25 April 2024, Thursday

വിരുന്നു വരുന്ന വസന്തഭംഗികൾ

ഡോ. എം. ഡി മനോജ്
August 29, 2021 4:18 am

ജീവിതത്തിൽ നാമെത്രയോ പാട്ടുകളെ പരിചയപ്പെടുന്നു. വീണ്ടും വീണ്ടും കേൾക്കുമ്പോൾ പല വികാരങ്ങൾ നമ്മിലുണർത്തുന്ന പാട്ടുകൾ. അപൂർവ്വമായി ചിലത് നമ്മെ വീണ്ടും തേടിവരുന്നു. അണയാത്തിരികളായി വർത്തിക്കുന്ന ആ പാട്ടുവെളിച്ചങ്ങളോട് നമുക്ക് ആത്മീയബന്ധം പോലുമുണ്ടാകുന്നു. പാട്ട് സാന്ദ്രമായ ഒരു നാദാനുഭവമാകുമ്പോൾ അത് എത്രപെട്ടെന്നാണ് നമ്മുടെ മനസ്സിനെ ആർദ്രപൂർണ്ണമാക്കുന്നത്? അനശ്വരതയുടെ സൂര്യജ്വാലകൾ ഉണർത്തുന്ന ഒരു പാട്ട് നിനവിൽ വരുന്നു. പ്രകൃതി, താളം, പൊരുൾ, സംഗീതം, നിറച്ചാർത്ത് എന്നിവയെല്ലാം കൂടിച്ചേർന്നതും കൽപനകളുടെ സംഗ്രഹശക്തി നിറഞ്ഞതുമായൊരു പാട്ട്. ‘മനസ്സിൻ ആരോഹണം’ എന്നു തുടങ്ങുന്ന ആ പാട്ടിന്റെ ശിൽപികൾ കാവാലം-ശ്യാം ജോഡികൾ ആയിരുന്നു. സന്ധ്യക്കെന്തിന് സിന്ദൂരം എന്ന സിനിമയിൽ എസ് ജാനകി പാടിയ ഗാനം (കെ ജി മാർകോസ് ഈ പാട്ട് പാടിയിട്ടുണ്ട്). ബാലമുരളീകൃഷ്ണയുടെ ശബ്ദവും പാട്ടിന്റെ ഒരു വേർഷനിലുണ്ട്. മനസ്സിനും ജീവിതത്തിനും നിറംകൊടുക്കുന്ന ഒരേർപ്പാടുണ്ട് ഈ പാട്ടിൽ നിറയെ. നിറംമുറ്റിയ പ്രകൃതിക്കൊരു താളനിബദ്ധമായ പൊരുളുണ്ടെന്ന് ഈ പാട്ടിലൂടെയറിയാൻ കഴിയും. നിറങ്ങളുടെയും ഋതുക്കളുടെയും വിളംബരങ്ങൾ പാട്ടിൽ പലമട്ടിൽ വിടരുന്നു. ദൃശ്യകവിതയുടെ ലഘുആഖ്യാനമാണ് ഈ പാട്ടിനെ സൗന്ദര്യഭദ്രമാക്കുന്നത്. കവിയുടെ മനസ്സ് പ്രകൃതിയുടെ നിറങ്ങളിലും സംഗീതങ്ങളിലും വിസ്മയംകൊള്ളുന്ന തിരയിളക്കമുള്ള ഒരു കടൽപോലെ. ഒരു പ്രത്യേകതരം മൈൻഡ് മാപ്പിങ്ങ് ആണിത്. മനസ്സിന്റെ ഭാവങ്ങളെ കോസ്മോളജിക്കൽ ആയി അടുക്കുന്ന മാന്ത്രികവിദ്യ. ഇവിടെ പാട്ടെന്നത് നിറത്തിന്റെയും സംഗീതത്തിന്റെ ഋതുപ്പകർച്ചകളുടെ സൗന്ദര്യസംഹിത. ഒരേസമയം ക്ലാസിക്കലും നാടോടിയുമായിത്തീരുന്ന പാട്ടുസ്വരൂപം. പാരിസ്ഥിതികവും കാവ്യാത്മകവുമായ പ്രതിബദ്ധത. ജീവന്റെ ഋതുശോഭകൾ നിറയുന്ന വസന്തർത്തുവിന്റെ പ്രകീർത്തനം. അങ്ങനെ പലതുമാകുന്ന ഈ പാട്ടിലേക്കുള്ള പടവുകൾ നിരവധി.

