രണ്ട് പ്രഖ്യാപനങ്ങള്‍: കാഴ്ചപ്പാടും പ്രായോഗികതയും

Web Desk
Posted on August 30, 2019, 10:37 pm

കേരളത്തിന്റെയും ഇന്ത്യയുടെയും ലോകത്തിന്റെതന്നെയും പാരിസ്ഥിതിക തകര്‍ച്ചയെ നേരിടാനും വികസന‑പാരിസ്ഥിതിക സന്തുലിതാവസ്ഥ നിലനിര്‍ത്താന്‍ സഹായകവുമായ രണ്ട് പ്രഖ്യാപനങ്ങള്‍ കഴിഞ്ഞ ദിവസം പുറത്തുവരികയുണ്ടായി. അതീവ ഗുരുതരമായ പാരിസ്ഥിതിക തകര്‍ച്ചയെ അഭിമുഖീകരിക്കുന്ന ലോകത്തിന് ഏറെ പ്രതീക്ഷ നല്‍കുന്ന പ്രഖ്യാപനങ്ങളാണ് കേരളത്തിന്റെയും കേന്ദ്രത്തിന്റെയും ഭാഗത്തുനിന്ന് ഉണ്ടായിട്ടുള്ളത്. വന്‍തോതില്‍ പ്രകൃതിവിഭവങ്ങള്‍ ചൂഷണം ചെയ്യുന്ന കെട്ടിടനിര്‍മാണ രീതികളില്‍ നിന്നും അവയുടെ ഉപയോഗം ഗണ്യമായി പരിമിതപ്പെടുത്തുന്ന പ്രീ ഫാബ്‌റിക്കേറ്റഡ് ഭവന നിര്‍മാണ സാങ്കേതികവിദ്യ കേരളത്തില്‍ നടപ്പില്‍ വരുത്തുമെന്ന് മന്ത്രിസഭാ യോഗ തീരുമാനങ്ങള്‍ വിശദീകരിക്കവെ മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. പുനരുപയോഗ്യമല്ലാത്ത ആറ് പ്ലാസ്റ്റിക് വസ്തുക്കളുടെ ഉപയോഗം ഒക്‌ടോബര്‍ രണ്ട്, ഗാന്ധിജയന്തി ദിനം, മുതല്‍ രാജ്യത്ത് നിരോധിക്കുമെന്നാണ് ഉന്നത കേന്ദ്ര ഉദേ്യാഗസ്ഥരെ ഉദ്ധരിച്ച് ആഗോള വാര്‍ത്താ ഏജന്‍സി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

വികസനത്തിന്റെ പേരില്‍ നടക്കുന്ന മനുഷ്യന്റെ ഭ്രാന്തമായ പരക്കംപാച്ചിലില്‍ പ്രകൃതിക്കും പരിസ്ഥിതിക്കും ആവാസവ്യവസ്ഥയ്ക്കും സംഭവിച്ചുകൊണ്ടിരിക്കുന്ന ഭീമമായ തകര്‍ച്ചയിലും മനുഷ്യരാശിയുടെയും ജൈവപ്രകൃതിയുടെയും സര്‍വനാശത്തിലും ഉല്‍ക്കണ്ഠാകുലരായ മുഴുവന്‍ ജനങ്ങള്‍ക്കും ഭാവി തലമുറയ്ക്കും അല്‍പമെങ്കിലും പ്രതീക്ഷക്കു വക നല്‍കുന്നതാണ് ഇരു തീരുമാനങ്ങളും. ആഗോള താപനത്തിന്റെയും വിനാശകരമായ പാരിസ്ഥിതിക തകര്‍ച്ചയുടെയും മുന്നറിയിപ്പുകളെ അപ്പാടെ അവഗണിക്കാനും അത്തരം മുന്നറിയിപ്പുകളെ കെട്ടുകഥകളാണെന്നു വ്യാഖ്യാനിക്കാനും മടിക്കാത്ത രാഷ്ട്രനേതാക്കള്‍ അരങ്ങുവാഴുമ്പോഴാണ് വൈകിയെങ്കിലും വിവേകപൂര്‍ണമായ തീരുമാനത്തില്‍ എത്തിച്ചേരാന്‍ കേരളത്തിനും ഇന്ത്യക്കും കഴിഞ്ഞിട്ടുള്ളത്. പ്രഖ്യാപനങ്ങളെക്കാള്‍ ക്ലേശകരമാണ് അവയുടെ പ്രായോഗിക നടത്തിപ്പെന്നത് നാം വിസ്മരിച്ചുകൂട.
കഴിഞ്ഞ രണ്ട് വര്‍ഷങ്ങളായി കേരളീയ ജനജീവിതത്തെ സ്തബ്ധമാക്കിയ പ്രകൃതിദുരന്തങ്ങള്‍ ഭവന നിര്‍മാണ രംഗത്ത് പുത്തന്‍, പ്രകൃതി സൗഹൃദ, സാങ്കേതിക വിദ്യകള്‍ ആരായാന്‍ നമ്മെ നിര്‍ബന്ധിതമാക്കിയിരുന്നു. പ്രകൃതി അനുവദിക്കുന്നതിലേറെ വിഭവങ്ങള്‍ കവര്‍ന്നെടുക്കുന്ന, ധാരാളിത്തപൂര്‍ണമായ, നിര്‍മാണ സാങ്കേതിക വിദ്യയാണ് കേരളം ദശകങ്ങളായി പിന്തുടര്‍ന്നുപോരുന്നത്. മണലിന്റെയും പാറയുടെയും അനിയന്ത്രിത ഖനനത്തിനും കേരളത്തിന്റെ പാരിസ്ഥിതിക സവിശേഷതകളെ തെല്ലും മാനിക്കാത്ത നിര്‍മാണ രീതികള്‍ക്കുമെതിരെ വ്യാപകമായ മുന്നറിയിപ്പുകള്‍ സമൂഹത്തില്‍ ഉയര്‍ന്നിരുന്നു. കേരള നിയമസഭയുടെ പരിസ്ഥിതി സമിതിയടക്കം അനുയോജ്യമായ ബദല്‍ നിര്‍മാണ സാങ്കേതിക വിദ്യകള്‍ അവലംബിക്കേണ്ടതിന്റെ ആവശ്യകതയ്ക്ക് അടിവരയിട്ടിരുന്നു. ദൗര്‍ഭാഗ്യകരമെന്നു പറയട്ടെ വിവേകത്തിന്റെ അത്തരം ശബ്ദങ്ങള്‍ അവഗണിക്കപ്പെടുകയായിരുന്നു. എന്നാല്‍ ഇന്ന് പ്രകൃതിയുടെ രൂക്ഷമായ തിരിച്ചടിക്കു മുന്നില്‍ മറ്റ് മാര്‍ഗമില്ലെന്ന് വന്നിരിക്കുന്നു. പ്രീ ഫാബ്‌റിക്കേറ്റഡ് നിര്‍മാണ സങ്കേതം സംസ്ഥാനത്തിന്റെ പാരിസ്ഥിതിക സന്തുലിത വീണ്ടെടുക്കാനുള്ള യത്‌നത്തില്‍ വളരെ പരിമിതമായ നടപടികളില്‍ ഒന്നു മാത്രമാണ്. മഹാപ്രളയത്തിന്റെ പശ്ചാത്തലത്തില്‍ നാം ആവിഷ്‌കരിച്ചു നടപ്പാക്കാന്‍ ശ്രമിക്കുന്ന പുനര്‍നിര്‍മാണ പ്രക്രിയയുടെ അന്തര്‍ധാര തന്നെ കേരളത്തിന്റെ പരിസ്ഥിതി സന്തുലനത്തെയും ജൈവ വൈവിധ്യത്തെയും പ്രകൃതി സവിശേഷതകളെയും സംരക്ഷിക്കുകയും തിരിച്ചുപിടിക്കുകയും എന്നതായിരിക്കണം. അതാണ് ഈ ഭൂപ്രദേശത്തിന്റെ യഥാര്‍ത്ഥ സമ്പത്തെന്ന് നാം വിസ്മരിച്ചുകൂട. ആ ലക്ഷ്യം കൈവരിക്കുന്നതിന് വിഘാതം സൃഷ്ടിക്കുന്ന എല്ലാ തടസങ്ങളും നീക്കം ചെയ്യാനുതകുന്ന നയപരിപാടികളും നിയമ വ്യവസ്ഥകളും ഉറപ്പുവരുത്താന്‍ ഭരണകൂടത്തിന് കഴിയണം. അവ വളച്ചൊടിക്കാനും അവയില്‍ പഴുതുകള്‍ സൃഷ്ടിച്ച് താല്‍ക്കാലിക നേട്ടങ്ങളില്‍ അഭിരമിക്കാനും ശ്രമിക്കുന്ന ശക്തികളെ നിലയ്ക്കു നിര്‍ത്താനായില്ലെങ്കില്‍ എത്ര ഉന്നതങ്ങളായ ലക്ഷ്യങ്ങളും ജലരേഖകളായി മാറുമെന്ന് അനുഭവം സാക്ഷ്യപ്പെടുത്തുന്നു.

