വര്‍ത്തമാനകാലത്തും പ്രസക്തമാകുന്ന വിവേകാനന്ദ ദര്‍ശനം

Web Desk
Posted on January 11, 2019, 10:47 pm

 


”ശക്തനായിരിക്കുക ദുര്‍ബലനാകാതിരിക്കുക, ധീരനാവുക ഭീരുവാകാതിരിക്കുക” ഇത് ഇന്ത്യയിലെ യുവജനങ്ങളോട് സ്വാമി വിവേകാനന്ദന്‍ നടത്തിയ ആഹ്വാനമാണ്. ഇന്ത്യന്‍ യുവത്വത്തോട് ഉണര്‍ന്നെഴുന്നേല്‍ക്കാനും അനീതിക്കെതിരെ പടപൊരുതാനും പ്രേരിപ്പിച്ച മഹാന്‍ എന്ന നിലയില്‍ യുവജനതയുടെ എക്കാലത്തെയും പ്രചോദന കേന്ദ്രമാണ് സ്വാമി വിവേകാനന്ദന്റെ ജീവിതവും ദര്‍ശനവും. 1863 ജനുവരി 12ന് കൊല്‍ക്കത്തയിലാണ് നരേന്ദ്രനാഥ ദത്ത എന്ന വിവേകാനന്ദന്‍ പിറന്നത്. ശ്രീരാമകൃഷ്ണ പരമഹംസരുടെ ശിഷ്യനായിത്തീര്‍ന്ന സ്വാമി വിവേകാനന്ദന്‍ ഭാരതത്തെക്കുറിച്ചുള്ള ലോകത്തിന്റെ സങ്കല്‍പം മുഴുവന്‍ മാറ്റിമറിച്ചു. അദ്ദേഹത്തിന്റെ ജീവിതവും ദര്‍ശനവും കാഴ്ചപ്പാടും ഇന്ത്യന്‍ യുവതയ്ക്ക് എക്കാലവും പ്രചോദനമാകണം എന്ന പ്രഖ്യാപനത്തോടെയാണ് ഭാരതസര്‍ക്കാര്‍ 1984ല്‍ സ്വാമി വിവേകാനന്ദന്റെ ജന്മദിനമായ ജനുവരി 12 ദേശീയ യുവജന ദിനമായി ആചരിക്കാന്‍ തീരുമാനിച്ചത്. 1985 മുതല്‍ ആരംഭിച്ച യുവജന ദിനാചരണം 2019 ജനുവരി 12ന് 35 വര്‍ഷം പൂര്‍ത്തിയാക്കുകയാണ്.

രാജ്യത്തിന്റെ സമഗ്രമായ വികസനത്തിനായി കോടിക്കണക്കിനു വരുന്ന യുവജനങ്ങളുടെ മുഴുവന്‍ ഊര്‍ജവും ഭാവനയും ഉപയോഗിക്കുക എന്ന വലിയ ലക്ഷ്യമാണ് യുവജന ദിനാചരണത്തിന്റെ പിന്നിലുള്ളത്.  സമകാലിക ഭാരതത്തിന്റെ പ്രത്യേകമായ രാഷ്ട്രീയ സാഹചര്യത്തില്‍ വിവേകാനന്ദ ദര്‍ശനങ്ങള്‍ക്കും അദ്ദേഹം പകര്‍ന്നുതന്ന ജീവിത പാഠങ്ങള്‍ക്കും ഹിന്ദുമതത്തെ നവീകരിക്കുന്നതിനായി നടത്തിയ പരിശ്രമങ്ങള്‍ക്കും വലിയ പ്രസക്തിയുണ്ട്. അക്കാലത്ത് ഭാരതത്തില്‍ നിലനിന്നിരുന്ന ജാതിപരമായ വേര്‍തിരിവുകള്‍ക്കും തൊട്ടുകൂടായ്മയ്ക്കും അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കും എതിരായി ശക്തമായ നിലപാടെടുത്ത ഹിന്ദു സന്യാസിയായിരുന്നു സ്വാമി വിവേകാനന്ദന്‍. ബ്രിട്ടീഷ് ഭരണാധികാരികള്‍ രാജ്യത്തെ വിവിധ സമുദായങ്ങള്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാക്കാനും മതസ്പര്‍ധകള്‍ വളര്‍ത്താനും ശ്രമിച്ച കാലത്ത് എല്ലാ മതങ്ങളും ഒരേ വൃക്ഷത്തിന്റെ ശാഖകളാണെന്ന തത്വശാസ്ത്രം പ്രചരിപ്പിച്ച ശ്രീരാമകൃഷ്ണ പരമഹംസരുടെ ശിഷ്യന്‍ എന്ന നിലയില്‍ കൂടി വിവിധ മതങ്ങളോടുള്ള വിവേകാനന്ദന്റെ സമഭാവനയെ നമുക്ക് വായിച്ചെടുക്കാന്‍ കഴിയണം. അത്തരമൊരു ചിന്താധാരയെ ഭാരതത്തിന്റെ മണ്ണില്‍ നട്ടു നനച്ച് വളര്‍ത്തിയെടുത്ത സ്വാമി വിവേകാനന്ദന്‍ ഇപ്പോള്‍ സംഘപരിവാറിന്റെ പ്രചരണബോഡുകളിലെ സൗമ്യമുഖമാണ്. ഇന്ത്യയിലെ സവര്‍ണ ഹൈന്ദവതയുടെ മാതൃകയായി അവര്‍ സ്വാമി വിവേകാനന്ദനെ കൊണ്ടാടുകയാണ്. തങ്ങളുടെ തിന്മകള്‍ക്ക് മറയാവാന്‍ എല്ലാ നന്മകളെയും അവര്‍ ‘ഹൈജാക്ക്’ ചെയ്യുകയാണ്. ഗോഡ്‌സെയെന്ന ഹിന്ദുമത ഭ്രാന്തന്റെ തോക്കിനാല്‍ രക്തസാക്ഷിയായ രാഷ്ട്രപിതാവ് മഹാത്മാഗാന്ധി മുതല്‍ ഗാന്ധിവധത്തെ തുടര്‍ന്ന് ഇന്ത്യയില്‍ ആര്‍എസ്എസിനെ നിരോധിച്ച അന്നത്തെ കേന്ദ്ര ആഭ്യന്തരമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായിരുന്ന സര്‍ദാര്‍ വല്ലഭഭായ് പട്ടേല്‍ വരെയും ഇന്ത്യന്‍ ഫാസിസത്തിന്റെ രാഷ്ട്രീയ രൂപമായ സംഘപരിവാറിന് പ്രിയപ്പെട്ടവരാണ്.

അവര്‍ക്കിപ്പോഴും ‘ദഹിക്കാത്ത’ ദേശീയ നേതാവ് രാഷ്ട്രശില്‍പി ജവഹര്‍ലാല്‍ നെഹ്‌റു മാത്രമാണ്. മതസൗഹാര്‍ദത്തിനും സ്ത്രീ സുരക്ഷയ്ക്കും പ്രത്യേക പരിഗണന കൊടുക്കുകയും മുസ്‌ലിം മതവിശ്വാസികളുടെ സംരക്ഷണം ഉറപ്പുവരുത്തുകയും അവരെ തന്റെ സൈനീകശക്തി വര്‍ധിപ്പിക്കാനായി കൂടെ ചേര്‍ത്തു നടത്തുകയും ചെയ്ത മഹാനായ ശിവജിയും ഞാന്‍ നിരീശ്വരവാദിയും മാര്‍ക്‌സിസ്റ്റും ആണെന്ന് പ്രഖ്യാപിച്ച ഇന്ത്യന്‍ രക്തസാക്ഷികളിലെ രക്തനക്ഷത്രം ഭഗത്‌സിംഗും ഉള്‍പ്പെടെ നിരവധി രാജ്യസ്‌നേഹികളെയാണ് സംഘപരിവാര്‍ റാഞ്ചിക്കൊണ്ടുപോകാന്‍ പരിശ്രമിക്കുന്നത്. ഇവരൊക്കെ ബിജെപിയും സംഘപരിവാറും പ്രചരിപ്പിക്കുന്ന കപട ദേശീയതയുടെ നേര്‍ അടയാളങ്ങളായിരുന്നു എന്ന ചരിത്രവിരുദ്ധത പ്രചരിപ്പിച്ചുകൊണ്ടാണ് ഇത് ചെയ്യുന്നത്. മനുഷ്യനും പ്രപഞ്ചത്തിനും അതീതമായി ഒരു ദൈവം ഇല്ലെന്നും പ്രപഞ്ചം തന്നെയാണ് ദൈവമെന്നും വിവേകാനന്ദന്‍ പറഞ്ഞു. ഈ പ്രപഞ്ചം പ്രപഞ്ചാതീതമായ ഒരു ദൈവത്തിനാല്‍ സൃഷ്ടിക്കപ്പെട്ടതല്ല. ദൈവം എന്ന് വിശ്വസിക്കുന്ന ശക്തി പ്രപഞ്ചശക്തിയാണ്. ഇത്രയും വ്യക്തമായും ശാസ്ത്രീയാടിത്തറയോടെയും പ്രപഞ്ചത്തെ കുറിച്ച് പറഞ്ഞ വേദാന്തിയായിരുന്നു വിവേകാനന്ദന്‍. സ്വാമി വിവേകാനന്ദനെ ഉയര്‍ത്തിക്കാട്ടുന്ന ഇന്നത്തെ ഇന്ത്യന്‍ ഭരണകൂടം ചെയ്തുകൊണ്ടിരിക്കുന്നതത്രയും ശാസ്ത്രസത്യങ്ങളെയും കണ്ടെത്തലുകളെയും പുരാണകഥകളിലും ഇതിഹാസങ്ങളിലും കെട്ടിയിടുക എന്നതാണ്. കഴിഞ്ഞയാഴ്ച ജലന്ധറില്‍ വച്ച് നടന്ന 106-ാമത് ഇന്ത്യന്‍ ശാസ്ത്ര കോണ്‍ഗ്രസില്‍ അവതരിപ്പിക്കപ്പെട്ട പ്രബന്ധത്തില്‍ പറയുന്നത് പൗരാണിക ഇന്ത്യയില്‍ വിത്തുകോശ ഗവേഷണം നടന്നതിന് മഹാഭാരതത്തില്‍ തെളിവുണ്ടെന്നാണ്. കൗരവര്‍ ഈ വിദ്യയിലൂടെ പിറന്നവരാണ്. ഒരൊറ്റ അമ്മയില്‍ നിന്ന് നൂറുപേര്‍ ജനിച്ചത് വിത്തുകോശ ഗവേഷണത്തിന്റെയും ടെസ്റ്റ്ട്യൂബ് സാങ്കേതികവിദ്യയുടെയും തെളിവാണു പോലും. 2015 ല്‍ നടന്ന ശാസ്ത്ര കോണ്‍ഗ്രസില്‍ ഗണപതി പ്ലാസ്റ്റിക് സര്‍ജറിക്ക് ഉദാഹരണമാണെന്ന് പ്രസംഗിച്ച ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോഡിയെ കടത്തിവെട്ടിയിരിക്കുന്നു ആന്ധ്ര സര്‍വകലാശാലയിലെ വൈസ് ചാന്‍സിലറും കെമിസ്ട്രി പ്രൊഫസറുമായ ജി നാഗേശ്വര്‍ റാവു. പരിണാമസിദ്ധാന്തം തെറ്റാണെന്നു പറഞ്ഞ കേന്ദ്ര ഉന്നത വിദ്യാഭ്യാസ സഹമന്ത്രി സത്യപാല്‍സിങും പൈത്തഗോറസ് സിദ്ധാന്തത്തെ കുറിച്ചുള്ള വിഡ്ഢിത്തം പറഞ്ഞ കേന്ദ്ര ശാസ്ത്രമന്ത്രി ഹര്‍ഷവര്‍ധനും ഈ നിരയില്‍തന്നെ ഉണ്ടെന്നുകൂടി നമ്മള്‍ അറിയണം. വിമാനവും പ്ലാസ്റ്റിക് സര്‍ജറിയും റഡാര്‍ സംവിധാനവും തൊട്ട് ഇന്റര്‍നെറ്റിന്റെ ആദിരൂപം വരെ ഇന്ത്യന്‍ പുരാണങ്ങളില്‍ ഉണ്ടെന്നാണ് ഇവരുടെ പക്ഷം.

ഭാരതത്തിന് ആധുനിക ലോകത്തോടൊപ്പം സഞ്ചരിക്കാന്‍ കഴിയണമെങ്കില്‍ അന്ധവിശ്വാസവും മന്ത്രവാദവും മാറ്റിവച്ച് മനുഷ്യന്‍ അറിവ് നേടണമെന്ന് ആവശ്യപ്പെട്ട വിവേകാനന്ദന്റെ നാട്ടിലാണ് ഹിന്ദുത്വത്തിന്റെ പേരില്‍ ഇത്തരം വിതണ്ഡവാദങ്ങളുമായി പ്രധാനമന്ത്രിയും കേന്ദ്രമന്ത്രിമാരും ഒരുകൂട്ടം സംഘികളായ ‘ശാസ്ത്രപ്രതിഭ’കളും രംഗപ്രവേശനം ചെയ്തിരിക്കുന്നത്. ഇവര്‍ നടത്തുന്നത് ശാസ്ത്ര സത്യങ്ങളോട് മുഖംതിരിഞ്ഞുനില്‍ക്കുക മാത്രമല്ല ഇന്ത്യയിലെ പുതുതലമുറയെ അജ്ഞതയുടെ വഴികളിലൂടെ നടത്താനുള്ള ഗൂഢശ്രമം കൂടിയാണ്.
രാജ്യത്തിന്റെ സാമൂഹികവും സാമ്പത്തികവും രാഷ്ട്രീയവുമായ പുനരുത്ഥാനം കൂടാതെ ജനങ്ങളുടെ ആത്മീയ പുനരുത്ഥാനം സാധ്യമല്ലെന്ന് ഉറക്കെ പ്രഖ്യാപിച്ച സന്യാസിയായിരുന്നു സ്വാമി വിവേകാനന്ദന്‍. ജനങ്ങള്‍ ഭക്ഷണം ചോദിക്കുമ്പോള്‍ നമ്മള്‍ അവര്‍ക്ക് നല്‍കുന്നത് കല്ലുകളാണ്. പട്ടിണി കിടക്കുന്ന ജനതയ്ക്കു മതം നല്‍കുകയെന്നുവച്ചാല്‍ അവരെ അപമാനിക്കുക എന്നാണര്‍ത്ഥം. പട്ടിണികിടക്കുന്ന ഒരാളെ മതതത്വങ്ങള്‍ പഠിപ്പിക്കുന്നത് അവന്റെ അത്മാഭിമാനത്തിന് നേരെയുള്ള കയ്യേറ്റമാണ്. ഇത്രയും വ്യക്തമായി മനുഷ്യന്റെ ഭൗതികമായ ആവശ്യങ്ങളെ കുറിച്ച് പറയുകയും ആ ആവശ്യം നികത്തുന്നതിനായി പ്രവര്‍ത്തിക്കുകയും ചെയ്ത വിവേകാനന്ദന്‍ ചാതുര്‍വര്‍ണ്യ വ്യവസ്ഥിതിയുടെ നിലനില്‍പ്പിനായി പ്രവര്‍ത്തിക്കുന്നവരുടെ കൈയിലെ പ്രചരണ ഉപകരണമായി മാറുമ്പോള്‍ അദ്ദേഹത്തിന്റെ ജീവിതവും ദര്‍ശനവും ആഴത്തില്‍ പഠിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക എന്നതാണ് യുവജനതയുടെ കടമ.

