Web Desk

മുംബൈ

June 16, 2020, 5:26 pm

അധികാര കളി അവസാനിപ്പിക്കണം: സുശാന്തിനെക്കുറിച്ച്‌ നടൻ വിവേക്‌ ഒബ്‌റോയി പങ്ക്‌ വച്ച കുറിപ്പ്‌ ചർച്ചയാവുന്നു

Janayugom Online

ഏവരെയും ഞെട്ടിച്ചുകൊണ്ട്‌ വിടചൊല്ലിയ ബോളിവുഡ്‌ നടൻ സുശാന്തിന്റെ വേർപാടിൽ ഇന്ത്യൻ സിനിമാ ലോകം ഒന്നായി അനുശോചനം രേഖപ്പെടുത്തുകയാണ്‌. പല തരത്തിലുള്ള അനുശോചനങ്ങൾ വരുന്നുണ്ടെങ്കിലും നടൻ വിവേക്‌ ഒബ്‌റോയി പങ്കു വച്ച കുറിപ്പ്‌ ചർച്ചയാവുന്നതിന്‌ കാരണം അദ്ദേഹം ബോളിവുഡിൽ ഇപ്പോൾ സംഭവിക്കുന്ന അധികാര കളിയെക്കുറിച്ച്‌ പരാമർശിക്കുന്നതിനാലാണ്‌. ബോളിവുഡ്‌ സിനിമാ മേഖല മാറിച്ചിന്തിക്കേണ്ട സമയമാണിതെന്നാണ്‌ വിവേക്‌ ഒബ്‌റോയി പറയുന്നത്‌.

വിവേക് ഒബ്റോയ് പങ്കുവെച്ച കുറിപ്പിന്റെ പൂർണ രൂപം:
സുശാന്തിൻറെ സംസ്കാരച്ചടങ്ങുകളിൽ പങ്കെടുത്തത് ഹൃദയഭേദകമായ കാര്യമായിരുന്നു. എന്റെ വ്യക്തിപരമായ അനുഭവങ്ങൾ സുശാന്തുമായി പങ്കുവച്ചിരുന്നെങ്കിലെന്ന് ആഗ്രഹിച്ച് പോകുന്നു. അതൊരുപക്ഷേ അവന്റെ വേദന കുറച്ചേക്കുമായിരുന്നു. ഇതേ വേദനയോടെയായിരുന്നു എന്റെ യാത്രയും. അത് വളരെ ഇരുണ്ടതും ഒറ്റപ്പെടൽ നിറഞ്ഞതുമായിരുന്നു. പക്ഷേ മരണമല്ല അതിനുള്ള ഉത്തരം. ആത്മഹത്യയല്ല അതിനുള്ള പരിഹാരം.

അവന്റെ കുടുംബത്തെക്കുറിച്ചും സുഹൃത്തുക്കളെക്കുറിച്ചും അവന്റെ നഷ്ടത്തിൽ വേദനിക്കുന്ന ആരാധകരെ കുറിച്ചും ഒരു നിമിഷം ചിന്തിച്ചിരുന്നെങ്കിൽ അവൻ പിന്തിരിഞ്ഞേനെ. അവനെ അവരെത്ര കരുതലോടെ കണ്ടിരുന്നെന്ന് തിരിച്ചറിഞ്ഞേനേ. ഇന്ന് സുശാന്തിൻറെ അച്ഛനെ കണ്ടു, മകന്റെ ചിതയ്ക്ക് തീ കൊളുത്തേണ്ടി വന്നപ്പോൾ അദ്ദേഹത്തിന്റെ കണ്ണുകളിൽ കണ്ട വേദന ഒരിക്കലും സഹിക്കാനാവില്ല. തിരിച്ചുവരാൻ കെഞ്ചി പറഞ്ഞുകൊണ്ടുള്ള അവന്റെ സഹോദരിയുടെ കരച്ചിൽ കേട്ടപ്പോൾ ആ ദുരന്തത്തിന്റെ വ്യാപ്തിയെക്കുറിച്ച് എനിക്ക് പറയാനാവുന്നില്ല.

സ്വയം കുടുംബമെന്ന് വിശേഷിപ്പിക്കുന്ന ബോളിവുഡ് സിനിമാ മേഖല മാറി ചിന്തിക്കേണ്ട സമയമാണിത്. നല്ലതിനായി മാറേണ്ടതുണ്ട്, മറ്റുള്ളവരെക്കുറിച്ചും നമ്മൾ ആശങ്കപ്പെടേണ്ടതുണ്ട്, അധികാര കളി അവസാനിപ്പിക്കണം, വിശാല മനസോടെ പ്രവർത്തിക്കണം, ഈഗോ മാറ്റി വച്ച് കഴിവുള്ളവരെ അംഗീകരിക്കണം, ഈ കുടുംബം ശരിക്കും കുടുംബമായി മാറേണ്ടതുണ്ട്. കഴിവിനെ പരിപോഷിപ്പിക്കുന്ന ഇടമാവണം. അതില്ലാതാക്കുന്ന ഇടമല്ല. കലാകാരൻ അംഗീകരിക്കപ്പെടുന്ന ഇടം. കബളിക്കപ്പെടുന്ന ഇടമല്ല. ഇതെല്ലാവരും ഉണരേണ്ട സമയമാണ്. എപ്പോഴുമുള്ള സുശാന്തിൻറെ ആ പുഞ്ചിരി എനിക്ക് മിസ് ചെയ്യും. നിന്റെയുള്ളിലെ എല്ലാ സങ്കടങ്ങളും ഇല്ലാതാക്കാൻ ‍ഞാൻ ദൈവത്തോട് പ്രാർഥിക്കുന്നു. നിന്റെ നഷ്ടം സഹിക്കാനുള്ള ശക്തി നിന്റെ കുടുംബത്തിന് നൽകാനും. നീയിന്ന് മികച്ച സ്ഥലത്താവാൻ പ്രാർഥിക്കുന്നു, ഒരുപക്ഷേ നിന്നെ ഞങ്ങൾ അർഹിക്കുന്നുണ്ടായിരിക്കില്ല.