പ്ലാസ്റ്റിക് മനുഷ്യജീവിതത്തിനു നല്‍കിയ താല്‍ക്കാലിക സൗകര്യങ്ങളെക്കാള്‍ എത്രയോ നൂറുമടങ്ങ് വിനാശമാണ് അത് ഭൂമിക്കും ജീവനും വരുത്തിവച്ചിട്ടുള്ളതെന്നത് വിവരണാതീതമാണ്. പുനരുപയോഗ്യമല്ലാത്ത പ്ലാസ്റ്റിക് ഉല്‍പന്നങ്ങള്‍ നിരോധിക്കുന്നതിന് നാളിതുവരെ നടന്ന ശ്രമങ്ങള്‍ക്കൊന്നും വിജയം കൈവരിക്കാന്‍ കഴിഞ്ഞിട്ടില്ല. കാരണം അവയുടെ ഉല്‍പാദനം, സാമ്പത്തികമടക്കം വിവിധ കാരണങ്ങളുടെ പേരില്‍, തുടര്‍ന്നുകൊണ്ട് അത്തരം നിരോധനങ്ങള്‍ വിജയിക്കുക അസാധ്യമാണ്. ഇക്കൊല്ലം ഗാന്ധിജയന്തി ദിനത്തില്‍ ആറ് പ്ലാസ്റ്റിക് ഉല്‍പന്നങ്ങള്‍ പൂര്‍ണമായും നിരോധിക്കുമെന്നാണ് കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപനം. അത്തരം ഉല്‍പ്പന്നങ്ങളുടെ നിര്‍മാണവും അവയുടെ ശേഖരവും പൂര്‍ണമായി അവസാനിപ്പിക്കാതെ നടത്തുന്ന ഏത് നിരോധനവും പരാജയപ്പെടുക സ്വഭാവികം മാത്രമാണ്. ജലലഭ്യതയില്ലാത്ത ആയിരക്കണക്കിന് ഗ്രാമങ്ങളും പട്ടണങ്ങളും നിലനില്‍ക്കെ ‘സ്വഛ് ഭാരത്’ ആഘോഷമാക്കുന്നതിന്റെയും കള്ളപ്പണത്തില്‍ കാലൂന്നി നിന്ന് ‘നോട്ട് നിരോധനം’ നടപ്പാക്കിയതിന്റെയും അനുഭവം നമുക്ക് മുന്നിലുണ്ട്. കയ്യടി നേടിയെടുക്കുന്ന പ്രഖ്യാപനങ്ങള്‍ക്കപ്പുറം മനുഷ്യരാശി അഭിമുഖീകരിക്കുന്ന പ്ലാസ്റ്റിക് ഭീഷണി എങ്ങനെ നേരിടാനാവുമെന്ന കര്‍മപദ്ധതിക്കാണ് രാജ്യം കാത്തിരിക്കുന്നത്.