അപ്പോഴത്തെ ദേഷ്യത്തിൽ തല തലയണയിൽ അമർത്തിയപ്പോൾ ചലനമറ്റു; തുറന്ന് പറഞ്ഞ് വൈശാഖ്

Web Desk
Posted on November 13, 2019, 10:57 pm

കൊല്ലം: മുളവന ചരുവിള പുത്തൻ വീട്ടിൽ കൃതി കിടപ്പുമുറിയിൽ കൊല്ലപ്പെട്ട സംഭവത്തിൽ പൊലീസിൽ കീഴടങ്ങിയ ഭർത്താവ് വൈശാഖ് ബൈജു വിനെ ഇന്ന് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. രണ്ടു ദിവസം കഴിഞ്ഞ് കസ്റ്റഡിയിൽ വാങ്ങി കൂടുതൽ തെളിവെടുപ്പ് നടത്തുമെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ അറിയിച്ചു.

കുടുബപ്രശ്നങ്ങളെത്തുടർന്നായിരുന്നുള്ള വഴക്കാണ് കൊലപാതകത്തിൽ കലാശിച്ചത്. തിങ്കളാഴ്ച വൈകിട്ട് 7 ന് വീട്ടിലെത്തിയ വൈശാഖ് ഭാര്യ കൃതിയുമായി വഴക്കിട്ടു. ദേഷ്യം മൂർച്ഛിച്ചതോടെ കട്ടിലിൽ ഇരുന്ന കൃതിയെ തലയ്ക്ക് പിടിച്ച് തലയിണയിൽ അമർത്തി വച്ചു. പിന്നീട് പിടിവിട്ട് നോക്കിയപ്പോൾ ചലനമറ്റ നിലയിലായിരുന്നു കൃതി. കൊലപ്പെടുത്താൻ വേണ്ടി ചെയ്തതല്ലെന്നും അപ്പോഴത്തെ ദേഷ്യത്തിൽ ചെയ്തതാണെന്നുമാണ് വൈശാഖ് പൊലീസിനോട് പറഞ്ഞത്. എന്തു ചെയ്യണമെന്ന് അറിയാതെ നിന്നപ്പോഴാണ് കൃതിയുടെ അമ്മ കതകിൽ തട്ടി വിളിച്ചത്. പെട്ടെന്ന് വിവരം പറഞ്ഞ് മുറി വിട്ട് ഇറങ്ങി കാറോടിച്ച് പോവുകയായിരുന്നു. കൊല്ലത്തെ വീട്ടിൽ ഫോൺ ചെയ്ത് വിവരം പറഞ്ഞെങ്കിലും അനുകൂലമായ മറുപടി ലഭിച്ചില്ല. പിന്നീട് ഒരു സുഹൃത്തു വഴി പൊലീസിൽ കീഴടങ്ങുകയായിരുന്നു.

കൃതിയുടെ ഡയറി കുറിപ്പിൽ നിന്ന് ഇവർ തമ്മിൽ സുഖകരമായ ദാമ്പത്യ ജീവിതമല്ലെന്നും, സാമ്പത്തിക താൽപര്യം മാത്രമാണ് വൈശാഖിന്റെ ലക്ഷ്യമെന്നും എഴുതിയിരുന്നു. നാലു വർഷം മുൻപ് കൃതി തലച്ചിറ സ്വദേശിയെ വിവാഹം കഴിച്ച് കുഞ്ഞിന് നാലു മാസം പ്രായമുള്ളപ്പോൾ ബന്ധം വേർപെടുത്തി. തുടർന്ന് വൈശാഖുമായി ഫെയ്സ്ബുക് വഴി പരിചയപ്പെട്ടാണ് അടുപ്പത്തിലായത്. കുഞ്ഞിന്റെ ഒന്നാം പിറന്നാൾ ആഘോഷത്തിനു പോലും വൈശാഖ് സജീവമായി മുളവനയിലെ വീട്ടിലുണ്ടായിരുന്നു. പിന്നീട് 2018ലാണ് ഇവർ തമ്മിൽ രജിസ്റ്റർ വിവാഹം നടക്കുന്നത്.

എന്നാൽ കൃതിയെ രണ്ടാം വിവാഹം ചെയ്യുന്നതിന് വൈശാഖിന്റെ വീട്ടുകാർ എതിർപ്പ് പറഞ്ഞെങ്കിലും പിന്നീടി സമ്മതിക്കുകയായിരുന്നു. അങ്ങനെ 9 മാസങ്ങൾക്കു മുമ്പായിരുന്നു വിവാഹം നടന്നത്. വിവാഹ ശേഷം ഗൾഫിൽ പോയ വൈശാഖ് ഒരു മാസത്തിനുള്ളിൽ തിരിച്ചെത്തി. നാട്ടിലെത്തിയ വൈശാഖ് എഡ്യൂക്കേഷനൽ കൺസൾന്റായി പ്രവർത്തിക്കുകയായിരുന്നു. ബിസിനസ് ആവശ്യമെന്ന് പറഞ്ഞ് വസ്തു പണയപ്പെടുത്തിയും മറ്റും പല തവണയായി 25 ലക്ഷത്തിലധികം രൂപാ വാങ്ങിയതായി കൃതിയുടെ വീട്ടുകാർ പറയുന്നു.