ഇനി ജയിലിൽ നിന്നും ഡിപ്ലോമ പാസ്സായി പുറത്തിറങ്ങാം

Web Desk
Posted on April 29, 2018, 2:26 pm

തൃശ്ശൂര്‍: കാരാഗൃഹത്തില്‍ അടയ്ക്കപ്പെടുന്നതോടെ ജീവിതം ഒടുങ്ങിയെന്നു കരുതേണ്ട, ജയിലില്‍ നിന്നും ജീവിതം പഠിച്ചിറങ്ങാനും ഇനി അവസരം.
ചരിത്ര നേട്ടത്തിന്റെ തിളക്കത്തില്‍ വിയ്യൂര്‍ സെന്‍ട്രല്‍ ജയില്‍. ജയിലിലെ അന്തേവാസികള്‍ക്ക് ഡിപ്ലോമ ചെയ്യാന്‍ അവസരമൊരുക്കുകയാണ് അധികൃതര്‍. സംസ്ഥാനത്ത് ആദ്യമായി പദ്ധതി നിലവില്‍ വന്നത് വിയ്യൂര്‍ ജയിലിലാണ്. വൊക്കേഷണല്‍ കോഴ്സിന് പുറമെ പുതുതായി ആരംഭിച്ച അഡ്വാന്‍സ്ഡ് ഡിപ്ലോമ ഇന്‍ ഒപ്റ്റിക്കല്‍ ഫൈബര്‍ ടെക്നോളജി ആന്‍ഡ് ഡിജിറ്റല്‍ സെക്യൂരിറ്റി സര്‍വൈലെന്‍സ് അന്തേവാസികള്‍ വിജയകരമായി പൂര്‍ത്തീകരിച്ചു.

പത്താംക്ലാസ് പാസായ 15 പേര്‍ക്കാണ് പരിശീലനം നല്‍കുന്നത്. സ്റ്റേറ്റ് റിസോഴ്സ് സെന്ററിനാണ് ഇതിന്റെ ചുമതല. മൂന്നു മാസമാണ് പഠനത്തിന്റെ കാലാവധി. ഇതിനായി സര്‍ക്കാര്‍ ഒന്നരലക്ഷം രൂപ ഫണ്ട് അനുവദിച്ചു. പുറമെ 25000 രൂപയോളമാണ് ഈ പഠനത്തിന് ചിലവ്. നാളിത്രയും പരമ്പ രാഗത തൊഴില്‍ പഠിപ്പിക്കുന്നതിനാണ് പരിശീലനം നല്‍കിയിരുന്നത്. എന്നാല്‍ വളരുന്ന സമൂഹത്തില്‍ ഇത്തരം ജോലി കൊണ്ട് കാര്യമില്ലെന്ന് കണ്ടാണ് ഡിപ്ലോമ കോഴ്‌സ് പഠിപ്പിക്കാനൊരുങ്ങുന്നത്.

വിയ്യൂര്‍ സെന്‍ട്രല്‍ ജയില്‍ അന്തേവാസികളില്‍ 105 പേര്‍ വൊക്കേഷണല്‍ ട്രെയിനിങ്ങും 115 പേര്‍ തുല്യതാ പരീക്ഷ മുതല്‍ ബിരുദാനന്തരബിരുദം വരെയും പഠിക്കുന്നവരുണ്ട്. ഇഗ്‌നോ സര്‍വകലാശാലയുമായി സഹകരിച്ചാണ് ഉന്നതവിദ്യാഭ്യാസം പൂര്‍ത്തിയാക്കുന്നത്. ജയില്‍ അന്തേവാസികളില്‍ ബ്യൂട്ടീഷന്‍ കോഴ്സ് പൂര്‍ത്തീകരിച്ചവരുണ്ട്.

ഇവര്‍ക്കുള്ള ബ്യൂട്ടിപാര്‍ലര്‍ ജയില്‍ വളപ്പിനടുത്തായി ഉടന്‍ പ്രവര്‍ത്തനമാരംഭിക്കും. അന്തേവാസികളുടെ പുനരധിവാസമാണ് ലക്ഷ്യം. അതിനാലാണ് തൊഴില്‍സാധ്യതയുള്ള കോഴ്സുകള്‍ തിരഞ്ഞെടുക്കുന്നതെന്ന് വിയ്യൂര്‍ ജയില്‍ സൂപ്രണ്ട് എം.കെ. വിനോദ് കുമാര്‍ പറഞ്ഞു. ഡിപ്ലോമ പൂര്‍ത്തിയാക്കിയ 15 പേര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് മേയില്‍ വിതരണം ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.