അന്ന് ധോണിയത് ചെയ്തില്ലെങ്കില്‍ കോലി വെറും പകരക്കാരനായി മാറിയേനെ

Web Desk
Posted on April 21, 2019, 5:51 pm

മുംബൈ: ഇന്ന് ഇന്ത്യന്‍ ക്രിക്കറ്റിലുള്ളതില്‍ മികച്ച രണ്ട് താരങ്ങളാണ് കോലിയും ധോണിയും. കോലി ഇന്ത്യന്‍ ടീമില്‍ അരങ്ങേറ്റം കുറിക്കുന്നത് മുതല്‍ ധോണി കൂടെയുണ്ട്. ധോണി നായക സ്ഥാനം ഒഴിയുമ്പോഴും ആ സ്ഥാനം ഏറ്റവും യോജിച്ചതും കോലിക്ക് തന്നെയായിരുന്നു.

എന്നാല്‍ പലപ്പോഴും കോലി-ധോണി ആരാധകര്‍ തമ്മിലാണ് പോരാട്ടം. അതിനു കാരണം ഒരു പക്ഷേ കോലി ക്യാപ്റ്റനായത് തന്നെയാകാം. എന്നാല്‍ പല തവണ കോലിതന്നെ പറഞ്ഞിട്ടുണ്ട് ടീമിലെ പല നിര്‍ണ്ണായക തീരുമാനങ്ങളും എടുക്കുന്നത് ധോണിയാണെന്ന്.

ഇപ്പോള്‍ പുതിയൊരു തുറന്ന് പറച്ചിലുമായി കോലി രംഗത്തെത്തിയിരിക്കുകയാണ്. താന്‍ ഇന്ത്യന്‍ ടീമില്‍ കളിച്ച് തുടങ്ങുന്ന കാലത്ത് ധോണിയുടെ ഭാഗത്ത് ലഭിച്ച പിന്തുണയെക്കുറിച്ചാണ് കോലി ഇപ്പോള്‍ പറയുന്നത്.

എനിക്കുപകരം മറ്റാരെ വേണമെങ്കിലും പരീക്ഷിക്കാമായിരുന്നു. പക്ഷേ, അദ്ദേഹം എനിക്ക് എല്ലാ പിന്തുണയും നല്‍കി. വണ്‍ഡൗണായി ബാറ്റുചെയ്യാന്‍ അവസരം നല്‍കി. എന്നാല്‍ ഇപ്പോള്‍ ഒരുപാട് പേര്‍ അദ്ദേഹത്തെ വിമര്‍ശിക്കുന്നത് കാണുമ്പോള്‍ ബുദ്ധിമുട്ടുണ്ട്.

ഞാന്‍ ടീമിലേക്ക് വരുമ്പോള്‍ കുറച്ചു മത്സരങ്ങള്‍ കളിപ്പിച്ച ശേഷം എനിക്ക് പകരം മറ്റു താരങ്ങളെ ധോണിക്ക് പരീക്ഷിക്കാമായിരുന്നു. എന്നാല്‍ കിട്ടിയ അവസരങ്ങള്‍ ഞാന്‍ ഉപയോഗിച്ചു. അത് ധോണി നല്‍കിയ പിന്തുണ ഒന്നുകൊണ്ടു മാത്രമാണെന്നും കോലി പറയുന്നു.

മോശം ഫോമില്‍ കളിക്കുമ്പോഴെല്ലാം ആരാധകര്‍ ധോണിയെ വിമര്‍ശിക്കുന്നു. ഒരു മത്സരത്തെ കുറിച്ച് മറ്റാരേക്കാളും കൃത്യമായ ധാരണയുള്ള വ്യക്തിയാണ്. ഇങ്ങനെ ഒരു താരം വിക്കറ്റ് കീപ്പറായി ഉള്ളത് ടീമിന്റെ ഭാഗ്യമാണെന്നും കോലി കൂട്ടിച്ചേര്‍ത്തു.