Web Desk

February 25, 2020, 5:00 am

ജനകീയ പ്രതിരോധം തകര്‍ക്കാന്‍ അക്രമം ആയുധമാക്കുന്നു

Janayugom Online

പൗരത്വ ഭേദഗതി നിയമത്തിനും ജനസംഖ്യ രജിസ്റ്ററിനും പൗരത്വ രജിസ്റ്ററിനും എതിരെ രാജ്യവ്യാപകമായി വളര്‍ന്നുവരുന്ന പ്രതിരോധ സമരത്തിന്റെ ഭാവിയെപ്പറ്റി ഉല്‍ക്കണ്ഠ ജനിപ്പിക്കുന്ന വാര്‍ത്തകളാണ് രാഷ്ട്ര തലസ്ഥാനത്തുനിന്നും ഉത്തര്‍പ്രദേശിലെ അലിഗഢില്‍ നിന്നും പുറത്തുവരുന്നത്. ഡല്‍ഹിയില്‍ കഴിഞ്ഞ രണ്ട് ദിവസങ്ങളായി അരങ്ങേറുന്ന അക്രമങ്ങളില്‍ ഒരു പൊലീസ് ഹെഡ് കോണ്‍സ്റ്റബിള്‍ കൊല്ലപ്പെട്ടു. അലിഗഢിലുണ്ടായ അക്രമങ്ങളില്‍ ഒരാളും കൊല്ലപ്പെട്ടതായി വാര്‍ത്തയുണ്ട്. ഡല്‍ഹിയില്‍ ഞായറാഴ്ച പൊട്ടിപ്പുറപ്പെട്ട അക്രമങ്ങള്‍ക്ക് മുന്‍ എംഎല്‍എയും ബിജെപി നേതാവുമായ കപില്‍ മിശ്ര നേരിട്ട് നേതൃത്വം നല്‍കുകയും പൊലീസിനൊപ്പം സംഘ്പരിവാര്‍ ഗുണ്ടകളും നേരിട്ട് പങ്കുവഹിച്ചതായും വാര്‍ത്തകള്‍ വ്യക്തമാക്കുന്നു. ഷഹീന്‍ബാഗില്‍ കഴിഞ്ഞ രണ്ട് മാസത്തിലധികമായി സ്ത്രീകളുടെ നേതൃത്വത്തില്‍ നടന്നുവരുന്ന സഹന സമരം അട്ടിമറിക്കാന്‍ നിരവധി ശ്രമങ്ങളുണ്ടായി. അവ ഓരോന്നും പരാജയപ്പെട്ട സാഹചര്യത്തില്‍ കോടതി ഇടപെടലുകളിലൂടെ സമരം തകര്‍ക്കാമെന്ന് കരുതിയവര്‍ക്കും നിരാശപ്പെടേണ്ടി വന്നു.

പൗരത്വ ഭേദഗതി നിയമമടക്കം ഏതു നിയമത്തിനും എതിരെ പ്രതിഷേധിക്കാനും സമരം ചെയ്യാനുമുള്ള പൗരന്മാരുടെ അവകാശം ഉയര്‍ത്തിപ്പിടിച്ച സുപ്രിംകോടതി റോഡ് ഗതാഗത പ്രശ്നം പരിഹരിക്കുന്നതിന് ഒരു മധ്യസ്ഥ സംഘത്തെ നിയോഗിച്ചു. സമരം പടര്‍ന്നുപിടിക്കുകയും അതിനെതിരെ കോടതിയെ ഉപയോഗിക്കാനാവില്ലെന്ന് ബോധ്യപ്പെടുകയും ചെയ്ത സാഹചര്യത്തിലാണ് അക്രമത്തിലേക്ക് തിരിയാന്‍ സംഘപരിവാര്‍ നിര്‍ബന്ധിതമായിരിക്കുന്നത്. അതാകട്ടെ രാജ്യത്താകെ ജനങ്ങളെ തെരുവ് യുദ്ധത്തിലേക്കും കലാപത്തിലേക്കും നയിക്കുന്ന അത്യന്തം അപകടകരമായ സ്ഥിതിവിശേഷമാണ് സൃഷ്ടിച്ചിരിക്കുന്നത്. എന്നാല്‍ രാജ്യം കത്തുമ്പോള്‍ തീയണയ്ക്കുന്നതിനുപകരം ട്രംപ് വരവേല്പിന്റെ മായികകാഴ്ചകള്‍ സൃഷ്ടിച്ച് രാഷ്ട്രീയ മുതെലടുപ്പിനാണ് ഭരണകൂടം ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. പൗരത്വ ഭേദഗതി നിയമമടക്കം കരിനിയമങ്ങള്‍ക്ക് എതിരെ രാജ്യത്താകെ വളര്‍ന്നുവരുന്ന പ്രതിഷേധ സമരങ്ങളെ ഭരണകൂട ഭീകരതകൊണ്ടും വിഭജന തന്ത്രംകൊണ്ടും നേരിടാനാവില്ലെന്ന് ഡല്‍ഹി അസംബ്ലി തെരഞ്ഞെടുപ്പ് ഫലങ്ങള്‍ തെളിയിച്ചു. ഹിന്ദു, മുസ്‌ലിം വിഭജനവാദംകൊണ്ടോ, ഇന്ത്യാ, പാകിസ്ഥാന്‍ വിദ്വേഷ പ്ര­ചാരണംകൊണ്ടോ, ദേശസ്നേഹി, രാജ്യദ്രോഹി മുദ്രകൊണ്ടോ ജനങ്ങളെ ഭിന്നിപ്പിക്കാനാവില്ലെന്നാണ് ഡല്‍ഹി തെരഞ്ഞെടുപ്പ് ഫലം നല്‍കിയ പാഠം. അത്തരം വിദ്വേഷത്തിന്റെയും ഭിന്നിപ്പിന്റെയും പ്രചാരണങ്ങള്‍ക്കും അ­തിനു ചുക്കാന്‍ പിടിച്ച മോഡി, അമിത്ഷാ പ്രഭൃതിക­ള്‍ക്കും മുഖത്തടിച്ച മറുപടിയാണ് ഡല്‍ഹിയിലെ വോട്ടര്‍മാര്‍ നല്‍കിയത്.

