June 3, 2023 Saturday

ത്രിപുരയിലെ ജനാധിപത്യ വിരുദ്ധ അതിക്രമങ്ങള്‍

Janayugom Webdesk
March 7, 2023 5:00 am

ഫെബ്രുവരി 16 ന് നടന്ന ത്രിപുര നിയമസഭാ തെരഞ്ഞെടുപ്പിന്റെ വിധിയെഴുത്ത് മാര്‍ച്ച് രണ്ടിന് പുറത്തുവന്നതിനുശേഷം വ്യാപകമായ ആക്രമണമാണ് സംസ്ഥാനത്ത് നടക്കുന്നത്. വോട്ടെടുപ്പ് ദിവസംതന്നെ വ്യാപക അക്രമവും ബൂത്തു പിടിത്തമുള്‍പ്പെടെയും ബിജെപി ഗുണ്ടകളുടെ ഭാഗത്തുനിന്നുണ്ടായിരുന്നു. നിരവധി ബൂത്തുകളില്‍ ബിജെപിക്കാര്‍ വോട്ടര്‍മാരെ തടയുകയും സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചും ബൂത്ത് പിടിച്ചെടുത്തും യഥാര്‍ത്ഥ വോട്ടര്‍മാരെ സമ്മതിദാനാവകാശം വിനിയോഗിക്കാന്‍ അനുവദിച്ചില്ല. വടികളും ഇരുമ്പ് ദണ്ഡുകളുമായിട്ടായിരുന്നു വോട്ടര്‍മാരെ ഭീഷണിപ്പെടുത്തിയത്. ബിജെപിക്കാര്‍ പരസ്യമായി പണം നല്കിയതായും ആരോപണമുണ്ടായിരുന്നു. എന്നിട്ടും തിളക്കമാര്‍ന്ന വിജയം നേടാന്‍ ബിജെപിക്കായില്ലെങ്കിലും ലഭ്യമായ വിജയത്തിന്റെ ഉന്മത്തതയില്‍ ആക്രമണവും കൊള്ളയും കൊള്ളിവയ്പുമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. ഒരാഴ്ചയാകാറായിട്ടും അക്രമങ്ങള്‍ അവസാനിപ്പിക്കുന്നതിന് സന്നദ്ധമായിട്ടില്ല. അമര്‍പൂര്‍, ഉദയ്‌പൂര്‍, ഗോലഘട്ടി, ബിഷാല്‍ഗര്‍, ദസ്ഡ, പടിമ ഭൗമിക്, ബൊക്സാനഗര്‍, ഖയേര്‍പൂര്‍, സിംന, കൈലാഷര്‍ തുടങ്ങിയ നിരവധി കേന്ദ്രങ്ങളില്‍ വ്യാപകമായ അക്രമങ്ങളുണ്ടായി. ബിജെപി ജയിക്കുകയും തോല്‍ക്കുകയും ചെയ്ത മണ്ഡലങ്ങളിലെല്ലാം അക്രമ സംഭവങ്ങളുണ്ടായി. ജയിച്ചിടങ്ങളില്‍ ആഹ്ലാദ പ്രകടനത്തിന്റെ ഭാഗമായിരുന്നു അക്രമ സംഭവങ്ങളെങ്കില്‍ തോറ്റിടത്ത് അതിന്റെ പേരിലായിരുന്നു ആക്രമണം. ഞായറാഴ്ച ബിജെപി നേതാവും മുഖ്യമന്ത്രിയുമായ മണിക് സാഹ സംസ്ഥാനത്തു നടക്കുന്ന അതിക്രമങ്ങള്‍ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നുവെങ്കിലും ഞായറാഴ്ച രാത്രിയും ഇന്നലെയും അക്രമസംഭവങ്ങള്‍ തുടരുകയാണ്.

അര്‍ധരാത്രിയാണ് ധര്‍മ്മനഗറിലെ പത്മപൂരില്‍ അമിതാഭ് ബിശ്വാസിന്റെ വീടിനു നേരെ അക്രമം നടത്തുകയും കൊള്ളയടിക്കുകയും ചെയ്തത്. ഇതേസമയത്ത് തന്നെ ജിരാനിയയിലെ റാണിര്‍ ബസാറില്‍ ഒമ്പതു കടകള്‍ക്കാണ് തീയിട്ടത്. അര്‍ധരാത്രി കടകള്‍ അടച്ചിരുന്നതിനാല്‍ ആളപായമുണ്ടായില്ല. ഞായറാഴ്ച വരെയുള്ള കണക്കനുസരിച്ച് 700ഓളം അക്രമസംഭവങ്ങളാണ് സംസ്ഥാനത്തുണ്ടായത്. മൂന്നുപേര്‍ കൊല്ലപ്പെടുകയും അഞ്ഞൂറിലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പാര്‍ട്ടി ഓഫിസുകള്‍, വാഹനങ്ങള്‍, കടകള്‍, വ്യാപാര സ്ഥാപനങ്ങള്‍, വീടുകള്‍, റബ്ബര്‍ തോട്ടങ്ങള്‍, മത്സ്യ വളര്‍ത്തു കേന്ദ്രങ്ങള്‍ തുടങ്ങിയ പലതും അക്രമികള്‍ തകര്‍ത്തു. സംസ്ഥാനത്താകെ 600ലധികം വീടുകള്‍ തകര്‍ക്കപ്പെട്ടുവെന്നാണ് ഏകദേശ കണക്ക്. ഭൂരിഭാഗം വീടുകളും പൂര്‍ണമായി അഗ്നിക്കിരയാക്കി. പലതും ചാരക്കൂമ്പാരങ്ങളായി. വിധി പ്രഖ്യാപനത്തിനുശേഷം പടിഞ്ഞാറന്‍ ത്രിപുരയില്‍ മാത്രം ഇരുനൂറിലധികം വീടുകളാണ് തകര്‍ക്കപ്പെട്ടത്. ഇവയെല്ലാം പ്രതിപക്ഷ പാര്‍ട്ടി പ്രവര്‍ത്തകരുടെയും അനുഭാവികളുടെയും വീടുകളായിരുന്നു. വീടുകള്‍ക്ക് നേരെ അക്രമം നടത്തുക മാത്രമല്ല സാധനങ്ങള്‍ കടത്തുകയും പണമുള്‍പ്പെടെ കൊണ്ടുപോകുകയും ചെയ്തു. ലക്ഷക്കണക്കിന് രൂപയാണ് പണമായി മാത്രം നഷ്ടപ്പെട്ടതെന്നാണ് ഇടതുനേതാക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞത്.


