വിവേകാനന്ദന്റെ ഹിന്ദുയിസവും മോഡിയുടെ ഭ്രാന്താലയവും

Web Desk
Posted on August 24, 2019, 3:04 pm

ഹിന്ദു വര്‍ഗീയതയുടെ പേരില്‍ രാജ്യത്ത് വര്‍ഗീയ കലാപങ്ങള്‍, കൊലപാതകങ്ങള്‍, ആള്‍ക്കൂട്ട ആക്രമണങ്ങള്‍ എന്നിവയ്ക്ക് എല്ലാ ഒത്താശയും ചെയ്യുന്ന ബിജെപിയും സംഘപരിവാറും സ്വന്തം ആളെന്ന് വാഴ്ത്തിപ്പാടുന്ന സ്വാമി വിവേകാനന്ദന്റെ ചിക്കാഗോ പ്രസംഗത്തിലെ പ്രസക്തഭാഗങ്ങള്‍ ഒരു തവണ കേള്‍ക്കുന്നതോ വായിക്കുന്നതോ എന്തുകൊണ്ടും നല്ലതാണ്. ഹിന്ദുത്വം എന്ന പദത്തിന് അദ്ദേഹം നല്‍കിയ വ്യാഖ്യാനങ്ങള്‍ ഇക്കൂട്ടര്‍ ഉള്‍ക്കൊള്ളുന്നത് ഇത്തരം നെറികെട്ട പ്രവര്‍ത്തനങ്ങള്‍ വലിയ പരിധിവരെ കുറയുന്നതിന് സഹായിക്കും. ക്രിസ്തുമതം പ്രചരിപ്പിക്കുന്നതിനായി വിവിധ ലോകരാജ്യങ്ങളില്‍ മിഷനറിമാരെ അയക്കുന്നതുമായി ബന്ധപ്പെട്ട സാഹചര്യത്തിലാണ് വിവേകാനന്ദന്‍ ഇപ്പോഴത്തെ ബിജെപി-സംഘപരിവാര്‍ നേതൃത്വത്തിന് അനുയോജ്യമായ ഒരു പരാമര്‍ശം നടത്തിയത്.
ആത്മാവിന്റെ മോചനത്തിനും മോക്ഷത്തിനുമായാണ് മിഷണറിമാരെ അയക്കുന്നതെന്നായിരുന്നു പാശ്ചാത്യ രാജ്യങ്ങള്‍ വ്യക്തമാക്കിയിരുന്നത്. ആത്മാവിന്റെ മോചനം പിന്നീടാകട്ടെ, ലോക ജനതയെ പട്ടിണിയില്‍ നിന്നും പരിവട്ടത്തില്‍നിന്നും രക്ഷിക്കാനുള്ള പ്രചാരണങ്ങളും മാര്‍ഗങ്ങളുമാണ് ആദ്യം സ്വീകരിക്കേണ്ടതെന്നാണ് ചിക്കാഗോ പ്രസംഗത്തില്‍ വിവേകാനന്ദന്‍ വ്യക്തമാക്കിയത്. ജാതി-മത- ഭേദമന്യേ വിവേകാനന്ദന്റെ വാക്കുകളെ സ്വീകരിച്ചു. ഈ വാക്കുകളെ പ്രധാനമന്ത്രി നരേന്ദ്ര മോഡി ഉള്‍പ്പെടെയുള്ള ബിജെപി നേതാക്കളും മോഹന്‍ ഭാഗവത് ഉള്‍പ്പെെടയുള്ള സംഘപരിവാര്‍ നേതാക്കളും ഉള്‍ക്കൊണ്ടാല്‍ രാജ്യത്തെ മതത്തിന്റേയും ജാതിയുടേയും പേരിലുള്ള അക്രമങ്ങള്‍ തടയാനാകും. ദൗര്‍ഭാഗ്യവശാല്‍ വിവേകാനന്ദന്റെ ദര്‍ശനങ്ങളെ വളച്ചൊടിച്ച് തങ്ങളുടെ ഇംഗിതങ്ങള്‍ക്കായി ഉപയോഗിക്കുന്ന നിലപാടാണ് ബിജെപിയും സംഘപരിവാറും സ്വീകരിക്കുന്നത്.
