്ട്.

Eng­lish Sum­ma­ry: Vio­lence Against Minori­ties Ris­es: UN Express­es Concern

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.