ജൂഡിറ്റും നോറയും മറ്റുചിലരും

Web Desk
Posted on June 22, 2018, 9:00 am

ആനി തോമസ്

സമാനമായ കഴിവുകളോടും ചിന്താധാരകളോടുംകൂടി ഷേക്സ്പിയറിന് ഒരു സഹോദരി ഉണ്ടായിരുന്നെങ്കില്‍..  പതിനെട്ടാം നൂറ്റാണ്ടിലെ സ്ത്രീക്ക് പുരുഷനൊപ്പം അംഗീകാരവും വിദ്യാഭാസവും ലഭിച്ചിരുന്നെങ്കില്‍ എന്നൊരു സ്വപ്‌നം കാണുകയായിരുന്നു വിഖ്യാത എഴുത്തുകാരി വെര്‍ജീനിയ വൂള്‍ഫ്. വിശ്വസാഹിത്യ സാമ്രാട്ടിന്റെ കൂടെപ്പിറപ്പെന്ന സങ്കല്‍പ്പത്തെ അവര്‍ വിളിച്ചത് ജൂഡിറ്റെന്നാണ്.

വളരെ ചെറുപ്പത്തില്‍ തന്നെ ഏറെ കഴിവുകള്‍ പ്രകടിപ്പിച്ച ഷേക്‌സ്പിയറിന് രക്ഷകര്‍ത്താക്കള്‍ പാരമ്പര്യം അനുസരിച്ചു തന്നെ ഭാഷയിലും വ്യാകരണത്തിലും വിദ്യാഭ്യാസം നല്‍കി. ചുവരുകള്‍ക്കുള്ളില്‍ തളച്ചിടപ്പെടാതെ കുഞ്ഞു ഷേക്‌സ്പിയര്‍ ലോകത്തെ അറിഞ്ഞു വളര്‍ന്നു. വിവാഹപ്രായത്തിലും മുന്‍പ് അയല്‍ക്കാരിയുമായുള്ള വിവാഹവും കണക്കാക്കപ്പെട്ടതിലും നേരത്തെയുള്ള അവളുടെ പ്രസവവും അയാളില്‍ ലണ്ടനിലേക്ക് നാടുകടക്കുന്നതിനുള്ള ബുദ്ധി നിറച്ചു. നാടകങ്ങളെ ഏറെ ഇഷ്ടപ്പെട്ടിരുന്ന ഷേക്‌സ്പിയര്‍ തന്റെ കുതിരയുമായി നാടകശാലക്ക് മുന്നിലെത്തിയതും പിന്നീട് ആ ലോകത്തിന്റെ മുഖ്യകണ്ണിയായി തീര്‍ന്നതുമൊക്കെ വളരെ വേഗത്തിലായിരുന്നു. അയാളുടെ അതെ കഴിവുകളോടെ വളര്‍ന്ന ജൂഡിറ്റിന് ആകെ ലഭിച്ചത് അമ്മ പകര്‍ന്നു നല്‍കിയ അക്ഷരാഭ്യാസം മാത്രം. ഉള്ളില്‍ തളിര്‍ത്തുവരുന്ന സാഹിത്യ അഭിരുചി ജൂഡിറ്റില്‍ വായനയോടുള്ള അത്യാര്‍ത്തിയായി പരിണമിച്ചു. സഹോദരന്റെ കൈവശമുള്ള പുസ്തകത്തില്‍ നിന്നും ഏതാനും ചില താളുകള്‍ മറിച്ചു നോക്കാനേ കഴിഞ്ഞുള്ളു. കണ്ടുവന്ന അവകാശികള്‍ അവളോട് പറഞ്ഞത് തുണികളില്‍ ചിത്രപ്പണി ചെയ്യാനും അടുക്കള ജോലികള്‍ പരിശീലിക്കാനുമായിരുന്നു. ഉള്ളില്‍ നുരഞ്ഞു പൊന്തിയെത്തുന്ന വാക്കുകളെ കവിതകളാക്കി പത്തായത്തിനുള്ളില്‍ ആരും കാണാത്തൊരു കോണിലിരുന്ന് അവള്‍ താളുകളിലേക്ക് പകര്‍ത്തി. പിടിക്കപ്പെടുന്നതിനു മുന്‍പ് ശ്രദ്ധയോടെ അവ അഗ്‌നിക്കിരയാക്കി.
ബാല്യം അവസാനിപ്പിച്ച് കൗമാരം പടികടന്നെത്തിയപ്പോഴേക്കും അയല്‍വാസിയുമായി അവളുടെയും വിവാഹം ഉറപ്പിച്ചു. അയാളില്‍ തന്റെ നല്ലപാതിയെ കണ്ടെത്താനാകുന്നില്ലെന്നറിയിച്ച് ജന്മം നല്‍കിയവര്‍ക്ക് മുന്നിലവള്‍ അലമുറയിട്ടു കരഞ്ഞു. മാനനഷ്ടമെന്ന പിതാവിന്റെ ഭയം അവളുടെ കവിളിലും പുറത്തും അന്നാവശ്യത്തിലേറെ പതിഞ്ഞു.

