Web Desk

June 25, 2020, 5:54 pm

വെള്ളപ്പാണ്ട് പകരുന്ന രോഗമാണോ? അറിയാം ലക്ഷണങ്ങളും ചികിത്സകളും

Janayugom Online

ജൂണ്‍ 25 ലോക വെള്ളപ്പാണ്ട് ദിനമാണ്. ലോക പ്രശസ്ത പോപ്പ് ഗായകന്‍ മൈക്കല്‍ ജാക്‌സന്റെ ചരമദിനം ഇതിനായി തിരഞ്ഞെടുത്തതിനുള്ള കാരണം അദ്ദേഹത്തിന് ഈ രോഗം ഉണ്ടായിരുന്നു എന്നത് തന്നെയാണ്. ലോകജനതയുടെ ഏകദേശം ഒരു ശതമാനത്തെ വര്‍ഗ വംശഭേദമന്യേ വെള്ളപ്പാണ്ട് ബാധിക്കുന്നു.

എന്താണ് വെള്ളപ്പാണ്ട് അല്ലെങ്കില്‍ വിറ്റിലിഗോ?

തൊലിപ്പുറത്ത് വെളുത്ത പാടുകള്‍ വന്ന് ആ ഭാഗത്തെ സ്വാഭാവിക നിറം നഷ്ടപ്പെടുന്ന അവസ്ഥയാണ് വിറ്റിലിഗോ അല്ലെങ്കില്‍ വെള്ളപ്പാണ്ട് എന്ന് പറയുന്നത്. ആ നിറം കാലത്തിനനുസരിച്ച് മാറിക്കൊണ്ടേയിരിക്കും. ഈ അവസ്ഥ ശരീരത്തിന്റെ ഏത് ഭാഗത്തുള്ള ചര്‍മ്മത്തെയും ബാധിക്കും. ഇത് ഏറ്റവും കൂടുതല്‍ കണ്ട് വരുന്നത് മുഖം,കഴുത്ത്,കാലുകള്‍, കൈത്തണ്ട, തലമുടിയോട് ചേര്‍ന്ന തൊലി, വിരലുകള്‍ എന്നിവിടങ്ങളിലാണെങ്കിലും ഇത് മുടിയുടെ നിറത്തെയും വായുടെ ഉള്‍ഭാഗത്തേയും ബാധിക്കാം. ശരീരത്തിന്റെ പ്രതിരോധശ്രേണിയെ ബാധിക്കുന്ന ഒരു ഓട്ടോഇമ്മ്യൂണ്‍ രോഗമായതിനാല്‍ വെള്ളപ്പാണ്ട് ഉള്ള രോഗികളില്‍ തൈറോയ്ഡ്, പാരാതൈറോയ്ഡ്, ഡയബറ്റിസ് തുടങ്ങിയ മറ്റു ഓട്ടോഇമ്മ്യൂണ്‍ രോഗങ്ങള്‍ കണ്ടു വരാറുണ്ട്.

വെള്ളപ്പാണ്ട് പകരുമോ?

ഈ രോഗം പകരില്ല. എന്നാല്‍ ഏകദേശം 30 ശതമാനത്തോളം രോഗികളിലും അടുത്ത ബന്ധുക്കളിലും ഈ രോഗം കണ്ട് വരുന്നതിനാല്‍ ജനിതകമായ ഘടകങ്ങളും വെള്ളപ്പാണ്ടിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നു.

ലക്ഷണങ്ങള്‍

* ശരീരത്തിന്റെ ഏതു ഭാഗത്തു വെള്ളപ്പാടുകള്‍ പ്രത്യക്ഷപ്പെടാമെങ്കിലും കൈകാലുകളിലും മുഖത്തും ആണ് സാധാരണ കണ്ടു വരാറ്.

*പേപ്പര്‍ പോലെ വെളുത്ത, ചൊറിച്ചിലോ മറ്റോ ഇല്ലാത്ത പാടുകളാണ് രോഗലക്ഷണം. ഇത്തരം വെള്ളപ്പാടിനുള്ളിലെ രോമങ്ങളും നരച്ചു കാണപ്പെടുന്നു.

*പരിക്കുകള്‍ ഏല്‍ക്കുന്ന മാതൃകയില്‍ പുതിയ പാടുകള്‍ പ്രത്യക്ഷപ്പെടുന്നത് രോഗം ആക്റ്റീവ് ആണ് എന്നതിന്റെ ലക്ഷണമാണ്.

പലതരം വെള്ളപ്പാണ്ടുകള്‍ ഉണ്ട്

സെഗ്മെന്റല്‍ വിറ്റിലിഗോ

കുട്ടികളിലാണ് ഈ രോഗം കൂടുതലായി കാണപ്പെടുന്നത്. ശരീരത്തിന്റെ ഒരു ഭാഗത്ത് മാത്രമായി കണ്ടു വരുന്ന രോഗമാണിത്.