125 വര്‍ഷംമുമ്പ് 1893 സെപ്റ്റംബര്‍ 19 നാണ് ഹിന്ദുയിസം എന്ന സാംസ്‌കാരിക ദര്‍ശനം സംബന്ധിച്ച പ്രഭാഷണം വിവേകാനന്ദന്‍ നടത്തിയത്. ഇന്നും ആ വാക്കുകള്‍ ലോകത്ത് ഇന്ത്യയുടെ നാദമായി പ്രതിധ്വനിക്കുന്നു. എന്നാല്‍ ബിജെപിയും സംഘപരിവാറും പ്രത്യേകിച്ചും കഴിഞ്ഞ ആറ് വര്‍ഷമായി ഹിന്ദുയിസം എന്ന മഹത്തായ ആശയത്തെ പുനര്‍നിര്‍മ്മിക്കുന്നു. വിവേകാനന്ദന്റെ വാക്കുകളും ആശയങ്ങളും ശ്രവിച്ച് ലോകജനത അഭിമാനം കൊണ്ടപ്പോള്‍ ഇന്നത്തെ ഇന്ത്യയിലെ ഹിന്ദു വര്‍ഗീയത ഓര്‍ത്ത് ലോകം ലജ്ജിക്കുന്നു. ഇതിന് ഉത്തരവാദികള്‍ മറ്റാരുമല്ല ബിജെപിയും സംഘപരിവാര്‍ സംഘടനകളും തന്നെയാണ്. രാജാറാം മോഹന്‍ റോയ്, കേശബ ചന്ദ്ര സെന്‍, പി സി മജുംദാര്‍ എന്നിവരൊക്കെ ഹിന്ദുയിസത്തിന്റെ മഹത്വത്തെ ലോകത്തിന് മുന്നില്‍ എത്തിച്ചു. എന്നാല്‍ മുസ്‌ലിങ്ങള്‍ ഉള്‍പ്പെടെയുള്ള പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട വിഭാഗങ്ങള്‍ക്കെതിരെയുള്ള അതിക്രമങ്ങളും കൊലവിളികളുമാണ് ഇന്ന് ഇന്ത്യയെ കുറിച്ച് ലോകമാധ്യമങ്ങളില്‍ നിറയുന്നത്. കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിലൂടെ ഒരു സമൂഹത്തെ അടിച്ചമര്‍ത്താനും മുഖ്യധാരാ സമൂഹത്തില്‍ നിന്നും കശ്മീരികളായ മുസ്‌ലിങ്ങളെ ഒറ്റപ്പെടുത്തുന്ന നിലപാടാണ് മോഡി സര്‍ക്കാര്‍ സ്വീകരിച്ചതെന്ന വാദങ്ങള്‍ ആഗോളതലത്തില്‍ ഉയരുന്നുണ്ട്. ഇസ്‌ലാം മതത്തില്‍ ജനിച്ചുപോയെന്ന കാരണത്താല്‍ ഏത് സമയത്തും കുടിയിറക്കപ്പെടുമെന്ന ഭീഷണിയിലാണ് അസമിലെ മുസ്‌ലിങ്ങള്‍. അവിടേയും മോഡി സര്‍ക്കാരിന്റെ ഹിന്ദുത്വ വാദം വ്യക്തമാണ്. മറ്റ് മാനദണ്ഡങ്ങള്‍ പാലിച്ചില്ലെങ്കിലും ഹിന്ദുവെന്ന പേരില്‍ ഇവര്‍ക്ക് പൗരത്വം നല്‍കുന്നു. പൗരത്വം നല്‍കുന്നത് തികച്ചും സ്വീകാര്യമാണ്. എന്നാല്‍ അത് മതത്തിന്റെ പേരിലാകരുതെന്ന് മാത്രം.
