June 3, 2023 Saturday

Related news

October 16, 2022
May 14, 2022
November 28, 2021
July 30, 2021
June 18, 2021
April 20, 2021
March 2, 2021
January 13, 2021
September 14, 2020
June 19, 2020

അമിത കൂലിയും ധാർഷ്ട്യത്തോടെയുള്ള മറുപടിയും- ഓട്ടോ റിക്ഷ ചേട്ടന്മാരുടെ ശ്രദ്ധയ്ക്ക് ! മുതലെടുക്കപെടലുകളല്ല കരുതലാണാവശ്യം

Janayugom Webdesk
തിരുവനന്തപുരം
February 25, 2020 9:37 am

ഓട്ടോക്കാരുമായി ഒരിക്കലെങ്കിലും അമിതക്കൂലിയുടെ പേരിൽ തർക്കിക്കാത്തവർ ചുരുക്കമായിരിക്കും. തിരക്കിട്ട യാത്രകളിൽ പലപ്പോഴും ഓട്ടോറിക്ഷ ഒരു രക്ഷയാകാറുണ്ട് എന്നാൽ സ്ഥലത്തെത്തിക്കഴിഞ്ഞ് കാശ് കൊടുക്കുമ്പോഴാണ് പലപ്പോഴും പിറകേ ഹോണടിച്ചു വന്ന് ചിരിച്ചുകൊണ്ട് കയറണം എന്ന് പറഞ്ഞ പലരുടെയും നിറം മാറുന്നത്. മീറ്റർ ഇട്ടില്ല എന്നത് തങ്ങളുടെ അവകാശമെന്ന പോലെയാണ് ഓട്ടോ ഡ്രൈവർമാരിൽ പലരുടേയും പെരുമാറ്റം. എന്നാൽ നല്ലവരായ പല ഡ്രൈവർമാരും ഉണ്ട് താനും. ഇത്തരത്തിൽ അമിതക്കൂലിവാങ്ങുകയും യുവതിയോട് ധിക്കാരത്തോടെ പെരുമാറുകയും ചെയ്ത ഓട്ടോ ഡ്രൈവർക്ക് കയ്യോടെ പണികൊടുത്തിയിരിക്കുകയാണ് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ.

ഇക്കഴിഞ്ഞ ഇരുപതിന് രാത്രി അമ്മയെ തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ കാണിച്ച ശേഷം പുത്തൻപാലം വരെ ഓട്ടോ റിക്ഷയിൽ സഞ്ചരിച്ച ആര്യക്കും അമ്മയ്ക്കുമാണ് ഓട്ടോ ഡ്രൈവറിൽ നിന്ന് അപമാനകരമായ സംഭവം ഉണ്ടായത്. തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ നിന്ന് പുത്തൻ പാലം വരെ വരുന്നതിന് സാധാരണ നിലയിൽ 30–35 രൂപയാണ് ആകുന്നത്. KL-01 ‑CJ ‑9739 എന്ന ഓട്ടോറിക്ഷയിൽ കയറിയ ശേഷം യാത്ര തുടങ്ങി. മീറ്റർ ഇടാൻ ആവശ്യപ്പെട്ടെങ്കിലും അത് ചെയ്തില്ലെന്നു മാത്രമല്ല റിട്ടേൺ ചാർജ് കൂടി നൽകേണ്ടി വരുമെന്നും ആവശ്യപ്പെട്ടു.

സുഖമില്ലാത്ത അമ്മകൂടെയുള്ളതിനാലും അത്യാവശ്യം തങ്ങളുടേതായതിനാലും അത് അവർ സമ്മതിച്ചു. എന്നാൽ സ്ഥലത്തെത്തിയപ്പോൾ ഓട്ടോ ഡ്രൈവർ ആവശ്യപ്പെട്ടത് 100 രൂപ. നൂറു രൂപയായതിനെ ചോദ്യം ചെയ്തപ്പോൾ ധിക്കാരപൂർവ്വം വേണമെങ്കിൽ 10 രൂപ മടക്കി നൽകാമെന്ന് മറുപടി. നല്ല രീതിയിൽ പറഞ്ഞിരുന്നെങ്കിൽ ഈ രാത്രി തങ്ങളെ സഹായിച്ചതല്ലെ എന്നതീതിയിലെങ്കിലും പണം നൽകാൻ തയ്യാറാകുമായിരുന്നു എന്നാണ് ആര്യ പറയുന്നത്.