മനസ്സിൻ ആരോഹണം

കണിക്കൊന്നക്കൊമ്പത്തെ പൊന്നിൻ കിങ്ങിണി

കിരുകിരം തരിച്ചു പൂന്തേൻ വാർന്നു

പൂമാതിൻ നടനത്തിൻ ലയമുണർന്നു.

ഋതുപ്പകർച്ചയുടെ ആവേശത്തിൽ ശ്രുതിസുഭഗമാകുന്ന വാഴ്വിന്റെ അകപ്പൊരുൾ ഈ പാട്ടിൽ സ്വാഭാവികതയോടെ വന്നുചേരുന്നു. പ്രകൃതിയുടെ ഒരു ക്യാൻവാസ് തന്നെയൊരുക്കുകയാണിവിടെ കവി. അതിൽ വാക്കിന്റെ അഭിജാത സൗന്ദര്യം, ഗ്രാമ്യതയുടെ വിശദാംശങ്ങൾ, വിരുന്നു വന്ന വസന്തഭംഗികൾ, ഒരേ സമയം വർണ്ണവസന്തമാവുകയും, വസന്തവർണ്ണമാകുകയും ചെയ്യുന്ന സ്വരൂപം. ഇങ്ങനെ പാട്ട് ഒരർത്ഥത്തിൽ ഋതുഗീതമായി ചമയുന്നു. പ്രകൃതിയുടെ എല്ലാ പൊടിപ്പുകളിലേക്കും ഇറങ്ങിച്ചെല്ലാൻ വ്യഗ്രത കാട്ടുന്ന തൃഷ്ണാഭരിതമായ ഒരു മനസ്സുണ്ട്, പാട്ടിന്റെ പല്ലവിയിൽ. പ്രകൃതിയുടെ കാവ്യബിംബ സമൃദ്ധിയിൽ മനസ്സിന്റെ ഒരാറാടൽ. യോഗാത്മക സ്വഭാവം കൈവരുന്ന ഒരാറാടലിന്റെ വിടർച്ചകൾ. പ്രകൃത്യാനുരാഗിയുടെ പാട്ടാകുമ്പോൾ തന്നെയിത് സൗന്ദര്യാർച്ചനകളുടെ സാക്ഷാത്കാരം കൂടിയാകുന്നു. പാട്ടിലുണ്ടാകുന്ന ഭാവബദ്ധതകൾ ഇതൊക്കെയാണ്. കണിക്കൊന്ന പൂക്കുന്നതോടെ പൂമാതിന്റെ അഥവാ ഭൂമിദേവിയുടെ നടനത്തിന്റെ ലയമുണരുകയാണ്. ഭൂമീദേവിയുടെ ഉണർവ്വുകൾ ആണ് പാട്ടിന്റെ പല്ലവിയിൽ നിറയുന്നത്.

പാട്ടുകലയുടെ അനുഭൂതിയെ അതിന്റെ സൂക്ഷ്മതയിൽ വർണ്ണിക്കുവാൻ കവി ഉപയോഗിക്കുന്ന പദലീലകൾ, പൊയറ്റിക്ക് ഡിക്ഷൻ, ഇക്കോളജിക്കൽ സ്പെയ്സിങ്ങ്, വാമൊഴിയുമായി ബന്ധപ്പെട്ടുനിൽക്കുന്ന ഭാഷ, പ്രതീകങ്ങളേക്കാൾ പ്രതീതിയുണ്ടാക്കുന്ന രീതി- കാവാലമെഴുതിയ പാട്ടിന്റെ പൊലിയളക്കുന്നതിങ്ങനെയാണ്. പ്രകൃതിയുടെ വിശാലതയിലേക്ക് പാട്ട് നമ്മെ കൊണ്ടുപോകുന്നു.

നിറംകൊണ്ടും സംഗീതംകൊണ്ടും പ്രകൃതിയുടെ പ്രതിനിധാനത്തെ നിർവ്വചിക്കുന്ന ഒരു പാട്ടാണിത്. സകല കലകളുടെയും ഭാവബന്ധുരമായ സമന്വയങ്ങളുണ്ടിവിടെ. നടനം, സംഗീതം, ചിത്രകല, കളമെഴുത്തുകല അങ്ങനെ പലതിന്റെയും അനശ്വരമായ ഒരു ആർട്ട് ഗാലറിയെപ്പോലെയാണീ ഗാനം.

