പൊലിമയില്ലാതെ ഈസ്റ്ററും വിഷുവും

കെ കെ ജയേഷ്

കോഴിക്കോട്

Posted on April 07, 2020, 8:40 pm

കോവിഡ് 19 ഇത്തവണത്തെ വിഷു ആഘോഷത്തെയും പിടിച്ചുലയ്ക്കും. ലോക്ഡൗൺ കാലമായതുകൊണ്ട് തന്നെ വിഷു കച്ചവടം പ്രതീക്ഷിച്ച പതിനായിരക്കണക്കിന് കച്ചവടക്കാരും നിരാശയിലാണ്. ഏപ്രിൽ 14 നാണ് വിഷു. മേടമാസത്തിന്റെ ആരംഭത്തിൽ വരുന്ന വിഷു കണിയൊരുക്കിയും പുതുവസ്ത്രങ്ങൾ ധരിച്ചും പടക്കം പൊട്ടിച്ചും യാത്രകൾ നടത്തിയെല്ലാമാണ് മലയാളികൾ ആഘോഷിക്കുന്നത്. വിഷുവിന് മുമ്പ് ഈസ്റ്ററുമെത്തുന്നതിനാൽ വ്യാപാരികളെല്ലാം ഏറെ പ്രതീക്ഷയിലായിരുന്നു. എന്നാൽ കോവിഡ് മറ്റെല്ലാം തകർത്ത കൂട്ടത്തിൽ വിഷു സ്വപ്നങ്ങളെയും തകർത്തെറിഞ്ഞു.
ദൂരദേശങ്ങളിൽ കഴിയുന്ന ബന്ധുക്കളും സുഹൃത്തുക്കളുമെല്ലാം ഒന്നിച്ചു ചേരുന്ന അവസരം കൂടിയാണ് വിഷു. എന്നാൽ കോവിഡ് 19 സാമൂഹിക ജീവിതത്തെ ആകെ മാറ്റിമറച്ച സാഹചര്യത്തിൽ ഇത്തരം ഒത്തുചേരലുകളും ആഘോഷങ്ങളും എവിടെയുമുണ്ടാവില്ല. ഗതാഗത സംവിധാനങ്ങളെല്ലാം നിലച്ചിരിക്കുന്ന സ്ഥിതിയാണുള്ളത്. കോവിഡിന്റെ ഭാഗമായുള്ള നിയന്ത്രണങ്ങൾ പതിനാല് വരെയാണ് തീരുമാനിച്ചിട്ടുള്ളത്. അതുകഴിഞ്ഞാലും ചില ജില്ലകളിൽ നിയന്ത്രണം തുടരേണ്ട സ്ഥിതിയുമുണ്ട്. കണിക്കൊന്നകൾ സ്വർണവർണവുമായി പൂത്തു നിൽക്കുന്നുണ്ടെങ്കിലും കണിയൊരുക്കുന്ന ആഹ്ലാദത്തിന്റെ തുടിപ്പുകൾ ഇത്തവണ വീടുകൾക്കുള്ളിൽ ഒതുങ്ങും. വിഷു വിപണിയിലേക്കായി കരുതിവച്ച കണിവെള്ളരികളും പലയിടത്തും അനാഥമായി കൂട്ടിയിട്ടിരിക്കുകയാണ്. കണിവയ്ക്കാനുള്ള കൃഷ്ണ പ്രതിമകൾക്കും വിപണിയിൽ നല്ല ഡിമാന്റ് ഉണ്ടാവാറുണ്ടായിരുന്നു. തമിഴ്‌നാട്ടിൽ നിന്നാണ് സാധാരണ ഇത്തരം പ്രതിമകൾ എത്താറുള്ളത്. കുടുംബശ്രീ ഉത്പന്നങ്ങൾക്കും വിഷുക്കാലത്ത് ആവശ്യക്കാർ ഏറെയുണ്ടാവാറുണ്ട്. പ്രത്യേക മേളകൾ ഉൾപ്പെടെ കുടുംബശ്രീ സംഘടിപ്പിക്കാറുമുണ്ട്. ധാരാളം തെരുവു കച്ചവടക്കാരും വിഷുക്കാലത്തെ പ്രതീക്ഷിച്ച് കഴിയുന്നവരാണ്.
സംസ്ഥാനത്ത് കടകൾ ഭൂരിഭാഗവും അടഞ്ഞു കിടക്കുകയാണ്. അത്യാവശ്യ സാധനങ്ങൾ വിൽക്കുന്ന കടകൾ മാത്രമാണ് നിശ്ചിത സമയത്തേക്ക് തുറന്ന് പ്രവർത്തിക്കുന്നത്. വിഷുവിന് പുതുവസ്ത്രം വാങ്ങാൻ പോലും ആളുകൾക്ക് സാധിക്കില്ല. വിഷുവിന്റെ ഭാഗമായി നേരത്തെ തന്നെ ഉണരാറുള്ള പടക്കവിപണിയും ഇത്തവണ ഉണ്ടാവില്ല. കേരളത്തിലെ വിഷു വിപണി ഉൾപ്പെടെ ലക്ഷ്യമിട്ടാണ് തമിഴ്‌നാട് ശിവകാശിയിലെ പടക്ക വിപണി പ്രവർത്തിക്കുന്നത്. സുപ്രീം കോടതിയുടെ കർശന നിർദ്ദേശത്തെ തുടർന്ന് ഇവിടെ ശക്തമായ നിയന്ത്രണങ്ങൾ വന്നിട്ടുണ്ട്. ഇതുകാരണം നേരത്തെ തന്നെ അവിടെ നിർമ്മാണത്തിൽ വലിയ ഇടിവ് വന്നിട്ടുണ്ട്. വിഷു ആഘോഷം ഇല്ലാതാവുന്നതോടെ കണ്ണീരിലാവുന്നത് ശിവകാശിയിലെ പാവങ്ങൾ കൂടിയാണ്.
സൗകര്യങ്ങൾ ഉണ്ടായാൽ തന്നെ വിഷു ആഘോഷിക്കാൻ ആളുകളുടെ സാമ്പത്തികവും തടസ്സമാകും. നിർമ്മാണത്തൊഴിലാളികൾക്കും കൂലിപ്പണിക്കാർക്കും പണിയില്ലാതായിട്ട് നാളുകളായി. സ്ഥാപനങ്ങൾ അടഞ്ഞു കിടക്കുന്നതുകൊണ്ട് അവിടങ്ങളിലെ തൊഴിലാളികളും പ്രയാസത്തിലാണ്. ഐടി മേഖല ഉൾപ്പെടെ തൊഴിൽ രംഗം തീർത്തും സ്തംഭിച്ചു നിൽക്കുകയാണ്. സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയിട്ടുള്ള സമാശ്വാസ നടപടികൾ മാത്രമാണ് ഇവർക്കെല്ലാം ആശ്വാസകരമാകുന്നത്.
രോഗഭീതി നിറഞ്ഞുനിൽക്കുന്ന അന്തരീക്ഷത്തിൽ ആഘോഷത്തിന് അവധികൊടുക്കാൻ മാത്രമെ മലയാളികൾക്ക് ഇത്തവണ കഴിയുകയുള്ളൂ.