നൂറ്റാണ്ടുകള്‍ക്കുമുമ്പുതന്നെ ഇന്ത്യയുടെ സംസ്‌കാരത്തിന്റെ ഭാഗമായ സംസ്‌കൃത ഇതിഹാസങ്ങള്‍ ഇംഗ്ലീഷ്, ജര്‍മ്മന്‍ തുടങ്ങിയ പാശ്ചാത്യ ഭാഷകളിലേയ്ക്ക് മൊഴിമാറ്റം ചെയ്തു. ഈ മൊഴിമാറ്റങ്ങളാണ് വിവേകാനന്ദന്റെ വാക്കുകള്‍ ലോകം ചെകിടോര്‍ക്കാനുള്ള മുഖ്യകാരണം. ഇന്നും ഇന്ത്യയുടെ വാക്കുകള്‍ക്ക്, രാജ്യത്ത് നടക്കുന്ന സംഭവങ്ങള്‍ക്ക് ലോകം ചെകിടോര്‍ക്കുന്നു. ഒരു വ്യത്യാസം മാത്രം. കഴിഞ്ഞ ആറു വര്‍ഷത്തിനിടെ രാജ്യത്തിന്റെ സംസ്‌കാരത്തിലുണ്ടായ അപചയത്തെ ഓര്‍ത്ത്.
ജൂലിയസ് സീസര്‍ പോംപിയെ പരാജയപ്പെടുത്തിയ സ്‌പെയിനിലെ മുണ്ടാ യുദ്ധത്തിന് ശേഷമാണ് ലിഞ്ചിങ് എന്ന വാക്ക് ആവിര്‍ഭവിക്കുന്നത്. പിന്നീട് വര്‍ഗീയ കലാപങ്ങള്‍ രൂക്ഷമായ ആഫ്രിക്കന്‍ രാജ്യങ്ങളില്‍പോലും നമ്മുടെ രാജ്യത്തെപ്പോലെ ലിഞ്ചിങ് എന്ന പദം പ്രചാരത്തിലില്ല. രാജ്യത്ത് ഇപ്പോള്‍ പ്രസിദ്ധീകരിക്കുന്ന വര്‍ത്തമാന പത്രങ്ങളില്‍ ലിഞ്ചിങ് (ആള്‍ക്കൂട്ട ആക്രമണം) എന്ന പദം ഇല്ലാതെയുള്ള ഒരു ദിവസംപോലുമില്ല.
ഇന്ന് ഹിന്ദുയിസം എന്നത് അക്രമം നടത്താനുള്ള ആശിര്‍വാദം മാത്രമല്ല വോട്ട് ബാങ്ക് രാഷ്ട്രീയവും കൂടെയാണ്. നരേന്ദ്ര മോഡിയുടെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയശേഷം ഹിന്ദുയിസം എന്ന പദത്തിന് ഏറെ വ്യത്യസ്തമായ അഥവാ അസ്വീകാര്യമായ അര്‍ഥവും വ്യാപ്തിയും ലഭിച്ചു. ഇന്ത്യന്‍ ദേശീയതയെ പോലും ചോദ്യം ചെയ്യുന്ന തലത്തില്‍ ഇത് വളര്‍ന്നു.
