മിനി ഗോപിനാഥ്

February 26, 2021, 3:08 am

കവിത രാഷ്ട്രീയ പ്രവർത്തനമാണെന്ന് വിശ്വസിച്ച കവി

Janayugom Online

കവിയുടെ കത്തുന്ന അവബോധത്തിന്റെ ഒരു കണത്തിൽ നിന്നും സഹസ്രസംശോഭിതമായ സൂര്യതേജസ്സാർജ്ജിക്കുന്നവയാണ് കവിതകൾ എന്ന സമസ്ഥാനീയ (ഐസോടോപിക്) ദര്‍ശനം, ശാസ്ത്രത്തിന്റെ അടിസ്ഥാനത്തിൽ കവിതയിൽ സിദ്ധാന്തിച്ച മലയാള കവിയായിരുന്നു വിഷ്ണുനാരായണൻ നമ്പൂതിരി.

മുത്തച്ഛനും അമ്മാവനും നാവിൻ തുമ്പിൽ മധുരമായി ചാലിച്ചത് ഭാരത സംസ്കാരവും വേദങ്ങളും ഇതിഹാസങ്ങളും ആയിരുന്നു. സാമൂഹിക പരിഷ്കർത്താവും അനാചാരങ്ങൾക്കെതിരെ പൊരുതുകയും ഭാരതം മുഴുവൻ കാൽനടയായി സഞ്ചരിക്കുകയും ചെയ്ത അമ്മാവനായ വിഷ്ണു, വിഷ്ണുനാരായണന്‍ നമ്പൂതിരിയെ സ്വാധീനിച്ചിരുന്നു.

വാല്മീമീകിയും വ്യാസനും കാളിദാസനും ശങ്കരാചാര്യനും ടാഗോറും നാരായണഗുരുവും ആശാനും വള്ളത്തോളും ഇടശ്ശേരിയും എൻ വിയും ജിയും കക്കാടും വൈലോപ്പിള്ളിയും ഷേക്സ്പിയറും ഷെല്ലിയും കീറ്റ്സും യേറ്റ്സും എല്ലാം വിഷ്ണുവിന്റെ ബൗദ്ധിക തലത്തെ തേജോമയമാക്കി. ഇവയിൽ നിന്നും സ്വാംശീകരിച്ച ഊർജ്ജം കൊണ്ട് നന്മമരമായി വിഷ്ണു വളർന്നു.

കാവ്യപാരമ്പര്യത്തിന്റെ കെട്ടുറപ്പും തനിമയുമാണ് വിഷ്ണുവിന്റെ കവിതകളുടെ പ്രത്യേകത. ആധുനിക കവിതയുടെ സ്വഭാവമായി മൃത്യുപൂജ, അന്യതാബോധം, ശൂന്യതാവാദം, പൈതൃക നിരാസം തുടങ്ങിയവയോട് അദ്ദേഹം താല്പര്യം പ്രകടിപ്പിച്ചില്ല. ആത്മീയതയിൽ ആധുനികതയും അധ്യാപനത്തിലും മേൽശാന്തിപദത്തിലും ദൈവീകതയും വേദങ്ങളിൽ വിപ്ലവവും പാശ്ചാത്യ പൗരസ്ത്യ സൗന്ദര്യശാസ്ത്രങ്ങളുടെ സമന്വയവുമാണ് വിഷ്ണുവിന്റെ കവിതയുടെ പ്രത്യേകത. ആത്മീയതയും ഭൗതികതയും ചേർന്നതാണ് ജീവിതം എന്നദ്ദേഹം വിശ്വസിച്ചു. ഉത്തമമായ ആത്മീയത വേദനിഷ്ഠമാണ്. ഇത് ജാതിയുടെയോ മതത്തിന്റെയോ ദര്‍ശനമല്ല. മറിച്ചു മാനവപുരോഗതിക്കും നന്മയ്ക്കും വേണ്ടി ശീലിക്കുകയും പാലിക്കുകയും ചെയ്യേണ്ടുന്ന വ്യവസ്ഥകളുടെ സംഹിതയായ പുരോഗമന വിവേകമാണ്. ഭൂമിയുടെ വികാരമാണ്. അന്ധ വിശ്വാസങ്ങളെ എതിർക്കാനും പൂണൂൽ പൊട്ടിച്ച വി ടിയെ മാതൃകയാക്കാനും അദ്ദേഹത്തിന് യാതൊരു വിമുഖതയുമില്ലായിരുന്നു. പരേതാത്മാവിനോട് സംസാരിക്കാൻ ആത്മീയതയിലൂടെ സാധ്യമല്ലെന്നും ഇതൊക്കെ തെറ്റിദ്ധാരണകൾ ആണെന്നും ആത്മനാശത്തെ അതിജീവിക്കണമെന്നും അദ്ദേഹം ഉദ്ബോധിപ്പിച്ചു.

