അജിത് കൊളാടി

വാക്ക്

January 17, 2021, 5:42 am

വിവേകാനന്ദനും ഇന്നത്തെ ഇന്ത്യയും

Janayugom Online

നുവരി 12, സ്വാമിജിയുടെ നൂറ്റിഅമ്പത്തി എട്ടാം ജന്മദിനം ആയിരുന്നു. വിവേകത്തിൽ ആനന്ദം കണ്ടെത്തിയ മനുഷ്യൻ. വിവേകവാണി നമ്മുടെ അസ്വാസ്ഥ്യങ്ങൾക്ക് ദിവ്യ ഔഷധമാണ്. ലോകം മുഴുവൻ വ്യാപിച്ചിരിക്കുന്ന മഹാസ്മൃതിയുടെ ഒരു മഹാഛായയാണ് വിവേകാനന്ദ സ്വാമികൾ.

ഒരുപാടു അഗ്നിപഥങ്ങളിലൂടെ അദ്ദേഹം സഞ്ചരിച്ചു. ലോകത്തിന്റെ ആത്മാവിൻ ദുർഗന്ധം ദുരീകരിക്കാനായി വേദാന്തത്തിന്റെ നിത്യ സുഗന്ധത്തെ പ്രസരിപ്പിച്ച ചിക്കാഗോവിലെ പാവന വചനധാര. ഒരു പ്രസംഗം തുടക്കത്തിലെ സംബോധന കൊണ്ടു മാത്രം വിജയിച്ചത് ഒരു വിശ്വ സംഭവം. ആ ചരിത്രത്തിന്റെ സൃഷ്ടാവാണ് സ്വാമികൾ. കേവലമായ ഒരു ലഘു സംബോധനയിൽ ഇന്ത്യയുടെ വേദാന്തത്തിന്റെ സംസ്കാരം മുഴുവൻ ഉൾക്കൊണ്ടു.

അധികാര പത്രമില്ലാത്ത അംബാസിഡർ ആയിരുന്നു അദ്ദേഹം. അദ്ദേഹത്തിന് അത് ആവശ്യമില്ല. ഇന്ത്യയുടെ ഒരു ചിരന്തന സങ്കൽപമാണ് ഈ നിത്യ താരുണ്യം. യുവത്വത്തിന്റെ എക്കാലത്തെയും പ്രതീകമാണ് അദ്ദേഹം. അസഹിഷ്ണുതയുടെ വിനാശജ്വാലകൾ, എല്ലാറ്റിനേയും ഇവിടെ കത്തിക്കരിക്കുമ്പോൾ, ഇന്ത്യ നിലനിൽക്കുന്നത് ഈ സനൽകുമാര തത്വം കൊണ്ടാണ്. ബ്രഹ്മർഷികളിൽ ഏറ്റവും പ്രസിദ്ധൻ സനൽ കുമാരനാണ്. എന്നും കുമാരനാണ്. ആ യുവത്വം സ്വാമിജിയിലൂടെ അനുസ്യൂതം പ്രവഹിച്ചു. അത് രാജ്യത്തിന് ഊർജം പകർന്നു. അല്ലാതെ രാജ്യം ഭരിച്ച, ഭരിക്കുന്ന ഭരണകർത്താക്കളുടെ മിടുക്കുകൊണ്ടല്ല. മഹാത്മാഗാന്ധിയിലും ഈ സനൽകുമാര തത്വമുണ്ട്. ഇന്ത്യയെ ജീവിപ്പിക്കുന്നത് യുവത്വമാണ്. രാഷ്ട്രത്തിന്റെ ജ്വാല യുവത്വം ആണ്.

ഇന്ന്, ഈ ഇരുണ്ട കാലഘട്ടത്തിൽ, നിത്യയൗവനത്തിന്റെ മഹാഛായയിൽ ആത്മാവിനെ വികസ്വരമാക്കുന്ന ജനതയെ ഇന്ത്യയിൽ കാണുന്നില്ല. അതാണ് ഈ കാലഘട്ടത്തിന്റെ ഏറ്റവും വലിയ ദുഃഖം.

