അദാനിക്കെതിരെ വാർത്ത നൽകിയ മാധ്യമപ്രവർത്തകർക്ക് ഇന്ത്യ വിസ നിഷേധിച്ചു

Web Desk
Posted on February 10, 2018, 9:53 am

ഓസ്ട്രേലിയയില്‍ അദാനിഗ്രൂപ്പ് നടത്തിയ നികുതിവെട്ടിപ്പ് പുറത്തുകൊണ്ടുവന്ന മാധ്യമപ്രവര്‍ത്തകര്‍ക്ക് ഇന്ത്യ വിസ നിഷേധിച്ചു. ഇന്ത്യന്‍വംശജയായ അമൃത സ്ലീ അടക്കമുള്ളവര്‍ക്കാണ് ഇന്ത്യയിലേക്കുള്ള വിസ കേന്ദ്രസര്‍ക്കാര്‍ നിഷേധിച്ചത്. അദാനിക്കെതിരായ വാര്‍ത്തകളാണ് വിസ നിഷേധിക്കാന്‍ കാരണമായതെന്ന് അമൃത സ്ലീ പ്രതികരിച്ചു.

ഓസ്ട്രേലിയന്‍ വിദേശവകുപ്പിന്റെ നിയന്ത്രണത്തിലുള്ള ഓസ്ട്രേലിയ ഇന്ത്യ കൗണ്‍സിലിന്റെ സാമ്ബത്തിക സഹായത്തോടെയാണ് അമൃത സ്ലീയും സഹപ്രവര്‍ത്തകരും ഇന്ത്യയെക്കുറിച്ച്‌ റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ പദ്ധതിയിട്ടത്. ഇന്ത്യയിലെ പ്രമുഖരുമായും സാധാരണക്കാരുമായി സംസാരിച്ചാണ് റിപ്പോര്‍ട്ട് തയ്യാറാക്കാനിരുന്നത്. സിഡ്നിയിലെ ഇന്ത്യന്‍ നയതന്ത്രകാര്യാലയത്തില്‍ കഴിഞ്ഞ നവംബറിലാണ് വിസയ്ക്കായി അപേക്ഷിച്ചത്.

ജനുവരിവരെ കാക്കേണ്ടിവരുമെന്ന് അധികൃതര്‍ അറിയിച്ചു. ഈ സമയം കഴിഞ്ഞിട്ടും സ്ലീക്കും ഒപ്പമുള്ള മൂന്നുപേര്‍ക്കും വിസ കിട്ടിയില്ല. നിരവധി തവണ അന്വേഷിച്ചു. ഇമെയിലും അയച്ചു. ഒന്നിനും മറുപടി ലഭിച്ചില്ല. ഡല്‍ഹിയില്‍ വിളിച്ചിട്ടും കൃത്യമായ പ്രതികരണമില്ലെന്ന് അമൃത സ്ലീ പറഞ്ഞു.

അദാനിഗ്രൂപ്പിന്റെ കല്‍ക്കരിപ്പാടങ്ങളെക്കുറിച്ച്‌ കഴിഞ്ഞവര്‍ഷം എബിസി ന്യൂസ് പുറത്തുവിട്ട വാര്‍ത്തയാണ് വിസ നിഷേധത്തിനുള്ള കാരണമെന്ന് ഓസ്ട്രേലിയന്‍ അധികൃതര്‍ സൂചിപ്പിച്ചതായി അമൃത സ്ലീ പറഞ്ഞു. “മഹാന്മാരായ നേതാക്കള്‍ സ്വാതന്ത്ര്യം നേടിത്തന്ന ഇന്ത്യയില്‍ മാധ്യമസ്വാതന്ത്ര്യം നിലനില്‍ക്കുന്നുണ്ടെന്ന എന്റെ പ്രതീക്ഷ തെറ്റി.

