Saturday
14 Dec 2019

മലയാളിക്ക് സല്യൂട്ടടിച്ച് വൈറസ്

By: Web Desk | Sunday 30 June 2019 8:35 AM IST


അശ്വതി

നിപാ വൈറസ് ബാധയാണെന്ന സ്ഥിരീകരിച്ച് കൊച്ചിയില്‍ യുവാവിന്റെ ചികിത്സ തുടരുന്നതിനൊപ്പം കേരളം അതീവ ജാഗ്രത പുലര്‍ത്തിയ അവസരത്തിലാണ് ”വൈറസ്” തീയേറ്ററിലെത്തിയത്. കോഴിക്കോടും പരിസര പ്രദേശങ്ങളിലുമായി നിപാ വൈറസ് ബാധയുണ്ടായി ഒരു വര്‍ഷം പിന്നിടുകയാണ്. നിപയെ സമയോചിതമായി ധൈര്യ പൂര്‍വ്വം നേരിട്ട് തോല്‍പിച്ച് മടക്കിയ ഒരു കൂട്ടം മനുഷ്യര്‍ക്ക് മലയാള സിനിമ നല്‍കുന്ന വലിയ ആദരമാണ് ‘വൈറസ് ആഷിക് അബു നിര്‍മ്മാണവും സംവിധാനവും നിര്‍വ്വഹിച്ച വൈറസ് ഒരു ചലച്ചിത്രമെന്നതിനേക്കാള്‍ ഡോക്യുഫിക്ഷന്റെ ഗണത്തിലാണ് വരുന്നത്.

2018 ജൂണില്‍ കോഴിക്കോടുള്ള യുവാവിന് നിപയാണെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് സര്‍ക്കാര്‍ അധികൃതരും സമൂഹവും സ്വീകരിച്ച മുന്‍കരുതലുകളും പ്രതിരോധ നടപടികളും സമയ-തീയതി-സ്ഥല ക്രമത്തില്‍ ആവിഷ്‌കരിച്ചിട്ടുണ്ട് വൈറസ്. റിപ്പോര്‍ട്ട് ചെയ്ത ആദ്യ രോഗിയെ പരിചരിച്ച നഴ്‌സ് ലിനി പുതുശ്ശേരിയെ അനുസ്മരിപ്പിച്ച് റീമ കല്ലിങ്കലാണ് നഴ്‌സ് അഖിലയായി സ്‌ക്രീനിലെത്തുന്നത്. യഥാര്‍ത്ഥ ജീവിതത്തിലെ ഓരോ സന്ദര്‍ഭങ്ങളും ആളുകളും പരിസരങ്ങളുമെല്ലാം പുനസൃഷ്ടിച്ചിരിക്കുകയാണ് ആഷിക് അബു. അതില്‍ പലരുടെയും വ്യക്തി ജീവിതത്തോടും രോഗത്തിന് മുമ്പും പിമ്പുമുള്ള തുടര്‍ച്ചയോടും എത്രമാത്രം സത്യസന്ധതപുലര്‍ത്താന്‍ തിരക്കഥാകാരന്‍ മുഹ്‌സിന്‍ പരാരി ശ്രമിച്ചു എന്ന കാര്യം വ്യക്തമല്ല.

പ്രതിസന്ധികള്‍ മലയാളിക്ക് ഉത്തേജനമോ?

യാതൊരു വിവേചന ബുദ്ധിയുമില്ലാതെ അന്യന്റെ അടുക്കളയിലേക്കും കിടപ്പറയിലേക്കും കണ്ണയക്കുന്ന പൊതു സ്വഭാവം കൊണ്ടാണ് പലപ്പോഴും മറ്റ് രാജ്യങ്ങളുമായോ എന്തിന് അയല്‍ സംസ്ഥാനങ്ങളുമായോ താരതമ്യം ചെയ്യുമ്പോള്‍ സര്‍ഭാത്മകവും വികസനപരവുമായ കാര്യങ്ങളില്‍ നമ്മള്‍ പലപ്പോഴും പിന്നില്‍ നില്‍ക്കുന്നത്. എന്നാല്‍ പ്രതിസന്ധികള്‍ മിക്കപ്പോഴും ഈ അവസ്ഥയെ മറികടന്നു പ്രവര്‍ത്തിക്കാന്‍ മലയാളിയെ സജ്ജമാക്കുന്നുണ്ട്. കഴിഞ്ഞ വര്‍ഷം കേരളം അഭിമുഖീകരിച്ച മഹാപ്രളയവും നിപാ വൈറസ് ബാധയുമൊക്കെ അതിന് മികച്ച ഉദാഹരണങ്ങളാണ്. പ്രതിസന്ധികളില്‍ നമുക്ക് ജാതി, മത, വര്‍ഗ, ലിംഗ ഭേദങ്ങളോ പ്രത്യേക പരിഗണനകളോ ഇല്ലായിരുന്നു.

