ദയവായി അറിയുന്നവര്‍ ഈ പെണ്‍കുട്ടിയുടെ വീട്ടില്‍ അറിയിക്കുക, രജിസ്‌ട്രേഷന്‍ ഓഫിസിലെ ഫോട്ടോ; ഗംഭീര മറുപടിയുമായി വരന്‍

Web Desk
Posted on August 04, 2019, 12:19 pm

സ്പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരം വിവാഹം കഴിക്കാന്‍ സമര്‍പ്പിച്ച അപേക്ഷയുടെ ചിത്രം പകര്‍ത്തി സമൂഹമാധ്യമങ്ങിലൂടെ പ്രചരിക്കാന്‍ തുടങ്ങിയിട്ട് ദിവസങ്ങളായി. ഫേസ്ബുക്കിലും വാട്സാപ്പിലും നിരവധി പേരാണ് ചിത്രങ്ങള്‍ ഷെയര്‍ ചെയ്യുന്നത്. എന്നാല്‍, സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന പോസ്റ്റുകള്‍ക്കെതിരെ അതിഗംഭീര മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് വരന്‍.

കണ്ണൂര്‍ സ്വദേശിയും സോഫ്റ്റ് വെയര്‍ എന്‍ജിനീയറുമായ മിഖ്ദാദ് അലിയാണ് തനിക്കെതിരെ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുന്ന പോസ്റ്റുകള്‍ക്കെതിരെ അതിഗംഭീര മറുപടിയുമായി രംഗത്തെത്തിയത്. മിഖ്ദാദ് അലിയും കോഴിക്കോട് സ്വദേശിയായ കസ്തൂരിയും തമ്മിലുള്ള വിവാഹത്തിന് ഇരുവരും സ്‌പെഷ്യല്‍ മാരേജ് ആക്‌ട് പ്രകാരം രജിസ്ട്രാര്‍ ഓഫീസില്‍ അപേക്ഷ നല്‍കിയിരുന്നു. ഇതിന്‍റെ ഭാഗമായി രജിസ്ട്രാര്‍ ഓഫീസില്‍ പതിപ്പിച്ച നോട്ടീസിന്‍റെ ചിത്രമാണ് ചിലവിരുതന്മാര്‍ ഫേസ്ബുക്കിലും വാട്‌സാപ്പിലും പ്രചരിപ്പിച്ചത്. ‘ദയവായി അറിയുന്നവര്‍ ഈ പെണ്‍കുട്ടിയുടെ വീട്ടില്‍ അറിയിക്കുക’ എന്ന തലക്കെട്ടോടെയായിരുന്നു പോസ്റ്റ് പ്രചരിച്ചത്. ബൈജു പുതുവായ് എന്ന ഫേസ്ബുക്ക് അക്കൗണ്ടില്‍നിന്ന് ഷെയര്‍ ചെയ്ത ഈ പോസ്റ്റിന്‍റെ സ്‌ക്രീന്‍ഷോട്ട് സഹിതമാണ് വരനായ മിഖ്ദാദ് അലി അതിഗംഭീര മറുപടിയുമായി രംഗത്തെത്തിയത്.

ഞാന്‍ അറിയിച്ചാല്‍ മതിയോ ആവോ എന്നുപറഞ്ഞാണ് മിഖ്ദാദിന്‍റെ ഫേസ്ബുക്ക് പോസ്റ്റ് ആരംഭിക്കുന്നത്. താനും കസ്തൂരിയും വിവാഹിതരാകാന്‍ തീരുമാനിച്ചതിന്‍റെ ഭാഗമായാണ് അപേക്ഷ നല്‍കിയതെന്നും ഇത് മാതാപിതാക്കളുടെ സമ്മതത്തോടെയാണെന്നും മിഖ്ദാദ് പറയുന്നു. വിവാഹം കഴിഞ്ഞിട്ടില്ല, എല്ലാവരെയും വിളിച്ച്‌ നല്ലരീതിയില്‍ തന്നെ വിവാഹം നടത്തുന്നതാണെന്നും ചില പോസ്റ്റുകള്‍ പ്രചരിക്കുന്നതിനാലാണ് ഈ കുറിപ്പെന്നും യുവാവ് വ്യക്തമാക്കുന്നുണ്ട്.

താനും കസ്തൂരിയും അച്ഛനും കൂടി പോയാണ് അപേക്ഷ സമര്‍പ്പിച്ചതെന്നും ഇനി ആരെയും അറിയിക്കണമെന്നില്ലെന്നും മിഖ്ദാദിന്റെ മറുപടിക്കുറിപ്പിലുണ്ട്. എന്തായാലും മിഖ്ദാദ് അലിയുടെ പോസ്റ്റിന് താഴെ അദ്ദേഹത്തെ അഭിനന്ദിച്ച്‌ നിരവധിപേരാണ് കമന്റ് ചെയ്തിരിക്കുന്നത്. ഇത്തരം പ്രചരണങ്ങള്‍ നടത്തുന്നവര്‍ക്ക് അര്‍ഹിക്കുന്ന മറുപടിതന്നെയാണ് മിഖ്ദാദ് നല്‍കിയതെന്നും ഇവര്‍ പറയുന്നു.

ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം: