February 8, 2023 Wednesday

Related news

January 31, 2023
January 27, 2023
January 25, 2023
January 18, 2023
January 17, 2023
January 11, 2023
January 10, 2023
January 9, 2023
January 6, 2023
January 2, 2023

ശബരിമല തീര്‍ത്ഥാടനം പൂര്‍ണ്ണമായും വെര്‍ച്വൽ ക്യൂ സംവിധാനത്തിലൂടെ; മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

Janayugom Webdesk
തിരുവനന്തപുരം
November 13, 2020 6:46 pm

ശബരിമല തീര്‍ഥാടനത്തിന്റെ ആദ്യ രണ്ടു ദിവസങ്ങളില്‍ വെര്‍ച്വൽ ക്യൂവില്‍ രജിസ്റ്റര്‍ ചെയ്തവരില്‍ ദര്‍ശനത്തിന് എത്താത്തവരുടെ എണ്ണത്തിന് ആനുപാതികമായി അടുത്ത ദിവസങ്ങളിൽ കൂടുതല്‍ തീര്‍ത്ഥാടകരെ അനുവദിക്കുമെന്നും ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ഈ മാസം 16 തിങ്കളാഴ്ച ശബരിമല തീര്‍ഥാടനം ആരംഭിക്കാനിരിക്കെ അവസാനവട്ട ഒരുക്കങ്ങള്‍ വിലയിരുത്താന്‍ ദേവസ്വം മന്ത്രി വിളിച്ചു ചേര്‍ത്ത ഉന്നതോദ്യോഗസ്ഥരുടെ യോഗത്തിലാണ് തീരുമാനം. പൂര്‍ണ്ണമായും വെര്‍ച്വൽ ക്യൂ സംവിധാനത്തിലൂടെയായിരിക്കും പ്രവേശനം.

സാമൂഹ്യ അകലം പാലിച്ച് ദര്‍ശനത്തിന് തീര്‍ത്ഥാടകരെ ക്രമീകരിക്കും. ഇതിനായി ഓരോ തീര്‍ത്ഥാടകര്‍ക്കും സ്ഥലം അടയാളപ്പെടുത്തി നല്‍കും. 60നും 65നും മദ്ധ്യേ പ്രായമുള്ളവര്‍ മെഡിക്കൽ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമായും ഹാജരാക്കണം.

കോവിഡ് 19 രോഗികള്‍ തീര്‍ത്ഥാടനത്തിന് എത്താത്ത സാഹചര്യം ഉറപ്പ് വരുത്തും. തീര്‍ഥാടകര്‍ 24 മണിക്കൂറിനുള്ളില്‍ നടത്തിയ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കൈയില്‍ കരുതണം. ഇതിനു പുറമേ തിരുവനന്തപുരം, തിരുവല്ല, ചെങ്ങന്നൂര്‍, കോട്ടയം റെയിൽവേ സ്റ്റേഷനുകളിലും തീര്‍ത്ഥാടകര്‍ എത്തുന്ന എല്ലാ ബസ് സ്റ്റാന്റുകളിലും ഉൾപ്പെടെ വിവിധ കേന്ദ്രങ്ങളിൽ ആരോഗ്യ വകുപ്പ് ആന്റിജൻ ടെസ്റ്റ് നടത്തുന്നതിന് സജ്ജീകരണം ഒരുക്കും. നിലയ്ക്കലും പമ്പയിലും കോവിഡ് ടെസ്റ്റിംഗ് കിയോസ്കുകള്‍ ഏര്‍പ്പെടുത്തും.

അയല്‍സംസ്ഥാനത്തില്‍ നിന്ന് അടക്കം ശബരിമല തീര്‍ഥാടനത്തിന് എത്തുന്ന ആര്‍ക്കെങ്കിലും കോവിഡ് സ്ഥിരീകരിച്ചാൽ നെഗറ്റീവ് ആകുന്നതു വരെ ചികിത്സ നൽകും. തീര്‍ത്ഥാടകരുടെ ആവശ്യപ്രകാരം പൊതു, സ്വകാര്യ ആശുപത്രികളിൽ കോവി‍ഡ് ചികിത്സ നല്‍കും. പത്തനംതിട്ട, കോട്ടയം മെഡിക്കൽ കോളേജുകളിലും മറ്റ് സ്വകാര്യ ആശുപത്രികളിലും ചികിത്സ സൗകര്യവും ആംബുലൻസ് ഉൾപ്പെടെ എല്ലാ സൗകര്യങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