അദ്ദേഹത്തിന്റെ വചനങ്ങൾ ഹിമാലയത്തിൽ നിന്നുള്ള അനർഗളമായ പ്രവാഹമായിരുന്നു. യൗവ്വനത്തിന്റെ വിജയം. നിസ്വൻ ആയിരുന്നു അദ്ദേഹം. ഭൗതിക നിസ്വതയുടെ ഏറ്റവും മനോഹരമായ രൂപമായിരുന്നു അദ്ദേഹം. എപ്പോഴും ഉണർന്നിരുന്ന് ഈ തേജസിനെ പരിരംഭണം ചെയ്യണം എന്ന് ഇന്ത്യയിലെ യുവാക്കൾക്ക് തോന്നും. രാജ്യത്തെ ഗ്രസിച്ചിരിക്കുന്ന ഇരുട്ട് മാറ്റാൻ അത് ശക്തിയേറിയ മാർഗമാണ്. അന്നത്തെ ലോകനേതാക്കന്മാർ ശക്തി കണ്ടെത്തിയത് സ്വാമിജിയിൽ നിന്നാണ്.

ഒരു രാഷ്ട്രത്തിന്റെ ജീവചൈതന്യം ഒഴുകിപ്പോയ കാലഘട്ടമാണിത്. ഭാരതത്തിന്റെ ഹൃദയം ശുന്യമാണ്. “സർവലക്ഷണ സംയുതൻ” ആയ ഈ ചക്രവർത്തിയാണ് നമ്മുടെ ഇടയിൽ പ്രതിഷ്ഠിക്കപ്പെടേണ്ടത്. മാനവികതയുടെ പ്രതീകം. മനുഷ്യനെ എല്ലാറ്റിനും ഉപരിയായി കണ്ട മഹാതേജസ്വി. അദ്ദേഹം പാശ്ചാത്യ നാടുകളിൽ നടത്തിയ പ്രസംഗങ്ങൾ, ആ നാടിന്റെ ഹൃദയത്തിൽ ആഞ്ഞടിച്ച ഭാരതീയ അണുസ്ഫോടനമായിരുന്നു. ആ കൊടുംങ്കാറ്റിൽ പശ്ചിമദേശം ആടിയുലഞ്ഞു. വേദാന്തം പറഞ്ഞു അദേഹം. ഒരു സംബോധനയിൽ ഒരു രാഷ്ട്രത്തിന്റെ ചിരന്തന ചിന്താസാരം ഒതുക്കി അദ്ദേഹം പറഞ്ഞു “ഇതാ ഞാൻ വരുന്നത് മതങ്ങളുടെ ജന്മഭൂമിയിൽ നിന്നാണ്. ഇവിടെ സംസാരിക്കുന്നത് മതങ്ങളെ കുറിച്ചല്ല. മതങ്ങൾക്കതീതമായ ഒരു മതമുള്ളതിനെ കുറിച്ചാണ്.” അങ്ങിനെയാണ് വേദാന്തത്തിന്റെ പരിശുദ്ധ വിചാരങ്ങളെ ലോകത്ത് അവതരിപ്പിച്ചത്. ഐഹിക സത്യങ്ങൾക്കപ്പുറത്തുള്ള പരമസത്യത്തെയാണ് ഉപനിഷദ് ചിന്തകർ അന്വേഷിച്ചത്. അതാണ് അദ്ദേഹം പറഞ്ഞത്. പതറാത്ത സത്യാന്വേഷണം ആയിരുന്നു അവർ നടത്തിയത്. അവർ പ്രപഞ്ചത്തിന്റെ ഉൽപത്തിയെപ്പറ്റിയും ജീവിതത്തിന്റെ ചഞ്ചലതയെപ്പറ്റിയും, മനുഷ്യനും പ്രപഞ്ചവും തമ്മിലുള്ള ബന്ധത്തെ പറ്റിയും, ഇവയ്ക്കെല്ലാമിടയിലുള്ള നിഗൂഢപ്രതിഭാസങ്ങളെ പറ്റിയുമെല്ലാം, ഗാഢമായി ചിന്തിക്കുകയും പലതരത്തിലുള്ള അനുമാനങ്ങളിലെത്തിച്ചേരുകയും ചെയ്തു. അവരുടെ ബൗദ്ധികമായ ധീരതയുടെയും പതറാത്ത സത്യാന്വേഷണ തൽപ്പരതയുടെയും, ജീവിതത്തിന്റെ അർത്ഥവും ലക്ഷ്യവും കണ്ടെത്താനുള്ള അദമ്യമായ അഭിനിവേശത്തിന്റെയും തെളിവുകൾ ഉപനിഷത്തുക്കളിൽ ഉടനീളം കാണാം. സ്വാമിജിയുടെ പ്രയാണം അതിലൂടെയായിരുന്നു.

