16 November 2025, Sunday

Related news

November 15, 2025
November 14, 2025
November 14, 2025
November 14, 2025
November 14, 2025
November 14, 2025
November 13, 2025
November 13, 2025
November 13, 2025
November 12, 2025

ചീഫ് ജസ്റ്റിസിനെതിരായ അതിക്രമം; അപലപിച്ച് മുഖ്യമന്ത്രി

Janayugom Webdesk
തിരുവനന്തപുരം
October 6, 2025 4:17 pm

ചീഫ് ജസ്റ്റിസ് ബി ആർ ഗവായ്ക്കു നേരെ കോടതി മുറിയിൽ നടന്ന അക്രമശ്രമത്തെ ശക്തമായി അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. സംഘ്പരിവാർ നട്ടുവളർത്തിയ വിദ്വേഷത്തിന്റെ വിഷമാണ് സുപ്രീം കോടതിയിൽ ചീഫ് ജസ്റ്റിസിന് നേരെ ചീറ്റിയതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സനാതന ധർമ്മത്തിനെതിരെ പ്രവർത്തിക്കുന്നുവെന്നാരോപിച്ചാണ് ഒരു അഭിഭാഷക വേഷധാരി ഷൂ എറിയാനാഞ്ഞത് എന്നാണ് റിപ്പോർട്ട്. നിലതെറ്റിയ വ്യക്തിയുടെ വികാരപ്രകടനമായി ഈ അതിക്രമത്തെ ചുരുക്കി കാണാൻ കഴിയില്ല. സംഘ്പരിവാറിന്റെ വിഷലിപ്തമായ വർഗീയ പ്രചാരണമാണ് അപകടകരമായ ഈ മാനസിക നിലയിലേക്ക് വ്യക്തികളെ കൊണ്ടെത്തിക്കുന്നത്. 

വെറുപ്പും അപര വിദ്വേഷവും ജനിപ്പിക്കുന്ന പ്രത്യയശാസ്ത്രത്തിന്റെ ഉല്പന്നങ്ങളാണ് പരമോന്നത കോടതിക്കകത്ത് പോലും ഉണ്ടാകുന്ന ഇത്തരം കടന്നാക്രമണങ്ങൾ. ആർഎസ്എസും അതിന്റെ പരിവാരവും നൂറു വർഷംകൊണ്ടു സൃഷ്ടിച്ചുവച്ച അസഹിഷ്ണുതയാണ് ഇതിന്റെ ഇന്ധനം. മഹാത്മാഗാന്ധിക്കു നേരെ നിറയൊഴിക്കാൻ മടിച്ചിട്ടില്ലാത്ത വർഗീയ ഭ്രാന്തിന് ഒട്ടും കുറവു വന്നിട്ടില്ല എന്ന് ഓർമ്മിപ്പിക്കുന്ന സംഭവമാണ് സുപ്രീം കോടതിയിലുണ്ടായത്. ഒറ്റപ്പെട്ട അക്രമ സംഭവമോ സമനില തെറ്റിയ വ്യക്തിയുടെ വിക്രിയയോ ആയി ഇതിനെ നിസാരവൽക്കരിക്കാനാവില്ല. സംഘ്പരിവാർ മുന്നോട്ടുവയ്ക്കുന്ന അക്രമോത്സുകമായ രാഷ്ട്രീയത്തെ തന്നെയാണ് പരിശോധിക്കേണ്ടതും തുറന്നുകാട്ടേണ്ടതുമെന്നും മുഖ്യമന്ത്രി പ്രസ്താവനയില്‍ വ്യക്തമാക്കി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.