കരഞ്ഞു തളര്‍ന്നിരിക്കുന്ന അവള്‍ക്കുമുന്നിലേക്ക് ഒരു പുത്തനുടുപ്പും മുത്തുമാലയും നീട്ടി നിറകണ്ണുകളോടെ അച്ഛന്‍ ആവശ്യപ്പെട്ടത് മകള്‍ തന്റെയും കുടുംബത്തിന്റെയും അഭിമാനം സംരക്ഷിക്കണമെന്നായിരുന്നു. മറിച്ചു പറയാന്‍ പഠിച്ചിട്ടില്ലാത്തവള്‍ മൗനിയായി മുകള്‍ നിലയിലെ മുറിക്കുള്ളിലൊളിച്ചു. അന്തരാത്മാവ് സാഹചര്യങ്ങളുമായി മല്ലിട്ട സമ്മര്‍ദ്ദത്തിന്റെ ആ രാത്രിയില്‍ മാറിയുടുക്കാന്‍ ചില വസ്ത്രങ്ങളുമായി ജനല്‍പ്പാളിയില്‍ കെട്ടിയുറപ്പിച്ച കയറിലൂടെ അവള്‍ താഴെ ഇരുട്ടിലേക്ക് ഊര്‍ന്നിറങ്ങി. സഹോദരനെപ്പോലെ മറ്റൊരു നാടകശാലയുടെ വാതില്‍ക്കലേക്ക് അവളും ചെന്നെത്തി. ആഗ്രഹമറിയിച്ച അവളെ പരിഹസിച്ച് ചുറ്റും കൂടിയ പുരുഷാധിപത്യം അട്ടഹസിച്ചു. എഴുത്തും അഭിനയവും സ്ത്രീയുടെ അര്‍ഹതകളില്‍ ഉള്‍പ്പെടുന്നില്ലെന്ന് തിയേറ്റര്‍ മാനേജര്‍ അവളെ ബോധ്യപ്പെടുത്താന്‍ ശ്രമിച്ചു. അവളുടെ ആഗ്രഹങ്ങള്‍ക്ക് പരിശീലനം നല്‍കില്ലെന്ന് അവര്‍ ഉറപ്പിച്ചു പറഞ്ഞു. ലോകമാകെയുള്ള അനേകലക്ഷം കാണികളുടെ വിശപ്പടക്കാനുതകുന്ന വാക്കുകളും വികാരങ്ങളും നിറഞ്ഞു ഭാരിച്ച മനസുമായി അര്‍ധരാത്രിയില്‍ തെരുവുകളിലൂടെ അവളലഞ്ഞു. നിഴലായി അവളെ തേടിയെത്തി ഉള്ളിലൊരു ജീവനുപേക്ഷിച്ചു പോയ തിയേറ്റര്‍ മാനേജരെങ്കിലും അറിഞ്ഞിരിക്കണം അവളുടെ ഉള്ളില്‍ തിളച്ചു മറിഞ്ഞ അഭിരുചികളുടെ ചൂട്. ഒരുവേനല്‍ക്കാല രാത്രിയില്‍ ലോകത്തെ തേടിയിറങ്ങിയവള്‍ മഞ്ഞു വീണു മരവിച്ച മറ്റൊരു രാത്രിയില്‍ മരണത്തെ തിരഞ്ഞറിഞ്ഞു. പേരോ ഓര്‍മയോ കൊത്തിവച്ചോരു ഫലകം പോലുമില്ലാതെ അവളലഞ്ഞു നടന്ന തെരുവിലെവിടെയോ വഴിയരികില്‍ ജീവനറ്റുകിടന്ന ഒരു മൃഗത്തിന് സമാനമായി അവളും മറവു ചെയ്യപ്പെട്ടു. ജൂഡിറ്റ് പതിനെട്ടാം നൂറ്റാണ്ടിന്റെ പെണ്‍മുഖമായിരുന്നു. വുള്‍ഫിന്റെ വായനാനുഭവത്തിലൂടെ ഒരുക്കപ്പെട്ടവള്‍.