ലോകത്തിലുള്ള മനുഷ്യർക്ക് എല്ലാം ചൈതന്യമുണ്ട്. ഒരേ ചൈതന്യം. അസഹിഷ്ണുതക്കും, വംശീയതക്കും, വർണ വിവേചനത്തിനും എതിരാണ് ആ സത്യം. അത് അദ്ദേഹം മനസിലാക്കിക്കൊടുത്തു. തന്റെ വചനങ്ങളിലൂടെ “മനുഷ്യരുടെ രുചിയും വാക്കും പലതാകാമെന്നിലും, പുഴകൾക്ക് കടലെന്നപോലെ, മനുഷ്യർക്ക് പ്രാപിക്കാൻ ഒരു ചൈതന്യമേ ഉള്ളു”’. എല്ലാ മതങ്ങൾക്കുമപ്പുറത്തുള്ള മതം അതാണ്. അതുതന്നെയാണ് ഭാരതത്തിന്റെ സനാതന തത്വം എന്ന് അദ്ദേഹം പറഞ്ഞു. ഇന്ന് കാണുന്ന അട്ടഹാസങ്ങളും, ആക്രോശങ്ങളും, മതസ്പർധയും, വർഗീയ കലാപവും, തൊട്ടുകൂടായ്മയും, ആചാരങ്ങളും, കൊടിയ അനാചാരങ്ങളും അല്ല മതം.

എല്ലാത്തിനേയും ഒന്നായി കാണാൻ അദ്ദേഹം പഠിപ്പിച്ചു. അതാണ് ഭാരതത്തിന്റെ ആന്തരികമായ അഗ്നി. മഹത്വത്തിന്റെ മാറ്റു നോക്കുന്ന ഒരു കല്ലാണ് സംസ്കാരം. അരണിയിലെ അഗ്നിപോലെ അതിന്റെ സ്‌ഫുലിംഗങ്ങൾ വ്യക്തികളിലെല്ലാം ഒളിഞ്ഞിരിപ്പുണ്ട്. നാനാത്വത്തിലേകത്വമെന്ന് വേദാന്തികൾ അതിനെ മാനിക്കുന്നു. ഒന്നായി കാണുക എന്നതാണ് വിശ്വസംസ്കാരം. വലുതും ചെറുതുമായ പലപല പർവതപ്രാന്തങ്ങളിൽ നിന്നുറവെടുത്ത്, വിശാലങ്ങളും നിമ്നോന്നതങ്ങളുമായ സമതലങ്ങളിൽ കൂടി ഒഴുകി സമുദ്രത്തിൽ ചെന്നു വിലയം പ്രാപിക്കുന്ന നദികളെ പോലെ ഈ വ്യത്യസ്ത സംസ്കാരങ്ങളെല്ലാം ഒന്നിച്ചലിഞ്ഞു ചേരുന്നതു മനുഷ്യത്വത്തിലാണ്. ആ സംഗമസ്ഥാനത്തു മനുഷ്യനേയുള്ളു. പാശ്ചാത്യനും, പൗരസ്ത്യനും, അറേബ്യനും, ജാതിയും മതവും ഇല്ല. അതാണ് സ്വാമി പറഞ്ഞത്.

സംസ്കാരത്തിന്റെ ഉല്പത്തിയേയും വികാസത്തേയും പ്രാപ്യസ്ഥാനത്തേയും നോക്കിക്കാണ്മാൻ കഴിവില്ലാത്ത ഹൃസ്വദൃഷ്ടികൾക്ക്, ഇന്നത്തെ സംഘപരിവാർ കൂട്ടത്തിന്, ഫാസിസത്തിന്, അതിന്റെ മാഹാത്മ്യത്തെ മനസിലാക്കാൻ കഴിവില്ല. കൂപമണ്ഡുക ബുദ്ധിയാണല്ലൊ അവർക്ക്. ഇടുങ്ങിയ ദേശീയ ബോധം, വകതിരിവില്ലാത്ത വർഗാഭിമാനം എന്നീ സങ്കുചിത ചിന്താസരണിയിൽ കൂടി, അവർ സഞ്ചരിക്കുന്നു. വിവേകാനന്ദ സ്വാമിയിൽ നിന്ന് എത്രയോ അകലെയാണ് സംഘപരിവാർ. സ്വാമി എപ്പോഴും പറയും “വലുതാവുക, അതാണ് സുഖം” പരമമായ സുഖം വലുതാകലാണ്. മനസ് വലുതാകൽ. മനുഷ്യൻ വലുതാകാൻ വേണ്ടി ശ്രമിക്കുന്നു. പക്ഷെ അവന്റെ മിക്ക ശ്രമങ്ങളും അവനെ ചെറുതാക്കി കൊണ്ടിരിക്കുന്നു. സ്വാമി പിന്നെയും പറയും, കുട്ടിയായി നാം പിറക്കുന്നു. പക്ഷെ നാം കുട്ടിയായി മരിക്കുന്നു. അതു പാടില്ല, വലുതായിട്ട് മരിക്കണം എന്ന്. ഇവിടെ ഇന്ത്യൻ ഭരണാധികാരികൾ വലുതാകുന്നില്ല. മനസ് ചെറിയതാണ്. സമരം ചെയ്യുന്ന കർഷകരെ കാണില്ല. മതത്തിന്റെ പേരിലുള്ള കൊള്ളരുതായ്മകൾ തിരുത്താൻ പറഞ്ഞു അദ്ദേഹം. പാവപ്പെട്ടവനെ രക്ഷിക്കേണ്ടതിനെ കുറിച്ച് പറഞ്ഞു. വേദാന്തത്തിന്റെ അധഃപതനകാരണങ്ങളായ ജാതിയും മറ്റും നിലനിൽക്കുന്നത് വേദാന്തത്തിന്റെ പരമ നിഷേധമാണ് എന്ന് സ്വാമിജി പറഞ്ഞു.