‘കുളിരോട് നിറം കലർന്നിളകവേ

ഇതളുകൾ വിരിഞ്ഞഴിഞ്ഞീയാനന്ദം

ശ്രുതിയോട് താളവും ചേർന്നൊഴുകും

സ്വർഗ്ഗീയ ഗന്ധർവ്വ സംഗീതം, വിശ്രാന്തി വീശുന്ന സന്ദേശം

തീരാത്ത സൗന്ദര്യത്തേരോട്ടം, വിരുന്നുവരുന്നൊരീ

വസന്തംഭംഗിയിൽ, മണ്ണിൽ നിന്ന് വിണ്ണിലേക്ക് ചിറകിളക്കാം’

ഈ അനുപല്ലവി മുതൽ ക്രിയാപദങ്ങളുടെ അരങ്ങേറ്റമാണ്. ഇളകൽ, വിരിഞ്ഞഴിയൽ, ഒഴുകൽ, ഉലയൽ, ഒരുക്കൽ, കളിയാടൽ, ചിറകിളക്കൽ… ഇങ്ങനെ പോകുന്നു ആ നിര. വിരുന്നുവരുന്ന വസന്ത ഭംഗികൾ, മണ്ണുംവിണ്ണും തീർക്കുന്ന സംഗമലീലകൾ എന്നിവയെല്ലാം അനുപല്ലവിയിലെ അപൂർവ്വദൃശ്യചാരുതകളാണ്. ഇവിടെ കുളിരിനോട് നിറം കലർന്നിളകുന്ന സറിയലിസ്റ്റ് കാഴ്ചയുണ്ട്. പ്രകൃതി അതിന്റെ ചായം ചാലിച്ചെഴുതിയ ചിത്രങ്ങൾക്കെന്തു ഭംഗിയാണ്? തീരാത്ത സൗന്ദര്യത്തേരോട്ടം, സ്വർഗീയഗന്ധർവ്വസംഗീതം, വിശ്രാന്തി വീശുന്ന സന്ദേശം എന്നീ മൂന്ന് ഫ്രെയിസുകളിലാണ് അനുപല്ലവിയുടെ ആരൂഢം.

ഏഴുവർണ്ണ സ്വരങ്ങൾക്കൊണ്ടുലയുവാൻ

കളിമഞ്ചമൊരുക്കുന്നു വാസന്തശ്രീ

ഒളികളിയാടുന്ന മാരിവില്ലേ

വർണ്ണങ്ങൾ കോർത്തുള്ള രാഗം നീ

അന്യൂനഭംഗികൾക്കാധാരം നീ

മാനത്തെ ആനന്ദനീരോട്ടം

കുളിർമ്മ നെഞ്ചിലെ കിളർന്ന മോഹമായ്

കണ്ണിൽ നിന്നും കാതിൽ നിന്നും മറയരുതേ…

ചരണത്തിലെത്തുമ്പോൾ പുതിയ ലോകത്തിന്റെ ശ്രുതിയുണർത്തിവരുന്നൊരു വാസന്തശ്രീയെ നാം വരവേൽക്കുകയാണ്. ഒരിക്കലും പ്രതീക്ഷിക്കാത്ത പലതും കൂട്ടിച്ചേർത്താണ് കാവാലം തന്റെ പദവിളക്കുകൾ തെളിയിക്കുക. വിശ്രാന്തി വീശുക, കിരുകിരം തരിച്ചു, കുളിരോട് നിറം കലർന്നിളകുക, കുളിർമ്മ നെഞ്ചിലെ കിളർന്ന മോഹം… ഇങ്ങനെ വാക്കുകൾ കൂട്ടംചേർന്നിളകി അന്യൂനഭംഗികൾ തീർക്കുന്നു. അനുപല്ലവിയിൽ നിന്ന് ചരണത്തിലേക്കുള്ള യാത്ര ശരിക്കും മണ്ണിൽനിന്നും വിണ്ണിലേക്കുള്ള യാത്ര തന്നെയാകുന്നില്ലേ… ‘ഒളികളിയാടുന്ന മാരിവില്ല്’ എന്ന പ്രയോഗം തന്നെ അത്രയ്ക്കും സുന്ദരമാണ്. ‘മാനത്തെ ആനന്ദനീരോട്ടം’ തന്നെയാണത്. പാടുന്ന വർണ്ണമായിട്ടാണ് മാരിവില്ലിനെ കാണുന്നത് (വർണ്ണങ്ങൾ കോർത്തുള്ള രാഗം). എത്രയോ പാട്ടുകളിൽ കാവാലം ഈയൊരു സങ്കൽപം തീർക്കുന്നുണ്ട്. നിറങ്ങളേ പാടൂ, എൻ വരകളിൽ ഒരു രവമായ് വിടരുമോ, എന്നീ പാട്ടുകളിലെല്ലാം ഇങ്ങനെ ദൃശ്യത്തെ ശ്രാവ്യമാക്കുന്ന പണിത്തരങ്ങൾ ശ്രദ്ധിക്കാനാവും.