എന്നാൽ പരാതികളൊന്നും ഉയർന്നില്ലെങ്കിൽ ഇത്തരം മോശപ്പെട്ട പെരുമാറ്റവും കയ്യും കണക്കുമില്ലാതെ കൂലിയീടാക്കലുമെല്ലാം ഇത്തരക്കാർ ഇനിയും തുടരുമെന്നതിൽ സംശയമില്ല. വീട്ടിൽ കാര്യം പറഞ്ഞപ്പോളാണ് എല്ലാവരും ആര്യയോട് പരാതി നൽകാൻ ആവശ്യപ്പെട്ടത്. തുടർന്ന് മോട്ടോർ വാഹന വകുപ്പിന്റെ ഫേസ്ബുക്ക് പേജിൽ ഓട്ടോ നമ്പർ സഹിതം തങ്ങൾക്കുണ്ടായ ദുരനുഭവം ആര്യ പങ്കുവെച്ചു. ഉടൻ വന്നു ഉദ്യോഗസ്ഥരുടെ വിളിയും തനിക്കുണ്ടായ അപമാനത്തിന് തക്കതായ പരിഹാരവും. . വിഴിഞ്ഞം ഭാഗത്തു നിന്നും ആ ഓട്ടോറിക്ഷ ഡ്രൈവറെ പിടികൂടുകയും ആര്യയിൽ നിന്നും അധികം ഈടാക്കിയ തുക മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ തിരികെ വാങ്ങി നൽകുകയും ചെയ്തു. ഇത്തരം ദുരനുഭവങ്ങൾ ഉണ്ടാകുമ്പോൾ പത്തിൽ ഒമ്പതു പേരും പ്രതികരിക്കാതെ ചോദിക്കുന്ന പണവും കൊടുത്ത് മിണ്ടാതെ പോകുന്നതാണ് ഇത്തരക്കാർക്ക് പ്രചോദനമാകുന്നത്.

ആര്യയുടെ ഫേസ്‌ബുക്ക് പോസ്റ്റ്

ഓട്ടോ റിക്ഷ ചേട്ടന്മാരുടെ ശ്രദ്ധയ്ക്ക് ! മുതലെടുക്കപെടലുകളല്ല കരുതലാണാവശ്യം

എന്തിനും ഏതിനും കുറ്റം മാത്രം കണ്ടെത്തുന്ന സർക്കാർ ഉദ്യോഗസ്ഥരുടെ നല്ല മനസ്സും നാം കാണാതെ പോകരുത്. എനിക്ക് ഇന്ന് തുണയായി നീതി ലഭ്യമാക്കി തന്ന ആ നല്ല മനസ്സുള്ള മോട്ടോർ വെഹിക്കൾ ഡിപ്പാർട്മെന്റിലെ ഉദ്യോഗസ്ഥരെ സ്മരിക്കാതെ, അവരോട് നന്ദി രേഖപ്പെടുത്താതെ പോകാൻ കഴിയില്ല.

സംഭവത്തിനാസ്പദമായ സംഭവം ഇന്നലെ രാത്രി (20/ 02/ 2020) അമ്മയ്‌ക്ക്‌ വയ്യാതായതിനെ തുടർന്ന് ജനറൽ ആശുപത്രിയിൽ പോയിട്ട് അവിടെ നിന്നും ഞങ്ങൾ കണ്ണമ്മൂല (പുത്തൻപാലത്തിനടുത്ത്‌) വരെ KL-01 ‑CJ ‑9739 എന്ന നമ്പർ ഓട്ടോയിൽ കയറിയപ്പോഴാണ്. ഇവിടെ നിന്നും വീട്ടിലേയ്ക്കു സാധാരണ 30–35 രൂപ വരെയാണ് നിരക്ക്. അമ്മയുടെ ദേഹാസ്വാസ്ഥ്യത്തിന്റെ തിരക്കിൽ കയറിയപാട് മീറ്റർ ഇട്ട് ഓടാൻ നിർദ്ദേശിക്കാൻ കഴിഞ്ഞില്ല. ഓട്ടോയിൽ കയറി അൽപം മുന്നിലേയ്ക്ക് (മിറാൻഡ ജംഗ്ഷനിലേയ്ക്ക് ഉള്ള ഇറക്കം റോഡ്) വന്ന ശേഷം ഡ്രൈവറോട് മീറ്റർ ഇടാൻ ആവശ്യപ്പെട്ടു. എന്നാൽ  ഞങ്ങളോട് റിട്ടേൺ ചാർജ് കൂടെ കൊടുക്കണം എന്ന് ആവശ്യപ്പെടുകയായിരുന്നു ഇയാൾ.

