May 28, 2023 Sunday

വിരലറുത്താലും കൊന്നൊടുക്കിയാലും ജനങ്ങളെല്ലാം അറിയും

Janayugom Webdesk
December 24, 2019 10:22 pm

സ്വന്തമായൊരു അടിമരാഷ്ട്രം പണിതുയർത്തുകയെന്നതാണ് ആർ­എസ്എസിന്റെയും സംഘപരിവാറിന്റെയും അജണ്ട. നാലുമുഴം മു­മ്പേ­യെറിഞ്ഞ് നരേന്ദ്ര മോ­ഡിയും അമിത്ഷായും സമ്പദ് കേ­ന്ദ്രീ­കരിക്കാനും ഹിന്ദുരാഷ്ട്ര­ത്തിന്റെ അധിപന്മാരായി നിലകൊള്ളാനും തന്ത്രങ്ങൾ മെനയുന്നു. മോഡീയിസത്തിന്റെ ഈ ആപത്ഭാവം അതിഭീ­കരമാകുമെന്ന് തിരിച്ച­റിഞ്ഞ് ജനങ്ങളെ അത് ബോധ്യപ്പെ­ടുത്താനുള്ള കടമയേറ്റെടുത്തിരിക്കുന്നത് മാധ്യ­മപ്രവർത്തകരാണ്. അവരെ ഇല്ലായ്മ ചെയ്ത് മുന്നേറാ­നാണ് മോഡിയും അമിത്ഷായും അധികാരപദവികള്‍ ദുരുപയോഗിക്കുന്നത്. ഈ രാജ്യദ്രോഹികളിൽ നിന്ന് രക്തസാക്ഷിത്വം വരിക്കേണ്ടിവന്ന ഗൗരി ലങ്കേഷ്, ഷുജാദ് ബുഖാരി, ജെയ് ഡെ എന്നിവരാണ് ഇതിനെല്ലാം തെളിവ്.

ദേശീയ പൗരത്വ ഭേദഗതി ബില്ലുമായി ബന്ധപ്പെട്ട് രാജ്യ വ്യാപക പ്രതിഷേധങ്ങൾക്കിടയിലും മാധ്യമ പ്രവർത്തകർക്കുനേരെയുള്ള അതിക്രമങ്ങൾക്ക് യാതൊരു കുറവുമില്ല. അസം, ഉത്തർപ്രദേശ്, കർണാടക, ഡൽഹി തുടങ്ങിയ സ്ഥലങ്ങളിലാണ് മാധ്യമ പ്രവർത്തകർക്കുനേരെ അതിക്രമങ്ങൾ ഉണ്ടായതെന്ന് ഇതുമായി ബന്ധപ്പെട്ട കണക്കുകൾ വ്യക്തമാക്കുന്നു. മാധ്യമ പ്രവർത്തകർക്കുനേരെ ഉണ്ടാകുന്ന അതിക്രമ കേസുകൾ നടത്തുന്നതിൽ സർക്കാരുകൾ കാണിക്കുന്ന വീഴ്ച്ചയാണ് കൂടുതൽ സംഭവങ്ങൾ ഉണ്ടാകാനുള്ള കാരണമെന്നും വ്യക്തം. മോഡി സർക്കാർ അധികാരത്തിൽ എത്തിയശേഷം മാധ്യമ പ്രവർത്തകർക്കുനേരെ 200 ഗുരുതരമായ അതിക്രമ സംഭവങ്ങളാണ് ഉണ്ടായത്. അന്വേഷണാത്മക ജോലികൾക്കിടെയാണ് കൂടുതൽ മാധ്യമപ്രവർത്തകരും അക്രമങ്ങൾക്ക് ഇരയായതെന്ന് ഗെറ്റിങ് എവെ വിത്ത് മർഡർ- എ സ്റ്റഡി ഓൺ ദി കില്ലിങ്സ്, ഓഫ് ആന്റ് അറ്റാക്സ് ഓഫ് ജേണലിസ്റ്റ് ഇൻ ഇന്ത്യ എന്ന റിപ്പോർട്ട് സൂചിപ്പിക്കുന്നു.

മാ­ധ്യമ പ്രവർത്തകർക്കുനേരെയുള്ള അതിക്രമ കേസുകളിൽ ഭൂരിഭാഗവും ശിക്ഷിക്കപ്പെടാത്തതും അതിക്രമങ്ങൾ വർധിക്കുന്നതിന് കാരണമാകുന്നു. 2019 ൽ മാത്രം 39 അതിക്രമ സംഭവങ്ങളാ­ണ് റിപ്പോർട്ട് ചെ­യ്തത്. 2014­-­19 കാലയളവിൽ 198 കേസുകളാണ് ഇതുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്തത്. 2019ൽ ഏഴ് മാധ്യമ പ്ര­വർത്തകരാണ് കൊല്ലപ്പെട്ടത്. എന്നാൽ ഇതിൽ ഒരെണ്ണം മാത്രമാണ് അതിക്രമങ്ങളിൽ മരിച്ചതെന്നാണ് പൊലീസ് റിപ്പോർട്ട് പറയുന്നത്. ആന്ധ്രാ സ്വദേശിയും മാധ്യമ പ്രവർത്തകനുമായ സത്യനാരായണയുടെ മരണം മാത്രമാണ് കൊലപാതകമായി പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയത്. പൗരത്വ ഭേദഗതി ബില്ലിനെതിരെ മംഗളൂരുവിൽ നടന്ന പ്രതിഷേധം റിപ്പോർട്ട് ചെയ്യാനെത്തിയ കേരളത്തി­ൽ നിന്നുള്ള മാധ്യമ പ്രവർത്തകരെ അറസ്റ്റ് ചെയ്ത സംഭവവും റിപ്പോർട്ടിൽ പരാമർശിക്കുന്നു. ഉത്തർപ്രദേശിൽ ഹിന്ദു പത്രത്തിലെ മാധ്യമ പ്രവർത്തകനായ ഉമർ റഷീദിനെ കസ്റ്റഡിയിലെടുത്ത് മണിക്കൂറുകളോളം മതപരമായി അധിക്ഷേപിച്ചു.

