നിങ്ങളുടെ വാട്ട്സാപ്പ് ഉടൻ അപ്ഡേറ്റ് ചെയ്യണമെന്ന് മുന്നറിയിപ്പ്, കാരണം ഇതാണ്

Web Desk
Posted on November 18, 2019, 9:30 am

ന്യൂഡൽഹി: പെഗാസസ് സ്‌പൈവെയര്‍ സൃഷ്ടിച്ച കോലാഹലങ്ങള്‍ കെട്ടടങ്ങും മുന്‍പ് വാട്ട്സാപ്പില്‍ പുതിയ വൈറസ് ആക്രമണം. വാട്ട്സാപ്പ് വഴി അയക്കുന്ന വീഡിയോ ഫയലുകളിലൂടെ ഫോണില്‍ മാല്‍വെയറുകള്‍ കടത്തിവിടാനാകുമെന്നാണ് പുതിയ കണ്ടെത്തല്‍. ഫോണ്‍ ഹാക്ക് ചെയ്തു വിവരങ്ങള്‍ ചോര്‍ത്താന്‍ ശേഷിയുള്ള‌വയാണ് വിഡിയോകള്‍ വഴി എത്തുന്ന ഈ വൈറസ്. സുരക്ഷാ ഭീഷണി വാട്ട്സാപ്പ് സ്ഥിരീകരിച്ചിട്ടുണ്ട്.

കേന്ദ്ര ഇലക്ട്രോണിക്‌സ്, ഐ.ടി. മന്ത്രാലയത്തിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന ഏജന്‍സിയായ സിആർഇടിയാണ് മുന്നറിയിപ്പുമായെത്തിയിരിക്കുന്നത്. നേരത്തെ ഇസ്രായേലി ചാരസോഫ്റ്റ് വെയറായ പെഗാസസ് ഉപയോഗപ്പെടുത്തി നൂറിലധികം ഇന്ത്യക്കാരുടെ വിവരങ്ങൾ ചോർത്തപ്പെട്ടുവെന്ന് വാട്സ്ആപ്പ് അറിയിച്ചിരുന്നു. പിന്നാലെയാണ് വീണ്ടും സുരക്ഷ വീഴ്ചയെന്ന വാർത്തയെത്തുന്നത്. അതീവ ഗുരുതര സ്വഭാവമുള്ള സൈബർ ആക്രമണങ്ങളുടെ കൂട്ടത്തിൽപ്പെടുന്നതാണിതെന്നാണ് ഇവർ അറിയിച്ചിരിക്കുന്നത്.

എംപി 4 ഫോര്‍മാറ്റിലുള്ള വിഡിയോകള്‍ വഴിയാണ് വൈറസ് ആക്രമണം. അതീവഗുരുതര സ്വഭാവമുള്ള റിമോട്ട് കോഡ് എക്സിക്യൂഷന്‍ (ആര്‍സിഇ), ഡിനയല്‍ ഓഫ് സര്‍വീസ് (ഡിഒഎസ്) ആക്രമണങ്ങളാണ് ഹാക്കര്‍മാര്‍ നടത്തുന്നത്. ഫോണില്‍ ശേഖരിച്ച വാട്ട്സാപ്പ് ഡാറ്റ പോലും കയ്യടക്കാന്‍ സാധിക്കും. വാട്ട്സാപ്പ് മീഡിയാ ഫയലുകള്‍ ഒട്ടോഡൗണ്‍ലോഡ് ആക്കി വെച്ചത് ഹാക്കര്‍മാക്ക് ഫോണിലെത്താന്‍ എളുപ്പമാക്കും.

വാട്ട്സാപ്പ് ആപ്ലിക്കേഷന്‍ ഉടന്‍ അപ്‌ഡേറ്റ് ചെയ്യാനാണ് അധിക‌ൃതര്‍ നിര്‍ദേശിക്കുന്നത്. ആന്‍ഡ്രോയ്ഡ്, ഐഫോണ്‍ ഉപയോക്താക്കള്‍ വാട്ട്സാപ് പുതിയ പതിപ്പിലേക്ക് അപ്ഡേറ്റ് ചെയ്തു ഫോണ്‍ സുരക്ഷിതമാക്കണമെന്നു അധികൃതര്‍ ആവശ്യപ്പെട്ടു. മീഡിയ ഓട്ടോ ഡൗണ്‍ലോഡ് സംവിധാനം ഓഫ് ആക്കാനും അറിയാത്ത നമ്പറുകളില്‍ നിന്നുള്ള മീഡിയ ഫയലുകള്‍ തുറക്കരുതെന്നും നിര്‍ദേശമുണ്ട്.

അതേസമയം വീഡിയോ വൈറസ് ആക്രമണം ഇതുവരെ ഉപയോക്താക്കളെ ബാധിച്ചിട്ടില്ലെന്നാണ് വാട്ട്സാപ് അറിയിച്ചിരിക്കുന്നത്. ആപ്പ് അപഡേറ്റ് ചെയ്ത് ഈ വൈറസിന്റെ ആക്രമണം തടയാനാകും. സുരക്ഷാ ഭീഷണികൾ ഒഴിവാക്കി സുരക്ഷ കൂട്ടാൻ നിരന്തരം ശ്രമങ്ങൾ തുടരുകയാണെന്നും കമ്പനി അറിയിച്ചിട്ടുണ്ട്.