മാധ്യമങ്ങളിലേയും മറ്റ് വകുപ്പുകളിലേയും പരിമിത എണ്ണം ജീവനക്കാര്‍ക്ക് സ്റ്റേ അനുവദിക്കും. ഇവര്‍ വെര്‍ച്വൽ ക്യൂ വഴി രജിസ്റ്റര്‍ ചെയ്യേണ്ടതില്ല. ഐഡന്റിറ്റി കാര്‍ഡുകളും കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റും പരിശോധയ്ക്ക് ഹാജരാക്കണം. ബഹു: ഹൈക്കോടതി നിര്‍ദ്ദേശ പ്രകാരം നിലയ്ക്കലില്‍ 750 ഓളം തീര്‍ഥാടകര്‍ക്ക് വിരിവയ്ക്കാനുള്ള സൗകര്യം ഒരുക്കും. പമ്പയിലും, സന്നിധാനത്തും തീര്‍ത്ഥാടകര്‍ക്ക് വിരിവയ്ക്കാനോ തങ്ങാനോ ഉള്ള സൗകര്യങ്ങള്‍ കോവിഡിന്റെ സാഹചര്യത്തില്‍ ഉണ്ടാകില്ല.

മല കയറുമ്പോള്‍ മാസ്ക് നിര്‍ബന്ധമായി ധരിക്കേണ്ടതില്ല. ഉയര്‍ന്ന കായികാദ്ധ്വാനം വേണ്ട പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ മാസ്ക് ധരിക്കുന്നതിനെ കുറിച്ച് നിലവിലുള്ള പ്രൊട്ടോക്കോള്‍ അനുസരിച്ചാണ് ഈ ഇളവ്. എന്നാല്‍ കര്‍ശനമായ സാമൂഹ്യ അകലം തീര്‍ഥാടകര്‍ പാലിക്കേണ്ടതാണ്. ഉപയോഗിച്ചു കഴിഞ്ഞ മാസ്ക്ക് വലിച്ചെറിയാൻ പാടുള്ളതല്ല. ഉപയോഗിച്ചു കഴിഞ്ഞ മാസ്ക്ക് ശേഖരിച്ച് നശിപ്പിക്കാൻ പ്രത്യേക സൗകര്യം ഏര്‍പ്പെടുത്തും. കടകളിൽ സാനിറ്റൈസറുകളും മാസ്ക്കുകളും മറ്റ് അണുനശീകരണ സാധനങ്ങളും വിൽപ്പനയ്ക്കും അല്ലാതെയും ലഭ്യമാക്കണമെന്ന് നിര്‍ദ്ദേശം നല്‍കും. ആവശ്യത്തിന് മെ‍ഡിക്കൽ സെന്ററുകൾ, ഓക്സിജൻ പാര്‍ലറുകൾ എന്നിവയും പ്രവര്‍ത്തിപ്പിക്കാനും

സാമൂഹ്യ അകലം പാലിച്ച് ഇരിപ്പിടമൊരുക്കി തീര്‍ത്ഥാടകര്‍ക്കുള്ള അന്നദാനം നടത്തും. തീര്‍ഥാടകര്‍ക്ക് പമ്പയില്‍ 200 രൂപ അടച്ചാൽ സ്റ്റീൽ പാത്രത്തില്‍ ചുക്ക് വെള്ളം നല്‍കുകയും തീര്‍ത്ഥാടനം കഴിഞ്ഞ് മടങ്ങുമ്പോള്‍ പാത്രം തിരികെ ഏൽപ്പിച്ചാല്‍ പൈസ തിരികെ നൽകുകയും ചെയ്യുന്ന സംവിധാനം ദേവസ്വം ബോർഡ് ഒരുക്കും.

‍ ഡ്യൂട്ടിയിലുള്ള കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ക്ക് ദേവസ്വം ബോർഡ് മെസിൽ ഭക്ഷണം ലഭ്യമാക്കും. ടോയ് ലെറ്റുകളുടെ പ്രവര്‍ത്തനം ആരോഗ്യ വകുപ്പും ദേവസ്വം ബോര്‍ഡും ചേര്‍ന്ന് നിരീക്ഷിക്കുകയും അണുനശീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ചെയ്യും.

തിരുവിതാകൂ‍ര്‍ ദേവസ്വം ബോർഡ് പ്രസിഡന്റ്, ശ്രീ.എന്‍.വാസു, റവന്യു (ദേവസ്വം) വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ശ്രീ കെ.ആര്‍.ജ്യോതിലാല്‍, സംസ്ഥാന ഹെൽത്ത് മിഷൻ ഡയറക്ടര്‍ ശ്രീ രത്തൻകേൽക്കര്‍, സംസ്ഥാന പോലീസ് എ.ഡി.ജി.പി ‍ഡോ: ഷേഖ് ദര്‍വേഷ് സാഹിബ്, ആരോഗ്യവകുപ്പ് ഡയറക്ടര്‍ ഡോ സരിത ആര്‍.എൽ, ബി.എസ്.തിരുമേനി, കമ്മീഷണർ, തിരുവിതാംകൂർ ദേവസ്വം ബോർഡ് മറ്റ് ഉന്നത ഉദ്യോഗസ്ഥർ എന്നിവരും പങ്കെടുത്തു.

Eng­lish sum­ma­ry: Sabari­mala pilgrimage

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.