26 March 2025, Wednesday
KSFE Galaxy Chits Banner 2

ദൃശ്യവും അദൃശ്യവുമായ ചങ്ങലകൾ

ബേബി കാസ്ട്രോ
February 14, 2025 4:57 am

അമേരിക്കൻ സൈനിക വിമാനത്തിൽ മൃഗങ്ങളെപ്പോലെ കൊണ്ടുവന്ന് അമൃത്സർ വിമാനത്താവളത്തിൽ നടതള്ളിയ 104 ഭാരതീയരെ ബന്ധിച്ചിരുന്ന ചങ്ങലകൾ ലോകം മുഴുവൻ കണ്ടു. എന്നാൽ ഈ കടുത്ത മനുഷ്യാവകാശ ലംഘനത്തെ, ലജ്ജാകരമായ ഈ ദേശീയ അപമാനത്തെ നിർവികാരമായി ന്യായീകരിച്ച ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ് ജയശങ്കറിന്റെ കാലിലെ ചങ്ങലകൾ നമ്മളാരും കണ്ടില്ല. മനുഷ്യർ മനുഷ്യരുടെയും വർഗങ്ങൾ വർഗങ്ങളുടെയും രാഷ്ട്രങ്ങൾ രാഷ്ട്രങ്ങളുടെയും കാലുകളെ അണിയിച്ചിരിക്കുന്ന എല്ലാ ചങ്ങലകളും നഗ്നനേത്രങ്ങൾക്ക് ഗോചരമല്ല. സമകാലിക ലോക ക്രമത്തിന്റെ സൂക്ഷ്മമായ ബന്ധനങ്ങളെ കാണാൻ സാമാന്യയുക്തിക്ക് കഴിയാറില്ല — ചരിത്രസഹജമായ ഒരു വിസ്ഫോടനത്തിലൂടെ അത് വെളിവാക്കപ്പെടും വരെ. 32 പഞ്ചാബികളെയും 33 വീതം ഗുജറാത്തികളെയും ഹരിയാനക്കാരെയും മുമ്മൂന്ന് മറാത്തികളെയും യുപിക്കാരെയും അപമാനഭരിതയായ ഇന്ത്യയുടെ പ്രതീകങ്ങൾ പോലെ കൊണ്ടുവന്നിറക്കിയത് പഞ്ചാബിന്റെ ഹൃദയത്തിൽ. 1919ൽ നിരായുധരായ സ്ത്രീകളും കുഞ്ഞുങ്ങളുമടക്കം 379 ഭാരതീയരെ ബ്രിട്ടീഷ് സൈന്യം നിർദാക്ഷിണ്യം കശാപ്പ് ചെയ്ത ജാലിയൻ വാലാബാഗ് കുടികൊള്ളുന്ന അതേ നഗരത്തിൽ. ആ നരമേധകാലത്ത് ലെഫ്റ്റനന്റ് ഗവർണറായിരുന്ന മൈക്കിൾ ഒ ഡയറെ ലണ്ടനിൽ ചെന്ന് വധിച്ച ധീര ദേശാഭിമാനി ഉദ്ദം സിങ്ങിന്റെ നാടിന്റെ പേരും പഞ്ചാബ് എന്നുതന്നെയായിരുന്നു എന്നത് നാം മറക്കാൻ പാടില്ലാത്ത സന്ദർഭം കൂടിയാണിത്. ഇന്ത്യൻ ഭരണകൂടം വാർത്ത നിഷേധിക്കുകയാണ് ആദ്യം ചെയ്തത്. ഈ ദൃശ്യം ഗ്വാട്ടിമാലയിലേക്ക് നാടുകടത്തിയവരുടെതാണെന്നാണ് പിഐബി ഔ ദ്യോഗികമായി അറിയിച്ചത്. (ഗ്വാട്ടിമാലക്കാരോട് ഇതാകാമോ എന്ന് ചോദിക്കാൻ ധൈര്യപ്പെട്ട ഒരു കാലവും ഇന്ത്യക്കുണ്ടായിരുന്നു). 

ഫാസിസ്റ്റ് മാതൃകയിലുള്ള ദേശാഭിമാനത്താൽ പ്രചോദിതരായ ട്രംപ് ഭരണകൂടം വിശ്വഗുരുവിന്റെ മുഖം രക്ഷിക്കാനായി പോലും വിട്ടുവീഴ്ചയ്ക്കൊന്നും ഒരുക്കമായിരുന്നില്ല. യുഎസ് കസ്റ്റംസ് ആന്റ് ബോർഡർ പ്രൊട്ടക്ഷൻ ഔദ്യോഗികമായി തന്നെ വിവരങ്ങൾ പുറത്തുവിട്ടു. സി-17 ഗ്ലോബ് മാസ്റ്റർ വിമാനത്തിൽ ഇന്ത്യക്കാരെ കയറ്റിയയയ്ക്കുന്ന വീഡിയോ അമേരിക്കൻ ദേശസ്നേഹ പശ്ചാത്തല സംഗീതത്തോടെ പ്രക്ഷേപണം ചെയ്തുകൊണ്ട് ‘അതിക്രമിച്ചു കടന്നവർ നിർദാക്ഷിണ്യം പുറത്താക്കപ്പെടു‘മെന്ന് അവർ തുറന്നുപ്രഖ്യാപിച്ചു. മോഡിഭരണകൂടത്തിന്റെ വിദേശകാര്യ മന്ത്രി എസ് ജയശങ്കർ പ്രതിരോധിച്ചത് തന്റെ പൗരന്മാരെയല്ല, അമേരിക്കൻ ഭരണകൂടത്തെയാണ്. 2009 മുതൽ അനധികൃത കുടിയേറ്റക്കാരെ യുഎസ് ഇപ്രകാരം പുറത്താക്കാറുള്ളതാണെന്നും 2012 മുതൽ വിലങ്ങുവച്ചു തന്നെയാണ് അത്തരക്കാരെ കൊണ്ടുപോകാറുള്ളതെന്നും ഒരു പൊതുതത്വം പോലെ അദ്ദേഹം വ്യാഖ്യാനിച്ചു. ഇതു പറയുമ്പോൾ അദ്ദേഹത്തിന്റെ മുഖഭാവം ഒരു യുഎസ് ഒഫീഷ്യലിന്റെതു പോലെ തോന്നിച്ചു. പുറത്തുവന്ന ജസ്പാൽ സിങ്ങും ഹർവീന്ദർ സിങ്ങും തങ്ങളുടെ ദുരനുഭവങ്ങൾ വിവരിച്ചപ്പോൾ യാഥാർത്ഥ്യം രാജ്യമറിഞ്ഞു. 40 മണിക്കൂർ നേരം വിലങ്ങണിയിപ്പിച്ചാണ് അവരെ വിമാനത്തിൽ ഇരുത്തിയത്. സ്ത്രീകൾക്കും ഇളവൊന്നും ഉണ്ടായിരുന്നില്ല. ഭക്ഷണം കഴിക്കാനും ശുചിമുറിയിൽ പോകാനും പോലും വിലങ്ങഴിച്ചില്ല. “ഇന്ത്യൻ ഏലിയൻസ്” എന്നാണവരെ അമേരിക്കൻ ഉദ്യോഗസ്ഥർ അഭിസംബോധന ചെയ്തത്. മോഡിഭരണകൂടം കൊട്ടിഘോഷിക്കുന്ന അമേരിക്കൻ ചങ്ങാത്തമൊന്നും നിസഹായരായ ഈ മനുഷ്യർക്ക് അനുഭവവേദ്യമായില്ല. അവരുടെ മുഖത്ത് ദൈന്യം മാത്രമായിരുന്നു. സകലകാലങ്ങളിലും സകലദേശങ്ങളിലും അഭയാർത്ഥികളാക്കപ്പെട്ട, ആട്ടിയോടിക്കപ്പെട്ട, പലായനം ചെയ്യാൻ നിർബന്ധിക്കപ്പെട്ട മനുഷ്യന്റെ ദൈന്യം മാത്രം. അതിന് ദേശഭേദങ്ങളില്ല. “മനുഷ്യർ ജനിക്കുന്നത് സ്വതന്ത്രരായിട്ടാണ്. എന്നാൽ എല്ലായിടത്തും അവർ ചങ്ങലയിലാണ്” എന്ന് വോൾട്ടയർ പറഞ്ഞത് അവരെപ്പറ്റിയാണ്. 1780കളിൽ മഹത്തായ ഫ്രഞ്ച് വിപ്ലവത്തിന്റെ ശബ്ദമായിത്തീർന്ന വോൾട്ടയർ ഇതുപറയുമ്പോൾ മനുഷ്യരെ കാൽച്ചങ്ങലയണിയിച്ച് അടിമപ്പണിയെടുപ്പിക്കുന്ന കാലം ഫ്രാൻസിൽ അവസാനിച്ചിരുന്നു. രാജവാഴ്ചയോടുള്ള അയുക്തികമായ വിധേയത്വത്തിന്റെയും അസംബന്ധവും അശ്ലീലവുമായ പൗരോഹിത്യഭരണത്തിന്റെയും അദൃശ്യമായ ചങ്ങലകളെപ്പറ്റിയാണ് വോൾട്ടയർ ഈ മഹത്തായ പ്രഖ്യാപനം നടത്തിയത്.

