തെരഞ്ഞെടുപ്പ് ആവേശം മൂത്താല്‍ ഇങ്ങനെയൊക്കെ ചെയ്യാമോ? പ്രവാസി യുവാവിന് കിട്ടിയത് മുട്ടന്‍ പണി

Web Desk
Posted on April 17, 2019, 6:10 pm

തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ പ്രവാസി യുവാവിന് കിട്ടിയത് മുട്ടന്‍ പണി. പ്രവാസികള്‍ തെരഞ്ഞെടുപ്പ്  അടുക്കുമ്പോള്‍ വോട്ട് ചെയ്യാന്‍ നാട്ടിലേക്ക് വരാറുണ്ട്.  വോട്ട് ചെയ്യാന്‍ ചില പ്രവാസികള്‍ മുന്‍കൂട്ടി ടിക്കറ്റെടുത്ത് കാത്തിരിപ്പിലാണ്. എന്നാല്‍ തെരഞ്ഞെടുപ്പ് ആവേശം മൂത്ത്, നാട്ടിലേക്ക് എടുത്ത ടിക്കറ്റ് ഫേസ് ബുക്കില്‍ പോസ്റ്റ് ചെയ്തതോടെ പ്രവാസി യുവാവിന് മുട്ടന്‍ പണി കിട്ടി.

മംഗളൂരു സ്വദേശിയായ ജോല്‍സന്‍ ലാബു എന്ന 29 കാരനാണ് ഫേസ്ബുക്ക് പോസിലൂടെ പണി കിട്ടിയ്ത്. ഫേസ്ബുക്കില്‍ ഇഷ്ടപ്പെടുന്ന പാര്‍ട്ടിക്ക് പരസ്യപിന്തുണ അറിയിച്ച് വീഡിയോ എടുത്തും  എയര്‍ ഇന്ത്യയില്‍ നാട്ടിലേക്ക് വരാനുള്ള  ടിക്കറ്റ് എടുത്തതും കൂടി പോസ്റ്റ് ചെയ്തിരുന്നു. മാര്‍ച്ച് 29നാണ് ജോല്‍സന്‍ വീഡിയോ പോസ്റ്റ് ചെയ്ത്. എന്നാല്‍ വീഡിയോയില്‍ നിന്നും ടിക്കറ്റിന്റെ പിഎന്‍ആര്‍ നമ്പര്‍ മനസിലാക്കിയ ഒരു വിരുതന്‍ രണ്ട് മണിക്കൂറിനുള്ളില്‍ ഈ ടിക്കറ്റ് റദ്ദാക്കി. ഈ വിവരം ഏപ്രില്‍ ഒന്നിനാണ് ലാബു അറിഞ്ഞത്. 21,045 രൂപയായിരുന്നു ടിക്കറ്റിന്‍റെ വില. 9,000 രൂപ മാത്രമാണ് കമ്പനി ഇയാള്‍ക്ക് തിരികെ നല്‍കിയത്. ടിക്കറ്റ് റദ്ദാക്കിയത് അറിഞ്ഞ ദിവസം തന്നെ ലാബൂ വീണ്ടും ടിക്കറ്റ് ബുക്ക് ചെയ്തു. രണ്ടാമത് ലാബു വീഡിയോ പോസ്റ്റ് ചെയ്ത് ആവേശം കാണിച്ചില്ല.