തൊട്ടുകൂടായ്മ, ജാതി മേധാവിത്വം, പുരോഹിതവൃത്തി, മന്ത്രവാദം, മതമര്‍ദ്ദനം എന്നിവയെ ശക്തമായി എതിര്‍ക്കാന്‍ തയ്യാറായിരുന്ന വിവേകാനന്ദന്‍ അന്ധവിശ്വാസങ്ങളെ ചൂണ്ടിക്കാണിച്ച് പറഞ്ഞ കാര്യം ഇപ്പോഴും പ്രസക്തമാണ്. ”നിങ്ങളെ അന്ധവിശ്വാസികളായ വിഡ്ഢികളായി കാണുന്നതിനെക്കാള്‍ ഉറച്ച നിരീശ്വരവാദികളായി കാണാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. നിരീശ്വരവാദികളായി ജീവിക്കുന്നതുകൊണ്ട് എന്തെങ്കിലും പ്രയോജനം ഉണ്ടായേക്കാം. എന്നാല്‍ അന്ധവിശ്വാസം നിലനില്‍ക്കുമ്പോള്‍ മസ്തിഷ്‌ക്കം മരിക്കുന്നു. മനസ് മരവിക്കുന്നു. ജീവിതം അധഃപതിക്കുന്നു” മസ്തിഷ്‌ക്കം മരിച്ചുപോയ സംഘപരിവാര്‍ സംഘങ്ങള്‍ അന്ധവിശ്വാസങ്ങളുടെയും അനാചാരങ്ങളുടെയും വക്താക്കളായി രാജ്യത്ത് വര്‍ഗീയ കലാപങ്ങള്‍ സംഘടിപ്പിക്കുമ്പോള്‍ അവരെ തിരുത്താന്‍ യഥാര്‍ത്ഥ ഹിന്ദുമതവിശ്വാസിക്കു കരുത്തു പകരുകയും വഴികാട്ടിയാവുകയുമാണ് വിവേകാനന്ദ ദര്‍ശനം. അത് ചാതുര്‍വര്‍ണ്യത്തിനും പൗരോഹിത്യത്തിനും എതിരാണ്, മതസ്പര്‍ധയ്ക്കും വര്‍ഗീയതയ്ക്കും എതിരാണ്.

സ്വാമി വിവേകാനന്ദന്‍ കേരളത്തെ നോക്കി ഇത് ഭ്രാന്താലയം എന്ന് വിശേഷിപ്പിച്ച കാലത്തു നിന്നും ഏറെ മുന്നേറുകയും നവോത്ഥാനം സൃഷ്ടിച്ച വഴികളിലൂടെ സഞ്ചരിച്ച് ആധുനിക കേരളം സൃഷ്ടിക്കുകയും ചെയ്‌തെങ്കില്‍ ഇപ്പോള്‍ നടക്കുന്നത് അതിനൊക്കെ എതിരായ യുദ്ധപ്രഖ്യാപനമാണ്. ആര്‍ത്തവത്തിന്റെയും ആചാരങ്ങളുടെയും വിശ്വാസത്തിന്റെയും പേരില്‍ കേരളത്തില്‍ കലാപം സൃഷ്ടിക്കുകയാണ് സംഘപരിവാര്‍ ചെയ്തുകൊണ്ടിരിക്കുന്നത്. ജാതിഭ്രാന്തിന്റെയും അന്ധവിശ്വാസത്തിന്റെയും പിടിയിലകപ്പെട്ട മനുഷ്യരെ നോക്കി മനോരോഗികളെന്ന് കളിയാക്കിയ വിവേകാനന്ദനെ പോലും നാണിപ്പിക്കുന്ന തരത്തിലാണ് ശബരിമലയിലെ യുവതീ പ്രവേശനത്തിന്റെ പേരില്‍ ആര്‍എസ്എസും ബിജെപിയും ഭരണഘടനയെ വെല്ലുവിളിച്ചുകൊണ്ട് സംസ്ഥാനത്ത് അരാജകത്വം സൃഷ്ടിക്കുന്നത്. കേരളത്തെ വീണ്ടും ഭ്രാന്താലയമാക്കാന്‍ അനുവദിക്കില്ല എന്ന വലിയ താക്കീതാണ് വിവേകാനന്ദന്റെ ജന്മദിനത്തില്‍ നമുക്ക് മുന്നോട്ടുവയ്ക്കാന്‍ കഴിയേണ്ടത്.
(ലേഖകന്‍ എഐവൈഎഫ്
സംസ്ഥാന സെക്രട്ടറിയാണ്)