സാഹചര്യങ്ങളോട് പൊരുതി ജയിച്ച ഏറ്റവും ശക്തയായ കഥാപാത്രമെന്ന് പത്തൊന്‍പതാം നൂറ്റാണ്ട് അടയാളപ്പെടുത്തിയത് ഹെന്‍ട്രിക് ഇബ്‌സന്റെ നോറയെയാണ്. തനിക്കു ചുറ്റും അവകാശങ്ങളില്ലാതെ അടിച്ചമര്‍ത്തപ്പെട്ട പെണ്മയെക്കണ്ട അസ്വസ്തനായൊരു പുരുഷന്റെ സൃഷ്ടിയായിരുന്നു നോറ. ഇബ്‌സന്‍ പാവവീട് എഴുതിയ സാമൂഹിക ചുറ്റുപാടില്‍ സ്ത്രീ അച്ഛനും ഭര്‍ത്താവിനുമിടയിലൊരു നിര്‍വചനം മാത്രമായിരുന്നു. ഏതു കാലത്തും തിരുത്തലുകള്‍ക്ക് വിധേയമായേക്കാവുന്നത്. വ്യവസ്ഥകളോട് കലഹിച്ച് ഭര്‍ത്താവ് ടോര്‍വാള്‍ഡ് ഹെര്‍മനെ എന്നേക്കുമായി ഉപേക്ഷിച്ച് പുറത്തേക്കിറങ്ങിയ നോറ വാതില്‍ വലിച്ചടച്ച ശബ്ദം മുഴങ്ങിക്കേട്ടത് നാടകശാലകള്‍ക്കുള്ളില്‍ മാത്രമായിരുന്നില്ല. മറിച്ചു യൂറോപ്പിന്റെ കപടസദാചാര ബോധത്തിനും പുരുഷമേല്‍ക്കോയ്മക്കും മേല്‍ അതൊരിടിമുഴക്കമായി പ്രതിധ്വനിച്ചു. വീടുവിട്ടിറങ്ങാന്‍ തുനിഞ്ഞ നോറയെ പുരുഷാധിപധ്യം ഓര്‍മപ്പെടുത്തി, ‘എല്ലാത്തിനുമുപരി നീയൊരു ഭാര്യയും അമ്മയുമാണ് ’ അവള്‍ മറുപടി അറിയിച്ചു, ‘ഇനി ഞാനങ്ങനെ വിശ്വസിക്കുന്നില്ല, അതിലുപരി ഞാനൊരു മനുഷ്യജീവിയാണ്.’
ഇരുപതാം നൂറ്റാണ്ടിലെ സ്ത്രീയുടെ പ്രതിരൂപമായി തന്റെ ലേഖനങ്ങളിലൂടെ വെര്‍ജീനിയ തന്നെ മാറി. സ്ത്രീ അപ്പോഴും പരിഹരിക്കപ്പെടാത്ത പ്രശ്‌നങ്ങളിലാണെന്ന് അവര്‍ പറഞ്ഞുകൊണ്ടേയിരുന്നു. പോരാടുന്നതിനുള്ള ആഹ്വാനത്തിനൊപ്പം നേടാനാകാതെ നീണ്ടുപോകുന്ന സ്വാതന്ത്ര്യം എന്ന സ്വപ്‌നം ഒരു നിരാശയായി അവരില്‍ പടര്‍ന്നു. ഒടുവില്‍ ഒന്നും അവശേഷിക്കാത്ത ജീവിതത്തില്‍ തോറ്റുവീഴാതെ സ്വയം മരണത്തിലേക്കവര്‍ നടന്നു നീങ്ങി.