മുക്കോസല്‍ വിറ്റിലിഗോ

വായ, ചുണ്ട്, തുടങ്ങിയ ശ്ലേഷ്മ സ്ഥരത്തെ ബാധിക്കുന്നു.

ഏക്രോഫേഷ്യല്‍ വിറ്റിലിഗോ

വിരലുകളുടെ അഗ്രങ്ങളിലും ചുണ്ടിലും ലിംഗാഗ്രത്തിലും കണ്ടു വരുന്നു. താരതമ്യേന മറ്റു തരങ്ങളെ അപേക്ഷിച്ചു നിറം തിരികെ വരാന്‍ കൂടുതല്‍ സമയം എടുക്കാനും ദീര്‍ഘകാലം ചികിത്സ വേണ്ടി വരാനും സാധ്യത കൂടുതലാണ്, സര്‍ജറിയും വേണ്ടി വന്നേക്കാം.

പരിശോധന

രോഗനിര്‍ണയത്തിനായി ടെസ്റ്റുകളുടെ ആവശ്യമില്ല. ഒരു ത്വക് രോഗവിദഗ്ധനു പ്രഥമദൃഷ്ട്യാതന്നെ രോഗനിര്‍ണയം സാധ്യമാണ്. പ്രാരംഭഘട്ടത്തിലെ പാടുകള്‍ക്ക് ചിലപ്പോള്‍ കുഷ്ഠം, ചുണങ്ങ്, തുടങ്ങിയ മറ്റു രോഗങ്ങളുമായി സാദൃശ്യം തോന്നിയേക്കാം. അത്തരം സാഹചര്യങ്ങളില്‍ ബയോപ്‌സി പരിശോധന വേണ്ടി വന്നേക്കാം. മറ്റ് ഓട്ടോഇമ്മ്യൂണ്‍ രോഗങ്ങള്‍ ഉണ്ടോ എന്നറിയാനായി തൈറോയ്ഡ് ഫങ്ഷന്‍ ടെസ്റ്റ്, രക്തത്തിലെ പഞ്ചസാരയുടെ അളവ് മുതലായ ടെസ്റ്റുകള്‍ ചെയ്യാറുണ്ട്.

ചികിത്സ

പാടുകള്‍ ചികില്‍സിച്ചു പൂര്‍ണമായും പൂര്‍വസ്ഥിതിയില്‍ ആക്കാവുന്നതാണ്. എന്നാല്‍, കാലപ്പഴക്കം ചെന്ന രോഗം, രോമങ്ങള്‍ നരച്ച പാടുകള്‍, ശ്ലേഷ്മ സ്തരത്തിലെയും വിരല്‍ തുമ്പുകളിലെയും പാടുകള്‍ എന്നിവയില്‍ ചികിത്സയോടുള്ള പ്രതികരികരണം താരതമ്യേന കുറവാണ്.

ലേപനങ്ങള്‍

സ്റ്റിറോയ്ഡ്, ടാക്രോലിമസ് തുടങ്ങി നിരവധി ലേപനങ്ങള്‍ ഫലപ്രദമാണ്. തീവ്രത കുറഞ്ഞ പരിമിതമായ ഭാഗങ്ങളെ മാത്രം ബാധിക്കുന്ന അവസ്ഥയില്‍ ലേപനങ്ങള്‍ മാത്രം മതിയാകും.

ഫോട്ടോതെറാപ്പി

അള്‍ട്രാ വയലറ്റ് രശ്മികള്‍ ഉപയോഗിച്ചുള്ള ചികിത്സയാണിത്. സൂര്യപ്രകാശം ഉപയോഗിച്ചോ പ്രത്യേക തരം ഉപകരണങ്ങള്‍ ഉപയോഗിച്ചോ ഈ ചികിത്സ ചെയ്യാം.

ഗുളികകള്‍

ശരീരത്തിന്റെ രോഗപ്രതിരോധ ശേഷിയെ നിയന്ത്രിക്കുന്ന മരുന്നുകളാണിവ.

ഓര്‍ക്കുക

വെള്ളപ്പാണ്ട് പകരില്ല. ശരിയായ ചികില്‍സയിലൂടെ ചര്‍മം പൂര്‍ണമായും പൂര്‍വസ്ഥിതിയിലാക്കാന്‍ സാധിക്കും വിവേചനമല്ല, വിവേകമാണ് വേണ്ടത്.

Eng­lish sum­ma­ry; vit­tili­go symp­toms treatement

You may also like this video;