Sunday
21 Apr 2019

കാനഡയിലേക്ക് വിസ വാഗ്ദാനം ചെയ്ത് തട്ടിപ്പ്: പ്രതികള്‍ അറസ്റ്റില്‍

By: Web Desk | Sunday 14 April 2019 11:01 PM IST


മണ്ണുത്തി: കാനഡയിലേക്ക് വിസ വാഗ്ദാനം നടത്തി ലക്ഷങ്ങള്‍ തട്ടിയെടുത്ത കേസില്‍ പ്രതികളെ മണ്ണുത്തി പോലീസ് അറസ്റ്റ് ചെയ്തു. തൃശൂര്‍ പറവട്ടാനി സ്വദേശിയും മൂന്ന് ഇതര സംസ്ഥാനക്കാരുമുള്‍പ്പെടെ നാല് പേരെയാണ് അറസ്റ്റ് ചെയ്തത്. പറവട്ടാനി പുളിങ്കുഴി സ്വദേശി സന്തോഷ്, സന്തോഷിന്റെ മരുമകന്‍ രതീഷ്, ചണ്ഡിഗഡ് സ്വദേശി സുഖ്ജിത് സിങ്, പഞ്ചാബ് ലുധിയാന സ്വദേശി ശിവകുമാര്‍ എന്നിവരാണ് പിടിയിലായത്. ഓഫീസില്‍ നിന്നും അപേക്ഷിച്ച 20 പാസ്‌പോര്‍ട്ടുകളും പൊലീസ് പിടിച്ചെടുത്തു.

കാനഡയിലേക്ക് വിസ നല്‍കാമെന്ന് പറഞ്ഞ് നിരവധിയാളുകളില്‍ നിന്നായി 10,000 രൂപ മുതല്‍ ആറ് ലക്ഷം വരെ ഇവര്‍ തട്ടിയെടുത്തിട്ടുണ്ടെന്നാണ് പറയുന്നത്. 30 പരാതികളാണ് നിലവില്‍ പൊലീസിന് ലഭിച്ചിരിക്കുന്നത്. ഏഴ് മാസമായി പണം വാങ്ങി തട്ടിപ്പ് നടത്തുന്നുവെന്നാണ് പരാതി. പറവട്ടാനിയിലെ കുറ്റൂക്കാരന്‍ ബില്‍ഡിങ്ങില്‍ പ്രവര്‍ത്തിക്കുന്ന മാസ്‌കെയര്‍ ഇന്റര്‍ നാഷണല്‍ എന്ന സ്ഥാപനത്തിന്റെ പേരിലായിരുന്നു തട്ടിപ്പ്. വിസയാവശ്യത്തിന് എത്തുന്നവരില്‍ നിന്ന് രേഖകള്‍ വാങ്ങി ഐസിസിഐ ബാങ്കില്‍ അക്കൗണ്ട് എടുപ്പിച്ച് ഇതിന്‌ടെ രേഖകളും എടിഎം കാര്‍ഡുള്‍പ്പെടെയും ഇവര്‍ വാങ്ങിവെച്ചിരുന്നു. സ്ഥാപനത്തില്‍ എത്തുന്നവരെ കാനഡ സ്വദേശികളെന്ന് പരിചയപ്പെടുത്തിയിരുന്നത് സുഖ്ജിത് സിങ്ങിനെയും ശിവകുമാറിനെയുമാണ്. തിരുവനന്തപുരത്തും സമാനമായ തട്ടിപ്പ് നടത്തിയതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് അന്വേഷണം നടക്കുകയാണെന്നും പോലീസ് അറിയിച്ചു. മണ്ണുത്തി സിഐ എം ശശീന്ദ്രന്‍ പിള്ളയുടെ നേതൃത്വത്തില്‍ എസ് ഐ പിഎം രതീഷ്, എഎസ്‌ഐ രാധാകൃഷ്ണന്‍, വേണുഗോപാല്‍, വനിതാ സിപിഒ പ്രിയ, സിപിഒമാരായ രാജേഷ്, അനില്‍കുമാര്‍ എന്നിവരാണ് പ്രതികളെ പിടികൂടിയത്.