വിശേഷാവസരങ്ങളുടെ കാലമായതോടെ നാട്ടിലേക്കു വരുന്ന പ്രവാസി മലയാളികളെ കൊള്ളയടിക്കാൻ യുഎഇ‑കേരള സെക്ടറിലെ വിമാനക്കമ്പനികൾ മത്സരം തുടങ്ങി. കോവിഡ് മൂലമുണ്ടായ രണ്ടുവർഷത്തെ നഷ്ടവും ഇന്ധന വിലയിലെ വര്‍ധനവുണ്ടാക്കിയ അധികച്ചെലവും പ്രവാസികളെ പിഴിഞ്ഞ് നികത്താനാണ് വിമാനക്കമ്പനികളുടെ ഉന്നം.
വിഷു, ഈസ്റ്റർ, റംസാൻ പ്രമാണിച്ച് ഗൾഫ് രാജ്യങ്ങളിൽ നിന്നു നാട്ടിലേക്കു വരുന്ന പ്രവാസികളുടെ എണ്ണത്തിൽ വർധന അനുഭവപ്പെടാൻ തുടങ്ങിയതോടെ, ഏതാനും ദിവസം മുമ്പ് കേരളത്തിലേക്കുള്ള യാത്രക്കൂലി 7,500 രൂപയിൽ താഴെയായിരുന്നത് ചില എയർലൈനുകൾ ഇപ്പോൾ 14,600 നടുത്തേക്കു കൂട്ടിയിട്ടുണ്ട്. യുഎഇ ‑കേരള സെക്ടറിൽ 3000 മുതൽ 8500 വരെ രൂപയുടെയും കേരള- യുഎഇ സെക്ടറിൽ 3000 മുതൽ 6000 വരെ രൂപയുടെയും വർധനയാണുണ്ടായിരിക്കുന്നത്. കോവിഡ് മൂലമുണ്ടായ നിയന്ത്രണങ്ങളിൽ ഇളവു വന്നതും യുഎഇ ‑യിൽ വാർഷിക പരീക്ഷ കഴിഞ്ഞ് വിദ്യാലയങ്ങൾ അടച്ചതും ഗൾഫ് മലയാളികൾക്കു കുടുംബസമേതമുള്ള യാത്രയ്ക്ക് അനുകൂല ഘടകങ്ങളായിരുന്നു. പക്ഷേ, തക്കം നോക്കി വിമാനക്കമ്പനികൾ യാത്രക്കൂലി കുത്തനെ കൂട്ടിയത് വലിയ ഇരുട്ടടിയായി.
കഴിഞ്ഞ 27 മുതൽ രാജ്യാന്തര യാത്രാ വിലക്ക് പിൻവലിച്ച സാഹചര്യത്തിൽ വിമാന യാത്രാ നിരക്ക് കുറയുമെന്നും നാട്ടിലേക്കുള്ള യാത്ര അധികച്ചെലവില്ലാത്തതാകുമെന്നുമുള്ള പ്രതീക്ഷയും ഇതോടെ പൊലിഞ്ഞു.
കോവിഡ് ഭീതി മൂലം യാത്രയ്ക്കു മടിച്ചിരുന്ന വലിയ വിഭാഗം പ്രവാസികളെ ആകർഷിക്കാനായി, ടിക്കറ്റ് നിരക്ക് കുറയുമെന്നൊക്കെ വിമാനക്കമ്പനികൾ തുടക്കത്തിൽ ചില സൂചനകളും മറ്റും നൽകിയിരുന്നെങ്കിലും, റംസാൻ നോമ്പ് തുടങ്ങുന്നതിനു മുമ്പ് നാട്ടിലെത്താനും വിഷു, ഈസ്റ്റർ ആഘോഷങ്ങൾക്കായി കാലേക്കൂട്ടി കുടുംബസമേതം എത്താനും ആഗ്രഹിച്ചവരുടെ തിരക്കും ബുക്കിങ്ങും കൂടിയതോടെ നേരത്തേ നൽകിയ വാഗ്ദാനങ്ങൾ വിഴുങ്ങി കമ്പനികൾ നിരക്ക് വർധിപ്പിക്കുകയായിരുന്നു. വിശേഷ ദിവസങ്ങൾ അടുക്കുന്തോറും ടിക്കറ്റ് വിലയിൽ ഇനിയും വർധനവുണ്ടാകുമെന്നാണ്, മുൻ അനുഭവങ്ങളുടെ അടിസ്ഥാനത്തിലുള്ള വിലയിരുത്തൽ.
ഇൻഡിഗോ, സ്പൈസ് ജെറ്റ്, എയർ ഇന്ത്യ എക്സ്പ്രസ്, ഗോ ഫസ്റ്റ് എന്നീ ഇന്ത്യൻ വിമാനക്കമ്പനികളും എയർ അറേബ്യ, ഇത്തിഹാദ്, എമിറേറ്റ്സ് തുടങ്ങിയ ഗൾഫ് കമ്പനികളുമാണ് കേരളത്തിലേക്കും തിരിച്ചും സർവീസ് നടത്തുന്നത്.
English Summary: Vishu, Easter, Ramadan Holidays: Airlines Compete to Plunder Expatriates
You may like this video also
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.