‘സ്വപ്‌നങ്ങള്‍പോലെ അവള്‍ക്കു യാത്ര ചെയ്യാന്‍ കഴിയണം, അതിനുവേണ്ടി അവളുടെപക്കല്‍ പണമുണ്ടാകണം, അവള്‍ക്ക് സ്വന്തമായൊരു മുറിയുണ്ടായിരിക്കണം, തെരുവുകളില്‍കൂടി നടന്ന് വായിച്ച പുസ്തകങ്ങളെ ചര്‍ച്ച ചെയ്യണം, വാക്കുകള്‍ക്ക് ശക്തിയുണ്ടാകണം, എഴുതുവാന്‍ സ്വാതന്ത്ര്യം നേടണം ’ അസമത്വങ്ങള്‍ അവസാനിക്കാതെ തുടര്‍ന്ന അവളുടെ കാലത്ത് വെര്‍ജീനിയക്ക് അടുത്ത തലമുറയിലുള്ള പ്രതീക്ഷയായിരുന്നു വാക്കുകളില്‍ പ്രകടമായതത്രയും. വേരുകളുണ്ടായിട്ടും ഒഴുകിക്കൊണ്ടേയിരുന്നവള്‍ വീണ്ടും പറയുന്നു ’ അന്ന്, ഇവയൊക്കെ സ്വപ്‌നങ്ങളല്ലാതെയാകുമ്പോള്‍, ഷേക്‌സ്പിയറിന്റെ സഹോദരി ജൂഡിറ്റ് താനുപേക്ഷിച്ചുപോയ ശരീരം തേടി തിരികെയെത്തും.’

സമകാലിക ലോകത്ത് സ്ത്രീ സമസ്ഥ മേഖലകളിലും എത്തപ്പെട്ടു എന്നുപറയുമ്പോഴും വൂള്‍ഫിന്റെ ദീര്‍ഘവീക്ഷണം പോലെ അസമത്വങ്ങള്‍ അവസാനിക്കുന്നില്ല. വായനകള്‍ക്ക് വിധേയരാകേണ്ട കഥാപാത്രങ്ങളായി, ഭൂതകാലത്തിന്റെയും പാരമ്പര്യത്തിന്റെയും വേരുകളിലുടക്കി നില്‍ക്കുമ്പോഴും ഒഴുകാനുള്ള ശ്രമങ്ങളാകുന്നു ഓരോ സ്ത്രീയും. അടുത്ത തലമുറയിലേക്ക് വീണ്ടും പ്രതീക്ഷകളെ ചേര്‍ത്തുവയ്ക്കുന്നു. ഒരമ്പത് വര്‍ഷങ്ങള്‍ക്കപ്പുറമെങ്കിലും സമത്വം വിടരുമെന്ന് പിന്നെയും സ്വപ്‌നങ്ങള്‍ കാണുന്നു..