ഫ്രഞ്ച് വിപ്ലവത്തിന്റെ മുന്നണിയിൽ നിന്ന് നയിച്ചത് ഉന്നതകുലജാതർക്കും പുരോഹിതർക്കും എതിരെ സാമൂഹികമായ മേധാവിത്തത്തിനുവേണ്ടി പോരാടിയ ആധുനിക മുതലാളി വർഗമായിരുന്നു. പരമ്പരാഗത അധികാരശ്രേണികളെ തകർത്തുകൊണ്ട് ആ വ‍ർഗം യൂറോപ്പിന്റെയും ആധുനികലോകത്തിന്റെയും ഭരണവർഗമായി. അവർ തകർത്ത പഴമയുടെ കാൽച്ചങ്ങലകളുടെ സ്ഥാനത്ത് കൂലിയടിമത്തത്തിന്റെ പുതിയ ചങ്ങലകൾ തീർത്തു. അപ്പോഴും ഭൂഗോളത്തിന്റെ മറ്റൊരു ഭാഗത്ത്, മറ്റൊരു രാജ്യത്ത് മനുഷ്യർ ദൃശ്യമായ ചങ്ങലകളിൽ ബന്ധിതരായിരുന്നു — 1865ൽ എബ്രഹാം ലിങ്കൺ നിയമപരമായി അവസാനിപ്പിക്കുംവരെ. ആ രാജ്യത്തിന്റെ പേര് അമേരിക്ക എന്നായിരുന്നു. 1776ൽ ലോകത്തിലെ ആദ്യത്തെ ജനാധിപത്യ റിപ്പബ്ലിക്കായി രൂപം കൊള്ളുമ്പോൾ മനുഷ്യരും അവരുടെ ഭരണകൂടവും തമ്മിലുള്ള ബന്ധത്തെ പുനർനിർവചിക്കുന്ന “ബിൽ ഓഫ് റൈറ്റ്സ്” അമേരിക്ക എന്ന രാജ്യത്തിന്റെ ഭരണഘടനയെ അലങ്കരിച്ചു. ജനിച്ചുവീണ ഓരോ മനുഷ്യനും സ്വാതന്ത്ര്യവും അന്തസും ജന്മാവകാശമായി ലഭിക്കുന്നുണ്ടെന്നും രാഷ്ട്രത്തിനുപോലും അത് അവരിൽ നിന്ന് എടുത്തുമാറ്റാൻ അധികാരമില്ലെന്നും ആ ഭരണഘടന പ്രഖ്യാപിച്ചു. എന്നിട്ടും 1865 വരെ ആ രാജ്യത്ത് മനുഷ്യനെ മനുഷ്യൻ വിൽക്കുകയും വാങ്ങുകയും ചെയ്തിരുന്നു. ഓടിപ്പോകുന്ന അടിമയും അഭയം കൊടുക്കുന്ന മനുഷ്യനും ശിക്ഷിക്കപ്പെടുമായിരുന്നു. 