എന്റെ വിശ്വാസം ശരിയല്ലെന്ന് ഇന്ത്യയിലെ സുഹൃത്തുക്കള്‍ കുറച്ചുകാലമായി പറയാറുണ്ടായിരുന്നു. കടുപ്പമേറിയ സത്യം എനിക്ക് ഇപ്പോള്‍ നേരിട്ട് ബോധ്യമായിരിക്കുന്നു” അമൃത സ്ലീ പറഞ്ഞു. അതേസമയം, എബിസി ന്യൂസിലെ മാധ്യമപ്രവര്‍ത്തകര്‍ ഈയിടെ വിസാ നിയമങ്ങള്‍ ലംഘിച്ച സാഹചര്യത്തിലാണ് അമൃത സ്ലീയുടെയും കൂട്ടരുടെയും അപേക്ഷ തള്ളിയതെന്ന് സിഡ്നിയിലെ ഇന്ത്യന്‍ നയതന്ത്രകാര്യാലയം അറിയിച്ചു.

അദാനിഗ്രൂപ്പ് ഓസ്ട്രേലിയയില്‍ ഏറ്റെടുത്ത കല്‍ക്കരിപ്പാടം ഉള്‍പ്പെടെയുള്ള സംരംഭങ്ങള്‍, അദാനി കുടുബാംഗങ്ങള്‍ ഉള്‍പ്പെട്ട ‘അതുല്യ റിസോഴ്സസ്’ എന്ന കമ്ബനിയുടെ പേരിലാണെന്ന് എബിസി ന്യൂസാണ് പുറത്തുകൊണ്ടുവന്നത്. എന്നാല്‍, അദാനിഗ്രൂപ്പ് ഓസ്ട്രേലിയന്‍ ആദായനികുതിവകുപ്പിനു നല്‍കിയ റിട്ടേണില്‍ അതുല്യയെക്കുറിച്ച്‌ പരാമര്‍ശിക്കുന്നില്ല.

കള്ളപ്പണം വിദേശത്തേക്ക് കടത്തിയ കേസില്‍ ഇന്ത്യ അന്വേഷിക്കുന്ന വിനോദ് അദാനിയാണ് അതുല്യയുടെ ചെയര്‍മാന്‍. അദാനിഗ്രൂപ്പിന്റെ ചെയര്‍മാന്‍ ഗൗതം അദാനിയുടെ ഏറ്റവും മൂത്ത സഹോദരനാണ് വിനോദ്. കള്ളപ്പണനിക്ഷേപകേന്ദ്രമായ ബ്രിട്ടീഷ് വെര്‍ജിന്‍ ഐലന്‍ഡില്‍ രജിസ്റ്റര്‍ ചെയ്ത സ്ഥാപനമാണ് അതുല്യ റിസോഴ്സസിനു പിന്നിലെന്ന വിവരവും എബിസി പുറത്തുകൊണ്ടുവന്നിരുന്നു.

നരേന്ദ്രമോഡി ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെയാണ് അദാനിഗ്രൂപ്പ് വളര്‍ന്നത്. മോഡി പ്രധാനമന്ത്രിയായശേഷം മുന്നേറ്റം പതിന്മടങ്ങായി. വിദേശയാത്രകളില്‍ മോഡിയെ സ്ഥിരമായി ഗൗതം അദാനി അനുഗമിക്കാറുണ്ട്. ഇറക്കുമതി ചെയ്ത വൈദ്യുതോല്‍പാദന ഉപകരണങ്ങളുടെയും കല്‍ക്കരിയുടെയും വിലയില്‍ 5,500 കോടി രൂപ പെരുപ്പിച്ചുകാട്ടിയെന്ന കേസില്‍ അദാനിഗ്രൂപ്പിനെതിരായ നിയമനടപടികള്‍ മോഡി സര്‍ക്കാര്‍ ഉപേക്ഷിച്ചിരുന്നു.

കള്ളപ്പണം വെളുപ്പിക്കാനും ഇറക്കുമതി ചെലവ് കൂടിയെന്ന പേരില്‍ വൈദ്യുതിവില വര്‍ധിപ്പിക്കാനുമായിരുന്നു ഇത്. അദാനിഗ്രൂപ്പിന്റെ ഓസ്ട്രേലിയയിലെ പദ്ധതികള്‍ക്കായി എസ്ബിഐ തിരക്കിട്ട് 6,000 കോടി രൂപയുടെ വായ്പ അനുവദിച്ചതും വിവാദമായിരുന്നു. 65,000 കോടിയോളം രൂപയാണ് അദാനിഗ്രൂപ്പിന്റെ മൊത്തം ബാങ്ക് വായ്പ.