രാത്രി ആയതു കൊണ്ടും രണ്ടു സ്ത്രീകൾ മാത്രമായതുകൊണ്ടും അയാൾ പറഞ്ഞതുപോലെ കൊടുക്കാം എന്ന് തന്നെ കരുതി. പക്ഷെ പറഞ്ഞ സ്ഥലത്ത് എത്തിയ ശേഷം ടിയാന്റെ മട്ടും ഭാവവും മാറി. ഞങ്ങളിൽ നിന്നും 100 രൂപ വാങ്ങുകയും ബാക്കി ഒന്നും തന്നെ തരാൻ കൂട്ടാക്കിയതുമില്ല.  ചോദിച്ചപ്പോൾ ധാർഷ്ട്ട്യത്തോടെയുള്ള മറുപടി — “രാത്രി ഇങ്ങനെ തന്നെ ആണ്, വേണമെങ്കിൽ 10 രൂപ തരാം..” അമ്മയ്‌ക്ക് കൂടുതൽ സമയം നിൽക്കാനുള്ള വയ്യായ്ക കാരണം അധികം സംസാരിക്കാൻ കഴിഞ്ഞില്ല.

അയാൾ മാന്യമായി സംസാരിച്ചിരുന്നുവെങ്കിൽ സന്തോഷത്തോടെ കാശ് കൊടുത്തിട്ടു  പോകുമായിരുന്നു, പക്ഷെ ചോദിച്ചപ്പോൾ ദാനം തരുന്ന പോലെയുള്ളതായിരുന്നു ടിയാന്റെ മറുപടി.ആരുടെയും ദാനമല്ല മറിച്ചവകാശപ്പെട്ടതാണ്‌ ഞാൻ ആവശ്യപ്പെട്ടത്.

തട്ടിപ്പറിക്കുന്നതും അറിഞ്ഞു കൊടുക്കുന്നതും തമ്മിൽ ഒരുപാട് വ്യത്യാസം ഉണ്ടെന്നാണ് എൻ്റെ വിശ്വാസം.100 രൂപ ഉണ്ടെങ്കിൽ അതിൽ 90 രൂപയ്ക്കും കൃത്യമായി കണക്കുകൂട്ടൽ ഉണ്ടാക്കി ജീവിക്കുന്ന ഒരു കൂട്ടം സാധാരണക്കാർ ജീവിക്കുന്ന ഈ സ്ഥലത്തു, ഇങ്ങനെയും കുറച്ചാളുകൾ യാതൊരു ദയ ദാക്ഷിണ്യം ഇല്ലാതെ മറ്റുള്ളവരെ പറ്റിച്ചു ജീവിക്കുന്നു. (കൂട്ടത്തിൽ ചിലർ മാത്രമേ ഇങ്ങനെ ഉളളൂ എന്നും കൂട്ടിച്ചേർക്കട്ടെ.)

ഈ വിഷമം വീട്ടിൽ അറിയിച്ചപ്പോൾ പരാതിയുമായി മുന്നോട്ടു പോകാൻ ധൈര്യം തന്നു. അങ്ങനെ ഇന്ന് മോട്ടോർ വാഹന വകുപ്പിന്റെ ഒഫീഷ്യൽ ഫേസ്ബുക് പേജിലൂടെ പരാതി ബോധിപ്പിച്ചു. പത്തു നിമിഷത്തിൽ കൂടുതൽ എടുത്തില്ല ഉടനെ തന്നെ വകുപ്പിൽ നിന്നും വിളി വന്നു. വേണ്ടുന്ന നടപടി ഉടനെ എടുക്കാമെന്ന് ഹരീഷ് കുമാർ എന്ന് സ്വയം പരിചയപ്പെടുത്തിയ സർ ഉറപ്പു തന്നു. വളരെ സൗഹാർദ്ദമായ ഇടപെടലായിരുന്നു ഉദ്യോഗസ്ഥരിൽ നിന്നും ഉണ്ടായത്. തുടർന്ന് വിഴിഞ്ഞം ഭാഗത്തു നിന്നും ആ ഓട്ടോ ഡ്രൈവറെ പിടികൂടുകയും എന്നിൽ നിന്നും അധികം ഈടാക്കിയ തുക തിരികെ വാങ്ങി തരികയും ചെയ്തു.

മോട്ടോർ വാഹന വകുപ്പിന്റെ ദ്രുത ഗതിയിലുള്ള നടപടി ഏറെ പ്രശംസനീയമാണ്. ഈ ഉദ്യോഗസ്ഥർ സാധാരണക്കാരിയായ എനിക്ക് നൽകിയ തുണയും കരുതലും ഏറെ ഊർജ്ജവും പ്രതീക്ഷയും തരുന്നു. കൂട്ടത്തിൽ സമയാസമയം വിവരം ആരാഞ്ഞ നജീബ് സാറിനും ബിജു സാറിനും നന്ദി രേഖപ്പെടുത്തുന്നു.

Eng­lish Sum­ma­ry: Viral face­book post against auto driver

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.