Site iconSite icon Janayugom Online

കൊലപ്പെടുത്താൻ ഉപയോഗിച്ച ആയുധങ്ങള്‍ ബാഗിലാക്കി കുളത്തിൽ തള്ളി: ശ്യാംജിത്ത് തന്നെ പുറത്തെടുത്ത് പൊലീസിന് നല്‍കി

കണ്ണൂർ പാനൂരിൽ പ്രണയപകയുടെ പേരില്‍ പെണ്‍കുട്ടിയെകൊലപ്പെടുത്തിയ പ്രതി ശ്യാംജിത്തുമായി തെളിവെടുപ്പ് നടത്തി. 23 കാരിയായ വിഷ്ണുപ്രിയയെ ചുറ്റിക കൊണ്ട് തലക്കടിച്ച് വീഴ്ത്തി, കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം ശ്യാംജിത്ത്മാനന്തേരിയിലെ ഒരു കുളത്തില്‍ ബാഗിലാക്കി കൊലക്കത്തിയും ചുറ്റികയും ഉപേക്ഷിക്കുകയായിരുന്നു. മാനന്തേരിയിൽ നടത്തിയ തെളിവെടുപ്പിലാണ് ബാഗ് കണ്ടെത്തിയത്. കൊലപാതക സമയത്ത് ഉപയോഗിച്ചിരുന്ന മാസ്ക്, ഷൂ, ഷർട്ട്, കൈയ്യുറ, വെള്ളക്കുപ്പി, സോക്സ്, മുളകുപൊടി, ഇടിക്കട്ട, കുത്തി പരിക്കേൽപിക്കാൻ ഉപയോഗിക്കുന്ന ഇരുമ്പിന്റെ ആയുധം, വിഷ്ണുപ്രിയയെ അടിക്കാൻ ഉപയോഗിച്ച ചുറ്റിക, കഴുത്തറുക്കാൻ ഉപയോഗിച്ച കത്തി എന്നിവയാണ് ഈ ബാഗിൽ ഉണ്ടായിരുന്നത്. കൊലപാകത കൃത്യം നടത്തിയ ശേഷം വിഷ്ണുപ്രിയയുടെ വീട്ടിൽ വെച്ച് തന്നെ വസ്ത്രം മാറിയാണ് പ്രതി പുറത്തേക്ക് പോയത്. കൊലപാതകത്തിന് ശേഷം ഈ സാധനങ്ങളെല്ലാം ബാഗിലാക്കി മാനന്തേരിയിലേക്ക് വന്ന പ്രതി, വീടിന് അടുത്തുള്ള ഒരു കുഴിയിൽ ഇത് ഉപേക്ഷിക്കുകയായിരുന്നു.

ശ്യാംജിത്തിനെ ഇന്ന് കോടതിയിൽ ഹാജരാക്കും. അതിന് ശേഷം കസ്റ്റഡിയിൽ വാങ്ങും. കൊലപാതകം നടന്ന വിഷ്ണുപ്രിയയുടെ വീട്ടിലെത്തിച്ചും കൊലപാതകത്തിന് ഉപയോഗിച്ച ആയുധങ്ങൾ വാങ്ങിയ കടകളിലെത്തിച്ചും തെളിവെടുപ്പ് നടത്തേണ്ടതുണ്ട്. അതേസമയം കൊല്ലപ്പെട്ട വിഷ്ണുപ്രിയയുടെ മൃതദേഹം പരിയാരം മെഡിക്കൽ കോളജിൽ സൂക്ഷിച്ചിരിക്കുകയാണ്. ഇന്ന് പോസ്റ്റ്മോർട്ടം പരിശോധനയ്ക്ക് ശേഷം ഉച്ചയ്ക്ക് ശേഷം വീട്ടുവളപ്പിൽ സംസ്കരിക്കും.

ഇന്നലെയാണ് പ്രതി പാനൂരിൽ വിഷ്ണുപ്രിയയുടെ വീട്ടിലെത്തിയത്. പെണ്‍കുട്ടിയുടെ വീട്ടിൽ ആരും ഇല്ലാതിരുന്ന സമയത്തായിരുന്നു ആക്രമണം. അമ്മയും ബന്ധുക്കളുമെല്ലാം തൊട്ടടുത്തുള്ള കുടുംബവീട്ടിൽ മറ്റൊരു മരണാനന്തര ചടങ്ങിലായിരുന്നു. രാവിലെ വസ്ത്രം മാറാനും മറ്റുമായി വിഷ്ണുപ്രിയ കുടുംബവീട്ടിൽ നിന്ന് സ്വന്തം വീട്ടിലേക്ക് പോയിരുന്നു. ഏറെ വൈകിയിട്ടും മകളെ കാണാതിരുന്നതിനെ തുടർന്ന് അമ്മ അന്വേഷിച്ച് എത്തിയപ്പോഴാണ് കൊല്ലപ്പെട്ട് കിടക്കുന്ന വിഷ്ണുപ്രിയയെ കാണുന്നത്. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തില്‍ മണിക്കൂറുകള്‍ക്കകം പ്രതിയെ പിടികൂടുകയായിരുന്നു.

പ്രതി എം ശ്യാംജിത്ത് വീട്ടിലേക്ക് പതുങ്ങിവരുമ്പോള്‍ വിഷ്ണുപ്രിയ പൊന്നാനി സ്വദേശി സുഹൃത്തിനോട് വാട്‌സാപ്പില്‍ സംസാരിക്കുകയായിരുന്നു. സംസാരിച്ച് തീരുന്നതിന് മുന്‍പാണ് പ്രതി കൊലക്കത്തിയുമായി എത്തിയത്. പോലീസെത്തുമ്പോള്‍ വിഷ്ണുപ്രിയയുടെ ഫോണ്‍ നിലത്ത് വീണുകിടക്കുകയായിരുന്നു. അവസാനമായി വിഷ്ണുപ്രിയ സംസാരിച്ചയാളെ പോലീസ് കണ്ടെത്തി. പൊന്നാനി സ്വദേശിയെ ബന്ധപ്പെട്ടപ്പോള്‍, ഒരു ശ്യാംജിത്തിന്റെ പേര് വിളിച്ച് വിഷ്ണപ്രിയ നിലവിളിച്ചുവെന്നും പിന്നെ വിളിച്ചിട്ട് കിട്ടിയില്ലെന്നും അദ്ദേഹം പോലീസിനോട് പറഞ്ഞു. വിഷ്ണുപ്രിയയുടെ ഫോണില്‍നിന്നുതന്നെ ശ്യാംജിത്തിന്റെ നമ്പര്‍ കിട്ടി. തുടര്‍ന്നുള്ള അന്വേഷണമാണ് പ്രതിയെ കണ്ടെത്തിയത്. അഞ്ചുവര്‍ഷമായി പ്രണയത്തിലായിരുന്നുവെന്നും, എന്നാല്‍ മൂന്നുമാസമായി വിഷ്ണുപ്രിയ അടുപ്പം കാണിച്ചില്ലെന്നും ഇതോടെയാണ് കൊലപ്പെടുത്താൻ തീരുമാനിച്ചതെന്നും പ്രതി പൊലീസിനോട് പറഞ്ഞതായാണ് വിവരം.

Eng­lish Sum­ma­ry: vish­nupriya mur­der weapons of shyamjith found
You may also like this video

Exit mobile version