ദുരന്തമുഖത്ത് നില്‍ക്കുമ്പോഴും നമുക്കിടയില്‍ സമൂഹത്തില്‍ രൂഢമൂലമായിരിക്കുന്ന മതവിശ്വാസങ്ങളുടെ തീവ്രതയും അതില്‍ തൊട്ടുകളിച്ചാല്‍ കൈപൊള്ളുമെന്നുള്ള അധികൃതരുടെ ദീര്‍ഘ വീക്ഷണവുമൊക്കെ വൈറസ് പറഞ്ഞു വയ്ക്കുന്നുണ്ട്. ലോകാരോഗ്യ സംഘടനയുടെ പ്രോട്ടോക്കോള്‍ അനുസരിച്ച് നിപ ഉള്‍പ്പെടെയുള്ള പകര്‍ച്ച വ്യാധികള്‍ ബാധിച്ച് മരിച്ചവരുടെ ശരീരം ദഹിപ്പിക്കുന്നതിനാണ് പ്രഥമ പരിഗണന നല്‍കുന്നതെങ്കിലും മത വികാരങ്ങള്‍ സംരക്ഷിച്ച് സമൂഹത്തിലെ സമാധാന അന്തരീക്ഷം കാത്തു സൂക്ഷിക്കുന്നതിന് ഇതര നടപടിക്രമങ്ങള്‍ വിശദീകരിച്ചിട്ടുണ്ടേ്രത. സമാന സന്ദര്‍ഭത്തില്‍ ചെലവേറിയതും സങ്കീര്‍ണവും , വിദഗ്ധസഹായം ആവശ്യമുള്ളതുമായ ഡീപ്ബറിയല്‍ സംവിധാനം തിരഞ്ഞെടുക്കുകയാണ് വൈറസില്‍.

ഇത്തരത്തില്‍ മലയാളിയുടെ മനസ്സിന്റെ അടിത്തട്ടില്‍ ഉറവകൊള്ളുന്ന നന്മകളെയും സങ്കീര്‍ണ്ണ ചിന്തകളെയും പുറത്തു കൊണ്ടുവരാനും അതിനെ ദൃശ്യഭാഷയില്‍ ആലേഖനം ചെയ്യാനും ‘വൈറസ്’ വഴിയൊരുക്കി.

താരങ്ങളുടെ ആള്‍ക്കൂട്ടം

നിപയുടെ ദിനങ്ങളില്‍ കേരളത്തിന്റെ ആരോഗ്യമന്ത്രിയെന്ന നിലയ്ക്ക് കെ കെ ഷൈലജ ടീച്ചര്‍ നടത്തിയ നിര്‍ണ്ണായക ഇടപെടലുകള്‍ അനശ്വരമാക്കി ആരോഗ്യമന്ത്രിയായി രേവതി, കോഴിക്കോട് ജില്ലാ കളക്ടറായി ടൊവിനോ തോമസ്, ആരോഗ്യ വകുപ്പ് ഡയറക്ടറായി പൂര്‍ണ്ണിമ ഇന്ദ്രജിത്ത്, മണിപ്പാല്‍ വൈറോളജി ഗവേഷണ ഇന്‍സ്റ്റിറ്റിയൂട്ടിലെ സയന്റിസ്റ്റായി കുഞ്ചാക്കോ ബോബന്‍, ഉപാധികളില്ലാതെ അവസരോചിതമായി പ്രവര്‍ത്തിക്കുന്ന ഡോക്ടര്‍മാരായി ഇന്ദ്രജിത്ത്, ശ്രീനാഥ് ഭാസി, റഹ്മാന്‍, പാര്‍വ്വതി തിരുവോത്ത്, അടിയന്തിര ഘട്ടത്തില്‍ പണിയെടുത്ത് ജോലി സ്ഥിരമാക്കാന്‍ യത്‌നിക്കുന്ന ശുചീകരണതൊഴിലാളിയായി ജോജു ജോര്‍ജ്ജ്, രോഗിയായി ആസിഫ് അലി, മഡോണ, സൗബിന്‍ സാഹിര്‍ അങ്ങനെ താരങ്ങളുടെ ആള്‍ക്കൂട്ടമാണ് വൈറസില്‍. എന്നാല്‍ ഒരു ചലച്ചിത്രമെന്ന നിലക്ക് പ്രേക്ഷകന്റെ മനസ്സുമായി താദാത്മ്യം പ്രാപിക്കാന്‍ കഴിയുന്ന വിധത്തിലുള്ള തുടര്‍ച്ച ഒരു കഥാപാത്രത്തിനും ലഭിക്കുന്നില്ലെന്നതാണ് യാഥാര്‍ത്ഥ്യം.
എങ്കിലും നിപ പോലുള്ള വൈറസ് ബാധ പൊതു ജനങ്ങള്‍ക്കിടയില്‍ സൃഷ്ടിക്കുന്ന അലോസരങ്ങളും ഭീതിയും കാണികളിലേക്ക് പകരാനും വിയോജിപ്പുകള്‍ മറന്നുകൊണ്ടുള്ള മലയാളിക്കൂട്ടായ്മകളുടെ മഹത്വം അടയാളപ്പെടുത്താനും വൈറസിനായിട്ടുണ്ട്. അടഞ്ഞുകിടക്കുന്ന കടകമ്പോളങ്ങളും ആരാധനാലയങ്ങളും. ആള്‍ക്കൂട്ടമില്ലാത്ത മരണവീടുകള്‍, മാറ്റിവയ്ക്കുന്ന കല്യാണങ്ങള്‍, കുടുംബയോഗങ്ങള്‍, രാഷ്ട്രീയ യോഗങ്ങള്‍, ജാഥകള്‍, വീടുകളില്‍ നിന്ന് പുറത്തിറങ്ങാതെ ഭീതിയോടെ കാത്തിരിക്കുന്ന കുടുംബങ്ങള്‍… അങ്ങനെ മാരകമായ ഒരു പകര്‍ച്ചവ്യാധി നാട്ടില്‍ സൃഷ്ടിക്കുന്ന ഭീകരവും നിഗൂഢവുമായ അന്തരീക്ഷത്തിന്റെ വ്യാപ്തി പ്രേക്ഷകരിലേക്ക് പകരാന്‍ ഒരു പരിധി വരെ വൈറസിന് കഴിഞ്ഞു എന്നത് ആ പ്രോജക്ടിന്റെ വിജയമാണ്.

സംസ്ഥാന സര്‍ക്കാരിനും സല്യൂട്ട്

നിപാ വൈറസ് ബാധയെ ഫലപ്രദമായി നേരിടാനും പ്രതിരോധിക്കാനുമായി സംസ്ഥാന സര്‍ക്കാര്‍ നടത്തിയ പ്രവര്‍ത്തനങ്ങളെ ഐക്യരാഷ്ട്ര സംഘടന പോലും അംഗീകരിക്കുകയുണ്ടായി. ലോക മാധ്യമങ്ങള്‍ ഒന്നടങ്കം കേരളത്തിലെ ഭരണകൂടത്തെയും മെഡിക്കല്‍ സംഘങ്ങളുടെയും പൊതുജനങ്ങളുടെയും സമയോചിതമായ ഇടപെടലുകളെയും വാഴ്ത്തിയിരുന്നു. ഭരണപക്ഷത്തിന്റെ സഹയാത്രികനായ സംവിധായകന്‍ ഈ ഭാഗം ഭംഗിയായി പൂരിപ്പിക്കാന്‍ വൈറസില്‍ ബോധപൂര്‍വ്വം ശ്രമിച്ചിട്ടുമുണ്ട്.

കോഴിക്കോടും പരിസര പ്രദേശങ്ങളും പൂര്‍ണ്ണമായും നിപ വിമുക്തമായതായി സ്ഥലത്ത് ക്യാമ്പ് ചെയ്ത ആരോഗ്യമന്ത്രിയുടെ പ്രഖ്യാപനമൊക്കെ വളരെ ഭംഗിയായി ചിത്രത്തില്‍ അവതരിപ്പിച്ചിട്ടുണ്ട്. കഷ്ടപ്പെടുകയും വേദന അനുഭവിക്കുകയും ചെയ്യുന്നവര്‍ക്ക് നേരെ കൈയ്യയച്ച് സഹായം ചെയ്തതിന്റെ പേരിലാണ് ഓരോരുത്തരും രോഗം ഏറ്റുവാങ്ങിയതെന്ന് മന്ത്രി പറയുന്നുണ്ട്. മലയാളികള്‍ക്കിടയിലെ വറ്റാത്ത നന്മയുടെ ഏറ്റുപറച്ചിലാണത്.

സുഷിന്‍ ശ്യാമിന്റെ സംഗീതവും രാജീവ് രവിയുടെ ക്യാമറയും ഏറെ സൂക്ഷ്മതയോടെ കാര്യങ്ങള്‍ പറയാന്‍ ആഷിക് അബുവിന് തുണയായിട്ടുണ്ട്.