Web Desk

തിരുവനന്തപുരം‌

February 19, 2020, 10:14 pm

മൂന്ന് നഗരങ്ങളിൽ വിർച്വൽ കോടതി

Janayugom Online

ഡൽഹി മാതൃകയിൽ കേരളത്തിലും വിർച്വൽ കോടതി സംവിധാനം ആരംഭിക്കാൻ ഹൈക്കോടതി അനുമതി. ഈ സംവിധാനം നിലവിൽ വരുന്നതോടെ ട്രാഫിക് കുറ്റകൃത്യങ്ങൾക്ക് പിഴയടയ്ക്കാൻ നേരിട്ട് കോടതിയിൽ പോകേണ്ടിവരില്ല. നടപടികളിൽ സുതാര്യത ഉറപ്പുവരുത്താനും കേസുകൾ വേഗത്തിൽ തീർപ്പാക്കാനും ഇതുമൂലം സാധിക്കും. ഇതോടെ സമൻസും നോട്ടീസുകളും കെട്ടിക്കിടക്കുന്ന അവസ്ഥ പൂർണ്ണമായും ഒഴിവാകും. ഒരു ആപ്പിന്റെ സഹായത്തോടെ ബന്ധപ്പെടാൻ കഴിയുന്ന വിർച്വൽ ജഡ്ജിയെ നിയമിക്കുകയാണ് ഹൈക്കോടതി ചെയ്യുന്നത്. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് നഗരങ്ങളിൽ ഈ സംവിധാനം ഏപ്രിൽ ഒന്നിന് നിലവിൽ വരും.

ട്രാഫിക് കുറ്റകൃത്യങ്ങൾ, റയിൽവേ കോടതിയുമായി ബന്ധപ്പെട്ട കേസുകൾ, തൊഴിൽ സംബന്ധമായ കേസുകൾ, മുനിസിപ്പൽ കേസുകൾ എന്നിവ ഈ സംവിധാനത്തിൻ കീഴിൽ വരും. ഗതാഗതനിയമലംഘനം നടത്തുന്നവരുടെ വാഹനങ്ങളുടെ വിവരങ്ങൾ പൊലീസിന്റേയോ മോട്ടോർ വാഹനവകുപ്പിന്റേയോ ഇ‑ചെല്ലാൻ സംവിധാനം വഴി രേഖപ്പെടുത്തുകയാണ് ചെയ്യുക. നിയമലംഘനം നടത്തിയയാളെ തിരിച്ചറിഞ്ഞശേഷം കോടതി മറ്റ് നടപടികളിലേയ്ക്ക് കടക്കും. പൊലീസ് പിടിച്ചെടുക്കുന്ന രേഖകൾ ശരിയാണോ എന്ന് പരിശോധിക്കാനും സംവിധാനമുണ്ട്. വാഹനത്തിന്റെ ഇനം അനുസരിച്ചും കേസുകൾ തരംതിരിക്കാനാകും.

പരിശോധനയ്ക്കിടെ റോഡിൽ വച്ച് ചെല്ലാൻ നൽകുമ്പോൾ ജിപിഎസ് സഹായത്തോടെ കൃത്യം നടന്ന സ്ഥലം രേഖപ്പെടുത്തും. ജില്ലാ, മേഖലാ അടിസ്ഥാനത്തിൽ കണക്കുകൾ ക്രോഡീകരിക്കാൻ ഇത് സഹായിക്കും. തന്റെ മേൽ ചുമത്തുന്ന കുറ്റത്തിന്റെ വകുപ്പും ശിക്ഷാനടപടികളും ഉൾപ്പെടെയുള്ള വിവരങ്ങൾ മനസ്സിലാക്കാൻ ഇതുവഴി നിയമലംഘകർക്ക് കഴിയും. മോട്ടോർ വാഹനവകുപ്പിന്റെ വാഹൻസാരഥി എന്ന സംവിധാനം ഉപയോഗിച്ചാണ് മൊബൈൽ നമ്പർ, വാഹനത്തിന്റെ നമ്പർ എന്നിവ മനസ്സിലാക്കുന്നത്. വാഹനത്തിന്റെ ഉടമസ്ഥാവകാശം കൈമാറുന്ന സന്ദർഭത്തിൽ ഒടിപിയുടെ സഹായത്തോടെ പേരും മൊബൈൽ നമ്പറും മാറ്റാനും സൗകര്യമൊരുക്കിയിട്ടുണ്ട്.

Eng­lish Sum­ma­ry: vir­tu­al court starts in ker­ala soon

You may also like this video