പ്രസിഡന്റ് തെരഞ്ഞെടുപ്പ്: ശ്രീലങ്കയിൽ ന്യൂനപക്ഷ വോട്ടർമാർക്കു നേരെ ആക്രമണം

Web Desk
Posted on November 16, 2019, 6:22 pm

കൊളംബോ: ശ്രീലങ്കയിൽ പ്രസിഡന്റ് തെരഞ്ഞെടുപ്പിനിടെ ആക്രമണം. ന്യൂനപക്ഷ വോട്ടർമാർ സഞ്ചരിച്ച വാഹന വ്യൂഹത്തിനു നേരെ അക്രമികൾ വെടിയുതിർത്തു. സുരക്ഷയ്ക്കെത്തിയ ഗൺമാന് വെടിയേറ്റു. കൊളംബോയിൽ നിന്ന് 240 കിലോമീറ്റർ അകലെ തന്ത്രിമാലെയിൽ രണ്ട് ബസുകൾക്കു നേരെയാണ് ആക്രമണമുണ്ടായത്.

ടയറുകൾ കത്തിച്ചു റോഡിലിട്ട് ഗതാഗതം തടസ്സപ്പെടുത്തിയ ശേഷം അക്രമികൾ വാഹനങ്ങൾക്കു നേരെ വെടിയുതിർക്കുകയായിരുന്നു. വെടിവെയ്പിന് ശേഷം അക്രമികൾ ബസിനു കല്ലെറിഞ്ഞു.

കഴിഞ്ഞ ഈസ്റ്റർ ദിനത്തിലുണ്ടായ സ്ഫോടന പരമ്പരയ്ക്കു ശേഷമുള്ള തെര‍ഞ്ഞെടുപ്പ് രാജ്യത്ത് ഏറെ നിർണായകമാണ്. 35 പേരാണ് മത്സര രംഗത്തുള്ളത്. മുൻ പ്രതിരോധ സെക്രട്ടറിയും മുൻ പ്രസിഡന്റ് മഹിന്ദ രാജപക്സെയുടെ സഹോദരനുമായ ഗോട്ട്ബയ രാജപക്സെയും ഭരണപക്ഷത്തെ സജിത് പ്രേമദാസയും തമ്മിലാണ് പ്രധാന മത്സരം.

12,845 പോളിംഗ് സ്റ്റേഷനുകളിലായാണ് വോട്ടെടുപ്പ് നടന്നത്. 26 ഇഞ്ചാണ് ബാലറ്റ് പേപ്പറിന്റെ നീളം. രാവിലെ 7 ആരംഭിച്ച വോട്ടെടുപ്പ് വൈകിട്ട് അഞ്ചിന് അവസാനിച്ചു. തിങ്കളാഴ്ച തെരഞ്ഞെടുപ്പ് ഫലം പുറത്തുവരും.