വിദ്വേഷത്തിന്റെയും വിഭജനത്തിന്റെയും അക്രമത്തിന്റെയും മാര്‍ഗം, ഭരണഘടനാധിഷ്ഠിതമായി പ്രവര്‍ത്തിക്കുന്ന തെരഞ്ഞെടുപ്പ് കമ്മിഷന്‍ ആഗ്രഹിച്ചാല്‍പോലും സാധ്യമല്ലെന്നും ഡല്‍ഹി തെരഞ്ഞെടുപ്പ് അനുഭവങ്ങള്‍ തെളിയിച്ചു. ഈ പശ്ചാത്തലത്തില്‍ വേണം തെക്കുകിഴക്കന്‍ ഡല്‍ഹിയില്‍ അരങ്ങേറുന്ന അക്രമ സംഭവങ്ങളെ നോക്കിക്കാണാന്‍. തെരഞ്ഞെടുപ്പിലൂടെ നേടിയെടുക്കാന്‍ കഴിയാത്ത വിദ്വേഷത്തിന്റെയും വിഭജനത്തിന്റെയും വിജയം അക്രമത്തിലൂടെ സാധ്യമാക്കാനാണ് സംഘപരിവാര്‍ ശ്രമം. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നേരിട്ടുള്ള നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന, സമീപകാല സംഭവങ്ങളിലുടനീളം വര്‍ഗീയത മറനീക്കി പ്രകടിപ്പിച്ച, ഡല്‍ഹി പൊലീസിന്റെ സജീവ ഇടപെടലുകളിലൂടെ അക്രമം അഴിച്ചുവിടാനും സഹനസമരങ്ങളെ തകര്‍ക്കാനും സമൂഹത്തിന്റെ വിഭജനം സാധ്യമാക്കാനുമാണ് ശ്രമം. അത്തരം വിധ്വംസക തന്ത്രങ്ങള്‍ക്കെതിരെ പൗരസമൂഹവും സുപ്രീം കോടതിയടക്കം ഭരണഘടനാ സ്ഥാപനങ്ങളും സക്രിയ ഇടപെടലുകള്‍ക്ക് തയ്യാറാവണം. പ്രക്ഷോഭ സമരങ്ങളെ കലാപഭൂമികളാക്കി മാറ്റാന്‍ ശ്രമിക്കുന്ന ന്യൂനപക്ഷ തീവ്രവാദത്തിനെതിരായ ജാഗ്രതയും അനിവാര്യമാണ്.

പൗരത്വ ഭേദഗതി നിയമത്തിനെതിരെ അഭൂതപൂര്‍വമായ സ്ത്രീ, വിദ്യാര്‍ത്ഥി, യുവജന പങ്കാളിത്തത്തോടെ നടന്നുവരുന്ന പ്രതിരോധ സമരങ്ങളും ജാതി, മത, വര്‍ഗ്ഗഭേദമന്യേ അതിന് സമൂഹത്തിന്റെ നാനാതുറകളില്‍ നിന്നും ലഭിച്ചുവരുന്ന പിന്തുണയും മോഡി ഭരണകൂടത്തെയും സംഘപരിവാര്‍ ശക്തികളെയും തെല്ലൊന്നുമല്ല അമ്പരപ്പിക്കുകയും അസ്വസ്ഥമാക്കുകയും ചെയ്യുന്നത്. അത് രാഷ്ട്രീയ സമവാക്യങ്ങളെയും കണക്കുകൂട്ടലുകളെയും തെറ്റിക്കുകയും പുതിയ ജനകീയ ഐക്യശ്രമങ്ങള്‍ക്കും മുന്നണികള്‍ക്കും വഴിതുറക്കുകയും ചെയ്യുന്നത് അവരെ വിറളിപിടിപ്പിക്കുന്നു. അതാണ് പുതിയ അക്രമ പരമ്പരകളിലേക്ക് തിരിയാന്‍ സംഘപരിവാര്‍ ശക്തികളെ നിര്‍ബന്ധിതമാക്കുന്നത്. ജനകീയ ഐക്യം നിലനിര്‍ത്തി പ്രതിരോധം കരുത്തോടെ മുന്നോട്ടു കൊണ്ടുപോകാന്‍ ജാഗ്രതയും വിവേകവും അനിവാര്യമാണ്. അക്രമത്തെ അക്രമംകൊണ്ടും ഭീകരതയെ ഭീകരതകൊണ്ടും നേരിടാമെന്ന വ്യാമോഹം അസ്ഥാനത്താണ്.