സംഘപരിവാര്‍ അക്രമികള്‍ അയോധ്യയിലെ ബാബറി മസ്ജിദ് തകര്‍ത്ത സംഭവം രാജ്യത്തിന്റെ ചരിത്രത്തില്‍ പുതിയ ഗതിവ്യതിയാനങ്ങള്‍ക്ക് കാരണമായി. പിന്നീട് രാജ്യത്ത് നടന്ന എല്ലാ വര്‍ഗീയ കലാപങ്ങളും സംഘര്‍ഷങ്ങളും പ്രത്യക്ഷമായോ പരോക്ഷമായോ അയോധ്യ സംഭവവുമായി ബന്ധപ്പെട്ടിരിക്കുന്നു. പിന്നീട് നടന്ന തെരഞ്ഞെടുപ്പുകളിലും അയോധ്യ മുഖ്യചര്‍ച്ചാ വിഷയമായി. അയോധ്യ സംഭവം സമൂഹത്തില്‍ വരുത്തിയ പ്രതിലോമ സ്വാധീനങ്ങള്‍ ചര്‍ച്ചയാക്കിയപ്പോള്‍ ബിജെപിയും സംഘപരിവാറും ഈ വിഷയത്തെ വോട്ട് നേടാനും വര്‍ഗീയ വിഭാഗീയത സൃഷ്ടിക്കാനും ഉപയോഗിച്ചു. നരേന്ദ്ര മോഡി-അമിത് ഷാ ദ്വയത്തിന്റെ കുശാഗ്ര ബുദ്ധിയില്‍ ഈ വിഷയം വേണ്ടുവോളം കഴിഞ്ഞ തെരഞ്ഞെടുപ്പിലും വിറ്റ് വോട്ടാക്കി. ഗുരുതരമായ സാമൂഹ്യ‑രാഷ്ട്രീയ പ്രശ്‌നങ്ങളില്‍ നിന്നും സമൂഹ ശ്രദ്ധ തിരിച്ചുവിടുന്നതിന് മോഡി സര്‍ക്കാര്‍ ഇപ്പോഴും അയോധ്യ വിഷയം ഉപയോഗിക്കുന്നു.
നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ ദേശീയത, ദേശഭക്തി, ഹിന്ദുയിസം എന്നിവയ്ക്ക് നല്‍കുന്ന നിര്‍വചനങ്ങള്‍ സമൂഹത്തിന്റെ അപചയത്തിന് കാരണമാകുന്നു. ഈ അപചയം തന്നെയാണ് മോഡി സര്‍ക്കാരും ബിജെപിയും ലക്ഷ്യമിടുന്നതും. ഇതിലൂടെ മാത്രമേ ഹിന്ദുദേശീയതയെന്ന സ്വാര്‍ഥലക്ഷ്യം നേടാന്‍ കഴിയൂവെന്നാണ് സംഘപരിവാറിന്റെ നിലപാട്. തെരഞ്ഞെടുപ്പില്‍ സീറ്റുകളുടെ എണ്ണം വര്‍ധിപ്പിക്കാന്‍ ഇത് ഉതകുമെങ്കിലും ദേശാന്തര തലത്തില്‍ രാജ്യത്തിന്റെ സാംസ്‌കാരിക മൂല്യച്യുതിയാകും ഉണ്ടാകുന്നത്. വേദങ്ങളും ഉപനിഷത്തുകളും പകര്‍ന്ന് നല്‍കിയ സാംസ്‌കാരിക പൈതൃകത്തിന്റെ തെളിമ കഴിഞ്ഞ ആറ് വര്‍ഷമായി നഷ്ടപ്പെടുന്നു. ഇപ്പോള്‍ ഭരണഘടനാ മൂല്യങ്ങളും. ഇപ്പോഴത്തെ സ്ഥിതി തുടര്‍ന്നാല്‍ റോമന്‍ ചക്രവര്‍ത്തിയായ കൊറിയോലാനസിന്റെ അവസ്ഥയാകും പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കായി കാലം കാത്തുവയ്ക്കുന്നത്. ഇംഗിതങ്ങള്‍ക്ക് വഴങ്ങാത്തവനെ നാടുകടത്തിയ ഭരണാധികാരിക്ക് നാടുവിടേണ്ട അവസ്ഥ.