ഇനി പറയേണ്ടത് ശ്യാമിന്റെ സംഗീതഭംഗികളെക്കുറിച്ചാണ്. വെസ്റ്റേൺ സംഗീതത്തിൽ ഒരുക്കിയ ഈ ഗാനം തീർച്ചയായും ട്യൂണിട്ട് എഴുതിയത് തന്നെ. ഈണമിട്ട് അതിൽ പദങ്ങൾ ചേർത്ത് പാട്ടൊരുക്കുന്ന സാന്ദ്രമായ ഒരു ജനപ്രിയതയായിരുന്നു ശ്യാമിന്റെ സംഗീത കലാദർശനം. കവിയുടെ കൂടെയിരുന്നപ്പോൾ പാട്ടിൽ ഒരുക്കിവെച്ച കോഡ് പ്രോഗ്രഷനുകൾക്ക് പുതിയ അർത്ഥതലങ്ങൾ സംഭവിക്കുകയായിരുന്നു. ഈ പാട്ടിന്റെ ഓർകസ്ട്രേഷനിൽ ശ്യാം പ്രയുക്തമാക്കിയ സൂക്ഷ്മതകൾ (പ്രത്യേകിച്ചും വയലിനും ഫ്ളൂട്ടും കൂടിച്ചേർന്ന കോമ്പിനേഷനുകൾ) അത്രയും ശ്രദ്ധേയമാണ്. പാട്ട് പഠിപ്പിക്കുന്ന ഒരു ദൃശ്യ സീക്വൻസിൽ നിന്നാണതിന്റെ തുടർച്ചകൾ. അതുകൊണ്ട് തന്നെ ആരോഹണത്തിന്റെ അദൃശ്യമായ പടവുകൾ കയറിപ്പോകുന്നതുപോലെ തോന്നും. എം ബി എസിന്റെ ശൈലികളിലെ ചില അംശങ്ങൾ ഈ പാട്ടിൽ എങ്ങനെയൊക്കെയോ കടന്നുവരുന്നുണ്ട്. കംപോസിങ്ങിലെ സമാനതകൾ ആവാം, ഒരു പക്ഷേ ഈ സാദൃശ്യത്തിന് പിന്നിൽ. എന്നാൽ എം ബി എസ് തന്റെ പാട്ടിൽ ശ്രദ്ധാപൂർവ്വം സന്നിവേശിപ്പിച്ച ഭാവത്തിനപ്പുറം ശ്യാം ഈ പാട്ടിൽ പ്രാധാന്യം നൽകിയത് അതിലെ ഈണത്തിന്റെ ആധികാരികതയിലും ഓർകസ്ട്രേഷനിലുമാണ്. രണ്ടു സംഗീതസംവിധായകരെ താരതമ്യം ചെയ്യുകയല്ല ഇവിടെ. എം ബി. എസ് ഈ പാട്ടിനെ സമീപിക്കുമ്പോൾ അത് മറ്റൊന്നായിത്തീരുമല്ലോ. പ്രകൃതിയിലെ സകലതും നാം നമ്മുടെ ആത്മാവിലേക്ക് വിലയിപ്പിക്കുമ്പോൾ അത് മനസ്സിന്റെ ആരോഹണം തന്നെയാകുന്നു. മനസും പ്രകൃതിയും ഒന്നാകുന്ന ആത്മീയമായ ഉയർച്ചകൾ. അതുതന്നെയാണ് ഈ പാട്ടിന്റെ ഉള്ളിനെ ഉണർത്തുന്നത്. ദൃശ്യശ്രാവ്യ ശിൽപസാന്ദ്രതയുടെ അനുപാതരഹസ്യങ്ങൾ കൊണ്ടുവരുന്ന അത്ഭുതലാവണ്യമായി ഈ പാട്ടുണ്ടാകും എക്കാലവും മലയാളിയുടെ മനസ്സിൽ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.