അപകടം നടക്കുമ്പോള്‍ വാഹനമോടിച്ചത് ബാലഭാസ്‌കര്‍; ആദ്യം എത്തിയത് താനെന്നും കെഎസ്ആര്‍ടിസി ഡ്രൈവര്‍ അജി

Web Desk
Posted on June 09, 2019, 5:08 pm

അപകടം നടക്കുമ്പോള്‍ വാഹനമോടിച്ചത് ബാലഭാസകര്‍ തന്നെയെന്ന മൊഴിയില്‍ ഉറച്ച് കെഎസ്ആര്‍ടിസി ഡ്രൈവര്‍ അജി. ആക്സിഡന്‍റ് നടന്ന് ആദ്യമെത്തിയത് താനാണെന്നും അജി അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞു. അതേസമയം, സംശയമുള്ളവരുടെയെല്ലാം ഫോണ്‍ കോളുകള്‍ പരിശോധിക്കാന്‍ അന്വേഷണസംഘം തീരുമാനിച്ചു.

ആറ്റിങ്ങലില്‍ വച്ചാണ് ബാലഭാസ്‌കര്‍ സഞ്ചരിച്ച ഇന്നോവ കാര്‍ താനോടിച്ചിരുന്ന ബസിന് മുന്നില്‍ കയറി പോയത്. അപകടം നടന്നത് തന്‍റെ നൂറ് മീറ്റര്‍ ദൂരം മാത്രം. വാഹനം ഇടിക്കുന്നത് കണ്ടയുടനെ ബസ് നിര്‍ത്തി കാറിനടുത്തേക്ക് ചെല്ലുകയായിരുന്നുവെന്നും അജി പറഞ്ഞു.

ഡ്രൈവര്‍ സീറ്റിലിരുന്ന ബാലുവിനെ താന്‍ കൂടി ചേര്‍ന്നാണ് പുറത്തെടുത്തത്. ഇക്കാര്യം മൊഴിയായി നല്‍കിയിട്ടുണ്ടെന്നും അതില്‍ ഉറച്ച് നില്‍ക്കുന്നുവെന്നും അജി വ്യക്തമാക്കി. വാഹനത്തിന് പുറകിലും ഒരാള്‍ കിടക്കുന്നുണ്ടായിരുന്നുവെന്നും എന്നാല്‍ രക്ഷാപ്രവര്‍ത്തനത്തിനിടയില്‍ അയാളെ മാറ്റാരോ ആണ് പുറത്തെടുത്തത് അതിനാല്‍ ശ്രദ്ധിച്ചിരുന്നില്ല. വാഹനം അപകടത്തില്‍പെട്ടതില്‍ അസ്വാഭാവികത ഒന്നും തന്നെയില്ലെന്നും അജി പറഞ്ഞു.