Wednesday
11 Dec 2019

പാക് താരങ്ങള്‍ക്ക് വിസ നിഷേധം: കടുത്ത നടപടിയുമായി ഐഒസി

By: Web Desk | Friday 22 February 2019 10:42 PM IST


IOC banned pakistan

ലോസാന്‍: പാകിസ്ഥാനില്‍ നിന്നുള്ള ഷൂട്ടിങ് താരങ്ങള്‍ക്ക് വിസ നിഷേധിച്ച സംഭവത്തില്‍ ഇന്ത്യക്കെതിരെ കടുത്ത നിലപാടുമായി അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി (ഐഒസി). ഇന്ത്യയില്‍ അന്താരാഷ്ട്ര മത്സരങ്ങള്‍ നടക്കുന്നത് സംബന്ധിച്ച ചര്‍ച്ചകളെല്ലാം ഐഒസി നിര്‍ത്തിവച്ചു.
പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിലായിരുന്നു രണ്ട് പാകിസ്ഥാന്‍ ഷൂട്ടിങ് താരങ്ങള്‍ക്ക് വിസ നിഷേധിച്ചത്. നടപടിപ്രകാരം ഇന്ത്യയ്ക്ക് ഇനി ഒളിമ്പിക് കമ്മിറ്റിയുടെ കീഴില്‍ വരുന്ന ഒരു ടൂര്‍ണമെന്റിനും വേദിയാകാന്‍ അപേക്ഷ സമര്‍പ്പിക്കാനാവില്ല.

കായികരംഗത്തെ ഇടപെടലുകളും വിവേചനങ്ങളും അവസാനിപ്പിക്കുന്നത് സംബന്ധിച്ച് കേന്ദ്ര സര്‍ക്കാരിന്റെ രേഖാമൂലമുള്ള ഉറപ്പ് ലഭിക്കുന്നതുവരെ അന്താരാഷ്ട്ര മത്സരങ്ങള്‍ക്ക് വേദിയാകുന്നത് സംബന്ധിച്ച് ഇന്ത്യയുമായി നടത്തുന്ന ചര്‍ച്ചകളെല്ലാം നിര്‍ത്തിവച്ചതായി വാര്‍ത്താക്കുറിപ്പില്‍ ഐഒസി പറഞ്ഞു.
ഒളിമ്പിക് അടിസ്ഥാന പ്രമാണങ്ങള്‍ക്ക് വിരുദ്ധമാണ് ഇന്ത്യയുടെ നടപടി. എല്ലാ കായിക താരങ്ങള്‍ക്കും വിവേചനരഹിതമായി മത്സരങ്ങളില്‍ പങ്കെടുക്കാനുള്ള അവസരം ഉറപ്പാക്കണമെന്നാണ് ഐഒസി നിലപാട്. ഇക്കാര്യത്തില്‍ ആതിഥേയ രാജ്യത്തില്‍ നിന്ന് വിവേചനമോ രാഷ്ട്രീയ ഇടപെടലോ പാടുള്ളതല്ല. ഇത് ലംഘിക്കപ്പെട്ടതിനാലാണ് ഇന്ത്യയുമായി നടത്തുന്ന എല്ലാ ചര്‍ച്ചകളും നിര്‍ത്തിവയ്ക്കുന്നതെന്ന് ഐഒസി അറിയിച്ചു.

ന്യൂഡല്‍ഹിയില്‍ നടക്കുന്ന ഷൂട്ടിങ് ലോകകപ്പില്‍ പങ്കെടുക്കേണ്ട ജി എം ബഷീര്‍, ഖലീല്‍ അഹമ്മദ് എന്നീ പാകിസ്ഥാന്‍ ഷൂട്ടര്‍മാര്‍ക്കാണ് ഇന്ത്യ വിസ നിഷേധിച്ചത്. ഫെബ്രുവരി 20 മുതല്‍ 28 വരെയാണ് 2020 ടോക്യോ ഒളിമ്പിക്‌സിനുള്ള യോഗ്യതാ മത്സരം കൂടിയായ ടൂര്‍ണമെന്റ്.
കളിക്കാര്‍ക്ക് വിസ നിഷേധിച്ചതിനെ തുടര്‍ന്ന് ടൂര്‍ണമെന്റിനുള്ള ഒളിമ്പിക് യോഗ്യതാ പദവി ഐഒസി പിന്‍വലിക്കുകയും ചെയ്തിട്ടുണ്ട്. അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിയും ഇന്ത്യന്‍ ഒളിമ്പിക് കമ്മിറ്റിയും അന്താരാഷ്ട്ര ഷൂട്ടിങ് ഫെഡറേഷനും അനുരഞ്ജന ശ്രമങ്ങള്‍ നടത്തിയിരുന്നെങ്കിലും പ്രശ്‌ന പരിഹാരം സാധ്യമായില്ല. 2026 യൂത്ത് ഒളിമ്പിക്‌സ്, 2030 ഏഷ്യന്‍ ഗെയിംസ്, 2032 ഒളിമ്പിക്‌സ് എന്നിവയ്ക്ക് വേദിയാകാനുള്ള ഇന്ത്യയുടെ പദ്ധതികള്‍ക്കാണ് ഇതോടെ തിരിച്ചടിയേറ്റിരിക്കുന്നത്.
പാകിസ്ഥാനുമായുള്ള എല്ലാ കായിക ബന്ധങ്ങളും ഇന്ത്യ ഉപേക്ഷിക്കണമെന്നും പാകിസ്ഥാനെതിരായ ലോകകപ്പ് ക്രിക്കറ്റ് മത്സരം ബഹിഷ്‌കരിക്കണമെന്ന ആവശ്യവും ശക്തമായി ഉയര്‍ന്നിട്ടുണ്ട്. ഇതിനിടെയാണ് ഇന്ത്യയ്ക്ക് കനത്ത തിരിച്ചടി നല്‍കിക്കൊണ്ട് ഐഒസി നടപടിയുണ്ടായിരിക്കുന്നത്.