സ്വാമിജിയെ നമ്മുടെ ഹൃദയത്തിൽ ആവിഷ്ക്കരിക്കണം നാം. ശുന്യമാണ് രാഷ്ട്രത്തിന്റെ സിംഹാസനം. മാനവ വിരുദ്ധ പ്രക്രിയയാണ് അധികാരികൾ ചെയ്യുന്നത്. സ്വാമിയുടെ വചനങ്ങളെക്കാൾ വലിയ പാഠ്യപദ്ധതി ഉണ്ടാകില്ല. ഭാരതത്തിന്റെ ചോരയൊലിക്കുന്ന ശരീരമാണ് ഫാസിസ്റ്റുകൾ ദിവസേന കഷായമാക്കി കഴിച്ചു കൊണ്ടിരിക്കുന്നത്. അവർ സ്വാമിയുടെ കൃതികൾ വായിക്കണം. അപ്പോൾ അവർക്ക്, അത് മനസിലാകുന്നുണ്ടെങ്കിൽ തോന്നും, തങ്ങളുടെ ജീവിതം അപമാനപൂർണമായ ജീവിതമാണെന്ന്. ഇവിടത്തെ കപടനായകര്‍ക്കെതിരെ, ഗോസ്വാമികൾക്കെതിരെയുള്ള പോരാട്ടത്തിന്റെ നായകനാണ് വിവേകാനന്ദൻ. സർവ മേഖലകളിലും സ്വാമിജിയുടെ പുനരവതാരം വേണം. അനിവാര്യനാണ് അദ്ദേഹം. വിവേകമാണ് അദ്ദേഹത്തിന് ആനന്ദം, ഇന്ത്യയിലെ നേതാക്കളോ, അവിവേകത്തിൽ ആനന്ദം കണ്ടെത്തുന്നു. ഈ കാലത്ത്, വിവേകത്തിൽ ആനന്ദം കണ്ടെത്തുന്ന സ്വാമിജിയുടെ ആശയങ്ങൾക്കാകണം നമ്മുടെ ഹൃദയത്തിൽ സ്ഥാനം. സങ്കുചിതത്വത്തെ ഉപേക്ഷിക്കണം.

സകല ജീവിതഗതികൾക്കും പ്രാബല്യവും അന്തസ്സാര പൊലിമയും നൽകുന്ന ജീവിത ശുദ്ധി സദാകാലവും പുലർത്തിയ സ്വാമിയാകണം യുവത്വത്തിന്റെ പ്രതീകം. ആദർശങ്ങളുടെയും, ആശയങ്ങളുടെയും ദാരിദ്യം ഇന്നിതുവരെ ലോകത്ത് ഉണ്ടായിട്ടില്ല. എന്നിട്ടും നാം ആദർശ ദരിദ്രരെയും ആശയ പാപ്പരെയും കാണുന്നു. ആഹാരമില്ലാത്തവരും പാർപ്പിടമില്ലാത്തവരും എത്രയോ പേർ. മനുഷ്യനെ അടിമകളാക്കാൻ, സംഹരിക്കാൻ ഉള്ള വൻവേലകൾ എല്ലാ രാഷ്ട്രത്തിലും സജീവം. നല്ല ആശയങ്ങൾക്കു പകരം, ഈ കാലത്ത് മാനവ വിരുദ്ധ ആശയങ്ങൾക്ക് സ്വാധീനം കൂടുന്നു. ഈ കാലത്ത് വിവേകാനന്ദ ദർശനങ്ങൾക്ക് പ്രസക്തിയുണ്ട്. ഒന്നായി കാണുക. മനുഷ്യനെ സ്നേഹിക്കുക.