ഇതുകൂടി വായിക്കൂ: വടക്കു കിഴക്കല്ല കേരളം


സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും നടക്കുന്ന അക്രമ സംഭവങ്ങളില്‍ ഭയവിഹ്വലരായ ആയിരക്കണക്കിനാളുകളാണ് പലായനം ചെയ്തിരിക്കുന്നത്. എന്നാല്‍ പൊലീസും മറ്റ് സംവിധാനങ്ങളും അക്രമികളെ സഹായിക്കുന്ന സമീപനമാണ് സ്വീകരിക്കുന്നത്. രണ്ടു ദിവസം മുമ്പ് വിവിധ പ്രദേശങ്ങളില്‍ പൊലീസിന് നല്കിയ പരാതിയുടെയും ഇരകള്‍ അക്രമികളെന്ന് ചൂണ്ടിക്കാട്ടിയതിന്റെയും അടിസ്ഥാനത്തില്‍ ചിലരെ അറസ്റ്റ് ചെയ്തുവെങ്കിലും അവരെയെല്ലാം ഭരണതലത്തിലുള്ള സമ്മര്‍ദത്തെ തുടര്‍ന്ന് ഉടന്‍തന്നെ വിട്ടയയ്ക്കുകയായിരുന്നു. സംസ്ഥാന ചീഫ് സെക്രട്ടറി അറിയിച്ചത് 238 അക്രമികളെ കസ്റ്റഡിയിലെടുത്തുവെന്നാണ്. എന്നാല്‍ ചീഫ് സെക്രട്ടറി പോലുമറിയാതെ മണിക്കൂറുകള്‍ക്കകം എല്ലാവരെയും വിട്ടയച്ചുവെന്നാണ് സംസ്ഥാനത്തെ ഇടതു നേതാക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ കുറ്റപ്പെടുത്തിയത്. 2018ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ അധികാരം കയ്യില്‍ കിട്ടിയശേഷമുള്ള ബിജെപിയുടെ അഞ്ചുവര്‍ഷത്തെ ഭരണം ക്രമസമാധാന പരിപാലനത്തില്‍ പൂര്‍ണമായും പരാജയമായിരുന്നു. ഇടതുപാര്‍ട്ടികളുടെ ഓഫിസുകളും പ്രവര്‍ത്തകരുടെ വീടുകളും സ്ഥാപനങ്ങളും തകര്‍ക്കപ്പെടുകയോ അഗ്നിക്കിരയാക്കപ്പെടുകയോ ചെയ്തു. ഭരണ നടപടികളും പരാജയമായിരുന്നു.

അതുകൊണ്ടുതന്നെ ബിജെപിക്കെതിരെ വികാരമുയര്‍ന്നുവെങ്കിലും വോട്ടുകള്‍ ഭിന്നിച്ചതും അക്രമങ്ങളും കാരണം അവര്‍ക്കു ഭരണം നിലനിര്‍ത്താനായി. പക്ഷേ വന്‍വിജയമാണ് അവര്‍ പ്രതീക്ഷിച്ചിരുന്നതെന്നാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന അക്രമ സംഭവങ്ങളില്‍ നിന്ന് മനസിലാക്കേണ്ടത്. എന്തായാലും ജനാധിപത്യ സംവിധാനത്തിന് ഭൂഷണമല്ല ഇപ്പോള്‍ ത്രിപുരയില്‍ നടന്നുകൊണ്ടിരിക്കുന്നത്. തെരഞ്ഞെടുപ്പുകളില്‍ തോല്‍വിയും ജയവും സ്വാഭാവികമായി സംഭവിക്കുന്നതാണ്. ജയിച്ചവര്‍ക്ക് ആഹ്ലാദവും തോല്‍ക്കുന്നവര്‍ക്ക് നിരാശയുമുണ്ടാകുമെന്നതും സ്വാഭാവികമാണ്. എന്നാല്‍ ജയിച്ചവര്‍ അത് അക്രമത്തിനുള്ള വഴിയാക്കുന്നു എന്നത് ജനാധിപത്യ വിരുദ്ധമാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.