വോൾട്ടയറിനും എഴുപതാണ്ടുകൾക്കുശേഷം മറ്റൊരു വിപ്ലവദാർശനികന്റെ ശബ്ദം യൂറോപ്പിനെയും ലോകത്തെയും പ്രകമ്പനം കൊള്ളിച്ചു- “ലോകത്തെങ്ങുമുള്ള മർദിതരേ നിങ്ങൾക്ക് നഷ്ടപ്പെടാനുള്ളത് കാൽച്ചങ്ങലകൾ മാത്രം. കിട്ടാനുള്ളത് ഒരു ലോകം മുഴുവനും”. സർവ ദേശങ്ങളിലും സർവ വംശങ്ങളിലും പെട്ട എല്ലാ മനുഷ്യരുടെയും കാലുകൾ ബന്ധിച്ചിരിക്കുന്ന അദൃശ്യമായ ചങ്ങലകളെ, നഗ്നനേത്രങ്ങൾക്കും സാമാന്യയുക്തിക്കും തിരിച്ചറിയാൻ കഴിയാത്ത ബന്ധനങ്ങളെ ആ വാക്കുകൾ വെളിച്ചത്തിൽ കൊണ്ടുവന്നു നിർത്തി. പുതിയ സാമ്രാജ്യങ്ങൾ പഴയവയുടെ രൂപാന്തരങ്ങളാണെന്നും സ്വാതന്ത്ര്യം ഇനിയും നേടാനിരിക്കുന്ന ഒന്നാണെന്നും ഉള്ള തിരിച്ചറിവാണ് അത് ലോകത്തിന് നൽകിയത്. മിന്നൽപ്പിണർ പോലെ വന്ന ആ ആശയത്തിന്റെ തെളിച്ചത്തിലാണ് മർദിത ദേശീയതകൾ തങ്ങളുടെ രാഷ്ട്രങ്ങൾ ആവിഷ്കരിച്ചത്. ഇന്ത്യയിലും ചൈനയിലും വിയറ്റ്നാമിലും അംഗോളയിലും കെനിയയിലും മൊസാമ്പിക്കിലും ജീവിച്ചിരുന്ന മനുഷ്യർക്ക് തങ്ങളുടെ ദേശീയ അസ്തിത്വത്തെപ്പറ്റിയുള്ള ബോധം അങ്ങനെ ഉയർന്നുവന്നതാണ്. അങ്ങനെ സാക്ഷാത്ക്കരിച്ചതാണ്. 

നിരന്തരമായ ഉപജാപങ്ങളിലൂടെ, അട്ടിമറികളിലൂടെ അതും കഴിയാതെ വന്നാൽ നേരിട്ടുള്ള സൈനികാക്രമണങ്ങളിലൂടെ വൻശക്തി രാഷ്ട്രങ്ങൾ വീണ്ടുംവീണ്ടും നവസ്വതന്ത്രരാഷ്ട്രങ്ങൾക്കുമേൽ നടത്തിയ കയ്യേറ്റങ്ങൾ ചരിത്രമായിക്കഴിഞ്ഞതാണ്. ബംഗ്ലാജനതയുടെ വിമോചനത്തിന് ഒപ്പം നിന്ന ഇന്ത്യയെ നേരിട്ടാക്രമിക്കാൻ ബംഗാൾ ഉൾക്കടലിൽ എത്തിയ അമേരിക്കയുടെ ഏഴാം കപ്പൽപ്പടയെ വന്നതുപോലെ തിരിച്ചയച്ചത് സോവിയറ്റ് യൂണിയന്റെ കരുത്തായിരുന്നു എന്നത് മോഡിക്കും ജയശങ്കറിനും അപ്രിയമായ സ്മരണകളായിരിക്കുമല്ലോ. ഇപ്പോൾ ഗ്രീൻലാന്റും പനാമ കനാലും ഗാസാ മുനമ്പും വെട്ടിപ്പിടിക്കുമെന്ന് സങ്കോചമേതുംകൂടാതെ അമേരിക്കൻ സ്വേച്ഛാധിപതി പ്രഖ്യാപിക്കുമ്പോൾ ഇന്ത്യക്ക് നിലപാടില്ല. സ്വന്തം പൗരന്മാരെ മൃഗങ്ങളെപ്പോലെ ചങ്ങലയ്ക്കിട്ട് ആട്ടിപ്പായിക്കുമ്പോൾ ബ്രസീലിന് പറയാൻ കഴിഞ്ഞതുപോലും ഇന്ത്യക്ക് കഴിഞ്ഞില്ല. പഴയ വെട്ടിപ്പിടിത്ത സാമ്രാജ്യങ്ങളുടെ കാലത്തേക്ക് ലോകത്തെ നയിക്കുന്ന പുതിയ ലോകക്രമത്തിന്റെ ചങ്ങലക്കെട്ടുകൾ നമ്മുടെ ഭരണാധികാരികളെ ബന്ധിച്ചിരിക്കുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.