കൊറോണയും നിയന്ത്രണവും ഒന്നും അറിയാതെ വിഷുക്കണി വര്‍ണാഭമാക്കാന്‍ മഞ്ഞപ്പട്ടും ചുറ്റി കേരളക്കരയാകെ നിറഞ്ഞുനില്‍ക്കുകയാണ് കണിക്കൊന്നകള്‍. മേടപ്പുലരിയെ വരവേല്‍ക്കാന്‍ വേണ്ടിയാണെങ്കിലും മീനമാസത്തിനും മുമ്പേ പലയിടത്തും കൊന്നകള്‍ പൂവിട്ട് അണിഞ്ഞൊരുങ്ങിയിരുന്നു. വിഷുക്കണിയും ആഘോഷങ്ങളുമൊക്കെ ലോക്ഡൗണില്‍ മുങ്ങിപ്പോയെങ്കിലും പൂക്കാതിരിക്കാനാവില്ലെനിക്ക് എന്ന മട്ടില്‍ പതിവ് തെറ്റിക്കാതെ ഇത്തവണയും എല്ലായിടത്തും കൊന്നപൂത്തു.
വിഷുവും ലോക്സഭ തെരഞ്ഞെടുപ്പു പ്രചാരണവും ഒക്കെയായി കഴിഞ്ഞ പൂക്കാലം നാടാകെ ആഘോഷമാക്കിയെങ്കിലും ഇത്തവണ പക്ഷേ, ആരും തിരിഞ്ഞുനോക്കാന്‍ പോലുമില്ലാത്ത അവസ്ഥ. വേനലവധിക്കാലമാണെങ്കിലും കൊറോണയെ ഭയന്ന് കുഞ്ഞുങ്ങള്‍ പോലും വീടിനുള്ളില്‍ ഒളിച്ചതോടെ പൂവിറുക്കാന്‍ പോലും ആരെയും കണികാണാനില്ല. ആദ്യഘട്ടത്തിലെ പൂക്കളൊക്കെ കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത വേനല്‍മഴയില്‍ കൊഴിഞ്ഞു തുടങ്ങിയെങ്കിലും ഇലകള്‍ പൊഴിഞ്ഞ്, മഞ്ഞപ്പൂക്കള്‍ മാത്രം നിറഞ്ഞ കൊന്നകള്‍ ഇനിയുമേറെയുണ്ട് പലയിടത്തും.
സാധാരണ വിഷുത്തലേന്ന്, മാര്‍ക്കറ്റുകളിലും വഴിയോരങ്ങളിലും മറ്റ് വിപണിയ്ക്കൊപ്പം കണിക്കൊന്ന പൂവിന്റെ വില്പനയും സജീവമായിരുന്നു. കണിവയ്ക്കാനുള്ള വെള്ളരിയും പച്ചക്കറികളും പഴവര്‍ഗ്ഗങ്ങളും തേടിയെത്തുന്നവരില്‍ പലരും ഒരുപിടി കൊന്നപ്പൂക്കള്‍ കൂടി വാങ്ങിയായിരിക്കും മടക്കം. പ്രത്യേകിച്ച് നഗരത്തിലുള്ളവരും ഫ്ളാറ്റുകളില്‍ താമസിക്കുന്നവരും. ഇത്തരക്കാരെ ലക്ഷ്യമിട്ട്, നാട്ടിന്‍പുറങ്ങളിലെ കൊന്നപ്പൂക്കള്‍ ശേഖരിച്ച് വിഷുത്തലേന്ന് കച്ചവടത്തിനിറങ്ങുന്നവരും നിരവധി.
ഇത്തവണ പക്ഷേ, വിഷുവിപണി ലക്ഷ്യമിട്ട് കൃഷിക്കിറങ്ങിയ കര്‍ഷകരും അങ്കലാപ്പിലാണ്. കണിവെള്ളരിയും പൈനാപ്പിളും പച്ചക്കറികളും അടക്കം വിപണിയില്‍ എത്തിയാലും കൊറോണയെ തുടര്‍ന്നുള്ള ലോക്ഡൗണ്‍ കാലാവധിയിലെ അനിശ്ചിതത്വം വിപണിയേയും ബാധിക്കും. അതുകൊണ്ടുതന്നെ വിഷുവിപണി എത്രകണ്ട് സജീവമാകുമെന്നത് കാത്തിരുന്ന് കാണേണ്ട കാര്യമാണ്.
English Summary; Vishu Festival, kanikonna
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.