 

അയ്യപ്പപണിക്കര്‍, ഒഎന്‍വി കുറുപ്പ്, സുഗതകുമാരി, തിരുനെല്ലൂര്‍ കരുണാകരന്‍ തുടങ്ങിയവര്‍ക്കൊപ്പം

 

ശാസ്ത്ര സാഹിത്യ പരിഷത്തുമായി കവി ഗാഢബന്ധം പുലർത്തി. ബഹിരാകാശ ശാസ്ത്രത്തിന്റെ പുരോഗതിയെയും സാധ്യതകളെയും വിലമതിക്കുന്നതിനോടൊപ്പം ഉള്ളിലെ ആകാശത്തെ കാത്തുസൂക്ഷിക്കേണ്ടതിന്റെ ആവശ്യകതയെപ്പറ്റിയും അദ്ദേഹം എടുത്തു പറയുന്നുണ്ട്. ‘നാസ’ എന്ന കവിതയിൽ ഇത് സൂചിപ്പിച്ചിട്ടുണ്ട്.

കവിത ഒരു രാഷ്ട്രീയ പ്രവർത്തനമാണെന്ന് വിശ്വസിച്ചിരുന്നു അദ്ദേഹം. കവി, രാഷ്ട്രീയവുമായി ഇടപഴകുന്നതിന്റെ പങ്കുവയ്ക്കലുകളാണ് കവിതയായി ബഹിർഗമിക്കുന്നത്. വേദവും മാർക്സിസവും ഒന്നാണെന്ന് അദ്ദേഹം വിലയിരുത്തി. പ്രതിഭാശാലിയും ഹൃദയാലുവും എന്ന നിലയിൽ കാറൽ മാർക്സിനെ ബഹുമാനിക്കുകയും അദ്ദേഹത്തിന്റെ ആശയങ്ങളോട് ആഭിമുഖ്യം പുലർത്തുകയും ചെയ്തു. ‘ഓഗസ്റ്റ് 15,’ ‘ക്വിറ്റിന്ത്യാസ്മരണ’, ‘കന്നിപ്പത്ത്’ തുടങ്ങി നിരവധി കവിതകളിൽ രാഷ്ട്രീയമായ അസ്വാതന്ത്ര്യം വ്യക്തിയെയും ജനതയെയും എങ്ങനെ ഞെരുക്കുന്നുവെന്നും സ്വാതന്ത്ര്യം സുരക്ഷിതമായാൽ എല്ലാമായി എന്ന ചിന്ത തെറ്റാണെന്നും പല രാജ്യ ചരിത്രങ്ങളും ലോകത്തെ പഠിപ്പിച്ചിട്ടുണ്ട് എന്നും വ്യക്തമാക്കുന്നുണ്ട്.

നരബലി, ശവരാഷ്ട്രീയം, സ്വാതന്ത്ര്യ ദിന ചിന്തകൾ (ഇന്ത്യ എന്ന വികാരം )തുടങ്ങിയ കവിതകളിലെ രാഷ്ട്രീയാംശങ്ങൾ ധർമ്മത്തിന്റെ നേരറിവാണ്. നിസ്വരായ മനുഷ്യരുടെ കൂടെ നിൽക്കുന്ന കവി, അതേക്കുറിച്ച് ഓർമ്മിപ്പിക്കുന്ന കവിതയാണ് ‘കുറേ റഷ്യൻ കവികളോട്’. സമകാലിക ജീവിതത്തിലെ മൂല്യച്യുതികളെയാണ് ‘ഉജ്ജയിനിയിലെ രാപ്പകലുകൾ’ എന്ന കവിതയിൽ പരാമർശിക്കുന്നത്. എൺപതുകളുടെ തുടക്കത്തിൽ ‘യുഗള പ്രസാദൻ’ എന്ന കവിത രചിക്കുകയും നിശബ്ദ താഴ്‌വര (silent val­ley) സംരക്ഷിക്കുന്നതുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ പ്രതിബദ്ധതയോടെ പങ്കെടുക്കുകയും ചെയ്തു, കവി.

(ജനയുഗം വാരാന്തത്തിൽ പ്രസിദ്ധീകരിച്ച

കുറിപ്പിൽനിന്ന്)