കശ്മീരി മാധ്യമ പ്രവർത്തകൻ എന്ന നിലയിലും ചോദ്യം ചെയ്തു. തികച്ചും അപരിഷ്കൃതമായ സമീപനമാണ് യുപി പൊലീസിന്റെ ഭാഗത്തുനിന്നും ഉണ്ടായത്. 2014–18 കാലയളവിൽ 20 മാധ്യമ പ്രവർത്തകർ കൊല്ലപ്പെട്ടു. 63 പേർക്കെതിരെ അതിക്രമങ്ങൾ ഉണ്ടായി. ഈ കേസുകളിൽ പ്രതികളെ ശിക്ഷിച്ചിട്ടില്ലെന്നും റിപ്പോർട്ട് പരാമർശിക്കുന്നു. ഗൗരി ലങ്കേഷ്, ഷുജാദ് ബുഖാരി, ജെയ് ഡെ എന്നിവർ ഒഴികെ കൊല്ലപ്പെട്ട മാധ്യമ പ്രവർത്തകരെല്ലാം പ്രാദേശിക മാധ്യമങ്ങളിൽ പ്രവർത്തിക്കുന്നവരാണ്. 2014–19 കാലയളവിൽ 40 മാധ്യമ പ്രവർത്തകർ കൊല്ലപ്പെട്ടു. ഇതിൽ 21 മരണം ജോലിയുമായി ബന്ധപ്പെട്ട കാരണങ്ങളാണെന്ന് സ്ഥിരീകരിച്ചു. നടപടികൾ പൂർത്തിയാക്കിയ 30 കേസുകളിൽ മൂന്നെണ്ണത്തിൽ മാത്രമാണ് പ്രതികളെ ശിക്ഷിച്ചത്.

മാധ്യമ പ്രവർത്തകനായ രാംചന്ദ്ര ഛത്രപതിയുടെ കൊലപാതക കേസിൽ 17 വർഷത്തിന് ശേഷമാണ് പ്രതിയായ ദേരാ സച്ഛാ സൗധാ മുഖ്യൻ ഗുർമീത് റാം റഹീമിനെ ജീവപര്യന്തം ശിക്ഷിച്ചത്. മാധ്യമ പ്രവർത്തകർക്കുനേരെ വെടിവയ്പ്പ്, പെലറ്റ് ആക്രമണത്തിൽ കാഴ്ചശക്തി നഷ്ടപ്പെടുത്തുക, നിർബന്ധിച്ച് മദ്യം കുടിപ്പിക്കുക, ചവിട്ട്, തൊഴി, പെട്രോൾ ബോംബ് ആക്രമണം തുടങ്ങിയ തരത്തിലുള്ള ആക്രമണങ്ങളാണ് മാധ്യമ പ്രവർത്തകർക്കുനേരെ ഉണ്ടാകുന്നതെന്നും റിപ്പോർട്ട് പറയുന്നു. കർണാടകത്തിൽ അറസ്റ്റിലായ മലയാളി മാധ്യമ പ്രവകർത്തർ വ്യാജന്മാരാണെന്ന് തെറ്റി­ദ്ധ­രിപ്പിക്കാന്‍ സംഘപരിവാർ ചട്ടുകമായി പ്രവർത്തിക്കുന്ന വാർ­ത്താചാനൽ ശ്രമിച്ചെങ്കിലും ആ പദ്ധതി പാളി.

കേരളത്തിലെ അക്രഡിറ്റേഷൻ കർണാടകയില്‍ അംഗീകൃതമല്ലെന്ന് പറഞ്ഞ ബിജെപി സര്‍ക്കാരിന്റെ പൊലീസ്, കസ്റ്റഡിയിലിരിക്കെ പച്ചവെള്ളം പോലും കൊടുക്കാൻ തയ്യാറായില്ല. മോഡിക്കുവേണ്ടി കുഴലൂത്തു­ന­ട­ത്തുന്ന മാധ്യമ സ്ഥാപനങ്ങളുടെ മേധാവികൾ ഏതേത് വാർത്തകൾ, വിശക­ല­നങ്ങൾ കൊടുക്കണമെന്ന് അവിടങ്ങളിലെ പത്രപ്രവര്‍ത്ത­കരോട് പറയുന്നു. ഇതെല്ലാം വിദ്യാർഥി പ്രക്ഷോഭം പോലെ വലി­യൊരു മുന്നേറ്റത്തിനാവും നാന്ദിക്കുറിക്കുക. അത് മോഡീയിസത്തിന്റെ പതനത്തിനാവുമെന്നാണ് മാധ്യമങ്ങൾക്കുള്ള ജനകീയ പിന്തുണ ബോധ്യപ്പെടുത്തുന്നതും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.